ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് കോവിഡ് മഹാമാരി തീർത്ത ദുർഘടത്തിന്റെ നടുവിലാണ് കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കർക്കടകമാസം വന്നുചേർന്നിരിക്കുന്നത്. 

വീണ്ടും ഒരു കർക്കടകമാസം എത്തിയതോടെ എഴുത്തച്ഛന്റെ "അദ്ധ്യാത്മരാമായണ"വും അതുമായി ബന്ധപ്പെട്ട വാദ- പ്രതിവാദങ്ങളും കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തിൽ സജീവമായിരിക്കുകയാണ്. 

കർക്കടകത്തിൽ രാമായണവും ചിങ്ങത്തിൽ കൃഷ്ണപ്പാട്ടും വായിക്കുകയെന്ന രീതി കേരളത്തിൽ ഒരുപാടു കാലമായി പിന്തുടർന്നു വരുന്നുണ്ട്. ഇതിൽ കൃഷ്ണപ്പാട്ടുവായന വടക്കേമലബാറിൽ മാത്രമാണ് കണ്ടുവന്നിരുന്നത്. രാമായണം വായന കേരളമാകെ ഉണ്ടായിരുന്നെങ്കിലും കണ്ണൂർ കാസർഗോഡ്‌ ജില്ലകളിലെ പല ഭാഗങ്ങളിലും അദ്ധ്യാത്മരാമായണത്തേക്കാൾ ചീരാമ കവിയുടെ "രാമചരിത"മായിരുന്നത്രെ പ്രചാരത്തിൽ ഉണ്ടായിരുന്നത്.

കർക്കടമാസത്തിൽ രാമായണം വായിക്കുന്നതിനു വ്യത്യസ്ത കാരണങ്ങൾ പറഞ്ഞുവരുന്നുണ്ട്. ഐതിഹ്യമനുസരിച്ച് ശ്രീരാമന്റെ ജനനം കർക്കടകത്തിൽ ആയതുകൊണ്ടാണെന്നാണ് ഒരു പക്ഷം. വാത്മീകി രാമായണരചന നിർവ്വഹിച്ചത് കർക്കടകത്തിലായതു കൊണ്ടാണ് ഈ മാസം തിരഞ്ഞെടുത്തതെന്നു ചിലർ അഭിപ്രായപ്പെടുന്നു. പണ്ട് കർക്കടകമെന്നാൽ പട്ടിണിയും രോഗങ്ങളും നിറഞ്ഞ, ആർക്കും ജോലിയൊന്നുമില്ലാത്ത, ദുരിതകാലം ആയിരുന്നതിനാൽ അതിൽ നിന്നു രക്ഷനേടാനുള്ള ഒരു മാർഗ്ഗമായാണ് പുണ്യഗ്രന്ഥമായ രാമായണം വായിക്കാൻ ഈ മാസം തിരഞ്ഞെടുത്തത് എന്നാണ് മറ്റൊരഭിപ്രായം. 

ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ അക്ഷരാഭ്യാസവും സമ്പത്തുമെല്ലാം സമൂഹത്തിലെ ചില വിഭാഗങ്ങൾക്കു മാത്രമായിരുന്നു പ്രാപ്യമായിരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഗ്രന്ഥപാരായണമെല്ലാം കുറച്ചാളുകളിൽ മാത്രം ഒതുങ്ങി നിന്നു. പിന്നാക്കവിഭാഗങ്ങളിൽ അപൂർവ്വം ചിലർക്കു മാത്രമേ ഇതിനു കഴിഞ്ഞിരുന്നുള്ളൂ, അതും ശക്തമായ എതിർപ്പുകൾ നേരിട്ടുകൊണ്ട്. അതിനെ ശരിവയ്ക്കുന്നൊരു തെളിവ് ഇന്നും വടക്കൻ കേരളത്തിലുണ്ട്. കോലത്തിരിയുടെ ഭരണകാലത്ത് കണ്ണൂർ പാപ്പിനിശ്ശേരിക്കടുത്തുണ്ടായതെന്നു വിശ്വസിക്കപ്പെടുന്ന ഒരു സംഭവം.

പിന്നാക്ക സമുദായത്തിലെ ഒരമ്മ താൻ പ്രസവിച്ച പതിന്നാലു മക്കളും വസൂരി വന്നു മരിച്ച ദുഃഖത്തിൽ നിന്നു മോചനം നേടാൻ എല്ലാദിവസവും സന്ധ്യക്ക്‌ വീട്ടിലിരുന്ന് ഈണത്തിൽ രാമായണം വായിക്കുമായിരുന്നു. ഇതു കേട്ട് അസൂയമൂത്ത ചില നാട്ടുപ്രമാണിമാർ കോലത്തിരിയോട് പരാതിപ്പെട്ടു. ഉപജാപകരോടൊപ്പം നിന്ന കോലത്തിരി പിന്നാക്കക്കാരിയുടെ അഹങ്കാരത്തിനു ശിക്ഷ വിധിച്ചു. ആ അമ്മയെ ഒറ്റമുണ്ടുടുപ്പിച്ച് തലയിൽ നെരിപ്പോടും അരയിൽ കത്തിച്ച പന്തവും കെട്ടിവച്ച് വള്ളിച്ചങ്ങാടത്തിൽ തോട്ടിലൊഴുക്കി. തന്റെ ദുർഗതിയോർത്ത് മനസ്സിൽ ദേവിയെ പ്രാർത്ഥിച്ച അവർ ഒഴുക്കിൽ കുറേ ദൂരം ചെന്നപ്പോൾ ശരീരമാകെ കത്തിക്കരിഞ്ഞ് ജീവൻ മാത്രം ബാക്കിയായി കരയ്ക്കടുത്തു. ആ അവസ്ഥയിൽ കോലത്തുവയലിലൂടെ നടന്ന അവർ അടുത്തുള്ള ഒരു വീട്ടിൽ വിളക്കു കണ്ട് കയറിച്ചെന്ന് അവിടുത്തെ ഗൃഹനാഥയോട് ഉടുക്കാനൊരു തുണിയും കുടിക്കാൻ വെള്ളവും ചോദിച്ചു. ഗൃഹനാഥയിൽ നിന്ന് അതു സ്വീകരിച്ചതിനു ശേഷം ആ അമ്മ അവിടെ കുഴഞ്ഞു വീണു മരിച്ചു. തുടർന്ന് ദൈവക്കരുവായി മാറിയ അവർ ആ തറവാട്ടിലെ പടിഞ്ഞാറ്റയിൽ കുടി കൊണ്ടുവെന്നാണ് ഐതിഹ്യം. പിന്നീട് ആ തറവാട്ടിലും മറ്റു പലയിടങ്ങളിലും തോട്ടിൻകരഭഗവതി എന്ന പേരിൽ തെയ്യമായി ആരാധിക്കപ്പെട്ടു. തലയിലും അരയിലും പന്തങ്ങളുമായി അതിരൗദ്രരൂപത്തിൽ പുലർച്ചെ ഇറങ്ങുന്ന ഈ അമ്മദൈവത്തെ നമുക്ക് ഇന്നും കാണാം, രാമായണപാരായണത്തിന് ജീവൻ ത്യജിക്കേണ്ടിവന്ന രക്തസാക്ഷിയായി.

കാലവും നിയമങ്ങളും മാറിയതോടെ കേരളത്തിൽ വിദ്യാഭാസം സാർവത്രികമാവുകയും ജാതിവ്യവസ്ഥ പ്രത്യക്ഷത്തിൽ ഇല്ലാതാവുകയും ചെയ്തു. പുരാണപാരായണം, ക്ഷേത്രപ്രവേശനം തുടങ്ങിയവ എല്ലാ വിഭാഗങ്ങൾക്കും സാധ്യമായി. എഴുപതുകളിലുണ്ടായ ചില ഇടപെടലുകളുടെ ഫലമായി പഴയ പഞ്ഞക്കർക്കടകത്തിനു രാമായണമാസമെന്ന പേര് കൈവരിക്കാൻ കഴിയുകയും കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളിൽ രാമായണ പാരായണം ഒരു അനുഷ്‌ഠാനമായി മാറുകയും ചെയ്തു. എൺപതുകളോടെ രാമായണം ഒരു രാഷ്ട്രീയ ആയുധമായിമാറി. ടി.വി. യിൽ രാമായണം സീരിയലായി സംപ്രേഷണം ചെയ്യപ്പെട്ടു. ഈ അനുകൂല ഘടകങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് രാമായണം ആധുനികകാലത്ത് പ്രചുരപ്രചാരം നേടിയത്.

ഇന്ത്യക്കു പുറമേ ബർമ, ഇന്തോനേഷ്യ , കംബോഡിയ , ലാവോസ് , ഫിലിപ്പൈൻസ് , ശ്രീലങ്ക, നേപ്പാൾ, തായ്‌ലൻഡ്, സിങ്കപ്പൂർ, മലേഷ്യ, ജപ്പാൻ, മംഗോളിയ, വിയറ്റ്നാം, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും രാമായണം പ്രചാരത്തിലുണ്ട്.ഈ രാജ്യങ്ങളിലെല്ലാമായി മുന്നൂറോളം രാമായണങ്ങൾ നിലവിലുണ്ടെന്നാണ് അഭിജ്ഞമതം. ഇവയുടെയൊക്കെ ഉള്ളടക്കം ഏകസ്വരൂപമല്ല.

രാമായണത്തെപ്പോലെ ജനങ്ങളെ സ്വാധീനിച്ച ഒരു ഇതിഹാസകാവ്യം ലോകത്തിൽ വേറെ ഉണ്ടെന്നു തോന്നുന്നില്ല. കാവ്യഭംഗിയോടൊപ്പം അതിലെ ഏകകഥാതന്തുവും ജനങ്ങളെ ആകർഷിക്കുന്നതിനു സഹായകമായി. എ.ഡി. എട്ടാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിൽ തുടങ്ങി 15, 16, 17 നൂറ്റാണ്ടുകളിൽ ഇന്ത്യയാകെ പ്രചരിച്ച ഭക്തിപ്രസ്ഥാനമാണ് യഥാർത്ഥത്തിൽ രാമായണത്തെ ഇത്രയേറെ ജനകീയമാക്കിയത്. ആ കാലയളവിൽ മിക്കവാറും ഇന്ത്യൻ പ്രാദേശികഭാഷകളിൽ വാത്മീകി രാമായണത്തിന്റെ ചുവടുപിടിച്ചോ അതിന്റെ സ്വതന്ത്ര പരിഭാഷയായോ വിവിധ രാമായണകൃതികൾ രചിക്കപ്പെട്ടു.സാധാരണക്കാരിലേക്ക് രാമായണകഥ എത്തുന്നതിൽ ഇത് ഏറെ സഹായിച്ചു.

കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് തുഞ്ചത്ത് എഴുത്തച്ഛനാണ്‌. അദ്ദേഹത്തിന്റെ "അദ്ധ്യാത്മരാമായണം കിളിപ്പാട്ടാ"ണ് അതിൽ നേതൃത്വപരമായ പങ്കു വഹിച്ചത്. മലയാളത്തിൽ ഇന്നു കാണുന്നരൂപത്തിലുള്ള അക്ഷരമാലയ്ക്ക് രൂപം കൊടുത്തതും സംസ്കൃതത്തിന്റേയും തമിഴിന്റേയും ആധിപത്യത്തിൽ നിന്നു മോചിപ്പിച്ച് മലയാളത്തെ ഒരു സ്വതന്ത്രഭാഷയായി മാറ്റുന്നതിൽ നിർണ്ണായക സ്ഥാനം വഹിക്കുകയും ചെയ്തതു കൊണ്ടാണ് എഴുത്തച്ഛനെ നാം മലയാളഭാഷയുടെ പിതാവായി പരിഗണിക്കുന്നത്.മലയാളത്തിൽ കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും അദ്ദേഹം തന്നെ. സംസ്കൃതഭാഷയിൽ രചിക്കപ്പെട്ട "അദ്ധ്യാത്മരാമായണ"ത്തിന്റെ സ്വതന്ത്രപരിഭാഷയാണ് എഴുത്തച്ഛന്റെ "അദ്ധ്യാത്മരാമായണം കിളിപ്പാട്ട്". മൂലകൃതിയുമായി താരതമ്യം ചെയ്യുമ്പോൾ എഴുത്തച്ഛന്റെ പരിഭാഷ കാവ്യസൗന്ദര്യത്തിന്റെ കാര്യത്തിൽ ഉദാത്തവും ബഹുദൂരം മുമ്പിലുമാണെന്നാണ് ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായം.
വാത്മീകിയിൽ നിന്നുവിഭിന്നമായി രാമന്റെ ദൈവികതയിൽ ഊന്നിക്കൊണ്ട് രചിക്കപ്പെട്ടതിനാൽ ഭക്തിയാണ് ഈ കൃതിയുടെ അടിസ്ഥാനവികാരം.എന്നാൽ അദ്ധ്യാത്മരാമായണത്തിലൂടെ സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങളും അവരുടെ സുഖദുഃഖങ്ങളും ധാർമ്മികതയും ബന്ധങ്ങളുടെ അർത്ഥവും ആഴവും ഉത്തരവാദിത്തങ്ങളും കടമകളുമെല്ലാം എഴുത്തച്ഛൻ നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അഞ്ചുനൂറ്റാണ്ടുകൾക്കു ശേഷവും ഈ കൃതി ഇന്നും സജീവമായി നിലനിക്കുന്നത്. ഐതിഹ്യങ്ങളിലെ ചരിത്രത്തെ തേടി അനാവശ്യമായി സമയം പാഴാക്കുന്നതിനു പകരം ഈ കൃതിയിലൂടെ അനാവരണം ചെയ്യപ്പെടുന്ന ധാർമ്മികതയെക്കുറിച്ചും ജീവിതമൂല്യങ്ങളെക്കുറിച്ചും ദാർശനികതയെക്കുറിച്ചും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും നിസ്വാർത്ഥമായ ത്യാഗത്തെക്കുറിച്ചും നാം ചർച്ച ചെയ്യുകയാണെങ്കിൽ ഭാവിതലമുറകൾക്കെങ്കിലും അത് പ്രയോജനപ്രദമാകുമായിരുന്നു.കാരണം മൂല്യബോധമുള്ള ഒരു സമൂഹത്തിന്റെ ഭാവി ശുഭകരമായിരിക്കും. രാമായണം ഊന്നൽ കൊടുക്കുന്നതും മൂല്യബോധത്തിനാണല്ലോ.

അദ്ധ്യാത്മരാമായണത്തിലെ ലോകോക്തികൾ:

ഒരു സാഹിത്യകൃതി എന്ന നിലയിൽ രാമായണം വിവിധ തലങ്ങളിലൂടെ നമുക്ക് അനുഭൂതി പകരുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനമായ ഒന്നാണ് രാമായണത്തിലൂടെ എഴുത്തച്ഛൻ ഓർമ്മിപ്പിക്കുന്ന ലോകോക്തികൾ. കർമ്മനിരതമായ ജീവിതത്തിനിടയിൽ നാം നേരിടുന്ന പ്രതിസന്ധികളിൽ നിന്നു കരകയറാൻ അത്തരം ലോകതത്ത്വങ്ങൾ പലപ്പോഴും നമുക്ക് പ്രയോജനപ്രദമായിരിക്കും. ചിന്തോദ്ദീപകങ്ങളായ ലോകോക്തികളുടെ ഒരു അക്ഷയഖനിയാണ് അദ്ധ്യാത്മരാമായണം. കാല – ദേശഭേദമന്യേ എന്നും പ്രസക്തമായ അനേകം ലോകോക്തികളാൽ സമ്പന്നമാണ് ഈ അനശ്വരകൃതി. അവയിലൂടെ അനാവൃതമാകുന്ന ദാർശനികതലം വിവരണാതീതമാണ്. ചില ഉദാഹരണങ്ങൾ നോക്കുക :

 • “കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം “
  ചളി പറ്റിയാൽ സ്വർണ്ണവും പ്രഭയില്ലാത്തതായിത്തീരുമെന്നാണ് ഈ വരികൾ സൂചിപ്പിക്കുന്നത് .

“അയോദ്ധ്യാകാണ്ഡ”ത്തിലെ “അഭിഷേകവിഘ്‌നം” എന്ന ഭാഗത്ത് രാമന്റെ പട്ടാഭിഷേകം മുടക്കാൻ മന്ഥര കൈകേയിയോട് ഉപദേശിക്കുന്ന സമയത്തുള്ളതാണ് ഈ വരി. ഒരാൾ എത്ര നല്ലവനായാലും ദുഷ്ടസംസർഗ്ഗമുണ്ടായാൽ ക്രമേണ സജ്ജനങ്ങളാൽ നിന്ദിക്കപ്പെടുന്ന അവസ്ഥയിലേക്ക് അധഃപതിക്കും എന്നാണ് ആചാര്യൻ നമുക്കു തരുന്ന മുന്നറിയിപ്പ്. സത്സംഗത്തിന്റെ പ്രാധാന്യം എത്ര തന്മയത്വത്തോടെയാണ് മഹാകവി ഈ ഉപമയിലൂടെ വ്യക്തമാക്കിയിരിക്കുന്നത് എന്നു നോക്കുക.

 • 2.”ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
  വേഗേന നഷ്ടമാമായുസ്സുമോർക്ക നീ “
  (ഇന്ദ്രിയങ്ങളെ പ്രീണിപ്പിക്കുന്ന അനുഭവങ്ങളെല്ലാം മിന്നൽ പോലെ അസ്ഥിരമാണ്. നമ്മുടെ ആയുസ്സ് വേഗത്തിൽ നഷ്ടമാവുകയും ചെയ്യുന്നു )
  അയോദ്ധ്യാകാണ്ഡത്തിൽ ലക്ഷ്മണോപദേശത്തിന്റെ ഭാഗമാണീ വരികൾ. ഭരതനെ രാജാവായി വാഴിക്കാനും ശ്രീരാമനെ കാട്ടിലേക്കയക്കാനുമുള്ള തീരുമാനമറിഞ്ഞ് കുപിതനായ ലക്ഷ്മണനെ ആശ്വസിപ്പിച്ചുകൊണ്ട് ശ്രീരാമൻ നൽകുന്ന ഉപദേശങ്ങളിൽപ്പെട്ട ഒന്നാണിത്. സുഖലോലുപതകളിൽ അഭിരമിക്കുകയെന്ന വർത്തമാനകാല സാമൂഹികപ്രവണതയിൽ ഏറെ പ്രസക്തമായ ഓർമ്മപ്പെടുത്തലാണിത്. സുനിശ്ചിതമായ മരണം വരെയുള്ള ഒരു ഹ്രസ്വയാത്രയാണ് ജീവിതമെന്നോർക്കാതെ സർവ്വവും വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ ചിന്ത എത്രമാത്രം മൂഡ്ഡമാണെന്ന് ഈ വരികൾ വ്യക്തമാക്കുന്നു.
 • ”താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേവരൂ “
  (അവരവർ ചെയ്യുന്ന പാപങ്ങളുടെ ഫലം അവരവർ തന്നെ അനുഭവിക്കേണ്ടി വരും എന്നർത്ഥം )
  “അയോദ്ധ്യാകാണ്ഡ”ത്തിൽ “വാത്മീകിയുടെ ആത്മകഥ “പറയുന്നതാണ് സന്ദർഭം. പിടിച്ചുപറിക്കാരനായിരുന്ന വാത്മീകിയോട് സപ്തമുനികൾ ചോദിച്ചു, "നീ ഇപ്പോൾ ചെയ്യുന്ന പാപങ്ങളുടെ ഭാരം അതിന്റെ പങ്കുപറ്റുന്ന കുടുംബാംഗങ്ങൾ കൂടി വഹിക്കുമോ”എന്ന്. ഇതന്വേഷിക്കുവാൻ വീട്ടിലേക്കു ചെന്ന വാത്മീകിയോട് ഭാര്യയും മക്കളും പറയുന്ന മറുപടിയാണിത്. നാം ചെയ്യുന്ന ദുഷ്പ്രവൃത്തികളുടെ അനന്തരഫലം നാം തന്നെ അനുഭവിക്കേണ്ടിവരുമെന്ന ഒരു ബോധമുണ്ടായാൽ സമൂഹത്തിലെ കുറച്ചു പേരെങ്കിലും സദ്‌വൃത്തരായി തീരില്ലേ?
 • ”പ്രത്യുപകാരം മറക്കുന്ന പൂരുഷൻ
  ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും “
  (അതായത്, നമ്മെ സഹായിച്ചവരോടുള്ള പ്രത്യുപകാരം മറക്കുന്നവർ ജീവിച്ചിരിക്കിലും മരിച്ചതിനു തുല്യമാണ് )
  കിഷ്കിന്ധാകാണ്ഡത്തിൽ ഹനുമൽ സുഗ്രീവ സംവാദത്തിൽ ഹനുമാൻ സുഗ്രീവനെ ഓർമ്മിപ്പിക്കുന്ന വാക്കുകളാണിവ. അവനവന്റെ കർത്തവ്യം മറന്നു ജീവിക്കുന്നവർ ശവതുല്യരാണെന്ന് ഓർമ്മപ്പെടുത്തലാണ് ഈ വരികൾ.
 • ”ഇന്ദ്രിയങ്ങൾക്കു വശനാം പുരുഷനു
  വന്നീടുമാപത്തു നിർണ്ണയമോർത്തു കാൺ
  ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു
  വന്നുകൂടും നിജ സൗഖ്യങ്ങളൊക്കവേ “
  യുദ്ധകാണ്ഡത്തിൽ രാവണ – കുംഭകർണ്ണസംഭാഷണത്തിന്റെ ഭാഗമായി കുംഭകർണൻ രാവണനോട്‌ പറയുന്നതാണ് ഈ വരികൾ. ലൌകിക സുഖങ്ങളിൽ അമിതമായി ആമഗ്നരാകുന്നവർക്ക് ആപത്തുകൾ തീർച്ചയാണെന്നും, ഇന്ദിയത്തെ നിയന്ത്രിക്കാൻ കഴിയുന്നവരുടെ ജീവിതം സുഖകരമായി ഭവിക്കുമെന്നുമാണ് ഇവിടെ വിവക്ഷ.
  ജീവിതത്തിൽ ആത്മനിയന്ത്രണത്തിന്റെ അനിവാര്യതയാണ് മഹാകവി നമ്മോട് പറയുന്നത്.
 • “ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
  കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം “
  രാവണ – വിഭീഷണ സംഭാഷണത്തിൽ വിഭീഷണൻ രാവണനെ ഓർമ്മിപ്പിക്കുന്ന വരികളാണിത്. നല്ലകാലത്ത് നമ്മുടെ ഇഷ്ടമറിഞ്ഞ് അതനുസരിച്ച് പറയുന്നവർ കഷ്ടകാലം വരുമ്പോൾ ഉപേക്ഷിച്ചുപോകും. സ്തുതിപാഠകരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.

കേവലം രാമകഥനത്തിലുപരി അദ്ധ്യാത്മരാമായണത്തിലൂടെ മുകളിൽ കൊടുത്ത തരത്തിലുള്ള നിരവധി ലോകതത്ത്വങ്ങൾ ലളിതമായി പ്രതിപാദിക്കുവാൻ എഴുത്തച്ഛൻ അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ഭക്തിയുടെ ഉദാത്തതയ്ക്കും ചരിത്രപരമായ പ്രാധാന്യത്തിനുമപ്പുറം മനുഷ്യമനസ്സിനെ ഉത്കർഷത്തിലേക്ക് നയിക്കുകയെന്ന ഒരു സാഹിത്യകൃതിയുടെ പരമമായ ലക്ഷ്യം നിറവേറ്റാൻ ഇന്നും കഴിയുന്നുവെന്നതുകൊണ്ടാണ് അദ്ധ്യാത്മരാമായണവും എഴുത്തച്ഛനും കാലത്തെ അതിജീവിച്ച് നമ്മോട് ഇന്നും സംവദിച്ചുകൊണ്ടിരിക്കുന്നത്. അതിനിയും തുടർന്നു കൊണ്ടേയിരിക്കും.കാരണം, ആത്യന്തികമായി രാമായണം ചർച്ച ചെയ്യുന്നത് നമ്മെക്കുറിച്ചും നമ്മുടെ പ്രശ്നങ്ങളെക്കുറിച്ചുമാണ്.

Comments

Arjun
0
Arjun
9 months ago
വളരെ വിശദമായി എഴുതി. നല്ല ലേഖനം ❤️
Like Like Reply | Reply with quote | Quote
Ramachandran
0
Ramachandran
3 weeks ago
അടുത്ത കാലത്തായി കർക്കിടകത്തിൽ രാമായണ പാരായണത്തിൽ ഒരു തള്ളു കിട്ടിയിട്ടുണ്ട്. 
Like Like Reply | Reply with quote | Quote

Add comment

Submit