എല്ലാ രചനകളും പൂർണ്ണമായി വായിക്കാൻ
മൊഴിയുടെ വരിക്കാരാവുക.
നിങ്ങളുടെ വരിസംഖ്യ എഴുത്തുകാർക്കു പ്രതിഫലമായി നൽകപ്പെടുന്നു.
Subscribe

Mozhi Rewards Club

നേടുക: ശ്രേഷ്ഠ രചനയ്ക്കു Rs.250
മികച്ച രചനയ്ക്ക് Rs.100

Login / Register

Google Login

(ഭൗമദിന മത്സരത്തിനു സമർപ്പിച്ച രചന - എന്റെ ഗ്രാമം)

മഹാബ്രാഹ്മണപുരം അഥവാ മാപ്രാണം എന്ന സ്ഥലത്തിനു തൊട്ടരികെയുള്ള ഒരു കൊച്ചുഗ്രാമമാണ്‌ മാടായിക്കോണം. പാടങ്ങളും ഉയര്‍ന്ന പ്രദേശങ്ങളാലും കോണുകളായി വിഭജിക്കപ്പെട്ടതുകൊണ്ടാണ് പ്രദേശത്തെ കോണ്‍ എന്ന് സ്ഥലത്തിനു അവസാനത്തില്‍ ചേര്‍ത്തുകൊണ്ട് ഈ നാമധേയത്തിലറിയപ്പെട്ടത്. നമ്പ്യങ്കാവ് പാടം കഴിഞ്ഞാല്‍ കുഴിക്കാട്ടു കോണം പ്രദേശമാണ് .അവിടെനിന്ന് പാടവും അതുകഴിഞ്ഞ് നിരന്ന പ്രദേശങ്ങളുമാണ് .കുഴിക്കാട്ടു കോണം ,മാടായിക്കോണം ,പീച്ചിംപ്പിള്ളികോണം ,തളിയക്കോണം എന്നിങ്ങനെ പേരുകളിലാണ് ഈ പ്രദേശങ്ങള്‍ അറിയപ്പെടുന്നത്. പച്ചവിരിച്ച നെല്‍പ്പാടങ്ങളും, കശുമാവിന്‍ തോപ്പും ,തെങ്ങിന്‍ തോപ്പുകളും, കുളവും തോടും ക്ഷേത്രങ്ങളും ഈ ഗ്രാമങ്ങളുടെ വിശുദ്ധി വിളിച്ചോതുന്നു.

മുകുന്ദപുരം താലുക്കില്‍പ്പെട്ട കൊച്ചുഗ്രാമമാണ് മാടായിക്കോണം. സ്കൂളും പോസ്റ്റോഫീസും ചെറിയ പീടികകളും ഓടും ഓലയും കൊണ്ടു പണിത വീടുകളും ചെമ്മണ്‍പാതകളും ഗ്രാമാന്തരീക്ഷം നിലനിര്‍ത്തുന്നു. ഈ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ഗ്രാമവാസികളില്‍ അധികം പേരും ചെറുകിട കര്‍ഷകരും പാടങ്ങളില്‍ നെല്ലും കപ്പയും പയറും വാഴയും കൃഷി ചെയ്യുകയും അതെല്ലാം കാളവണ്ടികളിലൂടെ ചന്തയിലെത്തിയ്ക്കുകയും ചെയ്തിരുന്ന ഒരുകാലമുണ്ടായിരുന്നു. റോഡിലൂടെ കുടമണികിലുക്കി ഓടുന്ന കാളവണ്ടികള്‍ നിത്യവും കാണാമായിരുന്നു.

ആയിരത്തിതൊള്ളായിരത്തി എഴുപതുകളിലെ കാര്യമാണ്. മാപ്രാണം സെന്‍റെറിലേയ്ക്ക് പോകുന്നതിന് പടിഞ്ഞാറേ വെട്ടുവഴിയിലേയ്ക്കു പോയിട്ടുവരാമെന്നാണ് പറയാറ്. അതില്‍ നിന്നും അടുത്തകാലങ്ങളിലെന്നോ പുതിയതായി വെട്ടിയവഴിയായിരിക്കാനാണ് സാധ്യതയെന്നു കരുതിപോന്നു.

ഒന്നുരണ്ടു പീടികകളെ അന്നു മാപ്രാണം സെന്‍ററിലുണ്ടായിരുന്നുള്ളൂ. അടയ്ക്കപന്തല്‍ എന്നൊരു സ്ഥാപനം എന്നത് അടയ്ക്ക,തേങ്ങ തുടങ്ങിയവ എടുക്കുന്ന സ്ഥലമായിരുന്നു. റോഡിന്‍റെ പടിഞ്ഞാറേ വശങ്ങളില്‍ കുഴിക്കാട്ടുകോണത്ത് താമസിക്കുന്ന ഗോവിന്ദന്‍ നായരുടെ ചായക്കട , ഒരു വളക്കട, തട്ടാന്‍റെ സ്വര്‍ണ്ണപണിശാല ,പിന്നെയൊരു മരുന്നുകടയുമാണ് ഉണ്ടായിരുന്നത്. നന്തിക്കര റോഡില്‍ ജോര്‍ജ്ജും അയാളുടെ അനിയനും കൂടി നടത്തിയിരുന്ന ഒരു പലചരക്കുകടയും. അങ്ങിനെയാണ് ഒരു ഓര്‍മ്മ

പലപ്പോഴും ജോര്‍ജ്ജിന്‍റെ പലചരക്കുകടയില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്. സെന്‍ററില്‍ നിന്നും തെല്ലുമാറി വേലായുധന്‍ പച്ചക്കറികടയും നടത്തിയിരുന്നു. മാപ്രാണത്ത് വ്യത്യസ്ത ഭാഗത്തായി അന്ന് മൂന്നു നെല്ലുകുത്തു കമ്പനികളുണ്ടായിരുന്നു. മനക്കുളങ്ങരപ്പാടം കഴിഞ്ഞ് റോഡിലേയ്ക്കു കയറുന്ന ഭാഗത്ത് ഒരെണ്ണം .പാലത്തിന്‍റെ ഭാഗത്ത് നൊച്ചിപറമ്പില്‍ നാരായണന്‍റെ ധാന്യം പൊടിക്കുന്ന ശാല. കാക്കനാടന്‍റെ നെല്ലുകുത്തു കമ്പനി. ഈ ധാന്യം പൊടിക്കുന്ന കമ്പനികളികളുടെ എണ്ണത്തില്‍ നിന്നുതന്നെ ഗ്രാമവാസികളുടെ തൊഴില്‍ ഏകദേശം കൃഷിയാണെന്ന് അനുമാനിക്കാം. ഈ ധാന്യം പൊടിക്കുന്ന ശാലയില്‍ നെല്ല് കുത്തുന്നതിനും ഗോതമ്പ് പൊടിപ്പിക്കുന്നതിനുമൊക്കെ ധാരാളം ആളുകളുണ്ടാവാറുണ്ട്. വീട്ടില്‍ നിന്നും നെല്ലും ഗോതമ്പുമൊക്കെ അവിടെയാണ് കൊണ്ടുപോയി കുത്തിയിരുന്നതും.

റോഡിലാണെങ്കില്‍ അന്നൊക്കെ വാഹനങ്ങളുടെ ബാഹുല്യമില്ല. കാല്‍നടയാത്രകളായിരുന്നു അധികവും. ഇരിഞ്ഞാലക്കുടയിലേയ്ക്കും മറ്റും അധികവും നടന്നാണ് പോയിരുന്നത്. ഓട്ടോറിക്ഷ , ടിപ്പര്‍ , കാറുകള്‍ എന്നിവയുടെ കുത്തൊഴുക്കില്ലാത്ത റോഡുകളായിരുന്നു അന്ന്. അത്യാവശ്യം ചില വീടുകളില്‍ മാത്രം വാഹനമായി സൈക്കിളേയുണ്ടായിരുന്നുള്ളൂ.

മാടായിക്കോണം ഗ്രാമത്തില്‍ ശിവക്ഷേത്രത്തിനു കിഴക്ക് കുളവും നീണ്ടുകിടക്കുന്ന പാടശേഖരവും, കുളത്തിനു നടുവിലായി പാറക്കെട്ടും ഉണ്ടായിരുന്നു.നാട്ടിലെ ഒരുവിധം ആളുകളൊക്കെ അലക്കാനും കുളിക്കാനും കുളത്തിലെത്തും. സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം കുളിപ്പുര (കുളകടവ്)യുണ്ടായിരുന്നു. വെള്ളത്തിലിറങ്ങി നീന്തി നടുവിലുള്ള പാറയില്‍പോയി നില്‍ക്കുക എന്നത് നീന്തുന്നവരുടെയൊക്കെ ശീലമായിരുന്നു. കുട്ടികാലത്ത് ഒരുപാടു വെള്ളം കുടിച്ചിട്ടാണ് നീന്തല്‍ പഠിച്ചത്. സാധാരണ വേനലില്‍പോലും പാറയില്‍നിന്നാല്‍ ഒരാള്‍പൊക്കം വെള്ളമുണ്ടായിരുന്നു. കുളിക്കാനും അലക്കാനും കുളക്കടവില്‍ മിക്കപ്പോഴും തിരക്ക് പതിവു കാഴ്ചയായിരുന്നു.

പാടത്തിനക്കരെ ‘’കോക്കര’’ എന്ന നാമധേയത്തിലൊരു ജലാശയമുണ്ട്. ജലാശയത്തിനു കിഴക്കായി ഇത്തിക്കുളം എന്ന ചെറിയൊരു ഭഗവതിക്ഷേത്രവും. നമ്പ്യങ്കാവ് ക്ഷേത്രത്തിനിപ്പുറമായിരുന്നു ക്ഷേത്രത്തിന്‍റെ സ്ഥാനം . ആ അമ്പലത്തിനു കിഴക്കെ നടയില്‍ പന്തലിച്ചു നില്‍ക്കുന്നു ഒരാല്‍മരം .അതിപ്പോഴും കുളിര്‍കാറ്റുവീശി തണലേകി നില്‍ക്കുന്നതു ഒരു ആശ്വാസം തന്നെ . ശങ്കരമംഗലം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നതിന്‍റെ കിഴക്കേ നടയുടെ നേരെയാണ് ഇത്തിക്കുളം ഭഗവതിക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നട .അതുപോലെ തന്നെ ശിവക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയുടെ നേരെതന്നെയാണ് മനക്കുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തിന്‍റെ കിഴക്കേ നടയുടെ സ്ഥാനവും .

വൈകുന്നേരങ്ങളിലും മറ്റും കൂട്ടുകാരുമായി നടക്കാനിറങ്ങുമായിരുന്നു. പാടവരമ്പിലൂടെ ആമ്പലും താമരയും വിരിഞ്ഞുനില്‍ക്കുന്ന തോട്ടിന്‍ കരയിലൂടെ കോക്കരയിലേയ്ക്കുള്ള നടത്തം ഇന്നും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.

ശിവക്ഷേത്രത്തിനു വടക്ക് പടര്‍ന്നുപന്തലിച്ച ആല്‍മരമുണ്ടായിരുന്നു. നട്ടുച്ചയ്ക്കുപോലും തണല്‍ വിരിച്ചുനില്‍ക്കുന്ന ആല്‍മരത്തിനു കീഴെയാണ് പലരും നാട്ടുവര്‍ത്തമാനങ്ങള്‍ക്കായി ഇടം കണ്ടെത്തിയിരുന്നത്. തൊട്ടുകിഴക്കുഭാഗത്താണ് പണിക്കരുടെ ചായ പീടിക. അവിടെനിന്നും ഉച്ചയ്ക്കുശേഷം മൊരിക്കുന്ന പരിപ്പുവടയുടെ ഗന്ധം നാസാരന്ധ്രങ്ങളില്‍ അടിച്ചുകയറുമ്പോള്‍ വായില്‍ വെള്ളമൂറിവരും. പക്ഷേ ഗന്ധം ശ്വസിക്കാനെ കഴിഞ്ഞിരുന്നുള്ളൂ. രുചിയറിയാന്‍ കയ്യില്‍ കാശില്ലായിരുന്നു അന്നൊന്നും. പണിക്കരുടെ ചായക്കടയിലെ പരിപ്പുവട കഴിക്കാനുള്ള ആശയേറിയപ്പോള്‍ ഒരു വഴി കണ്ടെത്തി . വീട്ടില്‍ അന്ന് തേങ്ങയ്ക്ക് ക്ഷാമമില്ല. പതിനെട്ടാംപട്ട തെങ്ങിന് അധികം ഉയരമില്ലെങ്കിലും ധാരാളം തേങ്ങകള്‍ നില്‍പ്പുണ്ട്. വീട്ടില്‍ ആരുമറിയാതെ ഞാനും സഹോദരനും കൂടി തെങ്ങില്‍ പൊത്തി പിടിച്ച് കേറി തേങ്ങയിട്ടു .പൊളിക്കാന്‍ വശമില്ല .അഥവാ പൊളിച്ച ചകിരിയെങ്ങൊനും കണ്ടുപിടിച്ചാല്‍ കുഴപ്പമാണ് .തേങ്ങ പണിക്കരുടെ കടയില്‍ കൊടുത്തപ്പോള്‍ വല്ലാത്തൊരു നോട്ടം . പരിപ്പുവട നാലെണ്ണം കിട്ടി .അങ്ങിനെയാണ് ആദ്യമായി പരിപ്പുവടയുടെ രുചി അറിഞ്ഞത് .

