(Sathish Thottassery)

വൈലോപ്പിള്ളി ശ്രീധരമേനോൻ കാക്ക എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട്

കാകഃ കൃഷ്ണഃ പികഃ കൃഷ്ണഃ 
കോ ഭേദഃ പികകാകയോഃ 
വസന്തകാലേ സംപ്രാപ്തേ 
കാകഃ കാകഃ, പികഃ പികഃ”

എന്നുവെച്ചാൽ കാക്കക്കും കുയിലിനും നിറം കറുപ്പാണ്. രണ്ടിനെയും തിരിച്ചറിയണമെങ്കിൽ വസന്തകാലം വരണം എന്നാണ്. വാഴക്കയ്യിലിരുന്നു വിരുന്നു വിളിക്കുന്ന കാക്കകൾ നമ്മുടെയെല്ലാം ബാല്യകാല കൗതുകങ്ങളിലെ നിത്യ നിറ ചാർത്തുകളായിരുന്നല്ലോ. ഒട്ടുമൂച്ചിയിലെ മാമ്പഴങ്ങൾ കൊത്തി താഴെയിടുന്ന കാക്ക. മഴക്കാലത്ത് നനഞ്ഞു കുതിർന്നു വിറങ്ങലിച്ചു മരക്കൊമ്പുകളിൽ തപസ്സിരിക്കുന്ന കാക്ക. അങ്ങിനെ നമ്മൾക്ക് സുപരിചിതനായ ജനകീയ പക്ഷി കാക്ക മാത്രം. 

നാട്ടിൽ രണ്ടു തരം കാക്കകളെ കണ്ടിട്ടുണ്ട് കറുത്തു സുന്ദരിയായ ബലിക്കാക്കയും, കഴുത്തിലും തലയിലും ചാരനിറമുള്ള പേന കാക്കയും. ഭാര്യവീട്ടുകാരും നാട്ടുകാരും ഇതിനെ "കാവതി" കാക്കയെന്നാണത്രെ പറയുക. ബലികാക്കകൾ പൊതുവെ തറവാടികളും മാന്യത ഉള്ളവരുമത്രെ. എന്നാൽ മൊട്ടക്കാക്കകൾ കള്ളലക്ഷണമുള്ളവയും, കൊതിയന്മാരും,  ആർത്തിപണ്ടാരങ്ങളുമാണ്. എന്തായാലും മനസ്സിൽ,  ഉപേക്ഷിക്കപ്പെട്ട കവാടങ്ങളിൽ മാറാല എന്നപോലെ കുറേ കാക്കയോർമ്മകൾ ചിറകടിക്കുന്നുണ്ട്. 

ഉച്ചയൂണ് സമയത്തു് അച്ഛേമ ശുനകൻസിനു ചോറുകൊടുക്കുമ്പോൾ അഞ്ചാറ് ഉരുളകൾ കിഴക്കുഭാഗത്തെ ഓടിന്റെ ചായ്‌വുകൾ സംഗമിക്കുന്ന തകര പാത്തിയിലേക്കു ജപിച്ചെറിയും. 
ഊണ് കാത്തു "കീച് കീച്"എന്ന് പറഞ്ഞു ബഹളം വെക്കുന്ന അണ്ണാറക്കണ്ണന്മാരെ ഉദ്ദേശിച്ചാണ് ഈ ഉരുളയേറ്. എന്നാൽ പുളിങ്കൊമ്പിൽ വിശന്നു കാത്തിരിക്കുന്ന കാക്കകൾ അപ്പോൾ പാത്തിയിലേക്കും  ഓട്ടിൻപുറത്തേക്കും പറന്നിറങ്ങും. പിന്നെ ചോറിനു വേണ്ടിയുള്ള ഇവർ തമ്മിലുള്ള ഗുസ്തിയായിരിക്കും. അണ്ണാന്മാരുടെ വാലുകൾ വിജൃംഭിക്കും. ഉയർത്തിപ്പിടിച്ച വാലുമായി അവർ കാക്കകളെ ഓടിക്കും.
കാക്കകൾ അവരെയും ഓടിച്ചു ഉരുളകൾ കൊത്തും. പത്തുമിനിറ്റോളം ഇവരുടെ യുദ്ധം കൊണ്ട് തകര പാത്തി ശബ്ദ മുഖരിതമാകും. 

ചേരൂരിൽ ഞങ്ങളുടെ വീടിന്റെ പുറകിലെ ജാനകി ആന്റിയുടെ ജർമൻ ഷെപ്പേർഡ് ജിമ്മി, ചാള നേരാക്കുമ്പോൾ അവിടത്തെ അരമതിലിൽ  കാലും കേറ്റിവെച്ച് മത്തിത്തലയ്ക്കു കാത്തു നിൽക്കും. ഒരിക്കൽ അതിന്റെ വായിൽ നിന്നും ഒരു കൊതിയൻ കാക്ക മത്തിത്തലയും കൊത്തി പറന്നു. അതിൽ പിന്നെ കാക്കകളെ കണ്ടാൽ നിലം തൊടാതെ ചേസ് ചെയ്തു ഓടിക്കുമായിരുന്നു. 

ബലിക്കാക്കകൾ പിതൃബലിയിടുമ്പോൾ അടുത്തുള്ള മരങ്ങളിൽ നിന്നും പറന്നിറങ്ങി ബലിച്ചോറു തിന്നുമ്പോൾ ബലി ഇടുന്നവർക്ക് വലിയ ആശ്വാസമാകും. പരേതന്റെ അല്ലെങ്കിൽ പരേതയുടെ ആത്‌മാവ്‌ ആണ് ചോറ് ഉണ്ടത്‌ എന്ന സങ്കൽപം. പണ്ടൊരിക്കൽ മുത്തശ്ശന്  ബലിയിട്ടപ്പോൾ ആദ്യം മുത്തശ്ശൻകാക്ക വന്നു സഞ്ചി നിറച്ചു പറന്നുപോകുകയും പിന്നെ ഉണ്ണിമാഷ്, അപ്പുവാര് തുടങ്ങിയ ഉറ്റ കൂട്ടുകാർ  കാക്കകളെയും കൂട്ടിക്കൊണ്ടുവന്നു സഞ്ചി നിറപ്പിച്ചു എന്നും മണി എളേച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരിക്കൽ മങ്കാച്ചി മാറത്തിട്ട മുഷിഞ്ഞ ഒറ്റ മുണ്ടിന്റെ മേലെയുള്ള ക്‌ളീവേജിലേക്കു ചെരിഞ്ഞു നോക്കുന്ന ഒരു കള്ളക്കാക്കയോട് "എന്നടാ തുറിച്ചു പാക്കർത്തുക്കു വേറെ ഇടമില്ലയാ" എന്ന് പറഞ്ഞു തെറിപറഞ്ഞോടിക്കുന്നതു കണ്ടിട്ടുണ്ട്. 

അയിലൂർ യൂ പി സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ക്ലാസ്സിൽ ഒരു കൈപ്പഞ്ചേരിക്കാരൻ ലക്ഷ്മണൻ ഉണ്ടായിരുന്നു. ലക്ഷ്മണൻ മാസത്തിൽ ഒരിക്കൽ വഴുക്ക മൊട്ട അടിക്കും. എന്നിട്ട്‌ മൊട്ട തലയിൽ ചന്ദനം 
പുരട്ടിയാണ്‌ ക്ലാസ്സിൽ വരുക. കാലത്തെ ഇന്റെർവെല്ലിനു വിടുന്ന സമയത്തു് ഒരു മൊട്ടകാക്ക ലക്ഷ്മണനെ കാത്തുകൊണ്ട് ഉപ്പുമാവ് പുരയുടെ മേലെ ഇരിക്കും. ലക്ഷ്മണന്റെ മൊട്ട തലയിൽ പറന്നു കൊത്തലായിരുന്നു ആ കാക്കയുടെ ഇഷ്ട വിനോദം. ഇത് പതിവായപ്പോൾ തലയിൽ. കുറച്ചു മുടി വളരുന്നത് വരെ ലക്ഷ്മണൻ ക്ലാസ്സിൽ നിന്നും കാക്കയെ പേടിച്ചു വെളിയിൽ ഇറങ്ങാതെയായി. പിന്നെ 
പഴനാണ്ടി മാഷ് ഒരു പോംവഴി പറഞ്ഞു കൊടുത്തു. പുറത്തിറങ്ങുമ്പോൾ ഒരു കുട തലക്കരികിൽ പിടിക്കാൻ. പിന്നീടങ്ങോട്ട് ലക്ഷ്മണൻ മൊട്ടയടിച്ചാൽ കുറെ ദിവസം കുടയും പിടിച്ചു നടക്കുമായിരുന്നു. 

ഒരു കല്യാണദിവസത്തെ കാക്കയോർമ്മ ഇപ്പോഴും ഉണ്ട്.  കാലത്തു ഏഴു മണിയോടെ കല്യാണത്തിന് പോകേണ്ട നാട്ടുകാരൊക്കെ എത്തി പ്രാതൽ കഴിക്കുന്നു. ഉപ്പുമാവായിരുന്നെന്നാണ് തോന്നുന്നത്. കല്യാണ ബസ്സ് കുളത്തുംപള്ളയിൽ കാത്തു നിൽക്കുന്നു. മണിയൻ നായർ ഉപ്പുമാവ് കഴിച്ചു. കിഴക്കുഭാഗത്തു കൈ കഴുകാൻ വെച്ചിട്ടുള്ള മൊന്തക്കടുത്തു വന്നു വായ കഴുകുമ്പോൾ എന്തോ 
വെപ്പുപല്ലിനിടയിൽ കുടുങ്ങിയതായി കണ്ടു. അതെടുക്കാൻ പറ്റാതെ മേൽ വരിയിലെ പല്ലെടുത്തു കുടുങ്ങിയസാധനം എടുത്തു കളഞ്ഞു. പല്ല്‌ സൈഡിൽ വെച്ച് വായ കഴുകുന്ന നേരത്താണ് അത് സംഭവിച്ചത്. ഒരു കഴുവേറി കാക്ക പുളിമരക്കൊമ്പിൽ നിന്നും ഞൊടിയിട കൊണ്ട് പറന്നുവന്നു പല്ലും റാഞ്ചി കൊണ്ട് തെക്കോട്ടു കൊക്കിമൂച്ചിയെ ലക്ഷ്യമാക്കി പറന്നകന്നു. മണിയൻ നായർക്ക് മേൽവരി പല്ലിന്റെ അഭാവത്തിൽ പെട്ടെന്ന് ഒന്ന് വിളിച്ചു കൂവാൻ വരെ പറ്റിയില്ല. അന്ന് അദ്ദേഹത്തിന് താഴത്തെ വരിയിലെ പല്ലും അഴിച്ചുവെച്ചു കല്യാണത്തിനു പോകേണ്ടി വന്നു. ആസ്വദിച്ച് നല്ലൊരു സദ്യ കഴിക്കാനിട്ടിരുന്ന പ്ലാനും അന്ന് തൊപ്ലാൻ ആയത്രേ. പിന്നെ കാലാന്തരത്തിൽ കൊക്കി മൂച്ചി മുറിച്ചപ്പോള് അതിലുണ്ടായിരുന്ന പഴയ ഒരു കാക്ക കൂട്ടിൽ ഈ സെറ്റ് പല്ല്‌ ഭദ്രമായി ഇരിക്കുന്നുണ്ടായിരുന്നത്രെ. 

Add comment

Submit