fbpx

 

 

 

(ഒരു ശ്രീരാമകൃഷ്ണ പരമഹംസ കഥ )
ഭാരതീയ നവോത്ഥാനത്തിന്റെ അഗ്രിമ സ്ഥാനത്തു നിൽക്കുന്ന മഹാത്മാവാണ് ശ്രീരാമകൃഷ്ണ പരമഹംസൻ(1836 - 1886). സർവ്വ മതങ്ങളും വിശ്വസിക്കുന്ന ഈശ്വരൻ ഒന്നാണെന്നും വ്യത്യസ്ത രീതികളിൽ ആരാധിക്കുന്നവർ വ്യത്യസ്ത

പേരുകൾ വിളിക്കുന്നുവെങ്കിലും ഈശ്വരന്റെ സത്ത ഒന്നാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഒരു ദരിദ്ര ബംഗാളി ബ്രാഹ്മണകുടുംബത്തിൽ ജനിച്ച, ഔപചാരിക വിദ്യാഭ്യാസം വലിയ രീതിയിൽ ലഭിച്ചിട്ടില്ലാത്ത, അതിസാധാരണക്കാരനായ ശ്രീരാമകൃഷ്ണൻ തന്റെ ദർശനത്തിന്റെ തെളിവിനായി മുസ്ലിം , ക്രിസ്ത്യൻ, പാഴ്‌സി തുടങ്ങിയ വിവിധ മതവിഭാഗങ്ങളുടെ മതാനുഷ്‌ഠാനങ്ങൾ പഠിച്ച് അതിലൂടെ ഈശ്വര സാക്ഷാത്കാരം സാധ്യമാക്കിയത്രേ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുൾ നിറച്ച ഇന്ത്യൻ സാഹചര്യത്തിലായിരുന്നു സമൂഹ മനസ്സിലേക്ക് പരസ്പര സ്നേഹത്തിന്റേയും ഐക്യത്തിന്റേയും പുതിയ വെളിച്ചം പകർന്നുകൊണ്ടുള്ള ശ്രീരാമകൃഷ്‌ണോദയം.ലളിതമായ കഥകളിലൂടെയും ഉദാഹരണങ്ങളിലൂടേയും അതിഗഹനമായ വേദാന്ത -ദാർശനിക തത്ത്വങ്ങൾ ഏതു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ വിവരിക്കാനുള്ള അസാമാന്യമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ആ കഴിവുകൊണ്ടാണ് ഇന്ത്യൻ സംസ്‌കാരത്തിന്റെയും ദാർശനികതയുടേയും എക്കാലത്തേയും ഏറ്റവും ഉന്നതമായ പ്രതീകമായ സ്വാമി വിവേകാനന്ദനെന്ന ശിഷ്യൻ രൂപപ്പെട്ടത്.

കൊല്ക്കത്തയിലെ ദക്ഷിണേശ്വരത്തെ കാളീക്ഷേത്രത്തിലെ പൂജാരി ആയിരുന്ന ശ്രീരാമകൃഷ്ണനെ കാണാനും കേൾക്കാനുമായി പണ്ഡിതൻമാരും പാമരന്മാരുമുൾപ്പെടെ ജീവിതത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ എത്തുമായിരുന്നു.
അത്തരം അവസരങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അദ്ദേഹത്തിന്റെ ശിഷ്യനും അദ്ദേഹം 'മാസ്റ്റർ' എന്നും മറ്റുള്ളവർ 'മാസ്റ്റർ മഹാശയ് 'എന്നും വിളിക്കാറുള്ള മഹേന്ദ്രനാഥ ഗുപ്തൻ രേഖപ്പെടുത്തുകയും പിന്നീട് "ശ്രീരാമകൃഷ്ണ വചനാമൃതം" എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.'മിസ്റ്റിക് 'വിഭാഗത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വിശിഷ്ടമായ ഒരു ഗ്രന്ഥമായാണ് പണ്ഡിതന്മാർ ഇതിനെ വിലയിരുത്തുന്നത്.

ഒരു ഞായറാഴ്ച വൈകുന്നേരം ശ്രീരാമകൃഷ്ണനെ കാണാനായി മാസ്റ്റർ ദക്ഷിണേശ്വരത്തെത്തി.
മുറി നിറയെ ദർശനത്തിനായെത്തിയവരായിരുന്നു. കൂട്ടത്തിൽ, ഉജ്ജ്വലമായ കണ്ണുകളോടുകൂടിയ 19വയസ്സുള്ള ഒരു യുവാവുമുണ്ട്, നരേന്ദ്രൻ (വിവേകാനന്ദൻ ).
സംഭാഷണത്തിനിടെ ലോകത്തിലെ ദുഷ്ടന്മാരോട് എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ചൊക്കെ സംസാരമുണ്ടായി. അതിനിടയിൽ ശ്രീരാമകൃഷ്ണൻ, നിന്നെ ആരെങ്കിലും നിന്ദിച്ചാൽ എന്തു ചെയ്യുമെന്നു നരേന്ദ്രനോടു ചോദിച്ചപ്പോൾ പട്ടികൾ കുരയ്ക്കുന്നുവെന്ന് കരുതുമെന്ന് മറുപടി വന്നു. ശ്രീരാമകൃഷ്ണൻ പുഞ്ചിരിയോടെ പറഞ്ഞു, "അരുതെടോ അത്രയങ്ങോട്ട് പോകരുത്.ഈശ്വരൻ സർവ്വ ഭൂതങ്ങളിലും ഉണ്ടെങ്കിലും നല്ല ആളുകളുമായി മാത്രമേ നമുക്ക് ചങ്ങാത്തം പാടുള്ളു ".തുടർന്ന് അദ്ദേഹം ഇതിന് അനുബന്ധമായി
ഒരു കഥ പറഞ്ഞു.

