എല്ലാവരിലും  എന്ന പോലെ കുട്ടിക്കാലം എനിയ്ക്കും ഏറെ പ്രിയങ്കരമായിരുന്നു. അക്കാലത്തെ ഓർമ്മകളും  കഥകളും എന്നും മധുരിയ്ക്കുന്ന നഷ്ടനൊമ്പരമാണ്.
ഏതാണ്ട് പത്തു മുപ്പത് വർഷം മുൻപാണ്. ഒരു ഏപ്രിൽ മാസം‍‌ .ഞാന്‍‌ ഒന്നാം ക്ലാസ്സിലെ വലിയ പരീക്ഷ(ണം) കഴിഞ്ഞിരിക്കുന്ന കാലം… അന്നൊക്കെ അവധി കിട്ടിയാല്‍‌ നേരെ അമ്മ വീട്ടിലേയ്ക്കൊരു പോക്കുണ്ട്. അത്തവണയും അതു തെറ്റിച്ചില്ല. ഞാനും ചേട്ടനും അമ്മയും കുറച്ചു ദിവസം അവിടെ തങ്ങാന്‍‌ തന്നെ തീരുമാനിച്ചു. അച്ഛൻ ഞങ്ങളെ അവിടെ കൊണ്ടു ചെന്നാക്കിയ ശേഷം തിരിച്ചു പോയി. പിന്നെ തിരിച്ചു വിളിച്ചു കൊണ്ടു പോകാനേ വരികയുള്ളൂ. സര്‍‌ക്കാര്‍‌ ജോലിക്കാരനെങ്കിലും ആത്മാര്‍‌ത്ഥത ഇത്തിരി കൂടുതലായിരുന്നെന്നു കൂട്ടിക്കോ.

അമ്മയുടെ വീടെന്നു പറഞ്ഞാല്‍‌ എനിക്കത് അന്നൊരു മഹാസംഭവം തന്നെയായിരുന്നു. ഒരുപാടു മുറികളും തട്ടു തട്ടായി കിടക്കുന്ന വലിയ പറമ്പും തോടും വയലുമൊക്കെയുള്ള ഒരു വലിയ സാമ്രാജ്യം തന്നെ. അന്ന് അച്ഛന്റെ ജോലിയുടെ സൌകര്യാര്‍‌ത്ഥം ഞങ്ങളെല്ലാം ഗവ: ക്വാര്‍‌ട്ടേഴ്സിലായിരുന്നു താമസം. അടുക്കളയും കിടപ്പുമുറിയും സ്വീകരണമുറിയും ഊണു മുറിയും എല്ലാമായി രണ്ടേ രണ്ടു മുറികള്‍‌. പിന്നെ, ഒരു കക്കൂസും കുളിമുറിയും…. മൂന്നു വര്‍‌ഷം ഇതായിരുന്നു ഞങ്ങളുടെ സങ്കേതം.

അതു വച്ചു നോക്കുമ്പോൾ 'അമ്മ വീട് ഒരു കൊട്ടാരം തന്നെ ആയിരുന്നു. അവധിക്കാലമായാല്‍‌ ഞങ്ങളെ കൂടാതെ വലിയൊരു പട കൂടി അവിടെ വന്നു ചേരും. പണ്ടത്തെ ഒരു നാട്ടാചാരം പോലെ ആ കുടുംബവും ഒരു ചെറിയ നാട്ടു രാജ്യം പോലെ ആയിരുന്നു. അച്ഛീച്ചനും അമ്മൂമ്മയ്ക്കും(മുത്തച്ഛനും മുത്തശ്ശിയ്ക്കും) ആകെ 12 മക്കള്‍‌. എന്റെ അമ്മ ഏഴാമത്തെ അംഗം... പറഞ്ഞു വന്നതെന്താണെന്നു വച്ചാല്‍‌ ഈ 12 പേരില്‍‌ വിദേശത്തായിരുന്ന രണ്ടോ മൂന്നോ പേരൊഴികെ മറ്റെല്ലാ പരിവാരങ്ങളും അവധിക്ക് അവിടെ ഒത്തു ചേരും. അങ്ങനെ അവധിക്കാലമായാല്‍‌ അച്ഛീച്ചനും അമ്മൂമ്മയും മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെയായി ആകെയൊരു ബഹളം തന്നെയായിരിക്കും അവിടെ. കൂട്ടത്തില്‍‌ വികൃതികളായ ഞങ്ങളെ മേയ്ക്കുക എന്നതായിരുന്നു ഇവരുടെയെല്ലാം പ്രധാന അധ്വാനം.

വീട്ടിലുള്ള പെണ്‍‌പട പണികളെല്ലാം ഒരുവിധം തീര്‍‌ത്ത് ഉച്ച ഭക്ഷണം കഴിഞ്ഞാല്‍‌ കുറച്ചു നേരം മയങ്ങാന്‍‌ തുടങ്ങുമ്പോഴാകും ഞങ്ങളാരെങ്കിലും എന്തെങ്കിലും കുസൃതി ഒപ്പിച്ചു കൊണ്ടു വരുന്നത്. ആണുങ്ങളാരെങ്കിലും വീട്ടിലെത്തുന്നത് സന്ധ്യ കഴിഞ്ഞിട്ടായിരുന്നു, വൈദ്യരായിരുന്ന അച്ഛീച്ചനുള്‍‌പ്പെടെ. അവസാനം, വീട്ടിലെ പെണ്‍‌പടകളെല്ലാം കൂടി ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ ശേഷം പരമോന്നത കോടതിയില്‍‌ (അച്ഛീച്ചനും ആ വീട്ടില്‍‌ സ്ഥിരതാമസമുള്ള ഡോക്ടര്‍‌ കൂടിയായ മാമനും ഉള്‍‌പ്പെടുന്ന ആണ്‍‌ പട. മറ്റു മാമന്‍‌മാരും വലിയച്ഛന്‍‌മാരുമൊന്നും സ്ഥിരാംഗങ്ങളല്ലാത്തതിനാല്‍‌ അവര്‍‌ തീരുമാനങ്ങള്‍‌ മേല്‍‌പ്പറഞ്ഞ രണ്ടംഗ സംഘത്തിന് വിടുകയായിരുന്നു പതിവ്. അതില്‍‌ തന്നെ, അച്ഛീച്ചനല്ല, മാമനായിരുന്നു അന്തിമമായ വിധി നടപ്പാക്കിയിരുന്നത്.) ഞങ്ങള്‍‌ക്കെതിരേ ഹര്‍‌ജി സമര്‍‌പ്പിച്ചു.

അങ്ങനെ വിധി വന്നു. ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞാല്‍‌ വൈകുന്നേരം ചായ സമയം വരെ കുട്ടിപ്പട്ടാളം മുഴുവനും നിര്‍‌ബന്ധമായും ഉറങ്ങിയിരിക്കണം. എന്തെങ്കിലും ഗുലുമാലുകള്‍‌ ഒപ്പിക്കേണ്ടത് ഞങ്ങളുടെ ബാദ്ധ്യതയായി കണ്ടിരുന്ന ഞങ്ങള്‍‌ക്ക് ഒരു കനത്ത അടിയായിരുന്നു ഈ ഉത്തരവ്. ഞങ്ങള്‍‌ ഇതിനെതിരേ അപ്പീലുമായി പലരെയും എന്തിന്, വീട്ടിലെ പണിക്കാരെ വരെ സമീപിച്ചെങ്കിലും പരമോന്നത കോടതിയെ ചോദ്യം ചെയ്യാന്‍‌ ആരും മുതിര്‍‌ന്നില്ല. (മാത്രമല്ല, ഞങ്ങള്‍‌ക്കൊഴികെ മറ്റെല്ലാ അംഗങ്ങള്‍‌ക്കും ഈ വിധി 100 വട്ടം സ്വീകാര്യമായിരുന്നു.) ഈ ഉറക്കം പരിശോധിക്കേണ്ട ചുമതല കുട്ടിപ്പട്ടാളത്തിലെ തന്നെ തലമൂത്ത അനിഷേധ്യ നേതാവ് പപ്പ ചേട്ടനെയും ഏല്‍‌പ്പിച്ചു. ഞങ്ങള്‍‌ ഉറങ്ങുന്നുണ്ടോ എന്നു നോക്കാനെന്നും പറഞ്ഞ് പപ്പ ചേട്ടന് ഉറങ്ങാതിരിക്കാം… ഭാഗ്യവാന്‍‌! കൂടെ പപ്പ ചേട്ടന്റെ വിശ്വസ്ഥനായ ശിങ്കിടിയായി എന്റെ ചേട്ടനും കാണും.

