(V. SURESAN)

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അല്ല ഇവിടെ പറയാൻ പോകുന്നത്. അത്ര പരിശുദ്ധവും അല്ല. മാത്രമല്ല തെല്ല് സാമൂഹ്യ വിരുദ്ധവുമാണ് ഇക്കഥയിലെ പ്രസാദവും കാണിക്കയും എന്നതാണ് സത്യം. അതിനാൽ ഈ  ഏർപ്പാട് എത്രയും വേഗം അവസാനിപ്പിക്കുക എന്നതു തന്നെയാണ് പൊതു ജനക്ഷേമാർത്ഥം ചെയ്യേണ്ടത്. 

ഇനി കാര്യത്തിലേക്കു വരാം. മലയോര പ്രദേശത്തുള്ള "ഡാം സെക്ഷൻ ഓഫീസ്". സർക്കാരാപ്പീസു തന്നെ. അന്ന് ശമ്പള ദിവസം ആണ്. അതുകൊണ്ടാണ് ഓഫീസിൽ ഇത്ര തിരക്കും ബഹളവും. എല്ലാ ജീവനക്കാരും ഓഫീസിൽ ഒന്നിച്ച് എത്തുന്നത് ശമ്പള ദിവസം മാത്രമാണ്. ആകെ അമ്പതോളം വരുന്ന ജീവനക്കാരിൽ  രണ്ടു പേർ മാത്രമാണ് ഓഫീസിനുള്ളിലെ സ്റ്റാഫ്. മറ്റുള്ളവർ ഫീൽഡ് സ്റ്റാഫ് ആണ് .

ഓഫീസ് ജീവനക്കാരിൽ ഒരാൾ ബീരാൻകുട്ടി. കയ്യിട്ടുവാരാൻ മിടുക്കൻ ആയതുകൊണ്ട് "വാരാൻ കുട്ടി" എന്നും അനൗദ്യോഗിക കാര്യങ്ങളിൽ ആളൊരു വീരൻ ആയതുകൊണ്ട് "വീരൻ കുട്ടി" എന്നുമൊക്കെയാണ് ജീവനക്കാർക്കിടയിൽ അയാൾ അറിയപ്പെടുന്നത്. തസ്തിക ഓവർസിയർ ആണെങ്കിലും അയാൾ പ്രധാനമായി ചെയ്യുന്നത് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എഴുതി പാസാക്കി കൊടുക്കുക എന്നതാണ്. 

ഓഫീസിലെ രണ്ടാമൻ പ്യൂൺ അരവിന്ദനാണ്. അരുവി എന്നാണ് വിളിപ്പേര്. അരുവിയിൽ എപ്പോഴും വെള്ളം കാണുമെന്നതിനാൽ ഒരു കാര്യവും വിശ്വസിച്ച് ഏല്പിക്കാൻ പറ്റില്ല. കാണുന്നവരോടൊക്കെ ബോധമില്ലാതെ സംസാരിച്ചുകൊണ്ട് നടക്കും. അതാണ് പ്രധാന ജോലി. ആപ്പീസറായി ഒരാൾ ഉണ്ടെങ്കിലും അദ്ദേഹം മാസത്തിൽ ഒന്നോ രണ്ടോ തവണ വന്ന് ഒപ്പിട്ട് മടങ്ങുകയാണ് പതിവ്.

ചുരുക്കത്തിൽ ഓഫീസ് നടത്തിപ്പിൻ്റെ ഭാരം മുഴുവൻ ബീരാൻ കുട്ടിയുടെ ചുമലിൽ തന്നെ. 

ഒരു സന്ദർശകൻ ഓഫീസ് ഹാളിലേക്ക് വന്നു. അത് കണ്ടു അരുവി അയാളുടെ അടുത്തേക്ക് ഒഴുകി.
"എന്തുവേണം?"

"ബോട്ടിംഗിൻ്റെ ടിക്കറ്റ് എടുക്കാൻ - "
ഡാമിലെ ജലാശയത്തിൽ പൊതുജനങ്ങൾക്ക് ബോട്ടുസവാരി നടത്താം. അതിനുള്ള ടിക്കറ്റിനാണ്.

"കുറച്ചു കഴിയും. എല്ലാത്തിനും ഇവിടെ ബീരാൻ സാർ മാത്രമേ ഉള്ളൂ. കണ്ടില്ലേ, അവിടുത്തെ തിരക്ക്."

സന്ദർശകൻ ബെഞ്ചിലിരുന്നു. വീരാൻകുട്ടിയുടെ ചുറ്റും ശമ്പളം വാങ്ങാനായി ജീവനക്കാർ കൂടി നിൽക്കുന്നു. ബീരാൻ ഓരോരുത്തരുടെ പേര് വിളിച്ച് അവരുടെ ശമ്പളത്തിൽ നിന്ന് പറ്റുകാശ് മാറ്റിയശേഷം ബാക്കി തുക കൊടുക്കുന്നു. പറ്റു കാശിൻ്റെ കാര്യത്തിൽ ചിലരൊക്കെ തർക്കിക്കുന്നുമുണ്ട് .

"പ്രസാദം എത്ര?" 

"കാണിക്ക എത്ര?" 

മേശവലിപ്പിൽ ഇട്ടിരിക്കുന്ന രണ്ടു ലിസ്റ്റുകൾ എടുത്തു നോക്കി ബീരാൻ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ട്. അതുകേട്ട് സന്ദർശകൻ അരുവിയോട് ചോദിച്ചു:

"ഈ പ്രസാദവും കാണിക്കയും എന്താ ?"

അരുവി ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് ബെഞ്ചിലിരുന്നു.

"വലിക്കാൻ എന്തെങ്കിലുമുണ്ടോ?"

ഫീസ് വാങ്ങാതെ ഓഫീസിലെ ഒരു വിവരവും അരുവി പുറത്തു കൊടുക്കാറില്ല. സന്ദർശകൻ പോക്കറ്റിൽ നിന്ന് വിൽസ് സിഗററ്റിൻ്റെ ഒരു പായ്ക്കറ്റ് എടുത്തു കൊടുത്തു. അരുവി അതിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് കത്തിച്ചു.

"വേണമെങ്കിൽ രണ്ടെണ്ണം കൂടെ എടുത്തോ ."

അതു കേൾക്കാത്ത താമസം അരുവി വിൽസ് പായ്ക്കറ്റിൽ നിന്ന് രണ്ടെണ്ണം കൂടിയെടുത്ത് സ്വന്തം പോക്കറ്റിലിട്ടശേഷം പായ്ക്കറ്റ് തിരിച്ചു കൊടുത്തു. ഫീസ് കിട്ടിയ സ്ഥിതിക്ക് ഇനി ചോദിച്ച വിവരം നൽകാം.

അരുവി വിവരത്തിൻ്റെ ഗോപ്യ സ്വഭാവം നില നിർത്തിക്കൊണ്ട് പറഞ്ഞു:

"അത് രണ്ടു പേർക്കുള്ള പറ്റു കണക്ക് പിരിക്കുന്നതാണ്. പ്രസാദച്ചാമിക്ക് ചെറിയ കുന്നിൽ നാടൻ വാറ്റ് ഉണ്ട്. ഇവിടത്തെ ഏതാണ്ട് എല്ലാവരും പ്രസാദത്തിൻ്റെ പറ്റു കാരാണ്. പിന്നെ കാണിക്കകൺമണി മുളങ്കാലയിൽ താമസിക്കുന്ന ഒരു സ്ത്രീയാണ്." 

"അവർക്കും ചാരായക്കച്ചവടം ഉണ്ടോ ?"

"അവള് ചാരായത്തിൻറെ ആളൊന്നുമല്ല. അവൾക്ക് വേറെ ബിസിനസ്സാണ്. ഇവിടെ ചിലർക്കൊക്കെ അവിടെയും പോക്കുവരവുണ്ട്." 

"അവരുടെ പാറ്റൊക്കെ ഈ സാറെന്തിനാ പിരിച്ചു കൊടുക്കുന്നത്? ഇദ്ദേഹം ഒരു സർക്കാർ ഉദ്യോഗസ്ഥൻ അല്ലേ?" 

"മുമ്പ് ഒന്നാം തീയതി അവർ രണ്ടു പേരും ഇവിടെ വന്ന് പിരിക്കുമായിരുന്നു.  പക്ഷേ അപ്പോൾ പകുതി പേരും അവരുടെ കണ്ണുവെട്ടിച്ച് മുങ്ങിക്കളയും. അതു കൊണ്ടാണ് പിരിവ് ബീരാൻ സാറിനെ  ഏൽപ്പിച്ചത്. സാറാവുമ്പോ  ശമ്പളം കൊടുക്കുമ്പോൾ തന്നെ അവരുടെ പറ്റു തുക കൃത്യമായി മാറ്റിവയ്ക്കും. ചേതമില്ലാത്ത ഒരുപകാരം. അതിൻറെ പ്രതിഫലം കിട്ടുകയും ചെയ്യും."

"എന്തു പ്രതിഫലം?"

"പ്രസാദച്ചാമി നാളെ കാശു വാങ്ങാൻ വരുമ്പോൾ സാറിന് ഒരു സ്പെഷ്യൽ വാറ്റ് കൂടെ കൊണ്ടുവരും."

"കാണിക്കയോ?"

"അവൾ ഇങ്ങോട്ട് വരില്ല. സാറ് പിരിച്ച പണവുമായി അങ്ങോട്ടു പോകും. ബീരാൻ സാറല്ലേ ആള് ? കാഴ്ച ദ്രവ്യം കിട്ടാതെ ഒരു പണിയും ചെയ്യൂല്ല."

ഓഫീസിനു മുൻപിൽ കൂടി ഒരു താടിക്കാരൻ പോകുന്നത് കണ്ടു അരുവി പറഞ്ഞു:

"അതാ ബോട്ട് ഡ്രൈവർ വന്നു. ഇനി ടിക്കറ്റിൻ്റെ പൈസ അയാളുടെ കയ്യിൽ കൊടുത്താലും മതി."

സന്ദർശകൻ എഴുന്നേറ്റപ്പോൾ അരുവി ചോദിച്ചു:

" ചേട്ടൻ എവിടുന്നാ?"

"ഞാൻ കുറച്ചു ദൂരേന്നാ . എൻറെ ഭാര്യക്ക്  പി. എസ് .സി. യിൽ നിന്ന് അഡ്വൈസ് വന്നു. ഈ ഡിപ്പാർട്ട്മെൻ്റിലാണ് പോസ്റ്റിംഗ്. അന്വേഷിച്ചപ്പോൾ പോസ്റ്റിംഗ് ഇവിടെ ആയിരിക്കും എന്നാണ് അറിഞ്ഞത്. അതുകൊണ്ട് എല്ലാവരുമായി ഇവിടെ വന്ന് ആപ്പീസും പരിസരവും ഡാമും ഒക്കെ ഒന്ന് കണ്ടിരിക്കാം എന്നു കരുതി. അവരൊക്കെ ബോട്ട് സവാരിക്ക് അവിടെ നിൽക്കുകയാണ്. എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ." 

"ഇത് നേരത്തെ പറയാത്തതെന്ത് ?ഭാര്യക്ക് നിയമനം ഏത് പോസ്റ്റിലേക്കാണ്?"

"ഓവർസിയറണ്. "

"അപ്പോ - ബീരാൻ സാറിന് പകരോ?" 

"ആയിരിക്കും…. ശരി... കാണാം." 

അയാൾ പുറത്തേക്ക് പോയി. 

അരുവി ഓഫീസിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും ആ വാർത്ത പരത്തി. ട്രാൻസ്ഫർ പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വീരാൻ കുട്ടിക്ക് വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല. പക്ഷേ ആ വാർത്തയറിഞ്ഞ് ശരിക്കും ഞെട്ടിയത് പ്രസാദച്ചാമിയും കാണിക്കകൺമണിയും ആയിരുന്നു.

"തങ്ങളുടെ പറ്റു കാശ് ഇനി ആര് പിരിക്കും?പുതിയ ഓവർസിയർ അതിനു തയ്യാറായാൽ തന്നെ വനിതയായ അവർക്ക് എന്ത് കാഴ്ച ദ്രവ്യം കൊടുക്കും?" ഈ ചോദ്യങ്ങൾ അവരെ അലട്ടുക തന്നെ ചെയ്തു.

ഒരാഴ്ച കഴിഞ്ഞപ്പോൾ പുതിയ ഓവർസിയർ ജോയിൻ ചെയ്യുകയുംചാർജെടുക്കുകയും ചെയ്തു. വനിതയായ അവരുടെ പേരു തന്നെ "വനിത" എന്നായിരുന്നു. K. K.വനിത .അവർ ഒരു ഡബിൾ വനിത തന്നെയായിരുന്നു. യുവജന സംഘടനാ നേതാവ്. നല്ല പിടിപാട്. 

അടുത്ത ശമ്പള ദിവസം തന്നെ പ്രസാദത്തിൻ്റെയും കാണിക്കയുടെയും പിരിവ് ഓഫീസിനകത്തുനിന്ന് പുറത്തായി.

മാത്രമല്ല, ഇപ്പോൾ ഡാമിൻ്റെ പരിപാലനത്തിനായി ഇവിടെ ഒരു പ്രത്യേക ഓഫീസിൻ്റെ ആവശ്യമില്ലെന്നും അതിനാൽ ഈ ഓഫീസിനെ മേലാപ്പീസിനോടൊപ്പം ചേർക്കണമെന്നും കാണിച്ച് അവരുടെ സംഘടന മന്ത്രിക്ക് നിവേദനം കൊടുത്തിരിക്കുകയുമാണ്.

ചുരുക്കത്തിൽ പ്രസാദത്തിൻ്റെയും കാണിക്കയുടേയും കാര്യം കട്ടപ്പൊക !

Comments

ജോർജ്  ജെ.
0
ജോർജ് ജെ.
5 months ago
നല്ലകഥ . ഇഷ്ട്ടം... ജോർജ് ജെ. 
Like Like Reply | Reply with quote | Quote

Add comment

Submit