(Sathish Thottassery)

ആ വർഷം വകയിലേതോ മുത്തി ചത്ത കാരണം വിഷു ആഘോഷമില്ലാത്തതിനാൽ പകരം  കുംഭകർണസേവമാത്രം മതി എന്ന് വെച്ച് നഗരത്തെ തൽക്കാലം വഴിയിൽ ഉപേക്ഷിച്ചു നാട്ടിലെത്തി.  

കൊച്ചുവെളുപ്പാൻ  കാലത്ത് കുംഭകർണസേവ കൊട്ടിക്കയറുമ്പോൾ അവ്യക്തമായും അനർഗ്ഗളമായും കര്ണപുടങ്ങളിൽ സുനാമി തീർത്ത അളിയന്റെ സ്ഥിരം ആര്യദ്രാവിഡ വേദാന്ത സുപ്രഭാതം  നിദ്രാഭംഗം എന്ന മോഹഭംഗത്തിനു പഞ്ചപുച്ഛം അടക്കി വഴി മാറികൊടുത്തു.  പെണ്ണുങ്ങൾക്ക് ഗർഭാലസ്യമുണ്ടാകുന്നപോലെ ഉണർന്നപടി ഒരു നിദ്രാലസ്യ മുള്ളതുകൊണ്ട് ഭാര്യ രസക്കയറു പൊട്ടിക്കുന്നതിനു മുൻപ്കുറച്ചു നേരം ഫേസ് ബുക്ക് വാട്സ് ആപ് എല്ലാം  നോക്കി സമയത്തെ നിർദാക്ഷിണ്യം വധിച്ചു .  ദാ കിടക്കുന്നു ഇന്നത്തെ മാസ്റ്റർപീസ് പോസ്റ്റ്. തൃശൂരില ഒരു ബഹുമാന്യൻ വീട്ടിലെ ചൊക്കിപ്പട്ടിയെ പൊക്കിപ്പിടിച്ചു വിഷുക്കണി കാണിക്കുന്ന പോട്ടം പിടിച്ചു പോസ്റ്റിയിരിക്കുന്നു

തൃശൂർകാർക്കു പൂരപ്രാന്ത്  ആനപ്രാന്ത് മേളപ്രാന്ത് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇപ്പോൾ ദാ പട്ടിപ്രാന്തും. ന്നാലും ന്റെ കൃഷ്ണൻകുട്ട്യേയ്‌ കാലം പോയ  പോക്കേ ..മുരളി പറയുമ്പോലെ ന്നാ പിന്നെ കത്തിരി തിളക്കമുള്ള സൂര്യതാപം ഗുദചർമ്മം ഭേദിച്ച്‌ ആസനത്തിൽ ആഘാതമുണ്ടാക്കുന്നതിനു മുൻപുതന്നെ സേവ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കാൻ തീരുമാനിച്ചു. 

മനസ്സിൽ ചുടുചായകുടിക്കുന്ന സ്വപ്നത്തിന്റെ പ്രചോദനത്തിൽ ഒന്നുരണ്ടുമൂന്നു കാര്യങ്ങൾ കഴിച്ചു. ശേഷം ശുഭ്രവസ്ത്രധാരിയായി പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കുന്ന ക്ഷേത്രത്തിൽ കയറി കൃഷ്ണ ദർശനവും കഴിഞ്ഞു മൂകാംബിക സന്നിധിയിലെത്തി. ഞങ്ങളെപ്പോലെ യുള്ള അക്ഷരസ്നേഹികളുടെയും ഭാര്യസ്നേഹികളുടെയും ദേവിയാണല്ലോ. പൂമൂടിനിൽക്കുന്ന ദേവിയെക്കണ്ടു അക്ഷരോപാസനാ യാത്രയിൽ  പാദബലം തരണമെന്ന് പെറ്റിഷനും കൊടുത്തു തിരിച്ചു ആൾകൂട്ടത്തിൽ വന്നപ്പോൾ മൊബൈൽ  മന്നൻ ബാലേട്ടന്റെ പട്ടാള കഥകളുടെ നിരൂപണത്തിലും ഒപ്പം ഇന്നലത്തെ ഒരു കമ്മ്യൂണിക്കേഷണിൽ ഉണ്ടായ ദുരന്തത്തിന്റെയും ചുരുൾ നിവർത്തി ഇരിക്കാൻ വട്ടംകൂട്ടുകയായിരുന്ന സജനും കൂ ട്ടരും. നാരായണീയം വായിക്കാൻ വന്ന ഒരു പാണ്ടി അമ്മായിക്ക് ബാലേട്ടൻ  അയച്ച വാട്സ് ആപ് മെസ്സേജിൽ  ബാലേട്ടന്റെ കൂടെയുള്ള ഫോട്ടോക്ക് അടിക്കുറിപ്പായി എന്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്ത എല്ലാ ആന്റിമാരുടെയും  ഫോട്ടോ"വൈറൽ ആക്കിയിട്ടുണ്ട് എന്നതിന് പകരം പകരം "വൈറ്റിൽ" ആക്കിയിട്ടുണ്ട് എന്ന അക്ഷര പിശാച് പിടിച്ചുപോയതത്രെ ദുരന്ത കാരണം. കൂട്ടത്തിൽ കുറച്ചു വിഷണ്ണനായി നിന്നിരുന്ന കുഞ്ചാവ ബ്രോ, കെട്ടാൻപറ്റിയ  പെൺകിടാങ്ങൾ കൂട്ടത്തിലുണ്ടോ എന്ന് പക്ഷി നിരീക്ക്ഷണം നടത്തുന്ന ചരിത്രകാരന്റെ  വൺ  ആൻഡ് ഒൺലി പുത്രൻ അപ്പൂസിനോട് സങ്കടത്തോടെ പറഞ്ഞു. "അച്ഛന്റെ കാര്യം ബാലേട്ടൻ പറഞ്ഞു. കൊരട്ടു വലി കൂടുതലാണെന്നും ഉടൻ ചികിത്സ തേടിയില്ലെങ്കിൽ സീരിയസ് ആകുമെന്നും.  അഞ്ചാറ്മാസമായി  ചേട്ടനിൽ ശാരീരിക ക്ഷീണം കാണുന്നുണ്ടെണ്ടെന്നും മുഖത്തെ മേദസ്സൊക്കെ പോയെന്നും ഗൗരവതരമായ്‌ കൂട്ടിച്ചേർത്തു."

തലേരാത്രി നിദ്രാദേവി ഉമ്മവെക്കുന്നതും കാത്ത്   കവിളും  കാട്ടി വെറുതെ സമയം കളഞ്ഞ തമിഴ് മലയാളി ഗണപതി മാമന്റെ  അടുത്ത കട്ടിലിൽ കിടന്നുറങ്ങിയ ചരിത്രകാരന്റെ കൂർക്കംവലിയെ പറ്റിയുള്ള ദൃക്‌സാക്ഷി വിവരണമായിരുന്നു സംഭവത്തിന്റെ മൂല ഹേതു. സഭയിൽ  പ്രസ്തുത സംഭവം ബാലേട്ടൻ  റിപ്പോർട് ചെയ്തപ്പോൾ ആണ് കുഞ്ചാവക്ക് ആശയക്കുഴപ്പം ഉണ്ടായതത്രെ. കഞ്ചാവ്, ചരസ്സ്, ഹാഷിഷ്, പോലെയുള്ള എന്തോ ലഹരി വസ്തുവാണ് ഈ കൊറട്ടു വലി എന്ന തെറ്റിദ്ധാരണ അദ്ദേഹത്തെ പിടികൂടിയത് അങ്ങിനെയാണ്. എനി ഹൌ, കൊറട്ടു വലി നമ്മടെ കൂർക്കം വലിയാണെന്നറിഞ്ഞപ്പോൾ വളഞ്ഞിരുന്ന അവന്റെ ശ്വാസം നേരെ വീണ്‌ ഒരു പാവം ഈച്ച രക്തസാക്ഷിയായി.

 

Add comment

Submit