അങ്ങനെ ഉച്ച സമയത്തെങ്കിലും അവര്‍‌ക്കു ഞങ്ങളുടെ ശല്യം ഒഴിവായി കിട്ടി. എന്നാല്‍‌ ഞങ്ങള്‍‌ക്കുണ്ടോ ഉച്ച നേരത്ത് ഉറക്കം വരുന്നു… തിരിഞ്ഞും മറിഞ്ഞും വര്‍‌ത്തമാനം പറഞ്ഞും അങ്ങിനെ കിടക്കും. അപ്പോള്‍‌ അവര്‍‌ വേറൊരു സൂത്രം കൂടി കണ്ടു പിടിച്ചു. ആദ്യം ഉറങ്ങുന്ന ആള്‍‌ക്കും ഏറ്റവും കൂടുതല്‍‌ നേരം ഉറങ്ങുന്ന ആള്‍‌ക്കും  അവര്‍‌ സമ്മാനമായി മിഠായികള്‍‌ പ്രഖ്യാപിച്ചു. ഞങ്ങളുടെ വീക്ക്നെസ്സ് അവര്‍‌ മനസ്സിലാക്കിയിരുന്നു. പിന്നെ, ഉറങ്ങിയോ എന്നറിയാനുള്ള പരിശോധനകളും…( എന്നു വച്ചാല്‍‌ ഉറങ്ങുന്നവരെല്ലാം ഇപ്പോള്‍‌ കൈ പൊക്കും… കാലിട്ടാട്ടും തുടങ്ങിയവ) പാവം ഞങ്ങള്‍‌ അതെല്ലാം ചെയ്യും. എങ്ങനെയൊക്കെ ആയാലും കുറെ നേരം കഴിഞ്ഞാല്‍‌ ഞങ്ങളൊക്കെ അറിയാതെ ഉറങ്ങിപ്പോകും . പിന്നെ, ഉണര്‍‌ന്നു വരുമ്പോഴേയ്ക്കും ചായയും പുട്ടോ ദോശയോ അടയോ അങ്ങനെ എന്തെങ്കിലും ഒക്കെ റഡിയായിട്ടുണ്ടാകും. അംഗ സംഖ്യ കൂടുതലായിരുന്നതിനാല്‍‌ അവിടെ രണ്ടു നേരവും പലഹാരം പതിവായിരുന്നു.

അങ്ങനെ ഒരു ദിവസമാണ് അതു സംഭവിച്ചത്. (ഇനിയാണ് സംഭവം നടക്കുന്നത് വായനക്കാരുടെ ക്ഷമ പരീക്ഷിച്ചതിനു മാപ്പ്). പതിവു കലാപരിപാടികളെല്ലാം കഴിഞ്ഞ് ഞങ്ങള്‍‌ കുട്ടിപ്പട്ടാളം മുഴുവന്‍‌ ചാള അടുക്കിയതു പോലെ ഉറങ്ങാന്‍‌‌ കിടന്നു. മേല്‍‌ നോട്ടക്കാരനായി പപ്പ ചേട്ടനും. കൂടെ പപ്പ ചേട്ടനെ സോപ്പിട്ട് എന്റെ ചേട്ടനും. അവര്‍‌ അന്ന് ഉറങ്ങാതിരുന്ന് എന്നെ പറ്റിക്കാനുള്ള വഴികളാലോചിക്കുകയായിരുന്നു(ദുഷ്ടന്‍‌മാര്‍‌!). അവസാനം അവര്‍‌ ഒരു വഴി കണ്ടെത്തി. സമയം ഏതാണ്ട് 4 കഴിഞ്ഞു കാണണം. ഞാനന്ന് കുറച്ചു കൂടുതല്‍‌ നേരം ഉറങ്ങിയെന്നു തോന്നുന്നു (തോന്നലല്ല, ഉറങ്ങി). ഇവര്‍‌ രണ്ടു പേരും കൂടി എന്നെ കുലുക്കി വിളിച്ച് ഉണര്‍‌ത്തുമ്പോഴേയ്ക്കും മറ്റുള്ളവരെല്ലാം ഉണര്‍‌ന്നു കഴിഞ്ഞിരുന്നു. അതോ ആ പഹയന്‍‌മാര്‍‌ മന:പൂര്‍‌വ്വം മറ്റുള്ളവരെ ആദ്യമേ എഴുന്നേല്‍‌പ്പിച്ചതാണോ.

എന്തായാലും രണ്ടാളും കൂടി എന്നെ കുലുക്കി വിളിച്ചെഴുന്നേല്‍‌പ്പിച്ചു. എന്നിട്ടു പറഞ്ഞു
 
 ‘എടാ… എന്തൊരു ഉറക്കമാ ഇത്… ദേ നേരം വെളുത്തു. എല്ലാവരും എഴുന്നേറ്റു പല്ലു തേപ്പു വരെ കഴിഞ്ഞു.’

