കോമേരിഫാമിലെ വിരസങ്ങളായ ഒഴിവുദിനങ്ങൾ. മലയും കാടും കടന്നുവരുന്ന മങ്ങിയ പ്രഭാതങ്ങൾ. അതിരാവിലെ ഷൂളമടിച്ചുണർത്തുന്ന കാട്ടുകിളികൾ. മൂടൽമഞ്ഞു വാരിപ്പുതച്ചുകിടക്കുന്ന ഫാമും പരിസരവും. അവധി ദിവസങ്ങളിൽ ചായക്കടകൾക്കും അവധിയായിരുന്നു. 

രാവിലെ ഓരോ  ഷെഡ്ഡിലും കയറി ആടുകളോട് കുശലാന്വേഷണം നടത്തും. ഒൻപതുമണിക്കു മുൻപ് തൊഴിലാളികൾക്കു പുറകെ അനുസരണയുള്ള കുട്ടികളെപോലെ വരിവരിയായി ആടുകൾ കാട്ടിലേക്ക് മേയാൻ പോകും. ഫാമിൽ ഞാൻ തനിച്ചാകും. ഇടയനില്ലാത്ത ആടിനെപ്പോലെ ഫാമിനുള്ളിൽ ഞാനലഞ്ഞു നടക്കും. പിന്നീട് കാഴ്ചയുടെ പച്ചപ്പുതേടി കാടിനുള്ളിലേക്കു കയറും. കാട്ടുവഴികളിലൂടെ കാടിന്റെ  തണുപ്പും ഗന്ധവും ആസ്വദിച്ചുകൊണ്ട് നടക്കും. കാട്ടിലൂടെ തനിച്ചുള്ള യാത്ര അത്ര സുരക്ഷിതമല്ലെന്ന് പലരും ഉപദേശിച്ചു. എനിക്ക് അതല്ലാതെ വേറെ മാർഗ്ഗങ്ങളില്ലായിരുന്നു.ഒരു ബാഗു നിറയെ പുസ്തകങ്ങൾ കരുതിയിരുന്നെങ്കിലും പകൽ ഒന്നും വായിക്കാൻ തോന്നിയില്ല. രാത്രി രണ്ടുമണി വരെയായിരുന്നു വായനാ നേരം. ഫാമിെൻറ അടുത്ത് വീടുകളൊന്നുമുണ്ടായിരുന്നില്ല. അകലെയുള്ള നാട്ടുകാരുമായി കൂട്ടുകൂടുവാൻ വ്യക്തിപരമായ പരിമിതികൾമൂലം എനിക്കു കഴിഞ്ഞതുമില്ല. കാട്ടിലൂടെയുള്ള യാത്രകൾ മടുക്കുന്നതിനു മുൻപേ ഞാൻ നാട്ടിലൂടെ യാത്രകൾ ചെയ്യാൻ തീരുമാനിച്ചു. അലക്ഷ്യമായി ഏതെങ്കിലും തിരക്കില്ലാത്ത ബസ്സിൽ കയറി എങ്ങോട്ടെന്നില്ലാതെ ഞാൻ യാത്രകൾ ചെയ്തു. 

