മലയാളത്തിനെ സംബന്ധിച്ച് ഉളളുരുക്കത്തിന്‍റെ ദിനങ്ങളാണ് പോയവാരങ്ങള്‍. മഹമാരിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട് കവികുലത്തിലെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറും നീലംപേരൂര്‍ മധുസൂദനന്‍

നായരും ജീവിതകാവ്യത്തിന് അടിവരയിട്ടു. ഇപ്പോഴിതാ നിറവേദനയായി അനില്‍ പനച്ചൂരാനും വിടപറഞ്ഞിരിക്കുന്നു.

കമ്യൂണിസത്തിന്‍റെ പുറന്തോടിനുളളില്‍ പൂഴ്ന്നിറങ്ങിയിരിക്കുന്നവരില്‍ നിന്നു മാത്രമേ വിപ്ലവവീര്യമുളള വരികള്‍ പിറവികൊളളൂ എന്നു ധരിച്ചിരുന്നവരെയാകെ അത്ഭുതപ്പെടുത്തുക മാത്രമല്ല, ഉദാത്തമായ മനുഷ്യ സ്നേഹമാണ് യഥാര്‍ത്ഥ വിപ്ലവമെന്നു പാടിക്കൊടുത്ത് മലയാളക്കരയിലെ ആബാലവൃദ്ധരെക്കൊണ്ടും ആ വരികള്‍ ഏറ്റു ചൊല്ലിക്കുകയും ചെയ്ത പുതുകാലത്തിന്‍റെ കവിയാണ് കഴിഞ്ഞ ജനുവരി 3ന് അപ്രതീക്ഷിതമായി വിടപറഞ്ഞ അനില്‍ പനച്ചൂരാന്‍.

അന്യാദൃശമായ പ്രതിഭ

അക്ഷരാര്‍ത്ഥത്തില്‍ കാവ്യലോകത്തെ ഒരു പ്രതിഭാസമായിരുന്നു പനച്ചൂരാന്‍. ആകെയെഴുതിയത് നൂറോളം വരുന്ന കവിതകള്‍. അതായത്, ലക്ഷണമൊത്ത ഒരു ഖണ്ഡകാവ്യത്തിലും താഴെ! ഒപ്പം, ഏതാണ്ട്, നൂറ്റമ്പതോളം വരുന്ന സിനിമാപ്പാട്ടുകളും നാടക ഗാനങ്ങളും മാത്രം. അദ്ദേഹത്തിന്‍റെ സാഹിത്യ രചനകള്‍ ആകെക്കൂടി അത്രത്തോളമേ വരൂ. പേജിന്‍റെ എണ്ണം കണക്കാക്കിയാല്‍, മുന്നൂറു പേജില്‍ താഴെയൊതുങ്ങുന്ന സാഹിത്യമാണ് അദ്ദേഹം കൈരളിക്കായി കാഴ്ചവെച്ചത്. എങ്കിലും, മലയാളമുള്ളിടത്തോളം ഓര്‍മ്മിക്കപ്പെടാന്‍ തക്കവണ്ണം, 'സമത്വമെന്നൊരാശയം മരിക്കയില്ല ഭൂമിയില്‍' തുടങ്ങിയ ചിലവരികള്‍ അദ്ദേഹം കാലത്തിന്‍റെ ചുവരില്‍ കുറിച്ചിട്ടുവെന്നതാണ് വാസ്തവം. കീര്‍ത്തിയും സ്വാധീനവും നോക്കിയാല്‍ ചങ്ങമ്പുഴയും രാമപുരത്തുവാര്യരും പോലുളള അസാമാന്യ പ്രതിഭകള്‍ക്കുമാത്രം ലഭിച്ച സൗഭാഗ്യം ക്ഷണിക ജീവിതത്തിനിടയില്‍ സ്വായത്തമാക്കിയാണ് അദ്ദേഹം അനശ്വരതയെ പുല്കിയത്.

ആറാട്ടുപുഴയുടെ പിന്മുറക്കാരന്‍

കേരള നവോത്ഥാനചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന പ്രശസ്തമായ തറവാടാണ് കായംകുളത്തിനടുത്ത് പുതുപ്പള്ളിയിലെ വാരണപ്പളളില്‍. കളരിയും പടനായകരും ഉണ്ടായിരുന്ന കുടുംബമായിരുന്നു അത്. കവികളും കലാകാരന്മാരും അവിടെ ധാരാളം പേരുണ്ടായിരുന്നു. കശിയില്‍നിന്നും ശിലയുമായിവന്ന് പ്രതിഷ്ഠ നടത്തിയ കാരണവരുടെ പാരമ്പര്യം പേറുന്ന തറവാടായിരുന്നു അത്. ശ്രീനാരായണഗുരു ഉപരിപഠനാര്‍ത്ഥം താമസിച്ചിരുന്ന ആ കുടുബത്തില്‍ നിന്നാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ വിവാഹം കഴിച്ചത്. അദ്ദേഹത്തിന്‍റെ രണ്ടുമക്കള്‍ അക്കാലത്തെ അറിയപ്പെടുന്ന കവികളായിരുന്നു. ഈ വക പാരമ്പര്യങ്ങളിലെ കണ്ണിയായാണ് 1969-ല്‍ അനില്‍ പനച്ചൂരാന്‍ ജനിക്കുന്നത്. വാരണപ്പള്ളി കുടുബശാഖയായ ഗോവിന്ദമുട്ടത്ത് പനച്ചൂര്‍ വീട്ടിൽ ഉദയഭാനുവിന്റെയും ദ്രൗപതിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. രണ്ടു സഹോദരിമാരാണ് അദ്ദേഹത്തിനുളളത്. അമ്പിളിയും അനിതയും. രണ്ടുപേരും വിവാഹിതര്‍.

ബാല്യവും വിദ്യാഭ്യാസവും

പട്ടാളക്കാരനായിരുന്ന പിതാവിനൊപ്പം അനിലിന്റെ ബാല്യകാലം മുംബൈയിലായിരുന്നു. പ്രാഥമികവിദ്യാഭ്യാസവും മറ്റും അവിടെ നേടി. കൗമാരകാല വിദ്യാഭ്യാസത്തോടടുപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തി. കായംകുളം സെന്‍റ്മേരീസ് സ്കൂളില്‍ നാലാം ക്ലാസ്സുവരെയും തുടര്‍ന്ന്, കായംകുളം ഗവണ്മെന്‍റ് ബോയ്സിലും പഠിച്ചു. കൊമേഴ്സ് വിദ്യാര്‍ത്ഥിയായി ടികെഎംഎം കോളജ് നങ്ങ്യാര്‍കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പിന്നീട് പഠനം. എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എല്‍എല്‍ബി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

എന്നും വ്യത്യസ്തന്‍

ചിന്തയിലും എഴുത്തിലും മാത്രമല്ല, മുടി, നടപ്പ്, വേഷം, വെറ്റില മുറുക്ക്, ബീഡിവലി, തുടങ്ങിയ പല കാര്യങ്ങളിലും അനില്‍ വ്യത്യസ്തനായിരുന്നു. പ്രശസ്തമായ പേരിലും അയാള്‍ വ്യത്യസ്തനായി. കവിതയെഴുത്ത് കവശലായതോടെ, അനില്‍ കുമാര്‍ യു.പി തന്‍റെ ഔദ്യോഗികമായ പേര് പരിഷ്കരിക്കാന്‍ തീരുമാനിച്ച് പനച്ചൂര്‍ എന്ന വീട്ടുപേരില്‍ നിന്ന് 'പനച്ചൂരാന്‍' എന്ന ഇരട്ടപ്പേരു സ്വയം സൃഷ്ടിച്ച് അനില്‍ പനച്ചൂരാനായി. യൗവനത്തിന്‍റെ ആരംഭത്തില്‍ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച് സന്യാസിയായി. വീട്ടില്‍ ആശ്രമം സ്ഥാപിച്ചു. മദ്യപന്മാരുടെ സംസ്ഥാനഭാരവാഹിയായി.അതില്‍ അത്ഭുതപ്പെട്ടവരോട്, നികുതിദായകരായ മദ്യപന്മാര്‍ പണം കൊടുത്തുവാങ്ങുന്ന മദ്യം 'ഒളിച്ചും പാത്തും' പോലീസിനെപ്പേടിച്ച് കഴിക്കേണ്ടിവരുന്ന ഗതികേടില്‍ പ്രതിഷേധിച്ചാണ് അവരുടെ നേതൃത്വം ഏറ്റെടുത്തതെന്ന് ധൈര്യത്തോടെ പറഞ്ഞു. ബിവറേജസില്‍നിന്നുമദ്യം വാങ്ങിക്കുന്നവര്‍ക്ക് സ്വസ്ഥമായിരുന്ന് മദ്യപിക്കാന്‍ ഷെല്‍ട്ടറുകള്‍ വേണമെന്ന് ഗവണ്മെന്‍റിന് നിവേദനം നല്‍കി. ബന്ധുക്കളുള്‍പ്പെടെ ചിലര്‍ പനച്ചൂര്‍ എന്ന പേര് ഉപയോഗിക്കുന്നതിനോടുളള പ്രതിഷേധമായി വീടിനു മുന്നില്‍, 'പനച്ചൂര്‍ വീട്, അനുകരണങ്ങള്‍ സൂക്ഷിക്കുക' എന്ന വലിയ ബോര്‍ഡുവെച്ചു. 'പിരിവുകാര്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല' എന്നൊരു ബോര്‍ഡും പില്ക്കാലത്ത് വീടിനുമുന്നില്‍ വെച്ചു.

തോറ്റുപോയ മത്സരവും മടങ്ങിവന്ന കവിതകളും

പുതുപ്പളളി ഗോവിന്ദമുട്ടത്തെ പുത്തന്‍മണ്ണേല്‍ വീട്ടിലെ അനില്‍കുമാറും കുന്നുംപുറത്തു വീട്ടിലെ സുരേഷും അനില്‍ പനച്ചൂരാന്‍റെ അയല്‍പ്പക്കക്കാരും സുഹൃത്തുക്കളുമായിരുന്നു. അവരില്‍ അനില്‍ പനച്ചൂരാനും അനില്‍ കുമാര്‍ എആറും കായംകുളം സെന്‍റ് മേരീസില്‍ നാലാം ക്ലാസ്സുവരെ സഹപാഠികളായിരുന്നു. നാലാം ക്ലാസ്സിനുശേഷം അനില്‍ പനച്ചൂരാന്‍ ബോയ്സ്ഹൈസ്കൂളില്‍ ഇംഗ്ലിഷ് മീഡിയത്തിലും അനില്‍കുമാര്‍ എആര്‍ മലയാളം മീഡിയത്തിലും തുടര്‍ന്നു. അന്നേ എഴുത്തില്‍ തല്പരനായിരുന്നു പനച്ചൂരാന്‍. എഴുതുന്നതൊക്കെ, അക്കാലത്ത് താന്‍ വായിക്കുന്ന മാസ്സികകള്‍ക്കെല്ലാം അയക്കുന്നതിനും കൊച്ചു പനച്ചൂരാന്‍ ശ്രദ്ധവെച്ചു. ബാലരമയും മാതൃഭൂമിയുമൊക്കെ അക്കൂട്ടത്തില്‍പ്പെടും. പക്ഷേ, ഒന്നും അക്കാലത്ത് പ്രസിദ്ധീകരിച്ചു വന്നില്ല.

ഗോവിന്ദമുട്ടത്തെ കലാ സാംസ്കാരിക സംഘടനയായിരുന്നു കല. ഒരു നാട്ടുമ്പുറം ക്ലബ്ബായിരുന്നു അത്. എല്ലാ വര്‍ഷവും മുടങ്ങാതെ നടക്കുന്ന കലാകായിക മത്സരമായിരുന്നു ക്ലബ്ബിന്‍റെ പ്രധാന ആകര്‍ഷണം. ഒരുവര്‍ഷം പനച്ചൂരാന്‍ കൂട്ടുകാരനായ അനിലിനോട് (എആര്‍) 'ഇത്തവണ കവിതാരചനാ മത്സരവും സംഘടിപ്പിക്കണ'മെന്ന് ആവശ്യപ്പെട്ടു. അതൊരു പുതിയ ഇനമായതുകൊണ്ട് സംഘാടകര്‍ക്ക് മത്സരം എങ്ങനെയാണ് നടത്തേണ്ടതെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. അവര്‍ കീറ്റുപുറത്ത് കുട്ടപ്പന്‍ സാറിന്‍റെ സഹായം തേടി. മത്സരത്തിന് ഏതാനും മിനിറ്റ് മുമ്പ് വിഷയം നല്‍കുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു കൊടുത്തു. പനച്ചൂരാന്‍ ഉള്‍പ്പെടെ മൂന്നുപേരായിരുന്നു മത്സരാര്‍ത്ഥികള്‍. 'ഒഴുകുന്ന പുഴ' എന്നതായിരുന്നു വിഷയം. പക്ഷേ അന്നു സമ്മാനം കിട്ടിയത് ജയ എന്ന കുട്ടിക്കായിരുന്നു. അതിനുശേഷം ജീവിതത്തില്‍ ഒരിക്കല്‍പ്പോലും രചനാമത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടേയില്ല. കവിതാരചന കൂടാതെ,
ലളിതഗാനം, പദ്യപാരായണം എന്നിവയിലും അദ്ദേഹം അന്നു പങ്കെടുത്തു.

പനച്ചൂരാനെപ്പോലെ അനില്‍കുമാറിനും സാഹിത്യത്തിലും എഴുത്തിലും താല്പര്യമുണ്ടായിരുന്നു. സുരേഷിന് വരയിലായിരുന്നു കമ്പം. അനിൽ പനച്ചൂരാൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ എഴുതിയ കവിത, ആദ്യമായി പ്രസിദ്ധീകരിച്ചത്, കലാ ബാലജനസംഖ്യത്തിൻ്റെ കൈയ്യെഴുത്തു മാസികയായിരുന്ന 'പ്രയാണ'ത്തിലാണ്. 'കവിത' എന്നുതന്നെയായിരുന്നു അന്നത്തെ രചനയുടെ തലക്കെട്ട്.

'അണപൊട്ടിയൊഴുകുമെ /
ന്നാത്മാവിന്‍ നൊമ്പര /
മുരുകിക്കുറുകിയ കവിത /
ഈ കവിതയാണിന്നെന്‍റെ ദുഖം' എന്നിങ്ങനെയായിരുന്നു അതിലെ വരികള്‍. 'ഇന്ത്യനിങ്കില്‍' പൂര്‍ണ്ണമായും കയ്യെഴുത്തില്‍ പൂര്‍ത്തിയാക്കിയ 'പ്രയാണം' മാസികയുടെ എഴുത്തും വരയും സുരേഷ് ഭംഗിയായി നിര്‍വ്വഹിച്ചു. കയ്യെഴുത്തു പത്രികയുടെ എഡിറ്റർ അനില്‍ കുമാര്‍ എ.ആര്‍ ആയിരുന്നു. അന്ന് പ്രസിദ്ധീകരിച്ച കവിതയ്ക്കൊപ്പം പനച്ചൂരാൻ്റെ പേര് അനിൽകുമാർ പിയു എന്നായിരുന്നു ചേര്‍ത്തിരുന്നത്. ജയയും ബിനുഭാസ്കറും മറ്റും അതില്‍ എഴുതിയിരുന്നു. പ്രയാണം കയ്യെഴുത്തു മാസികരൂപകല്പന ചെയ്ത സുരേഷ് തന്നെയാണ് പനച്ചൂരാന്‍റെ ആദ്യ രണ്ടു സമാഹാരങ്ങളായ സ്പന്ദനങ്ങള്‍, പടപ്പാട്ട് എന്നീ പുസ്തകങ്ങളുടെയും പുറംചട്ട വരച്ചു ചേര്‍ത്തത്. കലാലയകാലത്ത് പ്രസിദ്ധീകരിച്ച സ്പന്ദനങ്ങള്‍ എന്ന കൃതിയില്‍ പ്രയാണത്തിലെ കവിതയും ഉള്‍പ്പെടുന്നു. 'എന്‍റെ ദു:ഖം' എന്നപേരിലാണ് പുസ്തകത്തില്‍ ആ കവിത ചേര്‍ത്തിരിക്കുന്നത്.

വാക്കുകള്‍ പൂക്കളായ് പൊലിച്ച കാലം

കായംകുളം ട്രാന്‍സ്പോര്‍ട്ട് ബസ്റ്റാന്‍ഡിനു തെക്കുവശത്ത് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരു ലോഡ്ജുണ്ടായിരുന്നു. സാമൂഹിക പ്രതിബദ്ധതയും കലാഭിരുചിയും പുസ്തക സ്നേഹവുമുളള ബാബുച്ചേട്ടനായിരുന്നു വളരെക്കാലം അതിന്‍റെ മാനേജര്‍. അദ്ദേഹത്തിന്‍റെ അമ്മാവനായിരുന്നു അതിന്‍റെ ഉടമസ്ഥന്‍. അങ്ങനെയാണ് അദ്ദേഹം അതിന്‍റെ നടത്തിപ്പ് ചുമതലക്കാരനാകുന്നത്. അനുമതിയോടെയും സഹകരണത്തിലും ഞായറാഴ്ചകളില്‍ സാഹിത്യാദികളില്‍ താല്പര്യമുളള കുറച്ചുപേര്‍ പതിവായി ഒത്തു കൂടിയിരുന്നു. ചര്‍ച്ചാവേദിയെന്ന സാഹിത്യ കൂട്ടായ്മയായിരുന്നു അത്. യശശരീരനായ എം. ഓ പുഷ്പാംഗദന്‍, പാവുമ്പ പത്മനാഭന്‍ കെ. കെ കുന്നത്ത്, ഡോ. ചേരാവളളി ശശി, ചേപ്പാട് രാജേന്ദ്രന്‍, പുഷ്പാലയം പുഷ്പകുമാര്‍, മാണിക്കന്‍ ചേട്ടന്‍, വിജയകുമാര്‍,ബാബുക്കുട്ടന്‍ ചേപ്പാട്, സജി സി. വി ചേപ്പാട്, സദാലിയാക്കത്ത്, പത്തിയൂര്‍ വിശ്വന്‍, ഡി. അശ്വനീദേവ്, കീരിക്കാട് വിശ്വന്‍ തുടങ്ങി എഴുത്തില്‍ തെളിഞ്ഞവരും തുടക്കക്കാരും സങ്കോചലേശമെന്യേ സ്വന്തം രചനകള്‍ അവിടെ അവതരിപ്പിച്ചു പോന്നു. ആ കൂട്ടായ്മയിലാണ് അന്നത്തെ ക്ഷുഭിതയൗവനമായ അനില്‍ കുമാര്‍ പി.യുവും കവിതയുടെ കെട്ടഴിച്ചു പാടിത്തുടങ്ങിയത്.

ഓയെന്‍വി പറഞ്ഞു, അനില്‍ പനച്ചൂരാന്‍ കവിത ചൊല്ലി

കായംകുളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ കണ്ടല്ലൂര്‍ 'കല'യുടെ സംഭാവനകള്‍ അനന്യമാണ്. കണ്ടല്ലൂര്‍ ആര്‍ട്സ് ആന്‍റ് ലിറ്റററി അസ്സോസിയേഷന്‍ എന്നതിന്‍റെ ചുരുക്കഴുത്തായിരുന്നു 'കല'യെന്നത്. അവരുടെ ഓരോ വാര്‍ഷിക സമ്മേളനങ്ങളും കലയുടെയും സാഹിത്യത്തിന്‍റെയും നിറസന്ധ്യകളായിരുന്നു. ഡോ. സുകുമാര്‍ അഴീക്കോടിനെയും പ്രൊഫ. എം കൃഷ്ണന്‍ നായരെയും പ്രൊഫ. എംകെ സാനുവിനെയും ഗുപ്തന്‍നായരെയും താല്പര്യപൂര്‍വ്വം കേള്‍ക്കാന്‍ തടിച്ചുകൂടുന്ന പുരുഷാരം കണ്ടല്ലൂരിന്‍റെ സാംസ്കാരിക സവിശേഷതതന്നെയായിരുന്നു. കലയുടെ വേദിയില്‍ പങ്കെടുക്കാത്ത എഴുത്തുകാരോ സാഹിത്യ പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. ഓഎന്‍വിക്കുറുപ്പും സുഗതകുമാരിയും ചുളളിക്കാടുമുള്‍പ്പെടെയുളള തലമുതിര്‍ന്ന കവികള്‍പങ്കെടുക്കുന്ന കവിയരങ്ങും ചൊല്ക്കാഴ്ചയും, സാഹിത്യ സമ്മേളനം പോലെതന്നെ വിഖ്യാതമായിരുന്നു. ആ തട്ടകത്തിലാണ് തൊണ്ണൂറുകളില്‍ കലാലയ വിദ്ധ്യാര്‍ത്ഥിയായിരുന്ന മെലിഞ്ഞ ധിക്കാരിയായ ആ ചെറുപ്പക്കാരന്‍ തന്‍റെ കവിതയുടെ കെട്ടഴിച്ച് സദസ്യരെ വിസ്മയിപ്പിക്കുകയും ഒട്ടുവളരെപ്പേരെ ആരാധകരാക്കുകയും ചെയ്തത്. പനച്ചൂരാന്‍ എന്ന അപരനാമധേയത്തില്‍ കാവ്യസദസ്സുകളില്‍ ചര്‍ച്ചയായ ഗോവിന്ദമുട്ടത്തുകാരന്‍ അനിലായിരുന്നു, ആലാപനത്തിന്‍റെ സവിശേഷതകൊണ്ട് കാവ്യാനുഭവത്തിന്‍റെ തീഷ്ണാനുഭവം പകര്‍ന്ന ആ കാവ്യസഞ്ചാരി.

തൊണ്ണൂറുകളുടെ തുടക്കത്തിലെ ഒരു കാവ്യ സന്ധ്യ. കണ്ടല്ലൂരിലെ കലയുടെ വേദി. ഉദ്ഘാടകനായ ഓഎന്‍വി കവിതചൊല്ലി നിര്‍ത്തി. മറ്റു കവികള്‍ക്കായി അരങ്ങൊഴിഞ്ഞു. വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന കവിതകള്‍ക്കായി അദ്ദേഹം കാതുകാടുത്തിരുന്നു. തുടര്‍ന്ന് ചില പ്രശസ്തര്‍ കവിത അവതരിപ്പിച്ചു. അത്രയും മനോഹരമായ കവിതകളും അവതരണവും. ആസ്വാദകര്‍ ഓരോ കവികളെയും കയ്യടിച്ച് അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും കവിതയില്‍ മുഴുകി ജീവിച്ചു. അടുത്തത് പനച്ചൂരാന്‍റെ ഊഴം. പനച്ചൂരാന്‍ വേദിയിലെത്തി. തെല്ലു നിശബ്ദത. അയാള്‍ പാടി നീട്ടി.

'ബോട്ടുനീങ്ങുന്നു. ആറിന്‍റെ നിറയൗവനത്തിന്‍റെ മുറിവിലൂടെ
ഇന്നെന്‍റെ ബോട്ടു നീങ്ങുന്നു..
കറുകനാമ്പിന്‍റെ സ്ത്രൈണഭാവങ്ങളില്‍ മിഴികളീറനാകുന്നു
ഒതള വൃക്ഷത്തിന്‍റെ വൃഷണങ്ങള്‍ തൂങ്ങിയാടുന്ന പുളിനചിത്രങ്ങള്‍
ഹരിതാഭ പകരുന്ന മറവുചാലിന്‍റെ മുറിവിലൂടെ എന്‍റെ ബോട്ടു നീങ്ങുന്നു..'

ജനം ഇളകിമറിഞ്ഞു. കയ്യടിയും ചൂളംവിളികളും അന്തരീക്ഷം നിറച്ചു. വലിയ ഹര്‍ഷാരവത്തോടെയാണ് പനച്ചൂരാന്‍ കവിത അവസാനിപ്പിച്ചത്. അതിനകം അദ്ദേഹത്തിന്‍റെ കവിത സദസ്സും ഏറ്റുപാടിക്കൊണ്ടിരുന്നു. സദസില്‍നിന്നും അനിലിന്‍റെപാട്ടിനായി മുറവിളി.
ഒായെന്‍വി എഴുന്നേറ്റു. അദ്ദേഹം കൈകാണിച്ചപ്പോള്‍ സദസ്സ് അടങ്ങി.

'ഞങ്ങളൊക്കെ കവിതയുടെ ചെറുവളളങ്ങളിറക്കുമ്പോള്‍ അനില്‍ കവിതയുടെ ബോട്ടുമായി വരുന്നു. അതിന്‍റെ അലയൊലിയില്‍ ചെറുവളളങ്ങള്‍ക്ക് പിടിച്ചു നില്ക്കാനാകില്ല. അനില്‍ വീണ്ടും പാടണം'

കവിയുടെ അനുഗ്രഹത്തോടെ, വീണ്ടും പനച്ചൂരാന്‍റെ കവിത കലയുടെ വേദിയില്‍ മുഴങ്ങി. പിന്നെയത് കേരളക്കരയെ കീഴടക്കി.

ആത്മാവിന്‍ ദുഖം അണപൊട്ടിയ കവിത

കോളജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ ആദ്യ സമാഹാരം പുറത്തിറച്ചുന്നത്. നങ്ങ്യാര്‍കുളങ്ങരയില്‍ ബിരുദ പഠനം അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ആദ്യ കവിതാ സമാഹാരം പുസ്തകരൂപത്തിലാവുന്നത്. ഹരിപ്പാട്ടെ സുഹൃത്തുക്കളായിരുന്നു പ്രസാധനത്തിന് മുന്‍കൈയെടുത്തത്. ക്രൗണ്‍ എട്ടിലൊന്നുവലുപ്പത്തില്‍ പുറംചട്ടയുള്‍പ്പെടെ സമാഹാരത്തിന് ആകെ 24 പേജായിരുന്നു. 1990ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന് അവതാരികനല്‍കി അനുഗ്രഹിച്ചത് പ്രശസ്ത കവി കിളിമാനൂര്‍ രമാകാന്തനായിരുന്നു. 'സ്പന്ദനങ്ങള്‍' എന്നു പേരിട്ട സമാഹാരത്തില്‍ എന്‍റെ ദു:ഖം, പരാജിതന്‍, പൊലിയുന്ന തിരിനാളങ്ങള്‍, പട്ടിണിത്തോറ്റം തപ്തസ്മൃതികള്‍ തുടങ്ങി 15 കവിതളാണുളളത്. പലതും പില്ക്കാലത്ത് അതീവ പ്രശസ്തമായവയാണ്. 'അണപൊട്ടിയൊഴുകുമെന്‍ ആത്മാവിന്‍ നൊമ്പരമുരുകിക്കുറുകിയ കവിത'യെന്നാണ് സ്വന്തം കവിതയെ അദ്ദേഹം നിര്‍വ്വചിക്കുന്നത് (എന്‍റെ ദു:ഖം). അഗാധമായ ദു:ഖം എക്കാലത്തും കവിതയ്ക്കു വിഷയമായിട്ടുണ്ട്. സ്പന്ദനങ്ങളിലെ കവിതകളുടെ തലക്കെട്ടുകള്‍തന്നെ കൃതിയുടെയും കവിയുടെയും ഉളളടക്കത്തിലേക്കുളള കിളിവാതിലുകളാണ്.ആദ്യകവിതയുടെ പേരുതന്നെ 'എന്‍റെ ദു:ഖം' എന്നാണ്. പരാജിതന്‍, പഞ്ഞപ്പാടല്‍, പൊലിയുന്ന തിരിനാളങ്ങള്‍, ഏകാന്തതയുടെ സങ്കീര്‍ത്തനം, വേദനയില്‍ നിന്നൊരു വേദവാക്യം, തപ്തസ്മൃതികള്‍, രോദനം, പട്ടിണിത്തോറ്റം തുടങ്ങിയ പേരുകള്‍ എല്ലാം തന്നെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ദു:ഖമെന്ന അടിസ്ഥാന വികാരത്തില്‍ വേരൂന്നി വിടരുന്നത് യാദൃശ്ചികമല്ല. 'സജീവമായ ഈരടികളുടെ സാന്നിധ്യം ഈ കവിതകളുടെ ചടുലത വര്‍ദ്ധിപ്പിക്കുന്നു. പറയുന്ന കാര്യത്തില്‍ പലപ്പോഴും പുതുമ പുലര്‍ത്തുന്നു. ഉളളത് പറയാന്‍ കവി ബാധ്യസ്ഥനാണെല്ലോ.? ഉളളത് ഉറപ്പോടെ കവിതാമയമായിത്തന്നെ അനില്‍ പറയുന്നു'വെന്ന് കിളിമാനൂര്‍ രമാകാന്തന്‍ അതിശയോക്തിയേതുമില്ലാതെ അവതാരികയില്‍ പറയുന്നു. 'സ്വപ്നത്തിനും ജീവിതത്തിനുമിടയില്‍ കുറിച്ചിട്ട വരികളാണിത്. ജീവനും അര്‍ത്ഥവുമുണ്ടെന്ന് അവകാശപ്പെടുന്നില്ല. ആത്മസ്പന്ദനങ്ങളെ ആത്മാര്‍ത്ഥമായി പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്'- എന്ന് കവി അനുബന്ധക്കുറിപ്പില്‍ പറയുന്നു. അത് കളവല്ലെന്നാണ് രചനകള്‍ ഓരോന്നും തലയുയര്‍ത്തിനിന്ന് പ്രഖ്യാപിക്കുന്നത്.

പടപ്പാട്ട്

അനിലിന്‍റെ വെളിച്ചം തേടുന്ന രണ്ടാമത്തെ സമാഹാരമാണ് പന്ത്രണ്ടു കവിതകളുളള പടപ്പാട്ട്. നാടന്‍പാട്ടിന്‍റെ ശീല്കടംകൊണ്ട് തനതായൊരു ദര്‍ശനം അവതരിപ്പിക്കുന്നതാണ് ഈ സമാഹാരത്തിലെ 'പാണന്‍' എന്ന കവിത. സംഘകാലം മുതലുളള പാണന്‍ എന്ന രൂപകം ആധുനികതയിലും അധുനാതനതയിലും ഉത്തരാധുനികതയിലും സവിശേഷമായൊലു പരികല്പനയായി നില്ക്കുന്നു. കാലത്തിന്‍റെ വീചിപ്രവാഹത്തില്‍ അടിതെറ്റിവീണ പ്രാക്തനമൂല്യങ്ങളെ നിസ്സഹായതയോടെയും തെല്ലൊരു നര്‍മ്മോര്‍ക്തി കലര്‍ത്തി ആത്മവിമര്‍ശരൂപത്തിലും ആഖ്യാനിക്കുകയാണതില്‍.
'തന്തപോയ് കളളുകുടിച്ചേ
തള്ളേടെ കാതുകൊഴിച്ചേ
തല്ലല്ലേ കൊല്ലല്ലേയച്ഛാ
പുളളാരു പളളുവിളിച്ചേ' എന്നിങ്ങനെയുളള പാണപ്പാട്ടിലെ പരികല്പനകളെയാണ് മുപ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം വെള്ളിത്തിരയിലൂടെ ആഗോള തരംഗമായ 'ജിമിക്കിക്കമ്മലി'ലേക്ക് അദ്ദേഹം കൈപിടിച്ചു കയറ്റിയത്. പടപ്പാട്ടിലെ പ്രവാസിയുടെ പാട്ട് എന്ന കവിതയാണ് അറബിക്കഥയിലൂടെ വെളളിത്തിരയില്‍ ഹിറ്റായത്.

ഒരു കവിത പിറക്കുന്നു

വര്‍ഷങ്ങള്‍ക്കുമുമ്പ്. ഒരു ജനുവരി 2. കായംകുളം കല്ലുമ്മൂടിനു സമീപം ഹൈവേയുടെ പടിഞ്ഞാറെ വക്കില്‍ അലങ്കരിച്ച് ഒരുക്കിയ രക്തസാക്ഷിമണ്ഡപവും സമ്മേളന നഗരിയും. വൈകുന്നേരമായിരിക്കുന്നു. അവിടേക്ക് ചുവന്ന കൊടികള്‍ പിടിച്ചു വരുന്ന പുരുഷാരം. അവര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ആ ജാഥയുടെ മൂന്നിലേക്ക് കൈനീട്ടിവരുന്ന ഒരു പേക്കോലം. സ്ത്രീയാണ്. മുഷിഞ്ഞ വസ്ത്രം. മനോനിലതെറ്റിയവരാണവരെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. അവര്‍ മുദ്രാവാക്യത്തിനുമീതേ മുഴങ്ങുന്ന ഒച്ചയില്‍ പളളും തെറിയും പറയുന്നുണ്ട്. ഒരു നാണയത്തുട്ടെങ്കിലും തന്‍റെ നേരേ എറിഞ്ഞു പോകാത്തവരോട് അവര്‍ കലിക്കുകയാണ്. അപ്പോള്‍ ജാഥയിലെ അണികളില്‍ ആരോ ആവരെ തിരിച്ചറിയുന്നു. അനുസ്മരിക്കപ്പെടുന്ന രക്തസാക്ഷി സഖാവിന്‍റെ ഭാര്യയായിരുന്നു, ദാരിദ്ര്യം മുറ്റിനിന്ന ആ രൂപം. ആ അമ്മയും ജാഥയും മനസ്സില്‍ നിറച്ച സംഘര്‍ര്‍ഷങ്ങളില്‍ നിന്നും പനച്ചൂരാന്‍ ഒരുവരി പാടി..

'ഓര്‍ക്കുവിന്‍ സഖാക്കളേ നമ്മള്‍ വന്ന വീഥിയില്‍ ആയിരങ്ങള്‍ ചോരായാലെഴുതിവെച്ചവാക്കുകള്‍'

ആ സന്ദര്‍ഭത്തെ വിപുലീകരിച്ച് അദ്ദേഹം എഴുതിയ കവിത വേദികളില്‍ നിന്നും വേദികളിലേക്ക് ഒഴുകിനടന്നു. മനസ്സാക്ഷിമശയുളളവരുടെ കണ്ണും മനസ്സും നീറി. കവിതയില്‍ കമ്യൂണിസ്റ്റുവിരോധം കാണാന്‍ സഖാക്കള്‍ക്ക് അധികനേരം വേണ്ടിവന്നില്ല. കവി ചിലരുടെയെങ്കിലും കണ്ണിലെ കരടായിത്തീരുന്നതങ്ങനെയാണ്..
യാദൃശ്ചികമോ, എന്തോ.. അതേ, തണുപ്പുളള മറ്റൊരു ജനുവരിയുടെ തുടക്കത്തില്‍, അതേ രക്തസാക്ഷി സഖാവിന്‍റെ ഈ വര്‍ഷത്തെ അനുസ്മരണം കൊടിയിറങ്ങുമ്പോള്‍ പനച്ചൂരാന്‍റെ കാവ്യജീവിതത്തിനും വിരാമമായിരിക്കുന്നു.

മരണമെന്ന രൂപകം

എഴുത്തിന്‍റെ ബാല്യം മുതലേ പനച്ചൂരാന്‍ കവിതകളില്‍ പലരൂപങ്ങള്‍ കെട്ടിയാടിയ സൗന്ദര്യത്തോറ്റമാണ് മരണം. മൃത്യുവിന്‍റെ തണുപ്പും സാന്ത്വനവും അദ്ദേഹത്തിന്‍റെ കവിതകളുടെ ആരൂഢമായിത്തീരുന്നുണ്ട്. ആദ്യ സമാഹാരമായ സ്പന്ദനങ്ങളിലെ യാത്രയെന്ന കവിത മറുകരയിലെത്തിക്കുന്ന മരണത്തിന്‍റെ പാട്ടാകുന്നു.

'യാത്രക്കാരാരുമില്ലാത്തൊരീവണ്ടിയില്‍
യാത്രയെങ്ങോട്ടെന്നറിയാതെയേകനായ്
യാത്രാമൊഴിയാരോടും ചൊല്ലാതെ
യാത്രയാകുന്നുഞാന്‍ അവസാനമായ്..
യാതൊന്നുമില്ലിനി കേള്‍ക്കാന്‍, പറയുവാന്‍
യാതൊന്നുമില്ലിനിയോര്‍ക്കാന്‍ മറക്കുവാന്‍
യാതൊന്നിനോടുമില്ലിനിരാഗ, വൈരാഗ്യവും
യാതൊന്നിനോടുമില്ലിനി കാംക്ഷ,ആകാംക്ഷയും
യാതൊന്നിനോടുമില്ലിനി മോഹം, ദാഹവും
യാതൊന്നുമില്ലിനിയോര്‍ത്തു ഭയക്കുവാന്‍
യാചിക്കവേണ്ടയിനിയാരോടും
യാചന കേള്‍ക്കയും വേണ്ട, ഉറങ്ങാമിനി
കാത്തിരിക്കാനിനിയാര്?
കാലംകാത്തിരിക്കില്ലാര്‍ക്കും,
മടങ്ങിവരാനിനിയൊക്കാത്ത, വഴികളും പിന്നിട്ട്
സമയരഥത്തില്‍ ഞാന്‍ മറുകര തേടുന്നു..'

ജീവിതത്തിന്‍റെ നിമ്നോന്നതങ്ങള്‍ താണ്ടിയുളള സഞ്ചാരത്തിന്‍റെ അനിവാര്യവും ആകസ്മികവുമായ അവസാനത്തെ അടയാളപ്പെടുത്തുകയാണ് 'യാത്ര'.

ഒരു ആദ്യകാല കവിതയില്‍, 'മൃത ശരീരത്തില്‍ സുഗന്ധമിറ്റിച്ചു / മഞ്ഞുറഞ്ഞമാത്രകള്‍ കുഴഞ്ഞുവീഴുമ്പോള്‍' (അടച്ചുവെച്ച പുസ്തകം, 1988) എന്നെഴുതിയത് അറംപറ്റുപോലെ, കവിയുടെതന്നെ അവസാന നിമിഷങ്ങളെ പ്രവചിക്കുന്നവയായി. 'കവിതകിനിയുന്ന കരളുമായി ഞാന്‍ കടന്നു പോകുന്നു' എന്ന് മരണവക്ത്രത്തെ മുന്നില്‍കണ്ടെന്നപോലെ അദ്ദേഹം പാടിവെച്ചു (അസ്തമയത്തിലെപാട്ട്, 1990). 'വൃത്തഭംഗങ്ങളുടെ നൈരന്തര്യം' സ്വയം അനുഭവിച്ചകവി, 'നാളത്തെ സൂര്യോദയം നിനക്കുണ്ടാകില്ലെ'ന്ന് 'പ്രവാചകന്‍റെ പുസ്തകം' എന്ന കവിതയില്‍ കുറിച്ചു.
പനച്ചൂരാന്‍റെ ഏറെ പ്രസിദ്ധമായ 'വില്ക്കുവാന്‍ വെച്ചിരിക്കുന്ന പക്ഷികള്‍' എന്ന കവിതയൂടെ ക്ലൈമാക്സിലെ വരികള്‍,
'തലയറഞ്ഞു ചത്തു ഞാന്‍വരും
/ നിന്‍റെ പാട്ടു കേള്‍ക്കുവാനുയിര്‍ /
കൂടുവിട്ടു കൂടുപായുമെന്‍ /
മോഹമാരു കൂട്ടിലാക്കിടും' എന്നിങ്ങനെയാണ്.

Add comment

Submit