fbpx

 

 

 

വൊക്കേഷണൽ ഹയർസെക്കൻഡറി കഴിഞ്ഞ് വെറുതെ ഇരിക്കുന്ന സമയം.വൊക്കേഷണൽ സബ്ജെക്ട് ഓട്ടോമൊബൈൽ ആയതുകൊണ്ട് തൊട്ടടുത്തുള്ള മലയോര ഗ്രാമമായ കരുവാരകുണ്ടിലെ ഒരു ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ ട്രെയിനി ആയി കേറിക്കൂടി.

തലേ ദിവസം നൈറ്റ് ഷിഫ്റ്റ് എടുത്തത് കൊണ്ട് അടുത്ത ദിവസം ഓഫ് തന്നു. വീട്ടിലേക്ക് ബസ് കാത്തു നിൽക്കുമ്പോൾ പണ്ട് മോഹൻലാൽ പറഞ്ഞതുപോലെ പെട്ടന്ന് ഒരു വെളിപാട്, കാട്ടിലേക്കൊന്നു കറങ്ങാൻ പോയാലോ.പിന്നൊന്നും ആലോചിച്ചില്ല നേരെ വെച്ചുപിടിച്ചു.അതും ഒറ്റക്ക്. മൊബൈൽ ഫോൺ ഇല്ലാത്ത കാലമാണെന്നോർക്കണം.പോകേണ്ട വഴിയോ ദൂരമോ ഒന്നും അറിയില്ല.മലകളുടെ ഭാഗത്തേക്കുള്ള ഒരു റോഡിലൂടെ നടന്നു തുടങ്ങി.പോകുന്ന വഴിയിൽ ഒരു കടയിൽ നിന്നും കുറച്ച് സ്നാക്‌സും വെള്ളവും വാങ്ങി കയ്യിൽ വെച്ചു.അങ്ങനെ നടന്നു നടന്ന് ടൗൺ കഴിഞ്ഞു റബ്ബർ എസ്റ്റേറ്റുകൾ കണ്ടുതുടങ്ങി.
                     

ഇനിയാണ് കഥ തുടങ്ങുന്നത്. എത്ര ദൂരം നടന്നു എന്ന് എനിക്കുതന്നെ അറിയില്ല. മനോഹരമായ ഭൂപ്രകൃതി. ചുറ്റിനും മരങ്ങൾ മാത്രം.ചിലയിടങ്ങളിൽ റബ്ബർ മരങ്ങൾ നഷ്ടപ്പെട്ട് നല്ല മൈതാനങ്ങൾ രൂപപ്പെട്ടിരിക്കുന്നു.അതിനിടയിലൂടെ ചെറിയ ചെറിയ കാട്ടരുവികൾ.ഇടയിലെപ്പോഴെങ്കിലുമൊക്കെ പണിക്കാർ കാട്ടിലൂടെ നടക്കുന്നത് കാണാം. പിന്നെപ്പിന്നെ റബ്ബറും പണിക്കാരുമെല്ലാം അപ്രത്യക്ഷമായി.പകരം കാട്ടുമരങ്ങളും വള്ളിപ്പടർപ്പുകളും ചോലകളും മാത്രം കണ്മുന്നിൽ. എന്റെ സന്തോഷത്തിനതിരുകളില്ലായിരുന്നു. ഭയം എന്ന വികാരം അപ്പോൾ എനിക്കന്യമായിരുന്നു.കുറേക്കൂടി നടന്നപ്പോൾ ഒരു മൈതാനത്തിലെത്തി.അവിടെ നിന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. മുന്പിലായി ഒരു പടുകൂറ്റൻ മല.നിറയെ മരങ്ങളും കൊച്ചു കൊച്ചു അരുവികളും ചെങ്കുത്തായ പാറകളും അവിടവിടെ ഉരുൾ പൊട്ടിയ അടയാളങ്ങളും നിറഞ്ഞ പ്രകൃതിയുടെ ഒരു ഉത്തമ സൃഷ്ടി. കൺകുളിർക്കെ നോക്കിനിന്നു. ആ മല കയറാൻ മനസു വെമ്പിയെങ്കിലും പിന്നീടൊരിക്കൽ കൂട്ടുകാരോടൊത്താവാം എന്ന് സ്വയം സമാധാനിച്ചു                         മനസ്സില്ലാമനസ്സോടെ തിരിച്ചു നടന്നു.കുറച്ചു  പോന്നപ്പോൾ ഒരു സംശയം. കാഴ്ചകളെല്ലാം പുതിയത്.അങ്ങോട്ട്‌പോകുമ്പോൾ നോക്കി വെച്ചിരുന്ന ലാൻഡ് മാർക്കുകളൊന്നും കാണുന്നില്ല. അവസാനം ഉറപ്പിച്ചു.വഴി തെറ്റിയിരിക്കുന്നു.

വെയിൽ മങ്ങി തുടങ്ങി.എന്തു ചെയ്യണം എന്നറിയാതെ നടന്നുകൊണ്ടേയിരുന്നു.കൊടും കാടായതുകൊണ്ട് വളരെ പെട്ടന്നായിരുന്നു വെളിച്ചം മങ്ങി ഇരുട്ടായി തുടങ്ങിയത്. അങ്ങോട്ടു പോയതിന്റെ ഇരട്ടി ദൂരം നടന്നിട്ടും റബ്ബർ എസ്റ്റേറ്റുകളൊന്നും കാണുന്നില്ല. ഇരുളിനെക്കാൾ വേഗത്തിലാണ് ഉള്ളിലേക്ക് ഭയം അരിച്ചു കയറുന്നത്.ഒരു കൊടും കാട്ടിലാണ് വഴിതെറ്റി അലഞ്ഞു കൊണ്ടിരിക്കുന്നത്.അതും രാത്രി.അമ്മയെ വിളിച്ച് ഉറക്കെ കരയാൻ തോന്നി.ഒരു പതിനെട്ടുകാരന് സംഭരിക്കാവുന്നതിന്റെ മാക്സിമം ധൈര്യം മനസ്സിൽ ഉരുട്ടി ഉണ്ടാക്കി ഒരു വഴി ആലോചിച്ചു അവിടെ ഇരുന്നു.ഭക്ഷണവും വെള്ളവും എപ്പോഴേ തീർന്നിരിക്കുന്നു. കുറച്ചു കൂടെ നടന്നപ്പോൾ പാറക്കെട്ടുകൾ നിറഞ്ഞ ഒരു അരുവി കണ്ടു. പരന്ന ഒരു പാറ നോക്കി അവിടെ കൂടാൻ തീരുമാനിച്ചു. ഭയവും തണുപ്പും കാരണം ഉറങ്ങാൻ കഴിയാതെ, ഒരക്ഷരം പോലും മിണ്ടാൻ ഒരാളുമില്ലാതെ ഞാൻ നിറഞ്ഞു കവിയുന്ന കണ്ണുകൾ തുടച്ച് അവിടെ കിടന്നു.

എപ്പോഴോ ഒന്നു മയങ്ങി. നന്നായി വെളുത്തിട്ടാണ്  പിന്നെ ഉണർന്നത്. അപ്പോഴേക്കും മനസ്സ് ആ ചുറ്റുപാടുമായി ഇണങ്ങി തുടങ്ങിയിരുന്നു. കുറച്ചു കാട്ടുപഴങ്ങളും മറ്റും സംഘടിപ്പിച്ചു കഴിച്ച ശേഷം അവിടെ കണ്ട ഒരു മരത്തിന്റെ മേലേ കയറി ചുറ്റും നോക്കി ദൂരെ താഴെ ഒരു ഗ്രാമത്തിന്റെ ലക്ഷണങ്ങൾ കണ്ടുപിടിച്ചു.പിന്നെ ആ ലക്ഷ്യം വെച്ചു  നടന്നു.എന്റെ ഭാഗ്യത്തിന് ഒന്നുരണ്ട് പന്നികളേയും കീരികളെയും മുയലുകളെയും  ഒരു പാമ്പിനെയുമല്ലാതെ മറ്റൊരു മൃഗത്തിനെയും വഴിയിലെവിടെയും കാണേണ്ടി വന്നില്ല.ഒടുവിൽ ഞാനവിടെയെത്തി.വഴിയിൽ ഒരാളെ കണ്ടപ്പോൾ എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.അദ്ദേഹത്തിൽ നിന്നാണ് ഞാൻ എത്തിപ്പെട്ടത് പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിലുള്ള ഒരു ഉൾഗ്രാമത്തിലാണ് എന്ന് മനസിലാക്കുന്നത്. ഞാൻ പുറപ്പെട്ട സ്ഥലത്ത് നിന്നും ചുരുങ്ങിയത് ഒരു 60 കിലോമീറ്ററെങ്കിലും ഉണ്ടാവും.അങ്ങനെ ആരുടെയൊക്കെയോ മുന്നിൽ കൈ നീട്ടി കുറച്ച് പണം സംഘടിപ്പിച്ചു ഞാൻ മണ്ണാർക്കാട് ടൗണിലെത്തി.അപ്പോഴേക്കും ഇരുട്ടായി തുടങ്ങിയിരുന്നു.                     

എന്റെ രണ്ടാമത്തെ രാത്രി. വിശപ്പ്‌ മാറ്റി  ബസ്സ്റ്റാന്റിലെത്തിയെങ്കിലും രാത്രിയായതിനാൽ ബസുകളെല്ലാം ഓട്ടം നിർത്തി തുടങ്ങിയിരുന്നു.ഒരു എസ്‌ടി ഡി ബൂത്തിൽ കയറി നാട്ടിലെ എന്റെ അയൽപക്കത്തുള്ള വീട്ടിലേക്ക് ഫോൺ ചെയ്ത് വിവരം പറഞ്ഞു. അവരുടെ നിർദ്ദേശപ്രകാരം ബസ് സ്റ്റാന്റിൽ തന്നെ ഒരു തൂണിൽ ചാരി ഇരുന്നു. ഇരുന്നതറിയാതെ ഞാൻ ഉറങ്ങിപ്പോയി. സത്യം പറയാമല്ലോ,അത്ര സമാധാനത്തോടെ ഞാൻ അതിനു മുമ്പ് ഉറങ്ങിയിട്ടില്ലായിരുന്നു. ആരോ തോളിൽ തട്ടി വിളിക്കുമ്പോഴാണ് ഞാൻ ഉണരുന്നത്. കണ്ണു തുറന്നു നോക്കുമ്പോൾ അച്ഛനും ഏട്ടനും ഏട്ടന്റെ ഒന്നുരണ്ടു കൂട്ടുകാരും. കരയണോ ചിരിക്കണോ എന്നറിയാതെ ഞാൻ അവിടെ തന്നെ ഇരുന്നു. പിന്നെ അവർ വന്ന ജീപ്പിൽ കയറി ഒരു മൂന്നു മണിക്കൂർ നീണ്ട യാത്രക്ക് ശേഷം വീട്ടിൽ. വർഷങ്ങൾക്ക് ശേഷം ലീവിന് നാട്ടിൽ വന്ന പ്രവാസിയെപ്പോലെ ഞാനും എന്റെ അമ്മയെയും വീടിനെയും  കൺ കുളിർക്കെ കണ്ടു.


കുറിപ്പ്: അന്നത്തോടെ എന്റെ വർക്ക് ഷോപ്പ് ജീവിതം സ്വാഹ.....
കൂട്ടുകാരെ,ഇതെന്റെ സ്വന്തം അനുഭവമാണ്.ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുമെങ്കിലും അന്ന് ഞാനനുഭവിച്ച ഏകാന്തതയും ഭയവും
.... അതെനിക്ക് എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞോ എന്നറിയില്ല. എന്തായാലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
 


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം