Star InactiveStar InactiveStar InactiveStar InactiveStar Inactive
 

രാവിലെ ചെറിയ പനിയെ ഉണ്ടായിരുന്നുള്ളു. അതത്ര കാര്യമായി എടുത്തതുമില്ല. മഹിയേട്ടൻ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരുന്നത് കൊണ്ട് അടുക്കളയിൽ കറി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.


കുറച്ച് കഴിഞ്ഞ് ഏട്ടൻ  വന്നപ്പോൾ ഭക്ഷണം വിളമ്പിക്കൊടുത്ത് തിരിച്ച് അടുക്കളയിൽ പോയത് മാത്രം ഓർമ്മയുള്ളു..

കണ്ണ് തുറന്നപ്പോൾ ആശുപത്രിയിൽ ആണെന്ന് മനസ്സിലായി.
ഏട്ടൻ അടുത്ത് തന്നെയുണ്ട്.

"നിന്നോട് ഞാൻ പറഞ്ഞതല്ലേ റീന...ഹോസ്പിറ്റലിൽ പോകാന്ന്‌..??"

"അതിനെനിക്ക് കുഴപ്പൊന്നും ഇല്ലല്ലോ.. വീട്ടിൽ പോകാം.. "

"അഹ്.. നീ ആണല്ലോ ഡോക്ടർ.. ആകെ വീക്ക്‌ ആണെന്നാണ് ഡോക്ടർ പറഞ്ഞത്.. കുറച്ച് ദിവസം ഇവിടെ കിടക്കണം.. "

"ഇവിടെയോ..!!!!!!"

അപ്പോഴേക്കും ഇൻജെക്ഷൻ കൊണ്ട് നേഴ്സ് വന്നു.

"പതിയെ കുത്തിവെക്കണേ.. "

അത് പറഞ്ഞപ്പോൾ അവരെന്നെയൊരു നോട്ടം..എന്തൊക്കെ പറഞ്ഞാലും ഇൻജെക്ഷൻ ഒരു പേടി സ്വപ്നം തന്നെയാണ്.
ഏട്ടന്റെ കയ്യിൽ മുറുകെ പിടിച്ചു.

കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ട്.
പറയത്തക്ക വേദന ഉണ്ടായിരുന്നില്ലെങ്കിലും ഇവിടെ കിടക്കുന്നത് ഓർത്തപ്പോൾ സങ്കടം തോന്നി..

നേഴ്സ് പോയപ്പോഴാണ് ഒരു കൊച്ചിന്റെ ശബ്ദം കേട്ടത്..

"അമ്മയ്ക്ക് ഇൻജെക്ഷൻ പേടി ആണല്ലേ... "

അമ്മയോ..!!!
ആ വിളിയിൽ ഞാൻ വല്ലാതെയായി..

ഇതുവരെ ആ വിളി കേൾക്കാൻ കഴിഞ്ഞിട്ടില്ല.. അറിയാതെ എന്റെ കണ്ണ് നിറഞ്ഞു..

അഞ്ചോ ആറോ വയസ്സ് മാത്രം പ്രായമുള്ള സുന്ദരിക്കുട്ടി.. അപ്പുറത്തെ കട്ടിലിൽ ഇരുന്നാണ് സംസാരം..
അവളുടെ അടുത്തേക്ക് പോകാൻ തോന്നി..

എന്നെ അടുത്ത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ വികസിച്ചു..

"മം.. അതെ.. അമ്മയ്ക്ക് ഇൻജെക്ഷൻ പേടിയാ.. "

അവളുടെ ചോദ്യത്തിന് ഉത്തരം കിട്ടിയത് കൊണ്ടോ.. അതോ.. അമ്മയെന്ന വിളി അംഗീകരിച്ചു കൊടുത്തത് കൊണ്ടോ അവളെന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.

"മോൾക്ക് പേടിയില്ലേ..?? "

"ഇല്ലല്ലോ..,!!
എന്നെ പണ്ട് കുറെ ഇൻജെക്ഷൻ എടുത്തിട്ടുണ്ട്.. "

"മോളെന്താ ഇവിടെ.. പനിയാണോ..?? "

"അതെ മോളെ.. മിനിഞ്ഞാന്ന് വന്നതാ.. നല്ല പനി ഉണ്ടായിരുന്നു..
അവളിങ്ങനെയാ..
അമ്മേന്ന്‌ വിളിക്കും.. മോൾക്ക്‌ ഒന്നും തോന്നരുതേ.. !!"

പ്രായമായ സ്ത്രീ ആണ്..
എന്റെ സംശയഭാവം കണ്ടപ്പോൾ സ്വയം പരിജയപ്പെടുത്തി..

"അമ്മു മോൾടെ മുത്തശ്ശിയാ.., "

"ഏയ്‌.. സാരല്യ..
മോളെന്നെ അമ്മേ ന്ന്‌ തന്നെ വിളിച്ചോളൂ ട്ടോ.. "

അപരിചിതത്തമൊട്ടും ഇല്ലാതെ ഞങ്ങൾ നല്ല കൂട്ടായി.. ഇതെല്ലാം കണ്ടു മഹിയേട്ടനും ഉണ്ടായിരുന്നു..

ഒരു ദിവസം മുത്തശ്ശിയോട് അമ്മുമോൾടെ അമ്മയെയും അച്ഛനെയും കുറിച്ച് ചോദിച്ചപ്പോൾ ആരും ഇല്ലെന്നായിരുന്നു മറുപടി.

പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല.. അവളുടെ കളി ചിരികൾ കണ്ടുകൊണ്ടിരിക്കാൻ തന്നെ രസമായിരുന്നു.

പോകുന്നതിന് തലേ ദിവസം മോൾടെ മുഖം വല്ലാതെ മങ്ങിയിരുന്നു..
കാര്യം ചോദിച്ചപ്പോൾ എന്നെ നോക്കി വിതുമ്പി..
ഞാനവളെ എന്നിലേക്ക്‌ ചേർത്ത് നിറുത്തി..

"നാളെ കഴിഞ്ഞ.. അമ്മയെ കാണില്ലല്ലോ.. !!"

"ഇല്ലാട്ടോ.. വാവേ കാണാൻ വരാട്ടോ.. അമ്മ.. "

എന്റെ കണ്ണുകളും നിറഞ്ഞു.. അവളെ വിട്ടുപിരിയുന്നതോർത്ത്..

പോകുന്നതിന് മുൻപ്  മുത്തശ്ശി മോൾടെ അച്ഛനെയും അമ്മയെയും കുറിച്ച് പറഞ്ഞു..

ആ അമ്മയുടെ മകൻ.. മോൾടെ അച്ഛൻ.. ഗൾഫിൽ ആയിരുന്നു.. മോളും മോൾടെ അമ്മയും ഇവിടെയും.. രണ്ടുപേരും നല്ല സ്നേഹത്തിലും.. അദ്ദേഹമാണെങ്കിൽ അവരെ ഒരുപാട് വിശ്വസിച്ചു.

അവർക്ക് വേറൊരുത്തനുമായി വഴി വിട്ട ബന്ധവും..അവർ കുഞ്ഞിനേയും ഭർത്താവിനെയും ഉപേക്ഷിച്ചു പോയി.. അന്ന് മോൾക്ക്‌ രണ്ടര വയസ്സും..

ഇന്നത്തെ സ്റ്റൈൽ പോലെ ഭാഗ്യം കൊണ്ട് മോളെ ഒന്നും ചെയ്തില്ല.. മക്കളെ കൊന്നിട്ട് ഒളിച്ചോടി പോകുന്നതാണല്ലോ ഇപ്പോഴത്തെ ഫാഷൻ..

ആ ഷോക്കിൽ അദ്ദേഹം ആത്മഹത്യ ചെയ്തു..
കേൾക്കുമ്പോൾ ഒരുപക്ഷെ അദ്ദേഹത്തിന് ഭ്രാന്തായിരുന്നോ എന്ന് തോന്നി പോകും.. പക്ഷെ സ്നേഹിച്ചു വഞ്ചിക്കപ്പെടുമ്പോഴുളള വേദന താങ്ങാൻ കഴിഞ്ഞില്ലായിരിക്കും..

മോളെ കാണാൻ തോന്നുമ്പോൾ ഒക്കെ ഞങ്ങൾ പോകുമായിരുന്നു. അധികം കാത്തിരിക്കാതെ ഞങ്ങൾക്കൊരു മാലാഖകുഞ്ഞും ഉണ്ടായി.. അമ്മു മോൾ കുഞ്ഞിന്റെ കൂടെ തന്നെ ഉണ്ട്..

അവളെ വേണ്ടന്ന്  വെച്ച് പോയവരോട് സഹതാപം ആണ് തോന്നിയത്.. സഹതാപത്തിനു പോലും അർഹതയില്ലാത്തവർ..

കുറെയേറെ സ്ത്രീകൾ 'അമ്മയായിരുന്നെങ്കിൽ' എന്ന് ആഗ്രഹിക്കുമ്പോൾ.. കുറെയേറെ 'അമ്മമാർ'
അതിൽനിന്നും ഓടി ഒളിക്കുന്നു.. 'അമ്മയായതോർത്ത് ' വിലപിക്കുന്നു..!!

 

Add comment

Submit