എന്നെ വിട്ടകലുന്ന വർഷത്തിനോടു ഞാൻ
ഏതു യാത്രാമൊഴി ചൊല്ലിപ്പിരിഞ്ഞിടും?
മായുന്ന കാൽപ്പാടു നോക്കിയിരിക്കവേ,
ഏതു വികാരമെൻ ഹൃത്തിൽ നിറച്ചിടും? 

നാളെയെൻ ചിന്തയിൽ നീയില്ല വർഷമേ,
എങ്കിലും ലാഭനഷ്ടത്തിന്റെ പേരേടതിൽ
തീയതിയിട്ടു, നീ പോയ കാലൊച്ചകൾ
പൂട്ടിവെച്ചിട്ടുണ്ടു നാളെയോർമിക്കുവാൻ! 

ഒന്നു ചോദിക്കട്ടെ, സത്യത്തിലീയാത്ര
എന്റെയോ, നിന്റെയോ, മറ്റാരുടെതോ?
പൂർണമായിന്നും ഗ്രഹിക്കാത്ത അക്കങ്ങൾ കുത്തിക്കുറിച്ചിട്ട
സംഖ്യകൾക്കുള്ളിലെ ഗുപ്തസൂത്രത്തിന്റെ , 
ചുരുളഴിച്ചീടുവാൻ 
ഞാൻ തിരഞ്ഞെത്തുന്ന 
വിശ്വമഹാഗുരു നീതന്നെ കാലമേ! 

എങ്കിലും  
ബന്ധനം തീർത്ത സംസ്കാരത്തിൻ
ഗോപുരവാതിൽപ്പടിയിലിരുന്നു ഞാൻ,
ശുഭയാത്ര ചൊല്ലുമ്പോൾ, 
കേൾപ്പൂ പ്രതിധ്വനി                                             
ഉള്ളിന്റെയുള്ളിലെ നിമ്ന്നോന്നതങ്ങളിൽ!

No comments