നനഞ്ഞു തീർത്ത നന്മകളിൽ
കുടിച്ചു വറ്റിച്ചതിന്റെ പാടുണ്ടായിരുന്നു.
കൈ പിടിച്ചെഴുതിയ അക്ഷരങ്ങൾക്ക്
ഉരുണ്ട് പോകുന്ന ഭംഗി.

വഴിയിൽ നിന്നുമാരോ നീട്ടിയ മിഠായിക്ക്
സ്നേഹത്തിന്റെ അധിമധുരം.
ആരൊക്കെയോ വാരിത്തന്ന ചോറുരുളക്ക്
കരുണയോടെ കടപ്പാട്.
കൂടെക്കളിച്ച കൂട്ടുകാർക്ക്
നല്ല ബാല്യം സമ്മാനിച്ച നന്ദി.

പഠിക്കാനനുവദിച്ച മാതാപിതാക്കളെ
നിങ്ങൾക്ക് സമർപ്പിതമീ
അക്കങ്ങൾ നിരത്തിയ കടലാസുകൾ.
കൂടെകരഞ്ഞും ചിരിച്ചും സല്ലപിച്ചു -
മെന്റെ വഴിയേ നടന്നവരെ,
തിരിച്ചെന്തു നൽകുമെന്ന
കുറ്റബോധത്തിലാണ് ഞാൻ.

പരിഭവമേതുമില്ലാതെയെന്റെ
പ്രണയത്തിനായ് -പിറകെ
നടന്ന് കണ്ണ് നിറഞ്ഞവനെ
കൈകൾ കൂപ്പി മാപ്പ്.

വീണിടത്തുനിന്നുമെഴുന്നേൽക്കാൻ
പഠിപ്പിച്ച സഹൃദയരെ,
നിസ്വാർത്ഥ സ്നേഹം.

പൊക്കിയെടുത്തെന്നെ ജീവനോടെ
കുഴിയിലിട്ടടച്ചവരെ
കലർപ്പില്ലാത്ത ആത്മാർത്ഥത.

എന്റെ കണ്ണീരുപ്പുരസം നുണഞ്ഞു
കൂടെയുറങ്ങും മകനേ, നിനക്കെന്റെ
മായം ചേർക്കാത്ത ചുംബനങ്ങൾ.

വഴിയിലെവിടെയോ ചിലതൊക്കെ
പറ്റിപ്പിടിച്ചു നിൽപ്പുണ്ട്.
ഒന്നും വെറുതെയാവുന്നില്ല,
ഒന്നും പാഴായിപ്പോകുന്നില്ല.........

No comments