(V Suresan)

ജംഗ്ഷനിൽ നിന്ന പോലീസുകാരൻ സ്റ്റേഷനിലേക്ക് വിളിച്ചു. അയാളെ തിരക്കുള്ള സമയത്ത് ട്രാഫിക് നിയന്ത്രിക്കാൻ നിയോഗിച്ചതാണ്.  എസ്. ഐ. ആണ് ഫോണെടുത്തത്. 


"സാർ, ഞാൻ രവിയാണ്. ഇവിടെ രണ്ടു പേര് വെള്ളമടിച്ചു തല്ലോടു തല്ല്."

"പിടിച്ചു വണ്ടീക്കേറ്റി ഇങ്ങ് കൊണ്ടുവരാത്തെന്ത്?"

"അത് സാറേ - എനിക്കൊരു സംശയം. രണ്ടുപേരും നല്ല നാടൻ വാറ്റ് ആണ് അടിച്ചിരിക്കുന്നത്. ഇനി തല്ലിൻ്റെ കാര്യമായാലും നല്ല നാടൻ തല്ലു തന്നെ. നാടൻ പ്രയോഗങ്ങൾക്ക് ഇപ്പോ കേസെടുക്കാമോ എന്നൊരു സംശയം." 

"ഓ -അതും ശരിയാണല്ലോ. ഞാൻ ഒന്ന് ആലോചിക്കട്ടെ." 

എസ്.ഐ. വിഷയം ഗൗരവമായി ആലോചിച്ചു. ചില മന്ത്രിമാരും നേതാക്കന്മാരും ഒക്കെ നാടൻ പ്രയോഗങ്ങൾ നടത്തിവരുന്ന സമയമാണ്. അതിൻറെ പേരിൽ പരാതി കിട്ടിയാലും കേസ് എടുക്കേണ്ടതില്ല എന്നൊരു രഹസ്യ നിർദ്ദേശവും മോളിൽ നിന്നുണ്ട്. ചുരുക്കത്തിൽ നാടൻ പ്രയോഗങ്ങൾക്ക് ഭരണപരമായി തന്നെ സംരക്ഷണം ലഭിച്ചു വരുന്ന കാലമാണ്. ഈ സാഹചര്യത്തിൽ ക്രമസമാധാന പാലനത്തിനും നല്ല നാടൻ വഴികൾ നോക്കുന്നതാണ് ഉചിതം. സ്വന്തം നിലനിൽപ്പ് ആണല്ലോ എല്ലാവർക്കും പ്രധാനം. ആലോചന അവിടെ നിർത്തി എസ്.ഐ. ഹെഡ്കോൺസ്റ്റബിൾ കമലാസനനെ വിളിച്ചു. 

"കമലാസനാ, ജംഗ്ഷനിൽ ഒരു നാടൻ പ്രശ്നം. അത് നാടൻ കൊണ്ടുതന്നെ പരിഹരിക്കണം."

 കാര്യം ഗ്രഹിച്ച കമലാസനൻ പോകാൻ തയ്യാറായിക്കഴിഞ്ഞു. 

"സാറു വാ - ഇത് ഞാനേറ്റു." 

രണ്ടുപേരും ജീപ്പിൽ കയറി. അവർ ജംഗ്ഷനിൽ എത്തിയപ്പോൾ തല്ല് ക്ലൈമാക്സിൽ എത്തിയിരുന്നു. കമലാസനൻ ജീപ്പിൽ നിന്നും ചാടിയിറങ്ങി പത്തു നാടൻ ഭാഷാപ്രയോഗം ഉച്ചത്തിൽതന്നെ നടത്തി. ട്രെയിനിങ് മുതൽ ഇതുവരെയുള്ള വിവിധ ഘട്ടങ്ങളിൽ സ്വായത്തമാക്കിയ നാടൻ പദാവലി പരസ്യമായി പ്രയോഗിക്കാൻ ലഭിച്ച അവസരം അയാൾ ശരിക്കും മുതലാക്കി. അതുകേട്ട്, തല്ല്കൂടിയവർ ചെവിയും പൊത്തി ഓടുന്നതാണ് കണ്ടത്. 

"വെൽഡൺ കമലാസനൻ. ഇയാൾ ഒരു നാട്ടുഭാഷാ വിദഗ്ധൻ തന്നെ." എസ്.ഐ. കമലാസനൻ്റെ തോളിൽ തട്ടി അഭിനന്ദിച്ചു. തൻ്റെ ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ആദ്യമായാണ് തൻ്റെ വായിൽ നിന്ന് വരുന്ന പുളിച്ച തെറിക്ക് ഒരു അംഗീകാരവും അഭിനന്ദനവും കിട്ടുന്നത്. കമലാസനൻ്റെ കണ്ണുനിറഞ്ഞുപോയി. പിന്നെ അയാൾ തല ഉയർത്തി,കാഴ്ചക്കാരായി നിൽക്കുന്ന നാട്ടുകാരെ നോക്കി. 

അപ്പോൾ അതാ - അവർക്കിടയിൽ തൻറെ മകൾ! സ്കൂളിൽ നിന്ന് വരുന്ന വഴി അവളും തൻറെ നാട്ടു ഭാഷാ പ്രയോഗങ്ങൾ കേട്ട് നിൽക്കുകയാണ്. അത് ഓർത്തപ്പോൾ കമലാസനൻ്റെ ഉയർന്ന തല താനേ താണു പോയി. പിന്നെ അയാൾ മകളെ നോക്കാതെ നടന്ന് ജീപ്പിൻറെ മറവിലേക്ക് പോയി.

Add comment

Submit