തിരുവനന്തപുരത്തെ അതി പ്രശസ്തമായ സെന്റ് അലോഷ്യസ് കോളജിലെ റിട്ടയേർഡ് പ്രൊഫസർ ഡോ.തോമസ്സ് സക്കറിയായുടെയും വിമൻസ് കോളജ് ഫിസിക്സ് പ്രൊഫസർ ഡോ. എലിസബത്ത് തോമസ്സിന്റെയും എകമകനാണു സോളമൻ സക്കറിയാ. ചെറുപ്പം മുതൽ പള്ളിയിൽ വളരെ ആക്റ്റീവയിരുന്ന സോളമൻ ഒരു നല്ല ഗായകൻ കൂടിയായിരുന്നു.

സഹോദയ സ്കൂളിലെ പ്ലസ് ടൂ പഠനം കഴിഞ്ഞപ്പോൾ സെമിനാരിയിൽ ചേരണം എന്ന തന്റെ ആഗ്രഹം അധ്യാപക ദമ്പതികൾക്ക് ഒരു വലിയ ഷോക്കായിരുന്നു. എന്നാൽ മകന്റെ ആഗ്രഹത്തെ വെട്ടിനിരത്തി എഞ്ചിനിയറിംഗിനു തന്നെ അഡ്മിഷനും എടുത്ത് തോമസ്സ് സർ മകനെ അമ്പരപ്പിച്ചു കളഞ്ഞു. സയൻസിൽ മിടുക്കനായിരുന്ന സോളമൻ കമ്പ്യൂട്ടറിൽ ഫസ്റ്റ് ക്ലാസോടുകൂടി വിദ്യാനഗറിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ഡിഗ്രി പാസ്സായി. കൂടെ പഠിച്ചവർ ഒക്കെ ജോലിക്കും ഉന്നത പഠനത്തിനുമായി ബാംഗ്ലൂരിലും ഇൻഡ്യയ്ക്ക് പുറത്തും പോകുന്നതറിഞ്ഞ് സോളമനും തന്റെ  ആഗ്രഹം  വീട്ടിൽ അവതരിപ്പിച്ചു. ഒറ്റ പുത്രനെ വെളിയിൽ വിട്ട് പഠിപ്പിക്കുന്നതിനു എലിസബത്ത് റ്റീച്ചറിനു ഒട്ടും മനസ്സില്ലായിരുന്നു. പക്ഷേ മകന്റെ നിർബന്ധം കാരണം എം.ടെക്ക് എടുക്കാനായി ബാംഗ്ലൂരിൽ വിടാൻ അവസാനം അവർ തീരുമാനിച്ചു.

കാലചക്രം കറങ്ങിക്കൊണ്ടിരുന്നു. സോളമൻ ബാംഗ്ലൂരിലെ പ്രശസ്തമമയ ഐ.ടി കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്നു. എലിസബത്ത് ടീച്ചറും റിട്ടയേർഡ് ആയി. സോളമന്റെ കല്ല്യാണക്കാര്യം പറയുമ്പോഴെല്ലാം അവൻ അത് നീട്ടി നീട്ടി  കൊണ്ടൂപോയി. ഇനിയും വല്ല അച്ചനാകാനാണോ അവന്റെ പ്ലാൻ? തോമസ്സ് സർ പലപ്പോഴും റ്റീച്ചറുമായി തന്റെ പരിഭവം പങ്കുവെച്ചു. ടീച്ചറാണെങ്കിൽ തന്റെ സ്റ്റുഡന്റും വിമൻസ് കോളജിലെ റാങ്കുകാരിയുമായിരുന്ന സൂസൻ ആൻ തോമസ്സിനെ മകനുവേണ്ടി കണ്ടുവെച്ചിരിക്കുകയുമാണു. സോളമനോട് ഇത് സൂചിപ്പിച്ചിട്ടുണ്ടേങ്കിലും അവൻ ഇതുവരെ ഒരു അഭിപ്രായവും പറഞ്ഞിട്ടുമില്ല.

അങ്ങനെ വിശ്രമജീവിതത്തിനിടയിൽ ആണു രണ്ടുപേരും വിശുദ്ധ നാടുകൾ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്. മകന്റെ കല്ല്യാണം ഒക്കെ കഴിഞ്ഞാൽ പിന്നെ ബന്ധുക്കളായി, യാത്രകൾ ആയി, കൊച്ചുമക്കൾ ആ‍യി ഒക്കെ സമയം പോകും. അതുകൊണ്ട് ഇത് തന്നെ യാത്രയ്ക്കുള്ള സമയം എന്ന് രണ്ടുപേരും തീരുമാനിച്ചു. അവർ സോളമനെ വിളിച്ച് വിവരം പറഞ്ഞു. അവനും സമ്മതം. തിരിച്ചുള്ള യാത്രയിൽ എയർപോർട്ടിൽ ഇരിക്കുമ്പോൾ റ്റീച്ചരിന്റെ മനസ്സിൽ സോളമൻ പറഞ്ഞ വാക്കുകൾ മിന്നിമറഞ്ഞു. “നിങ്ങൾ യാത്രകഴിഞ്ഞ്  തിരിച്ച് വരുമ്പോൾ ഒരു സർപ്രൈസ് ഉണ്ടാകും” , എലിസബത്ത് റ്റീച്ചർ തന്റെ ഭർത്താവിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

ഒന്നര മാസത്തെ ഉലകം ചുറ്റലിനു ശേഷം വീട്ടിൽ എത്തിയപ്പോൾ പതിവില്ലാത് പോസ്റ്റ് ബോക്സിൽ രണ്ട് കവർ കിടക്കുന്നു. റ്റീച്ചർ തന്നെയാണു ബോക്സ് തുറന്ന് കവറുകൾ പുറത്തെടുത്തത്. ഒരേപോലത്തെ രണ്ടു കവറുകൾ. ഒരെണ്ണം ഭർത്താവിന്റെ കയ്യിൽ കൊടുത്തിട്ട് റ്റീച്ചർ മറ്റേത് പൊട്ടിച്ചു. ഒരു കല്ല്യാണ കുറി! സോളമൻ സക്കറിയാ  വിത്ത് രതി ബാലചന്ദ്രൻ. അപ്പോഴേക്കും മറ്റേ കവർ തോമസ്സ് സാറും പൊട്ടിച്ചിരുന്നു. അതും ഒരു വിവാഹ കുറീ. സോളമൻ  വിത്ത് സൂസന്ന. രണ്ടുപേരും പരസ്പരം നോക്കി. ഉടൻ തോമസ്സ് സാറിന്റെ മൊബൈൽ ബെല്ലടിച്ചു. സോളമൻ കോളിംഗ്. അപ്പുറത്തുനിന്നും മകന്റെ സ്വരം. “ ആഹാ പപ്പയും മമ്മിയും എത്തി അല്ലേ? എയർപോർട്ടിൽ നിന്ന് മെസ്സ്ജ് ഇട്ടപ്പോൾ എനിക്കു തോന്നി, ഇപ്പൊൾ വീട്ടിൽ എത്തിക്കാണും എന്ന്. പിന്നെ ഞാൻ പറഞ്ഞ സർപ്രൈസ് കണ്ടുകാണുമല്ലോ. അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം എന്റെയും രതിയുടെയും വിവാഹം അടുത്തമാസം ബാംഗ്ലൂരിൽ വെച്ച്. രതി എന്റെ കൂടെ ബി.ടെക്കിനു പഠിച്ചതാ. ഇപ്പോൾ അവളും ബാംഗൂരിൽ ഒരു ഐ.റ്റി കമ്പനിയുടെ സി.ഇ.ഓ ആയി വർക്ക് ചെയ്യുന്നു. പിന്നെ നാട്ടിൽ കൊടുക്കാനായിട്ടാണു രണ്ടാമത്തെ കാർഡ് അടിച്ചത്. സൂസന്ന , ഞാൻ ഇട്ട പേരാണു. സോളമനും സൂസന്നയും, മമ്മിക്ക് ഇഷ്ടപ്പെടുമെന്ന് അറിയാം. കൂടാതെ നിങ്ങടെ സ്റ്റാറ്റസും !!.  ബാക്കിയൊക്ക് ഞാൻ അടുത്താഴ്ച ലീവിനു വരുമ്പോൾ നേരിട്ട് പറയാം. ബൈ ഫോർ നൌ.”ഫോൺ കട്ടായതും തോമസ്സ് സാർ സോഫയിലേക്ക് വീണതും ഒന്നിച്ചായിരുന്നു.

Add comment

Submit