അഫ്രീനാ.......
നിന്റെ ചൂണ്ടുവിരലിന്നറ്റത്തെ,
സ്നേഹം കാണുന്നു.
ധീരത കാണുന്നു.
അനീതി കാണുന്നു.
അസ്വാതന്ത്ര്യം കാണുന്നു.

നീയന്ന്,
ചോദ്യം ചോദിക്കുന്നവൾ
കൈ ഉയർത്തിയവൾ
വഴി നീളെ നീതി തേടിയവൾ
നിയമം പേറിയവൾ.

നീയിന്ന്,
ബുൾഡോസറിനിര
നിയമം കയ്യേറിയവൾ
അധികാരിയെ വിറപ്പിച്ചവൾ
ചോദ്യം ചെയ്യപ്പെടുമെന്ന്
ആവർത്തിക്കുന്നവൾ. 

അവിടെ,
വളഞ്ഞ വഴികൾ
സൃഷ്ടിച്ചവർ,
നിയമം വളച്ച് വളച്ച്
വില്ലിൽ കോർത്ത്,
ക്യാപ്സ്യൂൾ പരുവത്തിൽ
ഉത്തരങ്ങൾ വിഴുങ്ങി
ചോദ്യങ്ങളെ കാത്തിരിപ്പാണ്. 

വംശപ്പട്ടികയിലെ അവസാന
ഇനവും ഇല്ലാതാവും വരെ
കറുത്ത മഷിയാലവർ
വെട്ടിക്കൊണ്ടിരിക്കും. 

നമ്മൾ,
ആവർത്തിക്കപ്പെടുന്നത്
കാണാൻ വിധിച്ചവർ.
നേരം പോക്കിൽ
അഭിരമിച്ചവർ .
നീതിയുടെ ചക്രങ്ങൾ
ഉരുട്ടാൻ മടിച്ചവർ.
യന്ത്രക്കൈ സ്വവീടിൻ
ഉമ്മറം തൊടുമ്പോൾ മാത്രം
പ്രതികരിക്കുന്നവർ. 

ബുൾഡോസർ വിരലുകൾ
നമ്മെ ചൊറിയുന്നു, മാന്തുന്നു.
തിരിച്ചു കടിക്കാൻ രാകിയ
പല്ലുകൾ ആലയിലിരിപ്പാണ്.

സഹോദരീ.... 
നീ ചൂണ്ടിയ വിരലറ്റത്തെ നീതി
ഞങ്ങളെ കൊഞ്ഞനം കുത്തുന്നു.
പൊറുക്കണം, ഞങ്ങൾ
'വ്യാജ നിസ്സഹായത'യിലാണ്!

No comments