പോയ കാലത്തിന്റെ 
ശേഷിപ്പുകളെന്നിൽ,
ഓർമ്മതന്നോളങ്ങൾ
സൃഷ്ടിച്ചുണരവേ;
ഓളങ്ങളിൽപ്പെട്ടൊഴുകുന്ന
നൗക പോൽ,
ആടിയുലയുന്നു
മൂകമെൻ ഹൃത്തടം!

എന്റെ സ്വപ്‌നങ്ങൾതൻ
ശേഷിപ്പുകളെല്ലാം...
ഭദ്രമായ് ഞാൻ കാത്ത
കുങ്കുമച്ചെപ്പു നീ...
ഒട്ടും നിനയ്ക്കാത്ത
നേരത്തു വന്നെത്തി,
തട്ടിത്തെറിപ്പിച്ചു
പോയിതോ കാലമേ!

എന്നും സുരക്ഷിത-
മായിപ്പൊതിഞ്ഞെന്നെ,
പൊന്നുപോൽ കാത്തു
രക്ഷിച്ച കരങ്ങളെ...
തട്ടിയകറ്റുവാ-
നായിട്ടു മാത്രമായ്,
എത്തിയതെന്തിനു
ചൊല്ലൂ നിയതി നീ.

പോയ ദിനങ്ങ-
ളെനിക്കു സമ്മാനിച്ച
മോഹനമോർമ്മതൻ
ശേഷിപ്പുകൾക്കുള്ളിൽ,
ഞാനുറങ്ങീടട്ടെ
നിത്യ നിതാന്തമാം,
ശാന്തമാം നിദ്രയെ
പുൽകുന്നതു വരെ!
 

No comments