Star InactiveStar InactiveStar InactiveStar InactiveStar Inactive
 

നീണ്ട വായനകൾ വിരസമായി മാറിയതെന്നാണ്? നാളുകളേറെയായി. ഒരു നോവൽ വായിക്കുന്ന സമയംകൊണ്ടു എത്രയോ കഥകളും, കവിതകളും വായിച്ചു തീർക്കാം! ഒരു നോവലിസ്റ്റിനെ അറിയുന്ന സമയം കൊണ്ട് എത്രയോ എഴുത്തുകാരിലൂടെ കടന്നുപോകാൻ കഴിയും! വായനയുടെ 'എക്കണോമിക്‌സ് ഓഫ് സ്കെയിൽ' ഇതാണ്.

വായിക്കേണ്ടത് അത്യാവശ്യമായി വന്നപ്പോൾ 200 പേജുകൾ ഒരുദിവസം കൊണ്ടു വായിക്കേണ്ടിവന്നുവെങ്കിലും ആ വായന വിരസമായിരുന്നില്ല.

ഒരുപാടുപേർ വായിച്ചും വായിക്കാതെയും അഭിപ്രായം പറഞ്ഞ ഒരു കൃതിയെപ്പറ്റി പുതിയൊരു അഭിപ്രായത്തിനു പ്രസക്തിയില്ല. എങ്കിലും ശ്രദ്ധയിൽപ്പെട്ട ചില പ്രത്യേകതകൾ മാത്രം ഇവിടെ സൂചിപ്പിക്കാം.

നോവലിന്റെ ആദ്യവാചകം അതിന്റെ രത്നച്ചുരുക്കമാണ്. "ബത്തയിലെ ചെറിയ പോലീസ് സ്റ്റേഷനു മുന്നിൽ ഞാനും ഹമീദും തോറ്റവരെപ്പോലെ കുറേനേരം നിന്നു." ഫസ്റ്റ് പേഴ്സൺ നറേറ്റീവിൽ ഒരു പരാജിതന്റെ കഥ പറയുമ്പോൾ, അയാൾ കഥ പറയാനായി ജീവിച്ചിരിക്കുന്നു എന്ന ശുഭാന്ത്യത്തിന്റെ സൂചന വായനക്കാരനു ലഭിക്കുന്നു. 

മണൽ വാരൽ തൊഴിലാളിയായിരുന്ന നജീബ് സൗദിഅറേബ്യയിലെ ഏതോ ഏകാന്തവും അജ്ഞാതവുമായ പ്രദേശത്തു എത്തപ്പെടുന്നു. വളരെ നിഷ്ടുരനായ ഒരു അറബി യജമാനന്റെ ആടുവളർത്തൽ കേന്ദ്രത്തിലെ ജോലിക്കാരനായി മാറുന്ന നജീബിന് നേരിടേണ്ടിവരുന്ന ഏകാന്തതയും, ദുരിതങ്ങളും, കഷ്ടപ്പാടുകളും, പിന്നീട് അതിൽനിന്നുള്ള രക്ഷപ്പെടലുമാണ് നോവലിന്റെ പ്രമേയം.

പ്രകൃതി എന്ന കഥാപാത്രം:
വിരലിലെണ്ണാവുന്ന മനുഷ്യർ മാത്രം കഥാപാത്രങ്ങളായുള്ള ബെന്യാമിൻ്റെ 'ആടുജീവിതം' എന്ന നോവലിൽ, ജൈവമായ പ്രകൃതി പ്രസക്തമായ ഒരു കഥാപാത്രം തന്നെയാണ്. ഋതുഭേദങ്ങളിൽ പരിണാമം സംഭവിക്കുകയും, അപ്രതീക്ഷിതമായി പെരുമാറുകയും ചെയ്യുന്ന മരുഭൂമി, ചില മനുഷ്യരെപ്പോലെ പെരുമാറുന്നതായി നമുക്കു തോന്നിപ്പോകുന്നു. അതിൽ ആവസിക്കുന്ന ജീവികളുടെ രീതികളെ അതു നിരന്തരം ബാധിക്കുന്നു. ഒറ്റപ്പെട്ടുപോകുന്നവർ പ്രകൃതിയെ നേരിടുകയല്ല, മറിച്ചു പ്രകൃതിയോടിണങ്ങി ഒത്തുപോവുകയാണ് ചെയ്യുന്നത് എന്നത് നോവലിൽ കാണാം. 

കഥ നടക്കുന്നത് മലയാളിക്കു പൊതുവെ അപരിചിതമായ ഒരു ഭൂമികയിലാണ്. എങ്കിലും, മദ്ധ്യേഷ്യയിലെ മണൽക്കാടുകളുടെ ചുറ്റുവട്ടങ്ങളിലെ വലുതും ചെറുതുമായ പട്ടണങ്ങൾ ധാരാളം മലയാളികൾക്കു പരിചിതമാണ്. അതിൽത്തന്നെ, നീക്കുപോക്കുകളില്ലാത്ത മണൽക്കാടിന്റെ വരണ്ട യാഥാർഥ്യങ്ങൾ, നജീബിനെപ്പോലെ വളരെ ചുരുക്കം പേരെങ്കിലും അനുഭവിച്ചിരിക്കണം.

വൈരുദ്ധ്യങ്ങളുടെ സൗന്ദര്യം:
വൈരുധ്യങ്ങൾ അവതരിപ്പിക്കുന്നത് പ്രമേയത്തിന്റെ തീഷ്ണത കൂട്ടാറുണ്ട്. ഈ തീഷ്ണത വായനക്കുള്ള പ്രോത്സാഹനമാണ്. ഒരു തലയുള്ള രാമൻ പത്തു തലയുള്ള രാവണനെ നേരിടുന്നതിലൂടെ ഇതിഹാസകാരൻ ചെയ്തത് ഇതുതന്നെയാണ്. നോവലിൽ ഉടനീളം കൃതിയെ സൗന്ദര്യവൽക്കരിക്കുന്ന ഇത്തരം വൈരുധ്യങ്ങൾ നമുക്കു കാണാം. 

ജീവിതത്തിലെ നജീബ് മണൽ വാരൽ തൊഴിലാളിയായിരുന്നോ എന്നറിയില്ല. പക്ഷെ നോവലിലെ നജീബ് അങ്ങനെയായതു വലിയ ഒരു വൈരുധ്യത്തിനു വഴിതെളിച്ചു.  ജലജീവിയെപ്പോലെ കഴിഞ്ഞിരുന്ന ഒരാൾ, വെള്ളം ഒരപൂർവ്വ ആർഭാടമായി മാത്രം ലഭിക്കുന്ന ചുറ്റുപാടിലേക്കു മാറ്റപ്പെടുന്നു. നോവൽ വെളിച്ചത്തുകൊണ്ടുവരുന്ന ഒന്നാമത്തെ വൈരുധ്യമാണിത്.

തടവറയിലെ സുരക്ഷിതത്വം:
സ്വാതന്ത്ര്യം എന്നതൊരു പ്രഹേളികയാണ്. സ്വാതന്ത്ര്യമുള്ള ഇടത്തു സുരക്ഷിതത്വം ഉണ്ടെന്നു നാം കരുതുന്നു. അറിയാത്ത മരുഭൂമിയുടെ സുരക്ഷിതത്വമില്ലായ്മയെക്കാൾ ഭേദം, അറിയുന്ന മസറയിലെ ഏകാന്തതയും, കഷ്ടപ്പാടുമാണ് എന്ന് പലപ്പോഴും നജീബ് ചിന്തിച്ചുപോരുന്നു. വിശാലമായ ലോകത്തിന്റെ സ്വാന്ത്ര്യത്തേക്കാൾ ജയിലിന്റെ സുരക്ഷിതത്വം മറ്റൊരവസരത്തിൽ നജീബ് തിരിച്ചറിയുന്നു. ഇത് നോവൽ വെളിപ്പെടുത്തുന്ന മറ്റൊരു വൈരുധ്യമാണ്.

മണലിൽ അപ്രത്യക്ഷമായ നദിപോലെ ചിലർ:
ബസറയിൽ നജീബെത്തുമ്പോൾ, അയാളുടെ മുൻഗാമിയായ ഒരു ഭീകര രൂപിയെ കണ്ടുമുട്ടുന്നു. അത് നജീബിന്റെ വരുംകാല വ്യക്തിത്വമാണ്. ഇടയ്ക്കുവച്ചു അയാൾ അപ്രത്യക്ഷനാകുന്നു. മറ്റൊരു കഥാപാത്രമായ ഹക്കീം മണൽക്കാട്ടിലെ യാത്രയ്ക്കിടയിൽ മരണപ്പെടുന്നു. ഇബ്രാഹിം ഖാദിരി എന്ന സോമാലിയൻ അതേ യാത്രയിൽ അപ്രത്യക്ഷനാകുന്നു. ഹമീദ് എന്ന പരിചയക്കാരൻ നിർബന്ധിതമായ തിരോഭവിക്കലിനു വിധേയനാകുന്നു. അങ്ങനെ നജീബിൽ തുടങ്ങുന്ന കഥ നജീബിൽ മാത്രമായി അവസാനിക്കുന്നു. 

ഏകാന്തതയിലെ ചൈതന്യആരോപണം:
ആടിനോടൊപ്പം ജീവിച്ചു ആടായി മാറുന്ന നജീബ്, തന്റെ സഹജീവികളിൽ തനിക്കു പരിചയമുള്ളവരെ കണ്ടെത്താൻ ശ്രമിക്കുന്നതിലൂടെ അയാളുടെ ഒറ്റപ്പെടലിനു പരിഹാരം തേടുകയാണ്. തനിക്കറിയാവുന്ന അറവു റാവുത്തർ, മേരി മൈമുന, ഇണ്ടി പോക്കർ, പോച്ചക്കാരി രമണി, ജഗതി, മോഹൻലാൽ, EMS എന്നിവരെയൊക്കെ ആടുകളിൽ അയാൾ കണ്ടെത്തുകയാണ്. ജീവിച്ചുപോകാനുള്ള അയാളുടെ കൊതിയാണ് ഇത്തരത്തിലുള്ള ഒരു അയഥാർത്ഥ ലോകം മെനഞ്ഞെടുക്കുന്നതിനു അയാളെ പ്രാപ്തനാക്കുന്നത്. പച്ചയായ ലോകത്തിലെ ഈ സാങ്കല്പികലോകം മറ്റൊരു ആകർഷകമായ വൈരുധ്യമാണ്.

വേനലും മഴയും പോലെ:
കടുത്ത വേനൽ പോലെ വളരെ ക്രൂരനായ യജമാനന്റെ കീഴിൽ നനുത്ത മഴപോലെ, അങ്ങേയറ്റത്തെ ദയാലുവായ ഒരു പണിക്കാരൻ. മഴയെ ഭയന്നു ദുർബലനായി മാറിയ യജമാനനെ കീഴ്പെടുത്തി നജീബിനു ആ നരകത്തിൽ നിന്നും രക്ഷപ്പെടാമായിരുന്നു. നജീബിലെ നന്മയാണ് അങ്ങനെ ചെയ്യാതിരിക്കാൻ അയാളെ പ്രേരിപ്പിക്കുന്നത്. രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സ്വഭാവത്തിലെ ഈ വൈരുദ്ധ്യം പ്രമേയത്തിനു വൈകാരികമായ തീക്ഷണത നൽകുന്നു.

കരുണാമയനായ ദൈവം:
ആധുനിക മനുഷ്യനു ചിന്തിക്കാൻ കഴിയുന്നതിനപ്പുറത്തെ ക്രൂരതയാണ് നജീബ് തൊഴിലിടത്തിൽ അഭിമുഖീകരിക്കുന്നത്. ഇടയ്‌ക്കൊപ്പൊഴെങ്കിലും എന്തെങ്കിലും ചെറിയ ആശ്വാസമോ, ക്ഷണിക സുഖമോ, ഭാഗ്യമോ ഉണ്ടാകുമ്പോൾ കരുണാമയനായ ദൈവത്തെ അയാൾ മതിമറന്നു വാഴ്ത്തുന്നു. തനിക്കു വാരിക്കോരി ദുരിതങ്ങൾ തന്നതും കരുണാമയനായ ദൈവമാണെന്ന് അയാൾ സൗകര്യപൂർവം മറക്കുന്നു എന്നത് ലോജിക്കായി ചിന്തിക്കുന്ന ആരെയും അസ്വസ്ഥനാക്കും. ഇതു നോവൽ അനാവരണം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വൈരുധ്യമാണ്.

നോവലിനെ ഇങ്ങനയൊക്കെ നോക്കിക്കാണാം:
മണലാരണ്യത്തിലെ രണ്ടു സംസ്കാരങ്ങളുടെ സംഘർഷമായി ഇതിനെ കാണുമ്പോൾത്തന്നെ, മനുഷ്യന്റെ ബന്ധുവാര്, അവന്റെ ശത്രുവാര് എന്ന അന്വേഷണവും നോവലിൽ ദർശിക്കാനാകും. തിന്മയും നന്മയും തമ്മിലുള്ള പതിവു സംഘർഷമായി ഇതിനെ ചിത്രീകരിക്കുമ്പോൾ പോലും, ജീവിതത്തോടുള്ള ആസക്തി അവനെ എത്രമാത്രം കരുത്തുള്ളവനാക്കി മാറ്റുന്നു എന്നതും ശ്രദ്ധിക്കപ്പെടാതിരിക്കാൻ കഴിയാത്ത കാര്യമാണ്.

'തൊഴിലിടങ്ങളിലെ ചൂഷണം' എന്ന സാമൂഹിക വിഷയം നോവലിനെ ഗൗരവമുള്ളതാക്കിമാറ്റിയതുകൊണ്ടാണല്ലോ ഈ പുസ്തകം ചില രാജ്യങ്ങളിൽ വിലക്കപ്പെട്ടത്. അന്തസ്സോടെ തൊഴിലിടങ്ങളിൽ പരിഗണിക്കപ്പെടുക എന്നത് ഒരു മൗലികാവകാശമാണ്. ആടുജീവിതം സാഹിത്യത്തിനു പുറത്തേക്കു തല നീട്ടുന്നത് ഈ മൗലികാവകാശത്തിന്റെ പച്ചപ്പു തേടുന്നതുകൊണ്ടാണ്. സാഹിത്യം, ജീവിതത്തിന്റെ അനുബന്ധമാണ്, അതു ജീവിതത്തെ നിരന്തരം സമ്പുഷ്ടമാക്കുന്നു.

 

Add comment

Submit