"പണ്ട് ഒരു കാട്ടിൽ അനേകം ശിഷ്യൻമാരുള്ള ഒരു താപസൻ പാർത്തിരുന്നു. ഒരു ദിവസം അദ്ദേഹം ശിഷ്യന്മാരോടു പറഞ്ഞു , ' സർവ്വ ഭൂതങ്ങളിലും നാരായണൻ വസിക്കുന്നുണ്ട്. അതറിഞ്ഞു നാം എല്ലാവരേയും നമസ്കരിക്കണം'. കുറച്ചു ദിവസങ്ങൾക്കു ശേഷം ഹോമത്തിനുള്ള ചമതയ്ക്കായി ഒരു ശിഷ്യൻ കാട്ടിൽ പോയി. അപ്പോൾ ആരോ ഒരാൾ വിളിച്ചു പറയുന്നത് അവൻ കേട്ടു
"ഒരു മദയാന വരുന്നുണ്ട്,
വഴിയിൽ ആരെങ്കിലും ഉണ്ടെങ്കിൽ മാറിക്കൊള്ളുക"യെന്ന്. ഇതു കേട്ട് എല്ലാവരും ഓടി. ശിഷ്യൻ മാത്രം അനങ്ങിയില്ല. അവൻ ഗുരു പറഞ്ഞത് ഓർമ്മിച്ചു. എല്ലാറ്റിലും നാരായണൻ ഉണ്ടല്ലോ. അപ്പോൾ പിന്നെ താൻ എന്തിനോടണം.അവൻ അവിടെത്തന്നെ നിന്ന് ആനയെ നമസ്കരിക്കാനും വാഴ്ത്താനും തുടങ്ങി. അകലെ നിന്ന് ഇതു കണ്ട് ആനക്കാരൻ ഓടിക്കോ ഓടിക്കോ എന്നു വീണ്ടും വിളിച്ചു പറഞ്ഞു. എന്നിട്ടും ശിഷ്യൻ അനങ്ങിയില്ല. അപ്പോഴേക്ക് അടുത്തെത്തിയ ആന അവനെ തുമ്പിക്കൈ കൊണ്ടു പൊക്കി ഒരു വശത്തേക്കു വലിച്ചെറിഞ്ഞു തന്റെ പാട്ടിനു പോയി. ശിഷ്യൻ ശരീരമാകെ മുറിഞ്ഞു ബോധമില്ലാതെ കിടന്നു. വിവരമറിഞ്ഞ് ഗുരുവും മറ്റുശിഷ്യന്മാരും ഓടിയെത്തി അവനെയെടുത്ത് ആശ്രമത്തിൽ കൊണ്ടുപോയി മരുന്നെല്ലാം കൊടുത്ത് ശുശ്രൂഷിച്ചു. അല്പസമയം കഴിഞ്ഞ് അവനു ബോധം വന്നപ്പോൾ ആരോ ചോദിച്ചു ആന വരുന്നെന്നു കേട്ടിട്ടും നീയെന്തേ വഴിമാറാഞ്ഞതെന്ന്. അപ്പോൾ അവൻ മറുപടി പറഞ്ഞു എല്ലാറ്റിലും നാരായണനാണെന്നു ഗുരുനാഥൻ നമുക്ക് പറഞ്ഞു തന്നിട്ടുണ്ടല്ലോ. അതുകൊണ്ട് ആന നാരായണനാണ് വരുന്നതെന്ന് കണ്ടാണ് ഞാൻ മാറാഞ്ഞത്.ഇതുകേട്ട് ഗുരു ചോദിച്ചു , "കുഞ്ഞേ ആന നാരായണനാണ് വന്നത് എന്നതു ശരിതന്നെ. പക്ഷേ ആനക്കാരൻ നാരായണൻ നിന്നോട് പറഞ്ഞില്ലേ വഴിമാറാൻ. എല്ലാം നാരായണനാകുമ്പോൾ അയാളുടെ വാക്കുകൾ എന്തുകൊണ്ട് നീ കേട്ടില്ല? ആനക്കാരൻ നാരായണന്റെ വാക്കും കേൾക്കേണ്ടതല്ലേ. "

കഥയ്ക്കുശേഷം ശ്രീരാമകൃഷ്ണൻ തുടർന്നു,
എല്ലാവരിലും നാരായണാനുണ്ട്. എന്നാൽ ദുർജ്ജനങ്ങൾ, ദുഷ്ടന്മാർ, ഭക്തിഹീനർ എന്നിവരോട് ഇടപഴക്കരുത്, ചങ്ങാത്തമരുത്. അവരിൽ ചിലരുമായി വർത്തമാനം പറയൽ വരെയാകാം. ചിലരുമായി അതും പാടില്ല. അത്തരം ആളുകളിൽ നിന്ന് അകന്നുനിൽക്കുക തന്നെ വേണം.

സാമൂഹിക ഇടപെടലുകൾ എങ്ങനെ ആയിരിക്കണം എന്ന് ഓർമിപ്പിക്കുന്ന ഇത്തരം കഥകൾ കാലാതീതമാണ്. മഹത്തുക്കൾക്കു മാത്രമേ ഇത്തരം കണ്ടെത്തലുകൾ സാധ്യമാവുകയുള്ളു.


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം