ഭാഗം 1
എനിക്ക് ഓര്‍മ്മ വയ്ക്കുമ്പോള്‍ എന്റെ ഗ്രാമത്തിലെ വീടുകളില്‍ ഏതാണ്ട് എണ്പതു ശതമാനവും ഓല മേഞ്ഞവയായിരുന്നു. മിക്കവയും തെങ്ങിന്റെ ഓലകൊണ്ട്, ചുരുക്കം ചിലത് പനയോല കൊണ്ട്.
തെങ്ങോല കൊണ്ട് മേഞ്ഞ വീടുകള്‍ മഴക്കാലത്തിനു മുമ്പേ വീണ്ടും മേയണം. അതൊരു ഉത്സവമാണ്. പണിക്കാരല്ല, നാട്ടുകാര്‍ ഒത്തുകൂടുന്നു, ജോലി ചെയ്യുന്നു, ഇടയ്ക്ക് കപ്പ പുഴുങ്ങിയതും മുളകു ചമ്മന്തിയും സംഭാരവും. ചിലര്‍ ഇടയ്ക്കിടയ്ക്ക് ഒളിപ്പിച്ചു വച്ചിരിക്കുന്ന കുടത്തില്‍ നിന്നും കള്ളടിക്കുന്നു. എല്ലാവരും വാചാലര്‍. നാട്ടിലെ സകല വിശേഷങ്ങളും പരദൂഷണങ്ങളും അവിടെ കേള്‍ക്കാം. ഞങ്ങള്‍ കുട്ടികള്‍ക്ക് ഇതൊരു വലിയ സന്തോഷം തരുന്ന സന്ദര്‍ഭമാണ്. ഞങ്ങള്‍ക്കും എന്തെങ്കിലും ചെറിയ ജോലികള്‍ കിട്ടും. എല്ലാം ശ്രമദാനം.
അതിനിടയില്‍ പല വീടുകളും ഓല മാറ്റി, ഓടിടുന്നു. അന്നൊക്കെയൊരു പ്രയോഗമുണ്ടായിരുന്നു. "നമ്മുടെ ചാക്കോചേട്ടന്‍ മണ്ണിനടിയിലായി!" അതായത് ശ്രീമാന്‍ ചാക്കോയുടെ മേല്‍ക്കൂരയില്‍ ഓലയ്ക്ക് പകരം ഓടിട്ടു. മേയാനുപയോഗിക്കുന്ന ഓട് മണ്ണുകൊണ്ടാണല്ലോ ഉണ്ടാക്കുന്നത്.
വളരെ പെട്ടെന്നാണ് ഓല മേഞ്ഞ വീടുകള്‍ക്ക് വംശനാശം സംഭവിച്ചത്. എന്നിട്ടും, മിക്ക തൊഴുത്തുകളും "മണ്ണിനടിയില്‍" ആയില്ല. അതുകൊണ്ട് ഓലമേയല്‍ എന്നാ കലാപരിപാടി കുറെനാള്‍കൂടി തുടര്‍ന്നു.
ഞങ്ങളുടെ ഗ്രാമത്തില്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരു വീടുണ്ടായിരുന്നു. ഒറ്റ വീടുമാത്രം. തരക്കേടില്ലാത്ത വീടാണ്. ഉടമസ്ഥന്‍ അങ്ങ് അമേരിക്കയില്‍. അദ്ദേഹത്തെ ഞങ്ങളാരും കണ്ടിട്ടില്ല.
നമുക്കദ്ദേഹത്തെ "ചാലില്‍ ചാണ്ടി" എന്നു വിളിക്കാം. ശരിയായ പേരും വീട്ടുപേരും ഒഴിവാക്കുന്നു.
ചാണ്ടിയപ്പാപ്പന് അമേരിക്കന്‍ജീവിതം മുഷിഞ്ഞു. നാട്ടില്‍ ഒരു വിലയും നിലയുമൊക്കെയുണ്ട്. ഒരു മെത്രാന്റെ അടുത്ത ബന്ധുവാണ്. പക്ഷെ, അമേരിക്കയില്‍ വളര്‍ന്ന മക്കള്‍ക്ക് തീരെ താല്പര്യമില്ല. അവരുടെ നോട്ടത്തില്‍ നാട്ടില്‍ സൗകര്യം കുറവാണ്.
"അതിനെന്താ പ്രശ്നം? നാട്ടില്‍ വേണ്ടത്ര സൗകര്യം ഉണ്ടാക്കിയാല്‍ പോരെ?"
