അനപത്യദുഃഖത്തി-
ന്നൊടുവിലായറിയുന്നെ-
ന്നോമൽക്കുരുന്നിൻ
ഹൃദയ താളം!

ആമയച്ചുടുകണ്ണീ-
രർത്ഥനയാക്കി, 
ഞാനൊരപ്രമേയ
വിലാസിത സൂനമായി! 

ആതപ രശ്മിയി-
ലതിമോദചിത്തയാ-
യാറ്റുനോറ്റിരുന്നു,
ഞാ,നമ്മയായീടുവാൻ! 

അവ്യക്തചാരുചലച്ചിത്രമാ-
യരുമക്കിടാവിന്നാനന ശ്രീയൊ-
രാവേശ തരംഗമാ-
യുൾത്തടത്തിൽ! 

അവ്യയ യാമങ്ങ-
ളോരോന്നും കൊഴിഞ്ഞുവീ-
ണഭിലാഷ സാഫല്യ 
ധന്യ വിഭാതമായ്! 

അസ്ഥികളൊടിയുന്ന
നൊമ്പരച്ചൂടിലു-
മറിഞ്ഞൂ, ജനനിതൻ
രോമഹർഷം! 

അദൃശ്യനാമീശന്റെ
ചേതനയുൾക്കൊണ്ടെൻ
ജീവന്റെ ജീവനു
ജന്മം കൊടുക്കവേ... 

അമ്മതന്നാടയി-
ലക്ഷീണ മാനസ-
മമ്പിളിക്കളേബര-
മൻപിൽ പുണർന്നു ഞാൻ! 

അലരായ് വിരിഞ്ഞൂ,
കനകക്കനവുക-
ള,വിരാമമൊഴുകിടും
നിളപോലെൻ വാസവും!

No comments