ഹിമഗിരി സാനുക്കളിൽ ചെന്നു രാപ്പാർക്കണമെന്നെൻ,
ഹൃദയം കൊതിക്കുന്നൂ വിഫലം മമ സ്വപ്നം!
ഇത്ര സുന്ദരമായി സൃഷ്ടിതൻ വൈഭവത്തെ,
ഉച്ചത്തിലുദ്ഘോഷിക്കും മറ്റൊരു സ്ഥലമുണ്ടോ!

ദേവകൾക്കിരിക്കുവാൻ വിശ്വകർമ്മാവു പണ്ട്‌,
ഭൂമിയിൽ നിർമ്മിച്ചതാകാം ഈ ഗിരി ശൃംഗത്തിനെ...
അവർക്കു നീരാടുവാനായി സൃഷ്ടിച്ചതാവാം
മന്ദാകിനിയും,സിന്ധു, ബ്രഹ്മപുത്രാദി നദികളും!
തൂമഞ്ഞും,കുളിർകാറ്റും മാമരക്കൂട്ടങ്ങളും,
അംബരചുംബികളായ ഉത്തുംഗ ശൃംഗങ്ങളും!
ശിവതാണ്ഡവ ധ്വനി മുഴങ്ങും കൈലാസവും,
വാസന്ത മഹോത്സവം കൊണ്ടാടും വനങ്ങളും.
നടരാജനെ തന്റെ വരനായ്‌ ലഭിക്കുവാൻ,
തപസ്സു ചെയ്ത ഹൈമവതിതൻ സങ്കേതവും;
അളകാ പുരിയിലേക്കു യക്ഷന്റെ ദൂതുമായി,
പോകുന്ന വാരിദങ്ങൾ പാർക്കുന്ന ഗിരികളും.
കാളിദാസനെ പണ്ടു വിഖ്യാത കവിയാക്കാൻ,
വരമേകിയ മഹാകാളിതൻ  പിതൃ ഗേഹം,! 
മന്ദാകിനിയിൽ കുളിച്ചു ഹരിചന്ദനം ചാർത്തി,
ഇന്ദ്രനീലാഭ പൂണ്ടു ചിരിക്കും ഗിരി ശൃംഗം.
ഹിമവൽ സാനുക്കളിൽ മാലിനീ നദിക്കരെ,
ദുഷ്യന്ത രാജനേ തേടും കാമിനി ശകുന്തള;
കുമാരസംഭവവും, മേഘസന്ദേശവും പോലെ,
കാളിദാസനു കേളീ രംഗമായ്‌ ഹിമശൈലം!
ഭാവതീവ്രങ്ങളായ എത്രയോ സൃഷ്ടികൾക്കു,
ഭാഗധേയമായ്  നിൽപ്പൂ ഇപ്പോഴും ഹിമാലയം!
മഞ്ഞിന്റെ മകുടവും ചൂടി നീയെല്ലായ്പ്പോഴും,
മന്ദഹാസവും ചൂടി അംബരചുംബിയായി;
ആത്മീയ സാരങ്ങൾ തൻ വെൺ കൊറ്റക്കുട ചൂടി,
സത്യത്തിൻ പ്രതീകമായ്‌ നിൽപ്പൂ നീ,നഗാധി രാജാ...
എത്ര നാൾ കഴിഞ്ഞാലും നിത്യ വിസ്മയമായി,
അത്യന്തം നിഗൂഢമായ് നിൽക്കട്ടെ ഹിമാലയം! 

No comments