പഴയ വീട് പൊളിച്ച് പുതിയ വീട് വയ്ക്കുന്നു. വീടുപണി കുട്ടികള്‍ക്ക് മറ്റൊരു രസമാണ്. പ്രത്യേകിച്ച് ആശാരിമാരുടെ വാചകമടി കേള്‍ക്കാന്‍ എന്തു സുഖമാണെന്നോ!
കോണ്ട്രാക്ടര്‍ എന്നോരാളുണ്ടെന്നും അയാള്‍ വിചാരിച്ചാല്‍ വീട്ടുകാരന്‍ സ്ഥലത്തില്ലെങ്കിലും വീട് പണിയാന്‍ കഴിയുമെന്നതും എനിക്കൊരു പുതിയ അറിവായിരുന്നു.
വീടുപണി പൂര്‍ത്തിയായപ്പോള്‍ സര്‍വശ്രീ ചാണ്ടി കുടുംബസമേതം എത്തി. വരുന്നതിനു മുന്നേ അയല്‍ക്കാര്‍ക്കെല്ലാം കത്തയച്ചിരുന്നു... "ഞാന്‍ വരുന്നുണ്ട്. ഇത്രാം തിയതി കയറിതാമസമാണ്. പങ്കെടുക്കാന്‍ ശ്രമിക്കുമല്ലോ.."
പളുപളുത്ത അമേരിക്കന്‍ കവറിലെ മനോഹരമായ കടലാസ്സില്‍ വടിവൊത്ത ആംഗലേയത്തിലാണ് കത്ത്. അതില്‍ എഴുതിയിരുന്നത് മനസിലാകാത്തവര്‍ പോലും കത്ത് ഒരു നിധിപോലെ സൂക്ഷിച്ചുവച്ചു.
വീട്ടില്‍വന്നു കയറിയപ്പോള്‍ ചാണ്ടിയുടെ മൂത്ത സന്തതി പറഞ്ഞു...
"അയ്യേ, ഇതാണോ നമ്മള്‍ താമസിക്കാന്‍പോകുന്ന വീട്? പസ്റ്റ്. ഇവിടെ താമസിക്കാന്‍ എന്നെ കിട്ടില്ല."
ചാണ്ടീസ്വപ്‌നങ്ങള്‍ പൊലിയുന്നു.. എന്നാലും വിട്ടുകൊടുത്തില്ല.
"മൈ ഡിയര്‍ സണ്‍, നീയൊന്നടങ്ങ്... നമ്മള്‍ വലിയ വീടു വയ്ക്കുന്നുണ്ട്. എ റിയലി സ്പേഷ്യസ് വില്ല...നമ്മള്‍ ഇവിടെ താമസിച്ചുകൊണ്ട് വില്ല പണിയുന്നു, പണി പൂര്‍ത്തിയായാല്‍ അങ്ങോട്ടു മാറുന്നു.. എവെരിതിംഗ് ഈസ് ഗോയിംഗ് ടു ബി ഫൈന്‍.."
ചാണ്ടി ബ്ലഫ് ചെയ്തതല്ല. ഹി മെന്റ് ഇറ്റ്!
മറ്റൊരു പറമ്പില്‍ ഇരുനിലയില്‍ "അന്ന വില്ല" (ശരിയായ പേരല്ല) ഉയരാന്‍ തുടങ്ങി. അതിന്റെ ഡിസൈന്‍, മേല്‍നോട്ടം എല്ലാം ഗ്രാമത്തിന്റെ വെളിയിലുള്ള ഒരാളാണ്. ഒരു ആര്‍ക്കിടെക്റ്റ്.
ആ പേരിലും മനുഷ്യന്മാര്‍ ഉണ്ടെന്ന് അങ്ങനെ അറിഞ്ഞു.
പണി തകൃതിയില്‍ പുരോഗമിക്കുന്നു. ചാണ്ടിസന്തതികള്‍ സ്ഥലം കാലിയാക്കി.
"ഞങ്ങള്‍ ഇതാ പോകുന്നു.. ഡിയര്‍ മം ആന്‍ഡ് ഡാഡ്, നിങ്ങള്‍ ഇവിടെ താമസിച്ചോ.. But my tip is, return to your senses and come to the States.."
ചാണ്ടിച്ചന് സുബോധം ഉണ്ടായതുകൊണ്ടോ, അതോ മക്കളെ പിരിഞ്ഞിരിക്കാന്‍ വയ്യാഞ്ഞിട്ടോ, എന്തോ.. കക്ഷി പണി പൂര്‍ത്തിയായ ഉടനെ തന്നെ അമേരിക്കയിലേയ്ക്ക് തിരികെ പറന്നു.
ബാക്കി കഥ നാളെ..