ആ സമയത്ത് വെയിലും മങ്ങി തുടങ്ങിയിരുന്നതിനാല്‍‌ നേരം പുലരുമ്പോഴത്തേതു പോലുള്ള ഒരു അന്തരീക്ഷമായിരുന്നു. അവര്‍‌ എന്നെ അടുക്കളയില്‍‌ വിളിച്ചു കൊണ്ടു പോയി, നേരം വെളുത്തിട്ട് അമ്മൂമ്മ പുട്ടു ചുടുന്നതാണെന്നും പറഞ്ഞ് അതും കാട്ടി തന്നു. യഥാര്‍‌ത്ഥത്തില്‍‌ അതിന്റെ യൊന്നും ആവശ്യമുണ്ടായിരുന്നില്ല. അവര്‍‌ ആദ്യം പറഞ്ഞപ്പോള്‍‌ തന്നെ നേരം വെളുത്തു കാണുമെന്നു ഞാന്‍‌ വിശ്വസിച്ചിരുന്നു. ഉറക്കം മുഴുവനാകാതെ കുലുക്കി വിളിച്ചതു കാരണം എന്റെ ‘റിലേ' ശരിക്കു വീണിരുന്നില്ല.

തുടര്‍‌ന്ന് അവര്‍‌ എന്നോട് 'പല്ലു തേയ്ക്കെടാ.. പല്ലു തേയ്ക്കെടാ‘ എന്നു തന്നെ പറഞ്ഞു കൊണ്ടിരുന്നു. അവര്‍‌ തന്നെ മുന്‍‌കൈയെടുത്ത് എനിക്ക് അടുക്കളയില്‍‌ കടന്ന് ഉമിക്കരിയെല്ലാം എടുത്തു തന്നു. അന്നു മാത്രം ഇവര്‍‌ക്കെന്താ ഇത്ര സ്നേഹം എന്നു ഞാന്‍‌ ആലോചിക്കാതെ ഇരുന്നില്ല. എങ്കിലും സംശയം കൂടാതെ ഞാൻ ആ ഉമിക്കരി വാങ്ങി പല്ലു തേയ്ക്കാന്‍‌ തുടങ്ങിയതും രണ്ടു പേരും കൂടി ഉറക്കെ ചിരിച്ചു കൊണ്ട് എല്ലാവരെയും ഇതു വിളിച്ചു കാണിച്ചു. എല്ലാവരും കൂട്ടച്ചിരിയായി. എന്നിട്ടും ഞാന്‍‌ പല്ലു തേപ്പ് തുടരുന്നതു കണ്ട് രണ്ടു പേരും നിര്‍‌ബന്ധമായി എന്റെ കയ്യില്‍‌ നിന്നും ഉമിക്കരി തട്ടി കളഞ്ഞ് എന്നെ കൊണ്ട് മുഖം കഴുകിച്ചു. പിന്നെ, അവര്‍‌ക്കൊപ്പം ഭക്ഷണ മേശയില്‍‌ പിടിച്ചിരുത്തി. ഞങ്ങള്‍‌ ഒരുമിച്ചു ഭക്ഷണവും കഴിച്ചു.

എന്നാല്‍‌ അപ്പോഴും അവരെന്തിനാണ് എന്റെ കയ്യില്‍‌ നിന്നും ഉമിക്കരി തട്ടിക്കളഞ്ഞതെന്ന് എനിക്ക് മനസ്സിലായതേയില്ല. ഒരു പക്ഷേ അന്നു പല്ലു തേയ്ക്കാതെ ഭക്ഷണം കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടാവില്ലെന്നു കരുതി ഞാന്‍‌ ആശ്വസിച്ചു. പിന്നീട് ഞാന്‍‌ ആ സംഭവം തന്നെ മറന്നു പോയി. അന്ന് (ഇന്ന് അങ്ങനെയല്ലാട്ടോ)എന്നെ സംബന്ധിച്ചിടത്തോളം അതൊരു സംഭവമേ ആയിരുന്നില്ല.

പിന്നെയും കുറേ നാളുകള്‍‌ക്കു ശേഷം (ഒരു പക്ഷേ ഏതാനും വര്‍‌ഷങ്ങള്‍‌ക്കു ശേഷം) ആലോചിച്ചപ്പോഴാണ് എനിക്ക് ആ സംഭവത്തിലെ നര്‍‌മ്മം പിടി കിട്ടിയത്. ഇന്ന്‌ അതെല്ലാം ആലോചിയ്ക്കുമ്പോള്‍‌ വല്ലാത്ത നഷ്ടബോധം മാത്രം.
 
 

Add comment

Submit