Pin It
(ഷൈലാ ബാബു)
 
എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവം ആണ് ഇന്നു നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അച്ഛനും അമ്മയും ഒരു സഹോദരനും മുന്നു സഹോദരിമാരും അടങ്ങുന്നതായിരുന്നു എന്റെ കുടുംബം. മാതാപിതാക്കൾ ഇരുവരും അദ്ധ്യാപകർ ആയതിനാൽ നാട്ടിൽ ഒരു വിലയും നിലയും ഒക്കെ ഉണ്ടായിരുന്നു.

വീട്ടുജോലിയ്ക്ക് എപ്പോഴും ആരെങ്കിലുമൊക്കെ സഹായത്തിന് ഉണ്ടാവും. വീട്ടിൽ നിന്നും കുറച്ചകലെയുള്ള സർക്കാർ വനം, ആളുകൾ കൈയേറി കാടുവെട്ടിത്തെളിച്ച് കൃഷിസ്ഥലങ്ങൾ ആക്കിയിരുന്നു. പിൽക്കാലത്ത് അത്  ഓരോ ഏക്കറായി പാവപ്പെട്ടവർക്ക് സർക്കാർ പതിച്ചു കൊടുക്കുകയും ചെയ്തു.

ദൂരെയുള്ള ചിലർ കിട്ടിയ വിലയ്ക്ക് ആ സ്ഥലങ്ങൾ നാട്ടുകാർക്കു തന്നെ വിൽക്കുകയും ചെയ്തിരുന്നു. അങ്ങനെ ഞങ്ങളും അവിടെ കുറച്ചു വസ്തു വാങ്ങി, കപ്പയും കാച്ചിലും ചേനയും ചേമ്പും ഒക്കെയായി കൃഷി ചെയ്തുപോന്നു. 

അമ്പതു വീട്ടുകാർ മാത്രമുള്ള ഒരു ചെറിയ ഇടവക പള്ളിയായിരുന്നു ഞങ്ങളുടേത്. വാങ്ങിയ വസ്തുവിലേക്കു പോകുന്ന വഴിക്കാണ് പള്ളിയും സെമിത്തേരിയും. ആയിടയ്ക്കാണ് ഭർത്താവിന്റെ പീഡനം സഹിച്ചു മടുത്ത, മറിയ എന്ന ഒരു പാവം സ്ത്രീ ആത്മഹത്യ ചെയ്തത്. തൂങ്ങിമരണമായതിനാൽ പള്ളി സെമിത്തേരിയുടെ അല്പം അകലെയായിട്ടാണ് അവരെ അടക്കിയിരുന്നത്.

മൂന്നു പെൺമക്കൾ ഉള്ള അവർക്ക് ജീവിച്ചിരിക്കുമ്പോൾ പല സഹായങ്ങളും അമ്മ ചെയ്തു കൊടുത്തിരുന്നു. അതിനാൽ അമ്മയോടു വളരെ സ്നേഹവും ബഹുമാനവും ആയിരുന്നു.

അക്കാലത്ത് വീട്ടിൽ സഹായത്തിന് പൊന്നമ്മ എന്നൊരു പാവപ്പെട്ട പെൺകുട്ടി നിന്നിരുന്നു. ഏഴാം ക്ലാസ്സു വരെ പള്ളിക്കൂടത്തിൽ പോയിട്ടുണ്ട്. തുടർന്നു പഠിക്കാൻ തീരെ താൽപര്യം ഉണ്ടായിരുന്നില്ല. ഞങ്ങൾ കൂട്ടുകാരെപ്പോലെ ആയിരുന്നു. മേൽപ്പറഞ്ഞ വസ്തുവിൽ പോയി വിളവുകൾ കൊണ്ടുവരുവാൻ അവളോടൊപ്പം ഞാനും പോകുമായിരുന്നു.

ഒരു ദിവസം കപ്പയും കാച്ചിലും ഒക്കെ കുട്ടയിൽ നിറച്ച് തലയിൽ ചുമന്നു ഞങ്ങൾ വീട്ടിലേക്കു വരികയായിരുന്നു. സമയം വളരെ വൈകിയതിനാൽ  വീട്ടിലെത്താൻ വേണ്ടി വേഗം നടന്നു. പള്ളിയുടേയും സെമിത്തേരിയുടേയും അടുത്തു കൂടിയാണ് ഞങ്ങൾക്ക് വരേണ്ടിയിരുന്നത്. ഇരുട്ടിത്തുടങ്ങിയതിനാൽ എനിക്കു നല്ല ഭയമായിരുന്നു. പള്ളിയും സെമിത്തേരിയും അടുത്തപ്പോൾ ഞാൻ ഓടി കുറേ മുന്നിലെത്തി. തിരിഞ്ഞു നോക്കിയപ്പോൾ പൊന്നമ്മയെ കാണുന്നില്ല. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൾ ഒത്തിരി പിറകിലായി സാവധാനം നടന്നുവരുന്നു.

ഒരു വിധത്തിൽ വീട്ടിലെത്തി. തിരിച്ചെത്തിയ ശേഷം അവളുടെ മുഖത്ത് വിവേചിക്കാനാവാത്ത ഒരു ഭാവമായിരുന്നു. ആര് എന്തു ചോദിച്ചാലും മൗനം. അന്നു ഞങ്ങളുടെ അച്ഛൻ, മൂന്നു മാസത്തെ ഒരു ട്രെയിനിങ്ങിന് പോയിരുന്നതിനാൽ ദൂരെയുള്ള ഒരു സ്ഥലത്തായിരുന്നു. 
 
കുടുംബപ്രാർത്ഥനയ്ക്ക് വേണ്ടി പതിവു പോലെ അമ്മ ഞങ്ങളെയെല്ലാവരേയും വിളിച്ചു തറയിൽ ഇട്ടിരുന്ന പായിൽ അടുത്തിരുത്തി. പ്രാർത്ഥന കഴിഞ്ഞു മാത്രമേ അത്താഴം കഴിക്കുകയുള്ളൂ എന്നത് അമ്മയ്ക്ക് വളരെ നിർബന്ധമായിരുന്നു.

ഒന്നുരണ്ട് പാട്ടുകൾ പാടി വേദപുസ്തകം വായിച്ചു പ്രാർത്ഥിക്കുകയാണ് പതിവ്. ഒരു തീവ്രഭക്തയായിരുന്ന അമ്മയുടെ കർശന രീതികൾ ഞങ്ങൾ എല്ലാവരും തന്നെ അനുസരിച്ചു പോന്നു. പ്രാർത്ഥനാ സമയത്ത് വീട്ടിലെ ജോലിക്കാരേയും അമ്മ വിളിച്ചിരുത്തും.

എല്ലാവരും പാട്ടു പാടി ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നു. അമ്മ കണ്ണുകൾ അടച്ചിരുന്നാണ് പാടുന്നത്. പെട്ടെന്നാണ് ഞാൻ അതു ശ്രദ്ധിച്ചത്. പൊന്നമ്മയുടെ തലയും ശരീരവും ആടിക്കൊണ്ടിരിക്കുന്നു.
ആടിയാടി മുടിയെല്ലാം അഴിഞ്ഞ് മുഖത്തു വല്ലാത്തൊരു ഭാവത്തോടപ്പം വികൃതമായ ശബ്ദത്തിൽ മൂളുകയും ഞരങ്ങുകയും  ചെയ്യുന്നു. ഞാനും സഹോദരങ്ങളും വല്ലാതെ ഭയന്നു.

ഭക്തിയിൽ മുഴുകിയിരിക്കുന്ന അമ്മയെ തൊട്ടു വിളിച്ചു. പൈശാചിക സ്വരത്തിൽ അലറുന്ന പൊന്നമ്മയുടെ അടുത്തേയ്ക്ക് അമ്മ നീങ്ങിയിരുന്നു. ഏതോ ഒരു അജ്ഞാത ശക്തിയാൽ അവളെ ഉറക്കെ ശകാരിച്ചു. അവളുടെ ശരീരത്തിൽ കയറിയിരിക്കുന്ന ദുഷ്ട ശക്തി ആരാണെന്ന് ചോദിച്ചെങ്കിലും പറയാൻ കൂട്ടാക്കിയില്ല. ഉറച്ച ശബ്ദത്തിൽ പല പ്രാവശ്യം  ആവർത്തിച്ചപ്പോൾ, സാറേ, ഞാൻ മറിയയാണെന്നു പറഞ്ഞു.

ഞങ്ങളെ പ്രാർത്ഥിക്കാൻ അനുവദിക്കാതെ ശല്യപ്പെടുത്താൻ വന്നത് എന്തിനാണെന്ന് അമ്മ ശക്തിയായി ചോദിച്ചു കൊണ്ടിരുന്നു. 

അപ്പോൾ അവർ തേങ്ങിക്കരഞ്ഞു കൊണ്ട് അവരുടെ സങ്കടങ്ങൾ പറഞ്ഞു. 'എന്റെ മക്കൾക്ക് ആരുമില്ല, അവരെ നോക്കിക്കോണേ സാറേ..." നീയെന്തിനാണ് മരിച്ചത് എന്ന് ചോദിച്ചപ്പോൾ "അത്... എന്റെ ഭർത്താവ് ഒരു ദുഷ്ടനാ സാറേ..." അങ്ങനെ കുറേ കാര്യങ്ങൾ പറഞ്ഞു കരഞ്ഞു.

നല്ല വാക്കുകൾ പറഞ്ഞു അമ്മ അവളെ ആശ്വസിപ്പിച്ചു. സങ്കടപ്പെടേണ്ടെന്നും മക്കൾക്കു ഞങ്ങൾ എല്ലാവരും ഉണ്ടെന്നും  ഇനി ആരേയും ശല്യപ്പെടുത്താൻ പോകരുതെന്നും ഒക്കെ ശാന്ത സ്വരത്തിൽ പറഞ്ഞു മനസ്സിലാക്കി. പളളിയിലല്ലേ അടക്കിയത്, അവിടെത്തന്നെ കഴിഞ്ഞോണം എന്നൊക്കെ അമ്മ താക്കീതു ചെയ്യുകയും ചെയ്തു.

ബൈബിളിൽ തൊട്ടു സത്യം ചെയ്യാൻ അമ്മ ആവശ്യപ്പെട്ടെങ്കിലും അതിന് വിസമ്മതിച്ചു. എല്ലാം  സമ്മതിച്ചതിനു ശേഷം "എന്നാൽ ഞാൻ പോട്ടേ സാറേ" എന്നു മൂന്നു പ്രാവശ്യം പറഞ്ഞിട്ട് അമ്മയുടെ മടിയിലേക്കു മയങ്ങിവീണു.

എല്ലാം കണ്ടു ആലിലപോലെ ഭയന്നു വിറച്ചിരുന്ന ഞങ്ങളോട് കുറച്ചു വെള്ളം എടുത്തു കൊണ്ടുവരാൻ  പറഞ്ഞു. ഞാനും സഹോദരനും കൂടി പരസ്പരം കൈയിൽ പിടിച്ചു കൊണ്ട് പോയി വെള്ളം കൊണ്ടുവന്നു അമ്മയുടെ കൈയിൽ കൊടുത്തു.

മുഖത്തു വെള്ളം വീണപ്പോൾ അവൾ എഴുന്നേറ്റു എല്ലാവരേയും നോക്കി. ഒന്നും സംഭവിക്കാത്തതു പോലെ എന്തുപറ്റിയെന്നു ചോദിച്ചു. അപ്പോൾ ആരും ഒന്നും തന്നെ പറഞ്ഞില്ല.
തുടർന്നു പ്രാർത്ഥന പൂർത്തിയാക്കി എല്ലാവരും എഴുന്നേറ്റു.

ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും എല്ലാം ഇതു തന്നെയായിരുന്നു എന്റെ മനസ്സിൽ. വിശ്വസിക്കാൻ പ്രയാസമുള്ള ഒരു സംഭവത്തിനു ദൃക്സാക്ഷിയായതിന്റെ ഒരു സംഭ്രമം!

പൊന്നമ്മയോട്  സംഭവിച്ചതെല്ലാം പിന്നീട് വിശദീകരിച്ചു പറഞ്ഞു കൊടുക്കുകയും അതു പറഞ്ഞ് അവളെ കളിയാക്കുകയും ചെയ്തുപോന്നു. അതിനു ശേഷം ഒരിക്കലും മറിയ വന്നില്ല.

എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു രാത്രിയായിരുന്നു അത്.

 

Comments

Shaila Babu
0
Shaila Babu
5 months ago

???

Like Like Reply | Reply with quote | Quote
Rajendran Thriveni
0
Rajendran Thriveni
5 months ago

സുന്ദരം ?????

Like Like Reply | Reply with quote | Quote
Ramachandran Nair
0
Ramachandran Nair
5 months ago

മനോഹരം ?

Like Like Reply | Reply with quote | Quote

Add comment

Submit