അമ്പലപറമ്പിലായിരുന്നു ഞങ്ങളൊക്കെ കളിച്ചിരുന്നത്. വേനല്‍ക്കാലത്ത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വിവിധയിനം കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പിള്ളേരെ കാണാമായിരുന്നു. സ്കൂള്‍ വിട്ടുവന്നാല്‍ ഉടനെ അമ്പലപറമ്പിലേയ്ക്കോടും. പ്രധാനമായും പന്തുകളി, ഗോട്ടികളി കുറ്റിയുംകോലും, ഓലപ്പന്തേറ്, കിളിമാസ്, കുഴിമാന്തി, കണ്ണുപൊത്തികളി, പമ്പരംകൊത്ത്, തുടങ്ങിയവയായിരുന്നു ഞങ്ങള്‍ കളിച്ചിരുന്നത്. കണ്ണാട്ട് സുരേഷും മുരളിയും ചേറൂര് ജയനും ,ചെറാലെ രാമനും ,കണ്ണാട്ടെ കേശുവും ,ആറ്റുപുറത്തെകണ്ണദാസനും, ശങ്കുരുവും രാധയും, പട്ടര് ബാലസുബ്രഹ്മണ്യനും, കോതേപറമ്പത്ത് രഘുവും, മാരാത്തെ ജഗദിയും, കൊല്ലാട്ട് സഹദേവനും, സുധാകരനും, അഭയനും തുടങ്ങി കൂട്ടുകാര്‍ ഒരുപാടു പേരുണ്ടായിരുന്നു.

വര്‍ഷക്കാലമായാല്‍ പാടത്ത് വെള്ളം പൊങ്ങി കിഴക്കേ ക്ഷേത്രകവാടം വരെയെത്തും. പിണ്ടികൊണ്ട് ചങ്ങാടംകെട്ടി കളിക്കലാണ് പിന്നെ.

നീന്തല്‍ വശമില്ലാത്ത ഞാന്‍ ഏറെ വെളളം കുടിച്ചിട്ടാണ് നീന്തലൊന്നു വശമാക്കിയെടുത്തത്. ഗ്രാമത്തില്‍ ഒരേയൊരു അപ്പര്‍ പ്രൈമറി സ്കൂളാണുണ്ടായിരുന്നത്. സ്കൂളിനുമുന്നില്‍ മൂന്നാലു കടകളുണ്ടായിരുന്നു. വേലായുധന്‍ നായരുടെ പലചരക്കുകട. കൃഷ്ണന്‍, കൊച്ചുമോന്‍ എന്നിവരുടെ ചായക്കട. വറീതുട്ടിയുടെ കട. നാരായണന്‍റെ ബാര്‍ബര്‍ ഷോപ്പ് ,അന്തപ്പന്‍റെ കട തുടങ്ങിയവ. വറീതുട്ടിയുടെ കടയിലേയ്ക്കാണ് ഇന്റര്‍വെല്‍ സമയത്ത് മണിയടിച്ചാല്‍ പിള്ളേരുടെ ഓട്ടം. വരിക്കചക്ക ചുളയാക്കിയത്, പപ്പായ പഴുത്തത്, മാമ്പഴം, ഉപ്പിലിട്ട നെല്ലിക്ക, കപ്പലണ്ടി, പല്ലൊട്ടി, നാരങ്ങ മിഠായി, ചക്കരമിഠായി, നാണയരൂപം കൊത്തിയ ബിസ്ക്കറ്റ്,റൊട്ടി, മഞ്ഞനിറമുള്ളതും ചെറിയതുമായ റസ്‌ക്കുകള്‍ തുടങ്ങിയവ പിള്ളേരെ ആകര്‍ഷിക്കാനായി കരുതിവച്ച സാധനങ്ങളായിരുന്നു. ഒരുപൈസ രണ്ടുപൈസ മൂന്നുപൈസ അഞ്ചുപൈസ നാണയങ്ങള്‍ കൊടുത്താല്‍ കിട്ടുന്ന സാധങ്ങളായിരുന്നു അന്നവ.

കറന്റുള്ള വീടുകള്‍ അപൂര്‍വ്വമായിരുന്നു. വഴിവിളക്കുകള്‍ ഗ്രാമങ്ങളിലേയ്ക്ക് എത്തിയിരുന്നുമില്ല. പലവീടുകളിലും മണ്ണെണ്ണവിളക്കുകള്‍ , (ചിമ്മിനിവിളക്കുകള്‍) അരിക്കലാമ്പ് എന്നു വിളിക്കുന്ന ഹരിക്കെയിന്‍ ലാമ്പ് എന്നിവയായിരുന്നു ഉപയോഗിച്ചിരുന്നത്. എത്രകാറ്റുവീശിയാലും തൂക്കിയിട്ടിരിക്കുന്ന ഹരിക്കെയിന്‍ ലാമ്പിലെ തിരിനാളം അണഞ്ഞുപോകില്ല.

അന്നു റേഡിയോ ഭേദപ്പെട്ട വീടുകളിലെ ഉണ്ടായിരുന്നുള്ളൂ. ആഭിജാത്യത്തിന്‍റെ അടയാളമായിരുന്നു അന്നു റേഡിയോ. കറന്റില്ലാതെ ബാറ്ററിയിട്ടു പ്രവര്‍ത്തിപ്പിക്കുന്ന റേഡിയോ പലപ്പോഴും യാത്രകളില്‍ കൊണ്ടു നടക്കുന്നതും വിശേഷപ്പെട്ട വസ്തുതയായിരുന്നു. മേല്‍പ്പറഞ്ഞ സൗകര്യങ്ങള്‍ യാതൊന്നും ഉണ്ടായിരുന്നില്ല എന്‍റെ വീട്ടില്‍. റേഡിയോയില്‍ നിന്നും ഒഴുകിയെത്തുന്ന വാര്‍ത്തകളും പാട്ടുകളും കേള്‍ക്കാനായി ഞാന്‍ റേഡിയോയുള്ള അയല്‍പക്കത്തെ വേലിക്കല്‍ പോയി നിന്നിട്ടുള്ളതൊന്നും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല.

എന്തിന് സമയമറിയാനായി എന്‍റെ വീട്ടില്‍ ഒരു വാച്ചുപോലും ഉണ്ടായിരുന്നില്ല. സൂര്യവെളിച്ചം വീടിനുമേല്‍ക്കുരയിലെ ചില്ലിലൂടെ അകത്തളങ്ങളില്‍ നിശ്ചിത സ്ഥാനങ്ങളില്‍വന്നു വീഴുന്ന നിഴലുകളെ അടിസ്ഥാനമാക്കിയായിരുന്നു പലപ്പോഴും ഏകദേശം സമയമറിഞ്ഞിരുന്നത്‌.

കര്‍ഷകര്‍ ജലസേചനത്തിനായി ഭവനങ്ങളില്‍ തേക്കുകൊട്ടയും (കിണറിനു മുകളില്‍ അടയ്ക്കാമരം കൊണ്ടുള്ള പാളികളോ, പലകകളോയിട്ടു അതിനുമുകളില്‍ കയറിനിന്നുകൊണ്ടു തേക്കുകൊട്ട കിണറിലേയ്ക്ക് താഴ്ത്തി ജലമെടുക്കുന്ന രീതി) കാള , പോത്ത് തുടങ്ങിയ മൃഗങ്ങളെകൊണ്ടോ നുഖം കെട്ടി വലിക്കുന്ന കാളതേക്കും, പാടശേഖരങ്ങളിലാകട്ടെ ചക്രം ചവുട്ടിയുമാണ്‌ ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത്.

