എന്റെ, സ്വന്തം മതം
സ്വന്തവിശ്വാസം
സ്വന്തസംസ്കാരം
എൻ മാതൃഭാഷ;

എൻസ്വന്തവേഷം
സ്വന്തം രുചിക്കൂട്ട്,
സ്വന്തം പ്രവൃത്തികൾ,
സ്വന്തമിഷ്ടങ്ങൾ,
സ്വന്ത മൂല്യങ്ങൾ
ഏറ്റം മഹത്തരം! 

എന്റെ സ്വന്തങ്ങൾക്കില്ല
അസ്തമയത്തിന്റെ മങ്ങലും മൂടലും,
ചക്രവാളത്തിലെന്നും 
ജ്വലിച്ചവ നില്ക്കണം! 

ഞാനുമെന്നിഷ്ടങ്ങളൊക്കയും
മറ്റുള്ളയാളുകൾക്കിഷ്ടമായീടണം;
എന്റെ വായ്ത്താരിയെ
ഏറ്റു പാടീടണം!
എന്റെ മുദ്രാവാക്യങ്ങൾ
ഏറ്റു വിളിക്കണം! 

തീവ്രവാദത്തിന്റെ വിത്തുമുളപ്പിച്ച
ശുഷ്കമനസ്സിലെ സ്വാർഥതേ,
അസ്തമിച്ചെങ്ങും മറയാതിരിക്കുവാൻ
വാക്കിലും നോക്കിലും
നിത്യകർമത്തിലും
ആയുധം നല്കുന്ന
ബുദ്ധിവൈകല്യത്തിന്റെ
മൂർത്ത ഭാവങ്ങളേ; 

അതിർകെട്ടി, നായ്ക്കളെ
ഇരുപുറംകെട്ടി,
വമ്പൻ വലയിലെ
വമ്പൻ ചിലന്തി പോൽ,
കാത്തിരിക്കുന്നൊരാ
ശൈലിയെ മാറ്റുക!

നിങ്ങളൊരുക്കാതിരിക്കുക
വിശ്വസാഹോദര്യത്തിൻ
ശവക്കൂനകൾ!
നിങ്ങൾ തളയ്ക്കാതിരിക്കുക
ചിന്തയെ ചങ്ങലപ്പൂട്ടതിൽ!
ചുറ്റും നിരക്കുന്ന
വൈവിധ്യഭാവത്തിൽ
ഏകത്വമുണ്ടെന്നറിഞ്ഞ നാം
"ഏകം സത് വിപ്രാ ബഹുതാ വദന്തി:"
എന്നുള്ള മന്ത്രമുരുവിട്ടവർ,
വളരാനൊരുക്കുക
ആയിരം തൈകകളെ
ജീവിതവാടിയിൽ!

No comments