കണ്ണൂരിെൻറ ഉൾനാടൻ വഴിയോരകാഴ്ചകളിലൂടെ ഞാനലഞ്ഞുതിരിഞ്ഞു. ഇടുങ്ങിയ റോഡുകൾ, ഇലക്ക്ട്രിക്ക്പോസ്റ്റുകളിൽ പാർട്ടിയുടെ ആധിപത്യം വരച്ചിടുന്ന; കൊടികളും പോസ്റ്ററുകളും ചുവരെഴുത്തുകളും നിറഞ്ഞ പാർട്ടിഗ്രാമങ്ങൾ, വെളിച്ചം കുറഞ്ഞ തെരുവുകൾ, ചെങ്കല്ലിെൻറയും കറുത്തുറഞ്ഞ ലാട്രേറ്റ്മണ്ണിെൻറയും പാരുഷ്യം, കശുമാവുകളുടെയും ഉണങ്ങിവരണ്ട പുൽപ്പടർപ്പുകളുടെയും ഊഷര ദൃശ്യങ്ങൾ.....
പാടങ്ങളുടെയും, നദികളുടെയും, സമുദ്രങ്ങളുടെയും വിശാല ഭൂപ്രകൃതിയെ ഇഷ്ടപ്പെടുന്ന മനസ്സിന് യാത്ര അധിക നാൾ തുടരുവാനായില്ല. അങ്ങിനെയാണ് കണ്ണൂരിെൻറ കടൽതീരങ്ങളിൽ അഭയം തേടിയത്.
കണ്ണൂരിലെ കടൽ മനോഹരമായിരുന്നു. മണൽപരപ്പുകളും, പാറക്കെട്ടുകളും, കോട്ട സാമീപ്യവുമുള്ള കടൽത്തീരങ്ങൾ. കരയുകയും, ചിരിക്കുകയും, ക്ഷോഭിക്കുകയും ചെയ്യുന്ന കടൽ.
ധ്യാനിക്കുകയും, പാട്ടുപാടുകയും, മുദ്രവാക്യം മുഴക്കുകയും ചെയ്യുന്ന കടൽ. മഹാമൗനത്തിൽ മൂടി ദേശസ്നേഹികൾ അന്ത്യവിശ്രമം കൊള്ളുന്ന ശാന്തതീരങ്ങൾ. ഒഴിവു ദിനങ്ങളിൽ കണ്ണൂർ നഗരത്തിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് കടൽ തീരങ്ങളിലൂടെ ഞാൻ അലഞ്ഞു നടന്നു. കടൽ തീരത്തെ ഒരു സന്ധ്യയിലാണ് ഞാൻ അവനെ കണ്ടത്. കടൽ തീരത്ത് കടല വിറ്റു നടക്കുന്ന ഒരു ബാലൻ. ഒരു രക്തസാക്ഷിയുടെ മകൻ.
തന്നെക്കാളേറെ സമൂഹത്തെയും പ്രസ്ഥാനത്തെയും സ്നേഹിച്ച ഒരു മനുഷ്യസ്നേഹിയുടെ മകൻ. ഒരാൾ തെരുവിൽ വെട്ടേറ്റ് വീണ് പിടഞ്ഞ് മരിക്കുമ്പോൾ ഏതു തത്വശാസ്ത്രമാണ് ജയപരാജയങ്ങൾ ഏറ്റുവാങ്ങുന്നത്? അയാളെ സ്നേഹിക്കുന്ന വീട്ടുകാരുടെ, കൂട്ടുകാരുടെ കണ്ണുനീരിന് ആരാണ് ഉത്തരം പറയുക ?

അതിരാവിലെ പത്രവിൽപ്പന, പകൽ വർക്ക്ഷോപ്പിൽ ജോലി, സന്ധ്യക്ക് കടൽ തീരത്ത് കടല വിൽപ്പന, രാത്രി വൈകുംവരെ പൊറോട്ടയുണ്ടാക്കൽ എന്നിട്ടും ഈ ബാലന് ജീവിതഭാരം താങ്ങാനാവുന്നില്ല.
നാലുവര നോട്ടുപുസ്തകം വാങ്ങാൻ പോയ, അവനേറ്റവും സ്നേഹിക്കുന്ന അച്ഛനെ കാത്തിരുന്ന ഒരു മകൻ രക്തസാക്ഷിയുടെ മകനായി മാറുന്ന സംഭവങ്ങൾ ഒരിക്കലും ഒരിടത്തും ആവർത്തിക്കാതിരുന്നെങ്കിൽ.................
സമീപകാല അക്രമരാഷ്ട്രീയങ്ങളിൽ ആശങ്കപ്പെട്ടുകൊണ്ട് , ആർക്കും അച്ഛനോ, മകനോ, ഭർത്താവോ, കൂട്ടുകാരനോ നഷ്ടപ്പെടരുതേ എന്ന പ്രാർത്ഥനയോടെ...........

Add comment

Submit