• MR Points: 100
  • Status: Ready to Claim
ഒരു ഞായറാഴ്ച ദിവസം റേഡിയോയിലെ ബാലരംഗം പരിപാടി കേട്ട് അതിലെ ഒരു പാട്ടും മൂളിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി. ചെമ്പരത്തിയുടെ അടുത്തുപോയി രണ്ടു പൂക്കൾ പിച്ചി കയ്യിൽ ഇരുന്ന വെള്ളകടലാസ്സിൽ തേച്ചു നല്ല വയലറ്റ് നിറമാക്കി.
മാവിൽ വലിഞ്ഞു കയറുകയായിരുന്ന ഒരു നീർ ഉറുമ്പിനെ പിടിച്ചു അതിന്റെ പുറക് ഭാഗം കടലാസ്സിൽ തേച്ചപ്പോൾ നല്ല ചെമപ്പ് നിറം. മരണവെപ്രാളത്തിൽ പുളയുന്ന ഉറുമ്പിനെക്കൊണ്ട് നീല ലിറ്റ്മസ് നെ ആസിഡ് ചുമപ്പാക്കുന്നു എന്ന പ്രാക്ടിക്കൽ ചെയ്തുകൊണ്ടിരിന്നപ്പോഴാണ് തൊഴുത്തിന്റെ പുറകിൽ കോഴികളുടെ ഒരു ഒച്ചപ്പാടും ബഹളവും കെട്ടത് ഇനിവല്ല കീരിയോ പാമ്പോ വല്ലോം ആണോ എന്ന് അറിയാനായി സ്പോട്ടിൽ എത്തിയപ്പോൾ, കണ്ണും തള്ളി അതാ അറ്റൻഷനായി നിൽക്കുന്നു പുള്ളിക്കോഴി. ചാണകക്കുഴിയിൽ വെള്ളക്കളറിൽ കാണുന്ന ഉഗ്രനൊരു കുണ്ടളപുഴുവിനെ വെട്ടി വിഴുങ്ങുന്ന അതി ഭീകരമായ രംഗമായിരുന്നു അവിടെ ലൈവായി നടന്നുകൊണ്ടിരുന്നത് . " നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടീ ഉവ്വേ " എന്ന് ചോദിക്കുന്നത് പോലെ നാലഞ്ച് കോഴികൾ ആശ്ചര്യത്തോടെ കണ്ണും തള്ളി ചുറ്റും നിൽപ്പുണ്ട്.
 
എന്നെ കണ്ടതും കോഴികൾ ഭയ ഭക്തി ബഹുമാനത്തോടെ നാലുപാടും പാഞ്ഞു. ചേച്ചിയുടെ അരുമയായ ഗിരിരാജൻ മാത്രം അനങ്ങാതെ നിൽപ്പുണ്ട്. അല്ലങ്കിലും ഇപ്പോൾ ഇച്ചിരി അഹങ്കാരം കൂടിയിട്ടുണ്ട് ഗിരിരാജന്. "എന്നെങ്കിലും എന്റെ കയ്യിൽ വന്നു നീ പെടും. അപ്പോൾ കാണിച്ചു തരാം " എന്നാലോചിച്ചു നിന്നപ്പോൾ പെട്ടന്നതാ റാഫേൽ യുദ്ധവിമാനം പോലെ കറമ്പികാക്ക പാഞ്ഞു വന്ന് എന്റെ തലയിൽ ഒന്ന് റാഞ്ചിയിട്ട് ഒരു പോക്ക്.
തലയും തടവിക്കൊണ്ട് ഞാൻ നോക്കുമ്പോഴേക്കും കാക്ക പറന്നുകളഞ്ഞു.
 
ഒരു കല്ലെടുത്തു കയ്യിൽ വച്ചുകൊണ്ട് കാക്ക പറന്നു പോയ ദിശയും നോക്കി നിന്നപ്പോൾ അതാ തെങ്ങോലയിൽ ഇരുന്നു കാറ്റു കൊള്ളുകയായിരുന്ന ഒരു കാക്കതമ്പുരാട്ടി യെ കറമ്പികാക്കയും ഒരു റിലേറ്റീവും കൂടി വളഞ്ഞിട്ടു റാഞ്ചുന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേതിന് ഈ കാക്ക എന്തിനാ കേറി റാഞ്ചുന്നെ.
 
വീടിന്റെ വടക്കേ മൂലക്ക് നിൽക്കുന്ന മരത്തിൽ ഒരിക്കൽ കാക്ക വീട് വെക്കാൻ ഫൌണ്ടേഷൻ ഇട്ടു. വടക്കു ഭാഗത്ത്‌ കാക്ക കൂടുവെച്ചാൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്നാണ് അമ്മയുടെ ആസ്ഥാന കണിയാൻ പറഞ്ഞേക്കുന്നത്. അങ്ങനെയാണ് കാക്കക്ക് എതിരെ അമ്മയുടെ ക്വട്ടേഷൻ എനിക്ക് കിട്ടിയത്. മാങ്ങാ ഏറിൽ പോസ്റ്റ്‌ ഗ്രാജുവേഷൻ എടുത്തു വെറുതെ നിൽക്കുന്ന Sreekumar Chandravelil നെ വിളിച്ചു വരുത്തി. പിന്നീട് ഞാൻ ഷോയിബ് അക്തറും കുമാർ ബ്രെറ്റ്ലീയും ആയി മാറി. തുടരെ അഞ്ചാറ് യോർക്കറുകൾ. എറിഞ്ഞു തകർത്തുകളഞ്ഞു കറമ്പി കാക്കയുടെ വീട്. കിടപ്പാടം പോയ കറമ്പി കാക്ക പ്രാണരക്ഷാർദ്ധം അന്ന് പോയതാണ്. പിന്നീട് വീണ്ടും അഭയാർത്ഥി ആയി വന്ന് വരിക്ക പ്ലാവിൽ കൂട് കെട്ടി.
 
ആ പ്ലാവിലാണ് കഴിഞ്ഞ ദിവസം, വഴിയിൽ നിന്നു കിട്ടിയ തൂക്കണാം കുരുവിയുടെ കൂട് തൂക്കാൻ ഞാൻ ഒന്ന് ശ്രമിച്ചത്. അന്നായിരുന്നു പഞ്ചായത്തിലെ മൊത്തം കാക്കകളെയും കൂട്ടി വന്ന് എന്നെ വളഞ്ഞിട്ട് ആക്രമിച്ചത്. അന്ന് പ്ലാവിൽ നിന്നും ഉഗ്രനൊരു ഹൈജമ്പ് ചാടിയാണ് രക്ഷപെട്ടത്. അന്നുതന്നെ എന്നെ ആഗോള ഭീകരനായി കാക്ക പ്രഖ്യാപിച്ചു എന്നുള്ള നഗ്നസത്യം ഇന്നാണ് മനസിലായത്. ഇല്ലങ്കിൽ നീല ലിറ്റ്മസ് പേപ്പർ നെ ചുമപ്പാക്കിക്കൊണ്ട് നിന്ന എന്നെ കേറി വെറുതെ റാഞ്ചുമോ....
 
ഒരു പീറ കാക്കയോട് തോൽക്കാനോ, എന്റെ രക്തം തിളച്ചു. നേരെ പറമ്പിലേക്ക് നടന്നു. കുറെ കല്ലുകൾ പെറുക്കി കൂട്ടിവെച്ചു . എന്നെ കണ്ടതും എങ്ങുനിന്നോ കറമ്പികാക്ക പാഞ്ഞെത്തി. ഞാൻ കല്ലുമായി ഓടി പേരയുടെ ചുവട്ടിൽ എത്തി. പേരയെ ഒരു മറയാക്കി നിർത്തി ഞാനും ആക്രമണം അഴിച്ചുവിട്ടു. ചറ പറാന്നു ഏറ് തുടങ്ങി.
"എന്റെ ദേവിയേ " ഒരു നിലവിളി.. ങ്‌ഹേ കാക്കയാണോ ഈ നിലവിളിച്ചത്.. ഞാൻ ഏറ് നിർത്തി നിലവിളി കേട്ട ഭാഗത്തേക്ക്‌ നോക്കി. ചെത്തുകാരൻ വിദ്യാധരൻ ചേട്ടൻ... പേരയുടെ ചുവട്ടിൽ നിന്നും ഇറങ്ങി ഓടിയാലോ എന്നാലോചിച്ചു നിന്നപ്പോഴേക്കും വിദ്യാധരൻ ചേട്ടൻ അടുത്തെത്തി..
"നിനക്കെന്താടാ കൊച്ചേ ദേഹത്ത് മാടൻ കേറിയോ. എന്തിനാ ഇങ്ങനെ എറിയുന്നത്. ദേ എന്റെ ആറാംമാലിക്കാണ് കല്ല് കൊണ്ടത് "
അത്യാധുനിക കള്ള്ചെത്തിന്റെ നൂതന രീതികളെ പറ്റി ഗഹനമായി ആലോചിച്ചുകൊണ്ടും , പഴയ പോലെ കണ്ണ് അങ്ങോട്ട് പിടിക്കുന്നില്ല എങ്കിലും മൂന്നു വീട് അപ്പുറത്തെ സരസ ചേച്ചിയുടെ ഓല മേഞ്ഞ കുളിപ്പുരക്കുള്ളിലെ കുളിസീൻ ഒരു മിന്നായം പോലെ കണ്ട് ആത്മ നിർവൃതി അടഞ്ഞ് ചെത്തിക്കൊണ്ട് ഇരുന്നപ്പോഴാണ് എന്റെ ഒന്നാം തരം ഒരു യോർക്കർ ദേഹത്ത് ചെന്നു പതിച്ചത്. ഭയന്നുപോയ വിദ്യാധരൻ ചേട്ടൻ മരണവെപ്രാളപ്പെട്ട് ചാടിയാണ് ഈ വന്നേക്കുന്നത്.
"അത് പിന്നെ കാക്ക എന്നെ റാഞ്ചാൻ വന്നപ്പോൾ ഞാൻ എറിഞ്ഞതാണ് " ഞാൻ പറഞ്ഞു.
സരസചേച്ചിയുടെ കെട്ടിയോൻ കമലാസനൻ അല്ലല്ലോ എറിഞ്ഞത് എന്ന സമാധാനത്തോടെ വിദ്യാധരൻ ചേട്ടൻ പോയി.
കാക്കയും ഞാനും തമ്മിലുള്ള യുദ്ധം അങ്ങനെ നീണ്ടു നീണ്ടു പോയി. തമിഴ് ലുക്ക്‌ ഉള്ള പാണ്ടി കാക്കകളെ വരെ എനിക്കെതിരെ കറമ്പികാക്ക രംഗത്ത് ഇറക്കി. വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ ഉടനെ കാക്കയുടെ റഡാറിൽ ഞാൻ പതിയും. പിന്നെ ഒറ്റ വരവാണ് റാഫേൽ വിമാനം പോലെ.
മഴ ഇല്ലങ്കിലും കുടപിടിച്ചു പോകുക, തലക്ക് മുകളിൽ ഒരു വടി കറക്കി അഭ്യാസിയെപ്പോലെ പോകുക, തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ഞാനും ചെയ്തുതുടങ്ങി. കാക്കയെ എറിഞ്ഞ് എറിഞ്ഞ് പറമ്പിലെ കല്ലുകൾ തീരാറായി. കയ്യുടെ കൊഴയ്ക്കാണെങ്കിൽ വേദനയും തുടങ്ങി.
ഒരു വൈകുന്നേരം കുടയും നിവർത്തിപിടിച്ചു സ്കൂൾ വിട്ട് വരുമ്പോൾ വീട്ടിലേക്ക് വൈദ്യുതി പോകുന്ന പോസ്റ്റിനു ചുറ്റും നാലഞ്ചുപേർ കൂട്ടം കൂടി നിൽക്കുന്നു. കൂടെ കേശവൻ ചേട്ടനും ലൈൻമാൻ കുഞ്ഞപ്പിയും ഉണ്ട്.
"ഇതിങ്ങനെ കിടന്നാൽ ചീഞ്ഞു നാറില്ലേ " കേശവൻ ചേട്ടനാണ്.
"ഏയ് അകത്തുള്ളതൊക്കെ കരിഞ്ഞു കാണും. അത് തന്നെ താഴെ വീണോളും " കുഞ്ഞപ്പി പോകാനായി സൈക്കിൾ എടുത്തുകൊണ്ടു പറഞ്ഞു.
ഞാൻ മുകളിലേക്ക് നോക്കി. നയന മനോഹരമായ ഒരു കാഴ്ച എന്റെ മനസ്സ് നിറച്ചു . വലിച്ചു കെട്ടിയ ബാനറുപോലെ ഒരു കാക്ക ഷോക്കടിച്ചു ചത്തു മലച്ചു കിടക്കുന്നു. കണ്ടിട്ട് കറമ്പികാക്ക ആണെന്ന് തോന്നുന്നു.
വൈദ്യുതി കണ്ടുപിടിച്ച മൈക്കിൾ ഫാരഡെക്ക് നന്ദിയും പറഞ്ഞുകൊണ്ട് ഞാൻ കുടയും മടക്കി വീട്ടിലേക്ക് നടന്നു.
"ദൈവമേ സരസ കുളിക്കാൻ കയറിയോ"ഞാൻ ലേറ്റായോ എന്ന വെപ്രാളത്തിൽ പുറകിൽ നിന്നും വിദ്യാധരൻ ചേട്ടൻ സൈക്കിളിൽ പാഞ്ഞു പോകുന്നു. വീട്ടിൽ എത്തി ചായയും കുടിച്ചുകൊണ്ട് കട്ടിളപ്പടിയിൽ ഇരുന്നപ്പോൾ വരിക്കപ്ലാവിൽ ഒരു കാക്ക ഇരിപ്പുണ്ടായിരുന്നു
"ദൈവമേ ഇവനിനി കറമ്പികാക്കയുടെ കൊട്ടേഷൻ എടുത്ത പുതിയ ആളാണോ " ഞാൻ മനസ്സിൽ ഓർത്തു. ഏയ് ആയിരിക്കില്ല. ഞാൻ മനസമാധാനത്തോടെ എഴുന്നേറ്റു.
"കൊച്ചേ നിന്നെ റാഞ്ചുന്ന കാക്ക ആണോ അവിടെ ലൈനിൽ ചത്തു കിടക്കുന്നത് "
കള്ള് ചെത്തും കുളിസീനും കഴിഞ്ഞു തിരിച്ചു വന്ന വിദ്യാധരൻ ചേട്ടൻ എന്നോട് ചോദിച്ചു.....
ഞാൻ ചേട്ടനെ നോക്കി പുഞ്ചിരിച്ചു...... ആണോ ആയിരിക്കും...... ആയിരിക്കണേ.

No comments