ഗ്രാമത്തില്‍ വായനശാലയുണ്ടായിരുന്നു. ആ ഗ്രാമീണവായനശാല സ്ഥിതിചെയ്തിരുന്നത് സ്കൂളിലെ ഒരു ക്ലാസ് മുറിയിലായിരുന്നു. അറുപതു വര്‍ഷം പിന്നിട്ട ആ വായനശാലയുടെ സ്ഥാനം ഇപ്പോഴും മാറിയിട്ടില്ല. പുസ്തകമെടുക്കാനും വായനയ്ക്കും വേണ്ടി വായനശാലയിലേയ്ക്കു അന്നൊക്കെ ധാരാളം ആളുകള്‍ വന്നിരുന്നു. എനിക്കോര്‍മ്മയുണ്ട് ചില്ലായില്‍ മാധവന്‍മാഷായിരുന്നു അന്നത്തെ ലൈബ്രേറിയന്‍. വൈകുന്നേരം അഞ്ചുമണിയോടെയാണ് വായനശാല തുറക്കുക. പുസ്തകമെടുക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടാവും സ്ക്കൂളിനു മുന്നില്‍ ഒരുപാടു പേര്‍. റേഡിയോ കേള്‍ക്കല്‍ പുസ്തക വായന വാരികകള്‍ വായിക്കല്‍ എന്നിവയായിരുന്നു പല മുതിര്‍ന്നവരുടെയും അക്കാലത്തെ ഒഴിവുസമയ വിനോദങ്ങള്‍ .

ഓലപ്പുരയും ഓടുവീടും നാട്ടു ഇടവഴികളും ചെമ്മണ്‍പാതകളും അപ്രത്യക്ഷമായി. കുളവും തോടും ജലാശയങ്ങളും മലിനമാകുകയോ ഉപയോഗശൂന്യമാകുകയോ നികപ്പെടുത്തുകയോ ചെയ്തിരിക്കുന്നു. റോഡുകളില്‍ മത്സരയോട്ടങ്ങളാണ്. നടക്കാന്‍ പാതയോരങ്ങളില്ല. വായനശാലയിലേയ്ക്കു ആളുകള്‍ വരുന്നേയില്ല. പുസ്തകങ്ങള്‍ അലമാരകളില്‍ വീര്‍പ്പുമുട്ടി പിടയുന്നു. ടിവിയും, കമ്പ്യൂട്ടറും വന്നതോടെ റേഡിയോ പുറന്തള്ളപ്പെട്ടു. സോഷ്യല്‍ മീഡിയകളിലേയ്ക്കു മാത്രം കണ്ണുനട്ടു വിരലമര്‍ത്തി കുനിഞ്ഞു മടങ്ങികിടക്കുന്നു പലരും. ഊണും ഉറക്കവും ഉപേക്ഷിച്ചു മൊബൈലിനരികെ തഴുകി കിടക്കുകയാണ് പല വിരലുകളും. മുറിച്ചു മാറ്റപ്പെട്ട അവയവങ്ങളായിരിക്കുകയാണ് പലതും.

ജനസംഖ്യാ വര്‍ധനവും പുരോഗമനവും വികസനവും പല നല്ലതിനെയും ഇല്ലാതാക്കി. ഒരു കിലോമീറ്റര്‍ വരെ വിസ്തൃതിയിലുള്ള സ്ഥലത്ത് പാര്‍ത്തിരുന്ന പല കുടുംബങ്ങളും തമ്മില്‍ തമ്മില്‍ ഒരു ബന്ധം കാത്തുസൂക്ഷിച്ചിരുന്നു പണ്ട്‌. പരസ്പരം ആരാണ് ഇന്ന വീട്ടില്‍ താമസിക്കുന്നതെന്നുപോലും അന്നുള്ളവര്‍ക്കൊക്കെ അറിയാമായിരുന്നു.

ഇന്ന് വേലിക്കെട്ടുകളും മതിലുകളും തീര്‍ത്ത് കോണ്‍ക്രീറ്റ് സൗധങ്ങളുടെ അടച്ചിട്ട അകത്തളങ്ങളില്‍ സ്വയം ചുരുങ്ങി ജീവിക്കുന്നവരായി മാറിയിരിക്കുന്നു നമ്മളൊക്കെതന്നെ. ഇന്ന് തൊട്ടയല്പക്കത്തു താമസിക്കുന്നവര്‍ ആരാണെന്നുപോലും നമുക്കറിയില്ല. മനസ്സ് അത്രയ്ക്കും ചുരുങ്ങി ഉള്ളിലോട്ടു വലിഞ്ഞിരിക്കുന്നു.

 ഗതകാലസ്മരണകളിലെയ്ക്കൊന്നു തുറന്നുവച്ച മിഴികളില്‍, മനസ്സില്‍ പലയോര്‍മ്മകളും കടന്നുവരുന്നുണ്ട്... ഓര്‍മ്മകള്‍ അവസാനിക്കുകയല്ല... അതിങ്ങനെ വീണ്ടും തളിര്‍ത്തു വരുകയാണ്...

 

No comments

നോവലുകൾ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter