ഭാഷാന്തരങ്ങളിലൂട: വിവരണം - അട്ടപ്പാടി അക്ഷരമാല - രംഗമൂപ്പൻ വികസിപ്പിച്ചത്.

ചെട്ടി എഴുതിവയ്ക്കും, പോകുന്ന വഴികൾ, കാണുന്ന കാഴ്ചകൾ നമ്മള് എഴുതിവെക്കൂല. പണ്ട് കാട്ടില് റാകീം ചാമേം വെതറീറ്റ് കൊയ്ത്താമ്പൊ കമ്പളം പൂട്ടും. എന്നിറ്റ് നമ്മള് ആടും പാടും കൊട്ടും.

കുമ്മിപ്പാട്ട്ണ്ടായ്ന്, കൂത്ത്ണ്ടായ്ന്……. എന്തല്ലൊ ഇണ്ടായ്ന്. ഇന്നതന്നൂല്ല. ആടുമാട്കള മെലേരെ മോൾളേക്ക് തയ്ച്ചിറ്റ് രങ്കമൂപ്പൻ മൊട്ടക്കുന്നിന് മോളില് ഇര്ന്നു. കാറ്റാടി യന്ത്രം പതിയെ പതിയെ കറങ്ങ്ന്നത് കണ്ടു.ചെമ്മണ്ണൂര് ശിവരാത്രിക്ക് മല്ലീശ്വരം കുടീല് തൊട്ടലാട്ടം കറങ്ങ്ന്നത് മാതിരി. എം.എസ്.ഡബ്ല്യു പഠിച്ച പുള്ളമ്മാറ് റിസേർച്ചിനെന്നും പറഞ്ഞിറ്റ് അട്ടപ്പാടീലെ ഊരുകളില് കറങ്ങ്ന്നുണ്ട്.

മൂപ്പൻ, കുറുതലെ, ഭണ്ഡാരി, മണ്ണ്ക്കാരൻ………

ഭണ്ഡാരി വർഷത്തിലൊരിക്കലെ അമ്പലത്തില് പോകൂ. കാരണം ആട്ണ്ട്, മാട്ണ്ട്, കൃഷീണ്ട് എന്നിറ്റ് മണിയടിച്ചിറ്റ് വരും. തമിഴൻ വന്നപ്പാട് ആഴ്ചേല് പോവാൻ തുടങ്ങി. ആഴ്ചേല് പോവുന്നോൻ ആഴ്ചക്കാരൻ, കൊല്ലത്തിന് പോവുന്നോൻ കൊല്ലക്കാരൻ, ദൈവത്തിന് ആഴ്ചക്കാരൻ തുണൈ, അങ്ങനെ കെട്ടിച്ച് അമ്പലം കിട്ടി.

തേക്ക്മുക്ക് ഊരിലെ മല്ലമൂപ്പൻ പറഞ്ഞ കൂത്ത് കഥ:

ഈ കൂത്തെന്താണ് മൂപ്പ.?”

ഭക്ഷണം പാകം ചെയ്തെത്തിച്ചാൽ, തീ പുകയാത്ത അടുപ്പുകൾ പരിഭവം പറയും.

“ഈ ഹരിശ്ചന്ദ്രൻ കൂത്ത്.?”

പുകയേൽക്കാൻ ഇഷ്ടികച്ചുമരുകൾ, തീ പുകയാത്ത അടുപ്പുകൾ, പുകയ്ക്കാത്തതെന്ത്.? പുകയ്ക്കാൻ സമ്മതിക്കാത്തതാര്.?”

ചോറ് നൽകുന്നവർ ചൊറ് വയ്ക്കാനറിയാത്തവരെന്ന് റാഗിവട തിന്നവർ മുദ്രകുത്തി.

റാഗിയും ചായയും കഴിക്കാത്തതിനാലാണ് ശിശു മരിച്ചതെന്ന് കണ്ടുപിടിത്തം.

പണ്ട് മഴയുടെ തോതും, മഴയുടെ കണക്കും, മനക്കണ്ണാൽ പറയുമെന്ന് മണ്ണ്ക്കാരൻ.

തരിശുനിലങ്ങൾ ഓർമ്മിപ്പിച്ചത് കാലാവസ്ഥ വ്യതിയാനത്തിന്റെ കണക്കുകൾ, നാഗമാണിക്യം കൊതിച്ചെത്തുന്ന നായാട്ടുകാർ, കെട്ടടങ്ങാത്ത നമ്മുടെ നീരുറവ, നിഷ്കളങ്കത, ദയനീയത.

ഇത്തിൾ കണ്ണികൾ പോലെ അവർ വളരുന്നു.

ഒരു ദ്വീപായി നാടിന്റെ നേര് വിലപിക്കുന്നു.

രങ്കമൂപ്പൻ ആര്യവേപ്പിന്റെ ചെറുതണ്ട് കടിച്ച് ബ്രഷിന്റെ നേർത്ത നാരുകൾ കണക്കെയാക്കി. പല്ല് തുടച്ചു. തോട്ടിന് കീഴെ കുത്തിയിരുന്നു. ആരും കാണാത്ത സ്ഥലങ്ങൾ. തോട്ടിൽ നിന്നും ചന്തി കഴുകി. ഭവാനി പുഴയിലേക്കിറങ്ങി. ചങ്ക് വരെ വളർന്ന മുടിയിൽ മരത്തൊലി കൊണ്ട് കഴുകി. പതഞ്ഞ തലയിൽ നിന്നും നുരപൊന്തി. മുഖം അരയോളം വെള്ളത്തിൽ മുക്കിയെടുത്തു. കരയിൽ കയറി തുവർത്തിയെടുത്തു. തന്റെ സഞ്ചിയുമെടുത്ത് മലമുകളിലേക്ക് യാത്രയായി. “ആട് മാടുകള് ഏങ്കെ മലമേലെ.? കാങ്കാക്ക് വാ… കായ്കനി തിന്ത് തിമിറ് പേസി എന്നെ ലെക്കാറ്. എന്നതൊഴിച്ചാൽ സൊന്ന, എമ്ത്ത് കൂരൈ വിട്ട് എങ്കതെ പൊയിട്ട,എങ്കെ പോക.?”

“മാടിന കണ്ടാള.?”

“കങ്കണപാത്ത് മസ്റ് വന്നത്, സെഗപ്പ് സൊണൈ…. സൊല്ല്.”

സൊല്ല് സൊക്ക് താനെ നമ്പ്.

രങ്കമൂപ്പൻ മനോഹരമായി ചിരിച്ചു. “സെഗപ്പ് സൊണൈ ആക്കും തുണൈ ആക്കും. “സേറ് മനുഷ്യർക്ക് താ.”

ഭൂതിവഴിയൂരിലെ ചെറുത്ത് നിൽപിന്റെ കഥ.

നാൽപത് വർഷങ്ങൾക്കു മുമ്പ് തുണിവിറ്റ് വന്ന് തമിഴൻ.

കൂര വയ്ക്കാന് സ്ഥലം കൊടുത്ത മൂപ്പൻ.

തമിഴന്റെ ചായക്കടയിൽ കയറിയ ഞങ്ങൾ.

കാശിന് പകരം റാഗി കൊടുത്തപ്പോൾ പാട്ടത്തിന് ഭൂമി ചോദിച്ചവർ.

കാശ് കൊടുക്കുവോളം പാട്തഭൂമി കൈവശം വച്ചവർ.

മരിപ്പിന് ശേഷം ഭൂമി വായ് വാഴ വച്ചവർ, റോഡിനെ ഭയന്നവർ മലമുകളിലേക്ക് യാത്രയായി.

വിൽക്കരുതാത്തതും വാങ്ങരുതാത്തതുമായ മണ്ണാർക്കാട് ആനകെട്ടി റൂട്ടിലെ നിരത്തിനെ കാട്ടി ഭയപ്പെടുത്തി, മൂപ്പൻ കൊടുത്ത സ്ഥലത്ത് കാട് സംരക്ഷിക്കാൻ സമതലങ്ങൾ. മൂലക്കിരുന്ന സ്ഥലത്ത് പെട്രോൾ പമ്പ്, മലകൾക്കിടയിൽ ബിൽഡിംഗുകൾ. ഒരു മൂലയിൽ നിന്നും അരിച്ചിറങ്ങുന്ന ചിതലുകൾ ചിതൽപുറ്റിലെ പാമ്പിനെ കാട്ടി ഭയപ്പെടുത്തുന്നു.

കുന്നുകൾക്കിടയിൽ കമ്പിവേലിയാൽ നിർമ്മിച്ച കുറേ അതിരുകൾ. ചിലതിൽ വാഴകൃഷി കാണാം.ചിലതിൽ തീറ്റപ്പുൽ കൃഷിയും. ഇനിയും അകത്തേക്ക് കാടും കാട്ടരുവികളും വെട്ടുവഴിപ്പാതകളും, കരിമ്പാറകളും, കാക്കപ്പൂക്കളും, കാട്ടുപഴങ്ങളും……രംഗമൂപ്പൻ പറഞ്ഞു.

“എണ്ണെ ലെക്കാറ്. എണ്ണെ ലെക്കാറ്.”

“ആര് ലെക്കാറ്.?”

“അപ്പാത്തത് കാലത്തെ ഉസുറുകാത്ത മെലെ, ആട്, മാട്, മരൊ നമ്ത്ത് നാട് ഇച്ചാദെ അങ്കലാപ്പ് ഊർന്നു ബീവി. കസാങ്ക് കിളച്ച് നടന്ത് എങ്കെ പോക.?”

“പഠിത്ത ആമ്പിളെ നാട് വിട്ട് പോക, പണിക്കുമ്.”

പെണ്ണുങ്ങൾ വെള്ളം ചുമന്ന് ഊരുകൂരയിലേക്ക് പോകുന്നു. രങ്കമൂപ്പന്റെ കാലികൾ ജലസംഭരണിയിൽ നിന്ന് വെള്ളം കുടിക്കുന്നു. രങ്കമൂപ്പൻ കൊകൽ ഔതി കാറ്റിന്റെ താളത്തെ കൊഴുപ്പിക്കുന്നു. മലകളാൽ പൊതിഞ്ഞ് അസ്തമയസൂര്യനെ കാണാതായിരിക്കുന്നു.

രങ്കമൂപ്പൻ മരിപ്പിന് കൊകൽ വായിക്കാൻ പോയി. രങ്കമൂപ്പന്റെ കണക്കിൽ ശത്രുക്കളില്ലായിരുന്നു. എല്ലാവർക്ക് വേണ്ടിയും കൊകൽ വായിച്ചു. ശോകവും പ്രണയവും, ശാന്തവും അതിൽ അന്തർലീനമായിരുന്നു. മരിച്ചവരെ ആഘോഷത്തോടെ യാത്രയാക്കി. എല്ലാവരും അയാളെ ഗൗനിച്ചു. സ്നേഹഗായകൻ, അയാളുടെ മാടുകൾ കൂട്ടിലേക്ക് ആനയിക്കപ്പെട്ടു.

“എമ്ത്ത് സ്വത്ത് നീ വിരിതെ, എമ്ത്ത് പിള്ളേക നമ്ക്ക് വേണ്ടിതെ ഈ കാട്മ് കരനേമ് പിടിത്ത് നാം വെത്ത്റ്ക് കത്.അന്തകാലത്തി പാട്ടി, ബൂട്ടൻ സംഭാരത്ത് വെത്തത് ഈ മലമകുടൊ.”

രങ്കമൂപ്പന്റെ റോഡരികിലുള്ള സ്വത്ത് കൈയ്യേറിയപ്പോൾ അയാൾ വടിയെടുത്തു. രങ്കമ്മ രങ്കമൂപ്പനെതിരെയുള്ള അസഭ്യവാക്കുകൾക്ക് മറുപടി കൊടുത്തു. രങ്കമ്മയുടെ വാക്കുകൾ ആളുകൾ നോക്കി കേട്ടു. അത് മധുരമായ ന്യായങ്ങളായിരുന്നു. രങ്കമൂപ്പൻ വടിയൊടിഞ്ഞു പോവാതെ സൂക്ഷിച്ചു. കന്നുകാലികളെ തെളിച്ചിരുന്ന ഓർമ്മയിൽ പ്രതിരോധിച്ചു. രങ്കമൂപ്പന്റെ സമരം കൊകലിലൂടെ പ്രതിധ്വനിച്ചു. ശോകാന്തരീക്ഷത്തിലും കൊകലിന്റെ താളം തീക്ഷ്ണമായി. പത്തിവിടർത്തിയ പകയുടെ, ചെറുക്കലിന്റെ ഗീതമായി മാറി. മറവ് ചെയ്ത ശവം രാത്രിയിൽ എഴുന്നേറ്റിരുന്നു. തെല്ലുനേരം അനന്തതയിൽ കണ്ട് കാര്യങ്ങൾ പറയാന് തുടങ്ങി. വെളുപ്പാൻ കാലം ശവം അടക്കിയ സ്ഥലത്തേക്ക് രണ്ടാളുകൾ വന്നു. എഴുന്നേറ്റിരുന്ന ശവത്തിന്റെ നെറുകുംതലയിൽ അടിച്ച് വീണ്ടും കുഴിച്ചിട്ടു. കൊകലിന്റെ താളം അപ്പൊഴും കേൾക്കാമായിരുന്നു. പെരുമ്പറകളുടെ ശബ്ദം മുഴങ്ങികേട്ടു. പ്രഭാതത്തിൽ മലയ്ക്ക് മുകളിലെത്താൻ നടിക്കുന്ന സൂര്യനെ നോക്കി രങ്കമൂപ്പൻ കുറേ നേരം ഇരുന്നു.

നക്കുപതിയൂരിലെ ബുദ്ധിജീവി ചിന്തകൾക്ക് കർത്താവിന്റെ നിയമത്തിൽ നമ്മുടെ നാട് പാപികളുടെ കൂടാരമാണ്.

നമ്മൾ അന്യരെ കാട് വെട്ടിത്തെളിച്ച് നാടാക്കിമാറ്റാൻ അനുവദിക്കുന്നു.

കുഞ്ഞാടുകളെ നിങ്ങൾക്ക് കാടകങ്ങളിലേക്ക് രക്ഷനേടുക.

ദൈവദൂതന്മാരുടെ കടന്നു കയറ്റങ്ങൾ നമ്മൾ മലമുകളിലെ ഗുഹയ്കുള്ളിൽ കനലുകളായ് എരിഞ്ഞു.

രങ്കമൂപ്പൻ ഒരു പട്ടികജാതി-പട്ടികവർഗ്ഗ കൺവെൻഷനിൽ സംസാരിക്കുമ്പോൾ കൂടുതൽ വികാരഭരിതനായിരുന്നു. ഒരു തലേക്കെട്ടും കസവ്മുണ്ടും. പഴയമൂപ്പന്റെ പ്രമാണിത്തത്തോടെ അയാൾക്ക് സംസാരിക്കുകയായിരുന്നു. അതിൽ നിന്നും അയാൾക്ക് നേരെ ചില നോട്ടങ്ങളുണ്ടായി. അത് ഇതുവരെ ഊരുകൾ രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞ് തന്നു. അല്ലെങ്കിൽ അവർ നാട്ടിലെ സംഗീതത്തിനും സൗന്ദര്യത്തിനുമപ്പുറം മറ്റൊരു ലോകത്തെക്കുറിച്ച് ആലൊചിച്ചിരുന്നില്ല. പിടിച്ച് പറിക്കാനറിയാത്തവർ, തല്ലാനറിയാത്തവർ, ദേഷ്യപ്പെടാനറിയാത്തവർ, ഇതിൽ നിന്നൊക്കെ രങ്കമൂപ്പൻ മാറിനിന്നു.

ഗുഡ്ഡയൂരിലെ ഒരു നടന്റെ നാടകം അട്ടപ്പാടിക്ക് പുറത്ത് നടിക്കാനാവില്ല ക്ഷണിച്ചവർ. സംഭാഷണങ്ങളുണ്ടായിരുന്നു, കഥാപാത്രത്തെ മനസിലാക്കി പറയാൻ ശ്രമിച്ചു. ആദ്യമൊന്ന് വിക്കി,പിന്നീട് നാവൊടക്കി, അവനെന്തൊ നാവ് വടിച്ചവന്റെ മലയാളത്തൊടും, ചളപളാപറയുന്ന തമിഴിനോടും അടുക്കാനായില്ല.

ആ കഥാപാത്രത്തോട് അസൂയ്യ തോന്നിയ സഹപ്രവർത്തകൻ പറഞ്ഞു.

“നീ ട്രൈബല്ലെ ആ ഭാഷയിൽ പറഞ്ഞാമതി, പ്രാകൃത ഭാഷ പറയുന്ന സീസർ…ഹ….ഹ…..” അവൻ ചിരിച്ചു. മലയാളത്തിൽ ഉച്ഛാരണശുദ്ധിയില്ലെന്ന അപകർഷത നടനെ തളർത്തി. പിന്നീടുള്ള കണ്ണുകൾ അവനെ അപൂർവ്വ ജീവിയെന്ന് കാണിക്കുന്നു. മൂന്നാം ദിനം റിഹേഴ്സൽ മതിയാക്കി അവന് നാട്ടിലേക്ക് മടങ്ങി.

രങ്കമൂപ്പന്റെ പ്രസംഗം:

“ഇപ്പത്തെ പിള്ളേക പ്രതികരിക്കാക് തെരിയാത്തവര്. അതി ഒര് പ്രശ്ന നടക്ക്ത് ന്ത അത് എമ്ത്ത് പ്രശ്ന അല്ല. അത് അവര്ന്ത്, എന്ദ് സൊള്ളി മാറിപോകവര്തെ ഇപ്പത്തെ നമ്ത്ത് പിള്ളേക.നാമ് നന്നാകണോന്ത നാമ് ആര്.?, നാമ് എനാത്.?, നാമ് എച്ചാ.? എന്ത് ഒര് ബോധ നമുക്ക് ഓരോരുത്തർക്ക്മ് ഉണ്ടാകണൊ.ഇന്ദ് ജിഷാന കേരളത്തി പീഡിപ്പിച്ച് കൊന്താറ്, ഇന്ദ് മധൂന പശിക്കത്ക്ക് കെട്ടിയിട്ട് അടിച്ച് കൊന്ദാറ്,അത് മാതിരി നാള നമ്ത്തി ഓരോരുത്തര്മ് ഇതുപോലെ സംഭവിക്കും.നാമ് അട്ടപാട്തി പറന്നത് വളർന്നത് കൊണ്ട് നമുക്ക് നാമോരോരുത്തര്മ് നെനക്കില, ആന അട്ടപാട്തിയെ വിട്ട് വെളിയപോന നാമും ജിഷകളമാതിരി ഒര് ദളിതനാക്കും. അത് നീ വിരി ഓരോരുത്തര്മ് മനസിലാക്ക്.”

രങ്കമൂപ്പൻ സദസ്സിലേക്ക് തിരിക്കുമ്പോൾ ചിലർ കയ്യടിച്ചു. ചിലർ ഭയത്തൊടെ നോക്കി. ചിലർ ഫോണുകളിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

“മപ്പടിച്ച്റ്ക്ക.”

അടുത്തിരുന്നയാള് പരിഹാസത്തോടെ ചോദിച്ചു. നീ ഇരുളരല്ലയാ….. നാമ് മുഡുക.” അയാൾക്ക് വീരവാദം പറഞ്ഞു.എല്ലാവരും കൗതുകത്തോടെ രങ്കമൂപ്പനെ നോക്കി. രങ്കമൂപ്പന്റെ സംസാരത്തിന് ഇതുവരെയില്ലാത്ത വിധം മൂർച്ച വന്നത് മാതിരി. തീവ്രത ഒളിഞ്ഞിരിക്കുന്ന മാതിരി. കുടിക്കുമ്പോൾ മാത്രം വരുന്ന സ്വാതന്ത്ര്യബോധം സ്ഥിരാഹ്വാനമായി കാണേണ്ടതില്ല.അയാൾ ഒരു കസേരയിൽ കൂനിക്കൂടിയിരുന്നു. അപ്പോൾ ചിലർക്ക് ഭയമുണ്ടാകുന്നത് പോലെ,അയാളുടെ അരികിൽ നിന്നും ആളുകൾ കൊഴിഞ്ഞു പോയി. അയാളെ അവർ കണ്ടിരുന്നു.അട്ടപ്പാടിയിൽ മദ്യം നിരോധിച്ച സമയങ്ങളിൽ ചെക്കിങ്ങിന് നിൽക്കുന്ന പോലീസ് കാരോട് കയർക്കാൻ.തമിഴ് നാട്ടിലേക്കും കേരളത്തിലേക്കും മദ്യവെറിയാൽ അലറിപ്പായാൻ, സർക്കാരോഫീസുകളിൽ അലമ്പുണ്ടാക്കാൻ.

“വെരകംപാടിയൂരിലെ ചെറുപ്പക്കാർ അമ്മയോടുമച്ഛനോടും കാര്യമില്ലാതെ കലമ്പുന്നവർ. ചായവയ്ക്കാൻ മടിക്കുന്നവർ, ഹോട്ടലിൽ പോകുന്നത് അഭിമാനമാണ് കാണുന്നവർ. വിദ്യഭ്യാസമുള്ളവർ,ആത്മാഭിമാനം വേദനയാൽ കഴിയുന്നവർ. പുരോഗമനത്തിനും പാരമ്പര്യത്തിനുമിടയിൽ പെട്ടുപോയവർ. ശരികളെ ആകുലതയോടെ കാണുന്നവർ, ജാത്യാഭിമാനം വെടിഞ്ഞവർ, മിശ്രവിവാഹിതർ. മുമ്പില്ലാത്തവിധം കൂട്ടായ്മയ്ക്കും ഫണ്ടിനെക്കുറിച്ചും, ചെലവഴിച്ചതിനെ പറ്റിയും നടപ്പിലാക്കിയതിനെ പറ്റിയും ചിന്തിക്കുന്നവർ.

എങ്കിലും കുന്നുകൾക്കിടയിൽ കാടുകൾക്കിടയിൽ, ദ്വീപുപോലെ ഒരുത്തന്റെ പറമ്പിന്റെ അവർ ഭീതിയോടെ കണ്ടിരുന്നു.

വാട്സപ്പും ഫേസ്ബുക്കും അവരെ സാമിയിൽ നിന്നും മദ്യത്തിൽ നിന്നും മാറ്റിനിർത്തി.

രങ്കമൂപ്പൻ ഭവാനിപ്പുഴയുടെ തീരത്ത് പാറക്കെട്ടുകൾക്ക് താഴെ ആഴ്ന്നുവീഴുന്ന ഗർത്തത്തെ സംയമനത്തോടെ നോക്കി നെടുവീർപ്പിട്ടു. കാലികൾ വെള്ളം കുടിച്ച് മലയിലേക്ക് കയറി. മൂപ്പൻ മുങ്ങി ജലത്തോട് പറഞ്ഞു. ഞാനെന്റെ ഭാഷയ്ക്ക് ലിപിയുണ്ടാക്കി. മീനുകൾ അത് കേട്ട് കാണണം അതിന്റെ മേനിയിൽ അക്ഷരചിഹ്നങ്ങൾ പൊതിഞ്ഞ് കണ്ടു. കാറ്റിനോട് പറഞ്ഞു.കാറ്റിൽ അക്ഷരങ്ങൾ അലക്ഷ്യമായി സഞ്ചരിച്ചു. അവയുടെ രേഖാചിത്രങ്ങൾ അസ്തിരമായിരുന്നു.

രങ്കമൂപ്പൻ കരിങ്കല്ലിൽ വെങ്കല്ലുകൊണ്ടെഴുതി. എഴുതുന്നതിൽ അപാകതയുണ്ടെന്ന് തിരിച്ചറിഞ്ഞു.

അപാകത…….

അപാകത………

നാലുമാസം…..അഞ്ചുമാസം……ആറുമാസം……അതിനപ്പുറം വളർന്നില്ല. വളർത്തണം അയാൾക്ക് വേലാൻപട്ടയുടെ തൊലിപ്പുറം ചെത്തിയെടുത്തു. തണലത്ത് ഉണക്കി. ഒടിഞ്ഞ്പോയ ഭാഗത്തേയും, ചതഞ്ഞ ഭാഗത്തേയും അതിന് നേരെയാക്കാൻ കഴിയും. മുന്തിരിയും വെല്ലവും കൈതച്ചക്കയും വാങ്ങി, വെള്ളമൊഴിച്ച് നിറച്ച് വച്ചു. പത്ത് ദിവസം കാക്കണം.

ഗലസി ഊരിന്റെ അകത്തളങ്ങളിൽ പുളിമരശാഖകകൾ കുറിച്ചിട്ട അക്ഷരവടിവുകൾ.

ഉച്ചവെയിലിൽ വെള്ളമേഘങ്ങളും-പച്ചമലനിരകൾക്കും വെങ്കൽപാറകൾക്കുമിടയിൽ ശിവമകുടം പോലെ കരിങ്കൽ സ്തൂഭം. മലയുടെ ഉയർച്ചതാഴ്ചകളിൽ പരവതാനി തീർത്ത തരംഗദൈർഘ്യങ്ങൾ വരയ്ക്കുന്നു.

ശിവമകുടമായും പാർവ്വതി മുടിക്കെട്ടായും മുല്ലപ്പൂ ചൂടി നിൽക്കുന്ന ഗുഹകൾ. അതിനപ്പുറം സഞ്ചാരയോഗ്യമല്ലാത്ത ഊടുവഴികൾ, വഴികളിൽ വീണു കിടക്കും ബലമുള്ള കാട്ടുവള്ളികൾ. സാമിയടിച്ച് മടുത്ത് കൂനിക്കൂടിയിരിക്കുന്ന ആളുകൾ. അതിനിടയിലേക്ക് പന്നിക്കെണിയും, കവണവേട്ടയും,വേട്ടനായയും.

നോക്കിയപ്പോൾ കണ്ണാടിപോലെ തന്റെ മുഖം പാത്രത്തിൽ തെളിഞ്ഞു കണ്ടു. രങ്കമൂപ്പൻ അടുപ്പുണ്ടാക്കി. തീയുണ്ടാക്കി.പൈപ്പിൻകുഴലിലൂടെ നീരാവി കുപ്പികളിൽ നിറഞ്ഞു. ബിവറേജിലേക്ക് പോകുന്ന ചെക്കമ്മാറെ കയ്യില് ചെല പെണ്ണുങ്ങള് കോട്രൊ, ഹാഫൊ മേണിക്കാൻ പൈസ കൊട്ക്കും. പൈസേണ്ട് ബിവറേജ്ന്ന് സാധനോം മേണിച്ചിറ്റ് രണ്ട് പെഗ്ഗ് അടിച്ചേയ്ന് ശേഷം കൊണ്ടരും. വഴീല് പോലീസിന്റെ ചെക്കിംഗ് ഇണ്ടാവും. നടപ്പ് പറ്റ്യാല് ചെക്കമ്മാറ് പോലീസിന് കളിയാക്കും. പോലീസ്കാര് പൊട്ടിക്ക്ന്നേയ്ന് മുമ്പേ കുപ്പി റോട്ട്മ്മ എട്ത്തെറിഞ്ഞിറ്റ് പൊട്ടിക്കും. പോലീസ്കാർക്ക് ചിരിയാണ് വരാറ്. രാവിലെയായാല് മുഖോം താഴ്ത്തീറ്റ് വെറ്തെ നടക്ക്ന്നുണ്ടാവും. ഒന്നും മിണ്ടീല. രങ്കമൂപ്പൻ ഒരു പോലീസ്കാരന് അടി കൊട്ത്തിറ്റ്ണ്ട്. രങ്കത്തീന ഒരു പോലീസ്കാരൻ കേറിപിടിച്ചപ്പൊ. രങ്കമൂപ്പൻ വടിയെട്ത്തിറ്റ് പോലീസ്കാരന തച്ചു. പോലീസ്കാരൻ മാപ്പ് പറഞ്ഞു. എങ്കിലും ആട് തല്ല്ണ്ടാവും, ചെലപ്പോ വര്ത്തന്മാരെ ശല്യംകൊണ്ടൊ മറ്റൊരു ആയിരിക്കും. മത്ത് പറ്റ്യാല് ചെക്കന്മാർക്ക് ആത്മാഭിമാനമുണ്ടാകും.

തൊട്ക്കിയൂരിലെ രങ്കത്തി. 

തൊട്ക്കിയൂരിലൊരു രങ്കത്തിയുണ്ട്, ഉരുളയ്ക്കുപ്പേരിപോലെ സംസാരിക്കുന്നവൾ. സൗമ്യവും സുന്ദരവുമായ ഭാഷയിൽ, വായാടിയെ പൊലെ, മരമെപ്പോഴാണ് ചിരിക്കുന്നത്.? അവർ ചോദിക്കുന്നു.

മഴ പെയ്ത് മണ്ണ് നനയുമ്പോൾ, മഴ ഇലകളിൽ കുതിർന്ന് ജലശുദ്ധി വരുമ്പോൾ. രങ്കത്തി പറഞ്ഞകഥയിൽ അവർ മദ്ധ്യവിമോചകപ്രവർത്തകയായിരുന്നു.

“സെർക്കടിച്ച് കൂരേലെ സണ്ടെകൂടി, തിമിറ് പേസി ആമ്പിളെ നട്ക്ക്ത്.

തപ്പ്തെ………. ഇവര്ങ്കൊ എത്ത്ന കുടുംബൊ കസക്കിത്, ബ്രാണ്ടി തണ്ണി കുടിച്ച്,കാസ് കളഞ്ചാച്ച്. ഊര് കാങ്കാക്ക് വാ…… നാന് സുഗതകുമാരി ടീച്ചർക്ക് നൻപ് താൻ.

ബിവറേജ് ഉടമയുടെ മുഖം നോക്കി പറഞ്ഞത്.

'ഇത്ക്ക് മൂഞ്ചി പാത്താ അച്ഛാ വര്ത്….. “ സാപ്പ” കർമ്മത്ത്ങ്ങളെ വിട്ട്ട്ങ്കൊ'

“അഗ്ഗ അടിക്ക്ത്, അക്ക അടിക്ക്ത്,അണ്ണ അടിക്ക്ത്,അപ്പെ,താത്തൻ, എല്ലാരും അടിക്ക്ത്. അത് നാലെ കുടുംബത്ത്ക്ക് സണ്ടെ പോട്ത്.സുമ്മ കുടുംബൊ കസക്കി മസറ് കാട്ടി പോയ………. ഇത് പെമ്പിളെ ഒരുമൈ….പുറിഞ്ച്താ….. പൂട്ടണോന്ന പൂട്ടിയിട്ടേ….ആകണൊ.”

രങ്കമൂപ്പൻ താനുണ്ടാക്കിയ നാടന് പട്ടയടിച്ചു.ഇറ്റ് വീഴുന്ന തുള്ളികൾ ഗ്ലാസിൽ പകർന്നു. ഊർന്നുവീഴുന്ന പട്ടക്കുഴലിനരികിൽ അയാൾക്ക് ഇരുന്നു.പന്നിയിറച്ചി ഉണക്കിവച്ചത് വറുത്തെടുത്തു.കുരുമുളക് വാരിവിതറി.ആ പന്നിയെപിടിച്ചതിനൊരു കഥയുണ്ട്. നിലക്കടല പാട്ടത്തിന് മൂലയ്ക്ക് പന്നിക്കെണി വിരിച്ച് രണ്ട് ദിവസം ചെന്ന് നോക്കി ഒന്നും കണ്ടില്ല. മൂന്നാം ദിനം പന്നിവീണു.കമ്പികൾ മൂക്കിൻകുഴലിലൂടെ തുളച്ച് കയറി.വേദനകൊണ്ടത് പിടിയാന തുടങ്ങി.പിന്നെ അതിവേഗത്തിൽ മരത്തിനുചുറ്റും രണ്ട് മീറ്റർ പരിധിക്കുള്ളിൽ കറങ്ങാൻ തുടങ്ങി. ചോരയിൽ കുതിർന്ന പന്നിക്ക് പ്രതികാരമുണ്ടായി. അതിന്റെ ശ്വാസഗതി ഉയർന്ന ശബ്ദങ്ങൾ പുറപ്പെടുവിച്ചു. അത് കണ്ട് പേടിച്ച് കെണിവച്ചവർ രങ്കമൂപ്പനെ വിളിച്ചു. രങ്കമൂപ്പൻ ചെല്ലുമ്പോൾ പന്നി തടിച്ച് കൂടിയ ആളുകൾക്ക് നേരെ കുതിക്കുകയായിരുന്നു. രങ്കമൂപ്പൻ നീളം കൂടിയ മുളംതണ്ട് കുർപ്പിച്ച് കുത്താൻ തുടങ്ങി. ക്രമേണ പന്നിയുടെ ശ്വാസഗതി നിലച്ചു. ഇറച്ചി വീതം വച്ചപ്പൊൾ ഒരു പങ്ക് രംഗമൂപ്പനും കൊടുത്തു.

ഓരോ കവിൾ ഇറക്കുമ്പോഴും കൂടുതൽ ആർത്തി തോന്നി. പിന്നെ പിറ്പിറ്പ്പുണ്ടായി. എന്തൊക്കയോ….. രങ്കത്തി ഒരു പൊതുപരിപാടിയിലെ പ്രസംഗം കഴിഞ്ഞ് തിരിച്ചെത്തി.

“ബ്രാണ്ടിഷാപ്പ് പൂട്ടിയാച്ച്……..”

രങ്കത്തി ഉച്ഛത്തിൽ വിളിച്ച് പറഞ്ഞു. രങ്കമൂപ്പന്റെ മനസ്സിൽ കൂട്ടക്ഷരങ്ങൾ കിടന്നു പിടഞ്ഞു. രങ്കമൂപ്പന്റെ കുഴഞ്ഞ അവസ്ഥ കണ്ട് ദേഷ്യം വന്നു.

“പട്ട അടിച്ചിറ്ക്ക.” രങ്കത്തി രങ്കമൂപ്പനെ തട്ടി. “സോറ് കഴിച്ചാച്ച.?” രങ്കത്തി രങ്കമൂപ്പന്റെ ചെവിയിൽ കടിച്ചു. “പസിക്കത് ല്ലയാ.?”

രങ്കത്തി രങ്കമൂപ്പന് ചോറ് കൊടുത്തു.രങ്കമൂപ്പൻ ഒന്നും പറയാതെ കഴിച്ച് തുടങ്ങി. രണ്ടാമത് ചോറിടാൻ ഭാവിച്ചപ്പോൾ കൈ തട്ടിമാറ്റി. അവർ അകത്ത് പോയി മുരുഡയിൽ വെള്ളം കൊണ്ട് വന്നു. അയാൾ കൈകഴുകി, പുറത്തിരുന്ന് എന്തോ ചിന്തയിലാണ്ടപ്പോൾ പിറകിൽ നിന്നും രങ്കത്തിയുടെ മുലകൾ രങ്കമൂപ്പനെ സ്പർശിച്ചു.

“ഇങ്കെ മലയാളികളിറ്ക്ക്, തമിഴരും ഇറ്ക്ക്. രണ്ടാളും നമ്മക്ക് ഒരുപൊലെയല്ലെ.”

അവൾ കണ്ണുകളിൽ ഉമ്മവച്ചു.പിന്നീടവർ തേൻനുകർന്നു. മരമലകൾക്കിടയിലേക്ക് യാത്രയായി. രങ്കമൂപ്പന്റെ മനസിൽ കൂട്ടക്ഷരങ്ങൾ വളഞ്ഞു പുളഞ്ഞു സഞ്ചരിച്ചു. “ത്ത”യുടെ വളഞ്ഞുപുളയൽ, ഓരൊ അക്ഷരങ്ങൾക്കും ഉച്ഛാരണശുദ്ധിയുണ്ടാകണം. രങ്കമൂപ്പൻ അക്ഷരങ്ങളുണ്ടാക്കി. വായ്ത്താരിയുണ്ടാക്കി. ഈണങ്ങളുണ്ടാക്കി. പാട്ട് പാടി. ഒരു ഓടക്കുഴലിനും കുറേ കാലികൾക്കുമിടയിൽ മലമുകളിലെ ഒറ്റമരത്തിനടിയിൽ ഇരുന്നു.

“എങ്കെ പോക മെലെ മേലെ

എനാക് പോക മെലെ മേലെ

എമ്ത്ത് നാട് മെലെ മേലെ

എമ്ത്ത് കൂരെ മെലെ മേലെ

എനാത്തിരിര്ക്ക് മെലെ മേലെ

മെലെ മേലെ കിസങ്കിര്ക്ക്

ഉരാമേലെ പാമിരിര്ക്ക്

ഏനപാമ്മ മരൊമേലെ

എനകിസങ്ക് മെലെ മേലെ

മലമേലെ നുറെ കെസങ്ക്

മരൊമേലെ ഈസി പാമു

മലമേലെ ദൊഡ്ഡി കെസ്സങ്ക്

മരൊമേലെ നേറ പാമു.

രങ്കമൂപ്പൻ പാടിയത് രങ്കത്തി കേട്ടിരുന്നു.അതൊരു അതിജീവനം പോലെ തോന്നി. ഇത്രയും മനോഹരമായി നിങ്ങളെന്തിന് കാടിന്റെ ഭാഷ ചൊല്ലി നടക്കുന്നു. 

കൗണ്ടികാൽ ഊരിലെ ദൈവം മല്ലീശ്വരയപ്പൻ ഇരുളരുടെ ചങ്ങാടത്തിൽ ഭവാനിപുഴ കടന്നു. ആരോ പുറംതള്ളിയതാണെന്ന് പറഞ്ഞു. ഭവാനിപുഴ കടന്ന് വിശന്നും ദാഹിച്ചും വലഞ്ഞ്, കാട്ടിലേക്ക് കാലെടുത്തു വച്ചു. മുഡുകർ ചങ്ക് വരെ തേൻകുടിച്ച് തൂറിയ തീട്ടപ്പിട്ട, മല്ലീശ്വരയപ്പൻ വിരലോടിച്ച് നക്കി.

“എനാക്ക് ഏൻ തൂറിയ തീട്ടത്തെ തിന്ന്ത്.?”

അവർ മല്ലീശ്വരയപ്പന്റെ ചങ്കിൽകേറി പിടിച്ചു. അവർ മുളന്തണ്ടിൽ നിറച്ച തേൻ മല്ലീശ്വരന് നൽകി. മല്ലീശ്വരൻ വലിയവനാണ് അവരവനെ വലിയ കുന്നിന് മുകളിൽ കുടിയിരുത്തി. മല്ലീശ്വരൻ ചെരിഞ്ഞിരുന്ന് അവരുടെ ആട്ടവും പാട്ടും കൊട്ടും കണ്ടു. മലകൾക്ക് കാവലാളായി. മുഖം മുന്ന്ഭാഗത്തേക്കും തിരിഞ്ഞു. ഇരുളർ…..മുഡുകർ……കുറുമ്പർ.

രങ്കമൂപ്പൻ എഴുതുന്നത് കാണാൻ നല്ല രസമാണ്. എന്നാൽ കുടിച്ചിങ്ങനെ കിടക്കുന്നത് കാണാന് അത്ര രസൂല്ല. പോരേങ്കില് രങ്കത്തീരെ ഭർത്താവ് നന്ന് പറഞ്ഞാല് ബില്ലോരു ആളല്ലെ, എല്ലാരിക്കും വേണ്ടാള്, ഏതോ ഊരില് ബാട്രീം സോഡപ്പൊടീം ഇട്ട് കലക്കിയ വെള്ളം കുടിച്ചിറ്റ് അന്നനാളം കത്തീറ്റ് കൊറേ ആള് ചത്തു. അത് കേട്ടപ്പാട് രങ്കത്തിക്ക് പേടിയായി.രങ്കത്തി മൂപ്പനോട് പറഞ്ഞു.

“കഞ്ഞി വെക്ക്.”

മൂപ്പൻ സ്റ്റോറിലെ അരി കഴുകിയിട്ട് അടുപ്പിന്നടുത്ത് കുത്തിയിരുന്നു.

“കറി വെക്ക്.”

മൂപ്പൻ ഉള്ളീം പരിപ്പും തക്കാളീം കൊണ്ട് രസൂണ്ടാക്കി. രങ്കത്തിക്ക് ചോറ് വെളമ്പി. സാറ് വെളമ്പി. രങ്കത്തി ഏമ്പക്കം വിട്ടു. രങ്കത്തി പറഞ്ഞു.

“എന്റൊക്ക ഇപ്പൊ കൊറേ ആള്ണ്ട്. എനീം കളിച്ചാല് ഞാൻ ഇട്ടിറ്റ് പോവും.”

രങ്കമൂപ്പൻ കറുത്ത തുണി നേരെയാക്കീറ്റ് നാളത്തേക്ക് നോക്കി. വീടിന്റെ ചൊമരില് എന്തല്ലൊ എഴുതാൻ തുടങ്ങി.

 

Add comment

Submit