fbpx

 

 

 

തൊട്ടടുത്ത ദിവസം കോളേജിൽ നിന്നും ഒപ്പ് വാങ്ങാൻ എന്നേയും കാത്തു വീട്ടിലിരിക്കുന്ന റെക്കോർഡ്‌ ബുക്കിന്റെ എണ്ണമറ്റ താളുകളെ കുറിച്ച് ആലോചിച്ചപ്പോൾ എത്രയും പെട്ടന്ന് വീട്ടിൽ എത്തിയാൽ മതിയായിരുന്നു.ഒരു വശത്തേക്ക് ഭാഗികമായും

ചരിഞ്ഞു, ശ്വാസം വിടാൻ കഴിയുമോ എന്നാരും ഭീതിയോടെ നോക്കി പോകുന്ന, മനുഷ്യ ജീവികളെ പരമാവധി കുത്തി നിറച്ച ബസുകൾ ഓരോന്നായി സ്റ്റോപ്പിൽ നിർത്താതെ കടന്നു പോയി.അടുത്ത ബസ്‌ എങ്കിലും നിർത്തിയേക്കാം എന്ന പ്രതീക്ഷയും കാത്തിരിപ്പിനിടയിലെ ദീർഘ നിശ്വാസവും,ചർച്ചകളും തമാശകളും ചെറിയ രീതിയിലുള്ള പ്രണയ സല്ലാപങ്ങളും സ്റ്റോപ്പിനെ ശബ്ധമുഖരിതമാക്കി.എതിർവശത്തെ ബേക്കറി ഇതിനോടകം തിരക്കു പിടിച്ചിരുന്നു."നമുക്കോരോ കോഫിയും കട് ലെറ്റും കഴിച്ചാലോ ?"സുഹൃത്തിന്റെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട്,കയ്യിലിരുന്ന കണ്‍സിഷൻ ടിക്കറ്റിനു പുച്ഛം സമ്മാനിച്ച്‌ രാജധാനി ബസിൽ കയറുമ്പോൾ,'കയ്യിൽ കണ്‍സിഷൻ ഉണ്ടായിട്ടും പൈസ കൊടുത്തു പോകുന്നത് കണ്ടില്ലേ അഹങ്കാരി'എന്നർത്ഥം വച്ച് കൊണ്ടുള്ള നോട്ടങ്ങൾ കണ്ടില്ലെന്നു നടിച്ചു.തിരക്ക് കുറഞ്ഞ ബസിൽ സൈഡ് സീറ്റിനായി കൊതിയോടെ തിരഞ്ഞെങ്കിലും ഒടുവിലൊരു പ്രായം ചെന്ന, മുറുക്കാൻ ചവച്ചിരിക്കുന്ന അമ്മുമ്മയുടെ അടുത്തിരുന്നു തൃപ്തിപ്പെടെണ്ടി വന്നു.ഏറെ ദൂരം പിന്നിട്ടില്ല അപ്പോഴുണ്ട് കേൾക്കുന്നു ഉച്ചത്തിലുള്ള കവിതാശകലങ്ങൾ.

"മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം ...പലിശ പട്ടിണി പടികയറുമ്പോൾ

പുറകിലെ മാവിൽ കയറുകൾ കാണാം....!!!"

സംഗതി എന്റെ പ്രിയകവിതകളിലൊന്ന്.ഘനഗാഭീര്യമായ പുരുഷ ശബ്ദം.എന്നാൽ "പലിശ പട്ടിണി പടി കയറുമ്പോൾ" എന്ന വരികൾ ആവര്ത്തിച്ചു കൊണ്ടേയിരിക്കുന്നു!ആരാണയാൾ ?

ബസുകൾ തോറും കയറിയിറങ്ങി പാട്ടുകൾ പാടി നാണയത്തുട്ടുകൾ ഇരന്നു വാങ്ങുന്ന ഗായകൻ?ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ മറ്റു യാത്രക്കാരെ പോലെ തന്നെ ആകാംക്ഷ യോടെ ഞാനും തിരിഞ്ഞു നോക്കി.നീല ഷർട്ടും മുണ്ടും ധരിച്ച അരോഗദൃഡഗാത്രൻ.നാൽപതുകളുടെ മദ്ധ്യം.അടുത്തെങ്ങും ഷേവ് ചെയ്തിട്ടില്ലെന്ന് വിളിച്ചോതുന്ന മുഖം.അയാൾ പാടുകയാണ് കഴിയുന്നതും ഉറക്കെ..."പലിശ പട്ടിണി"...."അവനു വട്ടാണെന്ന് തോന്നുന്നു" മുൻപിലത്തെ സൈഡ് സീറ്റ്‌ കയ്യടക്കിയ അമ്മാവന്റെ വക കമെന്റ്.കാര്യം ഇഷ്ടപ്പെട്ട കവിതയൊക്കെ തന്നെ,പക്ഷേ ഒരേ വരികൾ ആവർത്തിച്ച്‌ കേട്ടാലോ? 

മദ്യ ലഹരിയിലാണോ എന്നായിരുന്നു എന്റെ പ്രഥമ സംശയം.എന്നാൽ വാക്കുകളുടെ ഉച്ചാരണ ശുദ്ധി സംശയത്തെ ലംഘിക്കുന്നതായിരുന്നു.അറിവിന്റെ പരിധിയിൽ നിന്നും മദ്യലഹരിയിലും വാക്കുകൾ ഇടറാത്തവരുണ്ടോ എന്ന് തീർച്ചയില്ലായിരുന്നു.സ്ത്രീകളുടെ ശ്രദ്ധയെ പിടിച്ചു പറ്റാനുള്ളതായി തോന്നിയതുമില്ല!പെട്ടന്ന് കണ്ട്ക്ടറുടെ ശബ്ദം ഉയർന്നു

"ഒന്ന് മിണ്ടാതിരിക്കടോ.കുറെ നേരമായല്ലോ.പറഞ്ഞാൽ മനസിലാവില്ലേ"?

"ബസ്‌ തന്റെ കുടുംബ സ്വത്തൊന്നുമല്ലല്ലൊ" ?

മറുപടിയും ഉടനെ വന്നു.കണ്ടക്ടർ വാക്കു തർക്കത്തിന് മുതിരാത്തതിനാൽ അയാൾ കവിതാലാപനം തുടർന്നു.തനിയാവർത്തനം!ബസിന്റെതിനേക്കാൾ ഇരട്ടി വേഗത്തിൽ എന്റെ മനസ് പായുകയായിരുന്നു.കടം കയറി ആതമഹത്യക്ക് ഒരുങ്ങുന്ന കർഷകനോ മറ്റോ ആയിരിക്കുമോ?അതോ കാപട്യങ്ങൾ നിറഞ്ഞ ഈ സമൂഹത്തെ കണ്ടും കേട്ടും മനസ് മരവിച്ച കവിയോ?ഇതൊന്നുമല്ലെങ്കിൽ യാത്രാക്കാരനമ്മാവാൻ പറഞ്ഞത് പോലെ സമനില തെറ്റിയ മനുഷ്യൻ ആയിരിക്കണം.മലവെള്ള പാച്ചിൽ പോലെ ഒഴുകിയെത്തിയ ചോദ്യങ്ങൾ എന്നെ കൊണ്ടെത്തിച്ചത്‌ ഓർമ്മകളിലെ പഴയൊരു നായർ കുടുംബത്തിന്റെ വീട്ടുപടിക്കലാണ് .

വരാന്തയിലെ ചാരു കസേരയിലിരിക്കുന്ന രവീന്ദ്രനെന്ന മധ്യ വയസ്കനിലേക്ക്.അധ്യാപകനും സർവ്വോപരി എഴുത്തുകാരനുമായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട രവീന്ദ്രൻ മാഷിലേക്ക്.അവധി ദിവസങ്ങളിൽ ഞങ്ങളുടെ വാനരപ്പട രാവിലെ തന്നെ അവിടെയെത്തും,ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന കഥകൾ കേൾക്കാൻ,ഇമ്പത്തിൽ ചൊല്ലുന്ന കവിതകൾ കേൾക്കാൻ.അച്ഛന്റെ വാക്കുകൾ മുഖവുരയ്ക്കെടുക്കാത്ത താന്തോന്നികളായ രണ്ടാണ്‍ മക്കളും വീടിന്റെ ജപ്തിക്ക് കാരണഭൂതരായപ്പോഴും ,കടവും പലിശയും കൂടി കൂടി വന്നപ്പോഴും വിഷാദം പൊതിയുന്ന കണ്ണുകളുമായി അദ്ദേഹം കഥകൾ പറഞ്ഞു തരുന്നത് തുടർന്ന് കൊണ്ടിരുന്നു.ഒരവധി ദിനം അവിടെ ചെല്ലുമ്പോൾ ഞങ്ങളെ കാത്തിരുന്നത് ഓണക്കാലത്ത് ഞങ്ങൾക്കായി ഊഞ്ഞാൽ ഉയരാറുള്ള മാവിൽ ഒരു മുഴം കയറിൽ ജീവൻ അവസാനിപ്പിച്ച, ഒരു സാധു മനുഷ്യന്റെ അധപതനത്തിന്റെ കഥയായിരുന്നു,പറഞ്ഞു തരാൻ മാഷ്‌ ഉണ്ടായിരുന്നില്ലെന്ന് മാത്രം...               

  ടിൻ...ടിൻ.....എനിക്കിറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തിയെന്നറിയിച്ച് കൊണ്ട് കണ്ടക്ടർ ബെൽ മുഴക്കി.ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി ഇറങ്ങാൻ നേരം ഒരിക്കൽ കൂടി ഞാനയാളുടെ മുഖത്തേക്ക് നോക്കി,എങ്ങാനും രവീന്ദ്രൻ മാഷിന്റെ ഛായയുണ്ടോ അയാൾക്ക് ?അപ്പോഴും അയാൾ പാടിക്കൊണ്ടിരിക്കുകയാണ്! ബസ്‌ എന്നെ കടന്നു മുന്നോട്ടു പോകുമ്പോൾ ഓർക്കാതിരുന്നില്ല, ഈ യാത്ര അവസാനിക്കുന്നത് അയാളുടെ ജീവിതത്തിലേക്കോ അതോ മരണത്തിലേക്കോ എന്ന്.യാദൃചികമായി കണ്ടുമുട്ടിയ അയാളുടെ മുഖം പത്രത്തിന്റെ ചരമ പേജിൽ കാണാൻ ഇടവരാതിരിക്കട്ടെ.റെക്കോർഡിനെ കുറിച്ചുള്ള ഓർമ്മ വീണ്ടും മനസിലേക്ക് കടന്നു വന്നപ്പോൾ ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി.അപ്പോഴും അപരിചിതനായ ആ മനുഷ്യന്റെ ഘനഗംഭീരമായ ശബ്ദം ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു...

"പലിശ പട്ടിണി പടി കയറുമ്പോൾ,

പുറകിലെ മാവിൽ കയറുകൾ കാണാം...!!!"


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം