(Satheesh Kumar)
 
ലോട്ടറി ബിസിനസ്സിൽ പതിനഞ്ചു വർഷത്തെ വമ്പൻ ബിസിനസ് പാരമ്പര്യമുള്ള ബമ്പർ ബാബു പതിവുപോലെ "നാളെയാണ് നാളെയാണ് " എന്ന് ഒച്ചപ്പാടും വെച്ചുകൊണ്ട് ലക്ഷങ്ങളും കോടികളും അടങ്ങിയ ടിക്കറ്റുകളുമായി തന്റെ ഹെർക്കുലീസ് സൈക്കിളിൽ നാട്ടുകാരുടെ ഭാഗ്യം പരീക്ഷി ക്കാനിറങ്ങി.
ക്ണാപ്പൻ രമേശിന്റെ വീടിനടുത്തുള്ള പൊന്തക്കാടിനടുത്തെത്തിയപ്പോൾ സ്വന്തം കല്യാണ സൗഗാന്ധികത്തിൽ കട്ടകാരം മുള്ളുകൊണ്ടുള്ള കുത്തു പോലെ ഒരു വേദന. കണ്ണിലൂടെ മണിയൻ ഈച്ചയും പൊന്നീച്ചയും സംഘം ചേർന്നു പറന്ന ബമ്പർ ബാബു നാളെയാണ് നാളെയാണ് എന്നലറി വിളിച്ചുകൊണ്ടിരുന്ന തന്റെ സൈക്കിൾ റോഡ് സൈഡിൽ കളഞ്ഞിട്ട് പ്രാണരക്ഷാർധം ഓടി പൊന്തക്കാട്ടിൽ ചാടി.
 
ഉടുമുണ്ട് അഴിച്ചു നോക്കിയ ബമ്പർ ബാബു ഞെട്ടി. അൻഡ്രയാറിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ ഒരു കട്ടുറുമ്പ് അറ്റക്കൈക്ക് കേറി സൗഗന്ധികത്തിൽ ഒരു താങ്ങു താങ്ങിയതാണ്.
"നിന്നെയിന്നു ഞാൻ" എന്നലറിക്കൊണ്ട് കട്ടുറുമ്പിനെ പിടിച്ചു ഞെരടിപ്പൊടിച്ചു കളഞ്ഞു ബമ്പർ ബാബു. "കലിപ്പുകൾ തീരുന്നില്ലല്ലോ എന്റെ സവരിമല മുരുകാ" എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞെരിടിപ്പൊടിച്ച ഉറുമ്പിനെ താഴെ ഇട്ട് പാരഗൺ ചെരുപ്പ് കൊണ്ട് വീണ്ടും ചവിട്ടിതേച്ചു.
 
പെട്ടന്ന് പുറകിൽ ഒരു ശബ്ദം. ഞെട്ടിത്തരിച്ച ബമ്പർ ബാബു തിരിഞ്ഞു നോക്കിയതും ഒരു കാട്ടു മുയൽ പൊന്തക്കാട്ടിൽ നിന്ന് കുന്തളിച്ചൊരു ചാട്ടം. വലക്കടവും പാട്ട് ഷാപ്പിൽ നിന്നും പണ്ട് മുയൽ ഇറച്ചി കഴിച്ച രുചി വായിൽ വന്നു സല്യൂട്ട് അടിച്ചു നിന്നുകളഞ്ഞ നിർണ്ണായക നിമിഷത്തിൽ മറ്റൊന്നും ആലോചിക്കാതെ ബമ്പർ ബാബു മുയലിന്റെ പുറകെ വെച്ചു പിടിച്ചു.
 
"എന്നടാ ഉവ്വേ എന്നെ പിടിക്കാനോ നീയോ, ഒന്ന് പോടെർക്ക" എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മുയൽ മുന്നോട്ട് പാഞ്ഞു. രാവിലെ തന്നെ ഒന്നര പ്ലേറ്റ് പഴങ്കഞ്ഞി കാന്താരി ഉടച്ചു തിന്നതിന്റെ ആലസ്യത്തിൽ കോലായിൽ വന്നിരുന്ന ക്ണാപ്പൻ രമേശ്‌ പെട്ടന്നാണ് തന്റെ പറമ്പിലൂടെ ഒരുത്തൻ നൂറിൽ പാഞ്ഞു പറിച്ചു പോകുന്നത് കാണുന്നത്.
 
"പറമ്പിൽ വീഴുന്ന ഒരൊറ്റ തേങ്ങാ പോലും കിട്ടുന്നില്ല. ഇനി വല്ല കള്ളന്മാരും ആണൊ" എന്ന ക്ണാപ്പൻസ് വൈഫ്‌ കുന്തലതയുടെ ഡയലോഗ് മെമ്മറിയിൽ തത്തിക്കളിച്ച ക്ണാപ്പൻ രമേശ്‌ "ക്ണാപ്പനോടാ അവന്റെ കളി. കാണിച്ചു കൊടുക്കാം ഇന്ന്" എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പഴങ്കഞ്ഞിയുടെ സ്പിരിറ്റ്‌ എല്ലിനിടയിൽ കേറി, ഒരു കവളൻ മടലുമായി പറമ്പിൽ ചാടി.
മുയലിനു പുറകെ പാഞ്ഞ ബമ്പർ ബാബു ക്ണാപ്പന്റെ അരുമകളായ പൂവൻ വാഴകളുടെ തോട്ടം വരെ മുയലിനു പുറകെ ഫോളോ ചെയ്തു. വാഴകൾക്ക് ഇടയിൽ ഒളിച്ച മുയലിനെ നോക്കി താഴെ കുത്തിയിരുന്നു ബമ്പർ ബാബു.
 
ഈ സമയം ആരാണെന്ന് അറിയാതെ പുറകിലൂടെ പതുക്കെ വന്ന ക്ണാപ്പൻ രമേശ്‌ കവളൻ മടൽ ഭീമൻ ഗദ പിടിക്കുന്നത് പോലെ മുകളിലേക്ക് ഉയർത്തി പുറംതിരിഞ്ഞ് ഇരിക്കുന്ന ബമ്പർ ബാബുവിനെ സർവ്വശക്തിയുമെടുത്ത് ഒറ്റയടി. പെട്ടന്ന് തന്നെ വാഴപ്പാത്തിയിലേക്ക് നീങ്ങുന്ന മുയലിനെ കണ്ട ബമ്പർ ബാബു ഇരുന്ന ഇരുപ്പിൽ തന്നെ മുന്നോട്ട് കുതിച്ചു.
അടിയുടെ ലക്ഷ്യം തെറ്റിയ ക്ണാപ്പൻ രമേശ്‌ ഒരു പൂവൻ വാഴക്കിട്ട് അന്യായ ഒരു അടിയും അടിച്ച് ബാലൻസ് തെറ്റി മോന്തയും കുത്തി വാഴത്തടത്തിൽ പോയി ലാൻഡ് ചെയ്തു വിശ്രമിച്ചു.
ചക്ക വെട്ടിയിട്ട പോലെയുള്ള സൗണ്ട് കേട്ട മുയലും ബമ്പർ ബാബുവും സംഘം ചേർന്ന് ഞെട്ടി. മുയൽ ലാസർ മൊതലാളിയുടെ റബ്ബറും തോട്ടത്തിൽ ചാടി. ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയ ബമ്പർ ബാബു കാണുന്നത് വാഴത്തടത്തിലെ ചേറിൽ പൊതിഞ്ഞ മുഖവുമായി രാജകലയിൽ ഉയർത്തെഴുന്നേറ്റ് വരുന്ന ക്ണാപ്പനെയാണ്. ഭയന്നുപോയ ബമ്പർ ബാബു ഒറ്റ അലർച്ച ആയിരുന്നു.
 
ഈ സമയം രാവിലെ നടയടിക്കുള്ള സാധനം വാങ്ങാനായി പിരിവിട്ട കാശുമായി മുഴക്കോൽ ശശി മൊന്ത രാജേഷിന്റെ ആപ്പ ഓട്ടോയിൽ വരുന്ന വഴിക്കാണ് റോഡ് സൈഡിൽ കാരുണ്യ ലോട്ടറിയുടെ തീരെ കരുണയില്ലാത്ത പരസ്യം കേൾക്കുന്നത്. റോഡിൽ ചരിഞ്ഞു കിടക്കുന്ന സൈക്കിൾ കണ്ടിട്ട് "ശ്ശെടാ ഇതു നമ്മുടെ ബമ്പർ ബാബുവിന്റെ സൈക്കിൾ ആണല്ലോ, ഒന്നുകിൽ ലോട്ടറി എടുത്തു മുടിഞ്ഞവന്മാർ വല്ലതും പണി കൊടുത്തു കാണും, അല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടം പറ്റിക്കാണും" എന്നു പറഞ്ഞുകൊണ്ട് മുഴക്കോൽ ശശിയും മൊന്ത രാജേഷും ആപ്പ ഓട്ടോ നിർത്തിയിട്ട് പുറത്തിറങ്ങിയ സമയത്താണ് ബമ്പർ ബാബുവിന്റെ ഡെസിബെൽ കൂടിയ അലർച്ച കേൾക്കുന്നത്.
 
ഭയന്നുപോയ ഇരുവരും അലർച്ച കേട്ട ഭാഗം നോക്കി പാഞ്ഞു. പാഞ്ഞു ചെല്ലുമ്പോൾ കവളൻ മടലുമായി ഡിസൈൻ ചെയ്ത മോന്തയുമായി നിൽക്കുന്ന ക്ണാപ്പൻ രമേശിനെയും ബമ്പർ ബാബുവിനെയും കണ്ടു. മുയല് പിടുത്തമാണ് ലക്ഷ്യമെന്ന് പരസ്പരം മനസ്സിലാക്കിയ നാലുപേരും "നമ്മുടെ നാട്ടിൽ ഒരു കാട്ടുമുയലോ എന്നാ അവനെ വിട്ടുകൂടാ" എന്നു പറഞ്ഞുകൊണ്ട് ലാസർ മൊതലാളിയുടെ റബ്ബറും തോട്ടത്തിൽ ചാടി.
 
ഈ സമയം പോസ്റ്റർ പൊന്നച്ചൻ "ഒരുവൻ ഒരുവൻ മുതലാളി അവൻ ഉലകം ചുറ്റിടും തൊഴിലാളി" എന്ന രജനിയണ്ണൻ ഗാനം ചുണ്ടിൽ ഫിറ്റ് ചെയ്തുകൊണ്ട് റബ്ബറും പാൽ ബക്കറ്റിൽ ശേഖരിക്കുന്ന ജോലിയിൽ വ്യാപൃതനായിരിന്നു. അപ്പോഴാണ് കൈ കാണിച്ചാൽ നിർത്താതെ പായുന്ന KSRTC ചെയിൻ സർവീസ് പോലെ പാഞ്ഞുവരുന്ന നാലു വമ്പൻ ട്രാവൽസുകളെ കാണുന്നത്.
 
കാര്യമറിഞ്ഞ പോസ്റ്റർ പൊന്നച്ചൻ റബ്ബറും പാല് നിറഞ്ഞ ബക്കറ്റ് വെച്ചിട്ട് " മുയലിറച്ചി കൂട്ടി വാറ്റ് അടിക്കാൻ നല്ല രസമാണ്" എന്നൊരു ഡയലോഗും അടിച്ചിട്ട് പൊന്നച്ചൻ ട്രാവൽസായി അവരുടെ കൂടെ കൂടി.
 
"ശ്ശെടാ ഇതിപ്പോൾ ഈ പഞ്ചായത്ത്‌ മൊത്തം ഇളകി മറിഞ്ഞു വരുവാണല്ലോ, my god i am totally trapped" എന്നൊരു ഡയലോഗ് അടിച്ച മുയൽ റബ്ബറും തോട്ടത്തിന്റെ മൂലക്കുള്ള പൊന്തക്കാട്ടിലേക്ക് ഹൈജമ്പ് ചാടി. 
 
പൊന്തക്കാടിനു പുറകിൽ നാട്ടിലെ അറിയപ്പെടുന്ന സൈന്റിസ്റ്റുകളായ ക്‌ളാവർ കുട്ടപ്പനും, തകർപ്പൻ തങ്കപ്പനും, തങ്ങളുടെ പരീക്ഷണശാലയിൽ സർക്കാരുകളെ വെറുതെ ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന നല്ല ചിന്തയോടെ നാടൻ വാറ്റ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. 
 
"ദേ അവനാ പൊന്തക്കാട്ടിലേക്ക് ചാടിയിട്ടുണ്ട്" ക്ണാപ്പൻ രമേശ്‌ സ്വരം താഴ്ത്തി പറഞ്ഞു. ഓടി അണച്ചു ഊപ്പാട് വന്ന മുയൽ ചെവിയും കൂർപ്പിച്ചിരിക്കുന്നത് മൊന്ത രാജേഷ് കണ്ടു
"ജാവലിൻ ത്രോയിക്ക് സർട്ടിഫിക്കറ്റ് വാങ്ങിച്ചിട്ടു ള്ള പോസ്റ്റർ പൊന്നച്ചനോടാണ് അവന്റെ കളി" എന്നൊരു ഡയലോഗും അടിച്ചു കൊണ്ട് പോസ്റ്റർ പൊന്നച്ചൻ വലിയ ഒരു കല്ലെടുത്ത് ഷോയിബ് അക്തറിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഉഗ്രൻ ഒരു യോർക്കർ എറിഞ്ഞു. എറണാകുളത്തേക്ക് എറിഞ്ഞാൽ കാസർകോഡ് പോയി വീഴുന്ന ഉഗ്രൻ ഉന്നമാണ് പോസ്റ്റർ പൊന്നച്ചന്.
കല്ല് നേരെ പോയി ലാൻഡ് ചെയ്തത് തകർപ്പൻ തങ്കപ്പന്റെയും ക്‌ളാവർ കുട്ടപ്പന്റെയും പരീക്ഷണ ശാലയുടെ ജീവനാഡിയായ മൺകുടത്തിൽ ആയിരുന്നു. താറാമുട്ട പുഴുങ്ങിയതും കൂട്ടി വെള്ളംപോലും ഒഴിക്കാതെ നടയടിയായി ഈരണ്ടെണ്ണം കീറിയിട്ട് സെറ്റായി ഇരിക്കുകയായിരുന്ന സൈന്റിസ്റ്റുകൾ ഞെട്ടിത്തരിച്ചു. കുടം പൊട്ടിത്തെറിച്ച് ചൂടുള്ള കോട ദേഹത്തുവീണ സൈന്റിസ്റ്റുകൾ ഒട്ടകം കരയുന്നതുപോലെ ഒരു ഒച്ചയും വെച്ചുകൊണ്ട് "മിന്നൽ സോമനും പിള്ളേരും ആണെന്ന് തോന്നുന്നു ഓടിക്കോടാ" എന്നലറിക്കൊണ്ട് പ്രാണരക്ഷാർത്ഥം ഹൈജമ്പും ലോങ്ജമ്പും ഒരുമിച്ച് സമിന്വയിപ്പിച്ച അത്യന്താധുനിക രീതിയിലുള്ള ഒരു ചാട്ടം ചാടി വെറ്റ ഗോപിയുടെ വെറ്റ തോട്ടത്തിലൂടെ അഞ്ഞൂറിൽ പാഞ്ഞു. ഇരുവരും അടക്കാ തോട്ടവും തെങ്ങിൻ തോപ്പും ഓടിത്തള്ളി പട്ടിയെപ്പോലെ അണച്ചു പതയിളകി അടുത്ത പഞ്ചായത്തിൽ എത്തി.
 
ഭയന്നുപോയ മുയൽ അയ്യായിരത്തിൽ റബ്ബറും തോട്ടത്തിലൂടെ പാഞ്ഞു. ഇതുകണ്ട് ബമ്പർ ബാബുവും മുഴക്കോൽ ശശിയും മുയലിനെ പിടിക്കാനായി "എടാ കുരുത്തം കെട്ടവനെ നിന്നെയിന്ന്" എന്നു പറഞ്ഞു കൊണ്ട് ഇടം വലം നോക്കാതെ ഒരുമിച്ചു ചാടി. ജോണ്ടി റോഡ്‌സ് നേപ്പോലെ ഡൈവ് ചെയ്ത ഇരുവരും കൂട്ടിയിടിച്ചു ആലിംഗന ബദ്ധരായി ഉരുണ്ടു റബ്ബറും തടത്തിനു താഴെ താറാവ് വറീതിന്റെ ചേനത്തടത്തിൽ വീണു. പോയ പോക്കിൽ ഉടുമുണ്ട് അഴിഞ്ഞുപോയ ബമ്പർ ബാബു നീലയും വെള്ളയും ഡിസൈൻ ഉള്ള അൻഡ്രയാറും ഇട്ടുകൊണ്ട് പൂന്തു വിളയാടി എഴുന്നേറ്റു വന്നു.
 
ഒട്ടകം കരയുന്നത് പോലെയുള്ള ശബ്ദം കേട്ട ഭാഗത്ത്‌ എത്തിയ പൊന്നച്ചനും, മൊന്തയും, ക്ണാപ്പനും ഉള്ളിൽ ആനന്ദ കുളിർമഴ തന്നെ പെയ്യുന്ന ഒരു കാഴ്ചയായിരുന്നു അവിടെ കണ്ടത്. പാവം പിടിച്ച രണ്ടു കുപ്പി സ്വയമ്പൻ നാടൻ വാറ്റ് അനാഥമായി കിടക്കുന്നു.
 
"ഇനിയിപ്പോൾ മുയലിനെ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല" എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റർ പൊന്നച്ചൻ ഒരു പച്ചചിരി ചിരിച്ചു. ബാക്കിയുള്ളവർ തങ്ങളെക്കൊണ്ട് ആവുന്ന രീതിയിൽ നീല, ചുമപ്പ്, ചിരികളും മുഖത്തു ഫിറ്റ് ചെയ്തു.
 
ചേനത്തടത്തിൽ നിന്നും ഫീൽഡിങ് പ്രാക്ടീസ് കഴിഞ്ഞു കയറിവന്ന ബമ്പർ ബാബുവിനും മുഴക്കോൽ ശശിക്കും വാറ്റ് കണ്ട സന്തോഷത്താൽ രോമാഞ്ചം വരെ ഉണ്ടായി.
"രായപ്പണ്ണന്റെ റബ്ബറും തോട്ടത്തിൽ ഇരുന്നടിക്കാം" എന്ന ലോകോത്തര തീരുമാനവും എടുത്തു കൊണ്ട് എല്ലാവരും തിരിച്ചു നടന്നു.
 
"ശ്ശോ എന്നാലും ലവൻ രക്ഷപെട്ടു കളഞ്ഞല്ലോ" അഴിഞ്ഞു പോയ കൈലി ഒന്നുകൂടി ഉടുത്തു കൊണ്ട് ബമ്പർ ബാബു ഓണം ബമ്പർ ഒറ്റ അക്കത്തിനു നഷ്ടപ്പെട്ടവന്റെ വേദനയോടെ പറഞ്ഞു.
 
"നിങ്ങളങ്ങോട്ട് പോയി എല്ലാം സെറ്റപ്പ് ആക്കി വെക്ക്, ഞാനീ റബ്ബറും പാൽ ഒഴിച്ചു വെച്ചിട്ട് വരാം" പോസ്റ്റർ പൊന്നച്ചൻ എല്ലാവരോടുമായി പറഞ്ഞിട്ട് "ഒരുവൻ ഒരുവൻ മുതലാളി ഉലകിൽ മറ്റവൻ തൊഴിലാളി" എന്ന ഗാനം വീണ്ടും പ്ലേ ചെയ്തുകൊണ്ട് ബക്കറ്റിൽ ഇരുന്ന റബ്ബർ പാൽ വലിയ ഡ്രമ്മിലേക്ക് ഒഴിക്കാനായി എടുത്തു.
 
"ബക്കറ്റിൽ നിന്നും ഇതെങ്ങനെയാണ് റബ്ബർപാൽ തെറിച്ചു പുറത്തു വീണിരിക്കുന്നത്" എന്ന സംശയത്തോടെ ബക്കറ്റിലേക്ക് കയ്യിട്ടു. എന്തോ ഒന്ന് കനത്തിൽ ഉള്ളിൽ കിടക്കുന്നു." "പാല് ഇത്രപെട്ടന്ന് സെറ്റായോ " എന്നൊരു സന്ദേഹം. ഉള്ളിൽ കിടന്ന സാധനം എടുത്തു പുറത്തിട്ട പോസ്റ്റർ പൊന്നച്ചൻ ഞെട്ടി തന്റെ യോർക്കറിൽപ്പെടാതെ രക്ഷപെട്ട സാക്ഷാൽ ശ്രീമാൻ മൊയലണ്ണൻ. പ്രാണരക്ഷാർധം പാഞ്ഞ മുയൽ റബ്ബർ പാലിൽ ചാടി മൃധംഗമടിച്ചതാണ്.
 
"മൊന്തേ, ക്ണാപ്പാ, മുഴക്കോലെ, ബമ്പറേ ഓടി വാടാ പോസ്റ്റർ പൊന്നച്ചൻ അലറി വിളിച്ചു. നാലുപേരും കാര്യമറിയാൻ പാഞ്ഞു വന്നു.
"ഇതെന്നതാടാ ഉവ്വേ" എല്ലാവരും ഒരുപോലെ ചോദിച്ചു.
"ഇതല്ലേ നമ്മളെ പറ്റിച്ചിട്ട് പോയ മുയൽ. അവസാനം പൊന്നച്ചൻ കുഴിച്ച കുഴിയിൽ തന്നെ അവൻ വീണു" പൊന്നച്ചൻ തുള്ളിച്ചാടി. കൂടെ എല്ലാവരും.
"എടീ കുറച്ചു മുയൽ ഇറച്ചി വെക്കാനുള്ള സെറ്റപ്പ് വേഗം ആക്കിക്കോ. ഞാനിപ്പോൾ വരും" ക്ണാപ്പൻ രമേശ്‌ കുന്തലതയോട് ഫോണിൽ അലറി.
"ദൈവമേ എന്റെ ലോട്ടറി. നിങ്ങൾ രായപ്പണ്ണന്റെ റബ്ബറും തോട്ടത്തിലേക്ക് പോന്നേരെ ഞാനങ്ങ് എത്തിയേക്കാം" എന്നലറി ക്കൊണ്ട് ബമ്പർ ബാബു റോഡിലേക്ക് പാഞ്ഞു ചെന്നപ്പോൾ " നാളെയാണ് നാളെയാണ് " എന്ന് പറഞ്ഞു പറഞ്ഞു ഊപ്പാട് വന്ന തന്റെ കോടികളുടെ ബിസിനസ്സ് സംരംഭം മൊന്തയുടെ ഓട്ടോയോട് കിന്നാരം പറഞ്ഞു കിടപ്പു ണ്ടായിരുന്നു അവിടെ.
 
---------
*നിയമപരമായ മുന്നറിയിപ്പ്- വന്യ മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമാണ്.
 

Comments

Ramachandran
0
Ramachandran
3 weeks ago
തകർപ്പൻ കഥയാണ്. അടിപൊളി. മൊഴിയിലുള്ള സതീഷിന്റെ മറ്റു കഥകളും വായിച്ചു. അടിപൊളി. അടുത്ത കഥയ്ക്കായി wait ചെയ്യുന്നു bro.
Like Like Reply | Reply with quote | Quote

Add comment

Submit