(Sathish Thottassery)

പ്രിയമുള്ള ഭഗത് സിംഗ്,

ജനിമൃതികളുടെ പന്ഥാവിൽ എവിടെയെങ്കിലും വെച്ച് ഈ കത്ത് താങ്കൾക്കു വായിക്കുവാനാകും എന്ന അങ്ങേയറ്റത്തെ പ്രതീക്ഷയോടെയാണ് ഞാനിതെഴുതുന്നത്‌.

അങ്ങ് ഇവിടെ ജനിച്ചു ജീവിച്ചു മരിച്ചവർക്കായി, ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നവർക്കായി താങ്കളുടെ ജീവിതം കൊണ്ട് രചിച്ച വിപ്ലവ ചിന്തകൾ ഇന്നും പൂർവ്വാധികം ഉജ്വലമായി ജ്വലിച്ചു കൊണ്ടിരിക്കുന്നു എന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ട്. "നിലവിലിരുന്ന ഇരുട്ടിനെ തുരത്തിക്കൊണ്ട് രാജ്യത്തിന്റെ ഒരു ദിക്കിൽ നിന്നും മറ്റിടങ്ങളിലേക്ക് പകർന്ന ഒരു തീജ്വാലയായിരുന്നു ഭഗത് സിങ്" എന്ന് ജവഹർ ലാൽ നെഹ്‌റു പറഞ്ഞത് എത്ര മേൽ ആവേശോജ്വലമാണെന്നു താങ്കളെ മനസ്സിലാക്കിയവർക്ക്‌ ഒരു പുതിയ അറിവല്ല.

നിഷ്കളങ്കരും സ്വാതന്ത്ര്യ ദാഹികളുമായ സമര സഖാക്കളുടെ രക്തം ചിന്തിയ ജാലിയൻ വാലാബാഗിലെ രക്തം പുരണ്ട മണ്ണെടുത്തു ഒരു സ്ഫടികപാത്രത്തിൽ സൂക്ഷിച്ചു കൊണ്ട്‌ അങ്ങ് നടത്തിയ പ്രതികാരത്തിന്റെ ചരിത്രം ഓരോ ഇന്ത്യക്കാരന്റെയും സ്വാതന്ത്ര്യത്തോടു ടുള്ള അഭിനിവേശത്തിന്റെ തിരമാലകളായി മാറി. നട്ടെല്ല് നിവർത്തി പിടിച്ചു കൊണ്ട് ഈ ഭൂമിയിൽ ഒരു മനുഷ്യനെ പോലെ ജീവിക്കാനുള്ള കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയാഭിലാഷത്തെ ആ സംഭവം അങ്ങേയറ്റം ആവേശോജ്വലമാക്കി.

അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയാനും സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുമുള്ള ജനകോടികൾക്കുള്ള ഒരു ആഹ്വാനം കൂടിയായിരുന്നു അത്. താങ്കൾ ഏതൊരു സ്വപ്നസാക്ഷാത് കാരത്തിനായി സ്വന്തം ജീവൻ ബലി നൽകിയോ ആ സ്വപ്നം യാഥാർഥ്യമായിട്ടു ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യം താങ്കൾ വിഭാവനം ചെയ്ത സായുധ വിപ്ലവത്തിൽ കൂടിയല്ല വന്നെത്തിയതെങ്കിലും അതിനു ശേഷം ഭീകരമായ രക്ത ചൊരിച്ചിൽ ഇവിടെ നടന്നു. കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്ന ഇന്ത്യ വിഭജനം ക്രൂരവും ഹൃദയഭേദകവുമായ രക്തച്ചൊരിച്ചിൽ സൃഷ്ടിക്കുകയും വരും കാലങ്ങളിൽ രാജ്യത്തിൻറെ അതിർത്തികൾ അശാന്തമാക്കയും ചെയ്തു. നൂറ്റി പതിനാറു ദിവസങ്ങൾ ബ്രിട്ടീഷ് തടങ്കലിൽ നിരാഹാരം അനുഷ്ഠിച്ചതും ഇന്നും ഞങ്ങൾക്ക്‌ അദ്‌ഭുതത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ. കൊടുങ്കാറ്റടിക്കുമ്പോൾ കടപുഴകാതെ നിൽക്കണമെങ്കിൽ ഉത്കടമായ ആത്മധൈര്യം ആവശ്യമാണെന്ന് പറയുകയും ജീവിതത്തിലൂടെ സ്വന്തം ആദർശങ്ങൾക്കു പുതിയ ഭാഷ്യങ്ങൾ നൽകുകയും ചെയ്ത അങ്ങയുടെ ജീവിതം ഞങ്ങൾക്ക് ഒരു പാഠപുസ്തകമാണ്.ഒരു ദശാബ്ദം മുൻപ് ഏറ്റവും മഹാനായ ഇന്ത്യ ക്കാരനെ കണ്ടെത്താനായിഇവിടത്തെ ഒരു പ്രമുഖ വാർത്താ മാധ്യമം നടത്തിയ സർവ്വേയിൽ മഹാത്മാ ഗാന്ധിജിയെപ്പോലും മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് അങ്ങയുടെ നാമധേയം ഒന്നാം സ്ഥാനത്തേക്ക് വന്നു എന്നുള്ളത് ഞങ്ങളുടെ മനസ്സുകളിൽ അങ്ങേക്കുള്ള സ്ഥാനത്തെ അടയാളപ്പെടുത്തുന്നു.

ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെ എതിർത്തതിന്റെ പേരിലും കൊല്ലിന് കൊല എന്ന താങ്കളുടെ രാഷ്ട്രീയ ദർശനത്തിലും പിന്നീട് പല ചർച്ചകളും ഉണ്ടായി. ഇർവിൻ പ്രഭുവുമായി സന്ധി ചെയ്തപ്പോൾ ഗാന്ധിജി അങ്ങയുടെ വധശിക്ഷ റദ്ദാക്കാൻ ഒന്നും ചെയ്തില്ല തുടങ്ങിയ വാദങ്ങൾ രാഷ്ട്രീയ ചരിത്രത്തെ കലുഷിതമാക്കിയ കാര്യവും അങ്ങറിഞ്ഞുകാണുമെന്നാണ് എന്റെ വിശ്വാസം. എന്നാൽ ഇർവിൻ പ്രഭു തന്നെ താങ്കളെ കുറ്റവിമുക്തമാക്കാൻ ഗാന്ധിജി നടത്തിയ ശ്രമങ്ങളെ കുറിച്ച് ചരിത്രത്തിൽ പരാമർശിച്ച കാര്യം താങ്കൾ അറിഞ്ഞിരിക്കാൻ ഇടയില്ല. സൈമൺ കമ്മീഷനെതിരെയുള്ള സമരത്തിലാണല്ലോ സ്കോട് എന്ന ബ്രിട്ടീഷ് പൊലീസ് മേധാവി ലാത്തിച്ചാർജ് നടത്തുകയും അയാളെ ഉന്മൂലനം നടത്താൻ നിങ്ങൾ തീരുമാനിക്കുകയും ചെയ്തത്. പക്ഷെ അന്ന് തോക്കിനിരയായതു സാൻഡേഴ്സൻ എന്ന പോലീസുകാരനായിരുന്നല്ലോ. പാക്കിസ്ഥാനും ബംഗ്ലദേശും സ്വതന്ത്ര ഭാരതവും ഇല്ലാതിരുന്ന കാലത്താണല്ലോ അങ്ങയുടെ മനസ്സിൽ ഇന്ത്യ എന്ന വിചാരം മൊട്ടിടുന്നതും, ആ ലക്ഷ്യപ്രാപ്തിയിലേക്കുള്ള അങ്ങയുടെ യാത്ര തുടങ്ങുന്നതും. ഇന്ത്യൻ സ്വാതത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യാനുള്ള സന്നദ്ധത വിളിച്ചോതുന്ന രീതിയിലായിരുന്നല്ലോ

അങ്ങയുടെ ഓരോ സമര നീക്കങ്ങളും. അന്നത്തെ ഇന്ത്യയിലെബ്രിട്ടീഷ് അസ്സെംബ്ലി കൂടിക്കൊണ്ടിരിക്കുമ്പോൾ ആരെയും കൊല്ലാതെ ബോംബെറിഞ്ഞശേഷം താങ്കളും സംഘവും ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ലഘുലേഖകൾ കാറ്റിൽ പറത്തി വിടുകയായിരുന്നല്ലോ.അന്ന് കീഴടങ്ങിയപ്പോൾ താങ്കളുടെ കയ്യിലുണ്ടായിരുന്ന സാൻഡേഴ്സനെ കൊന്ന തോക്കു കാരണമാണല്ലോ താങ്കൾ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതും. സ്വാതന്ത്ര്യാനന്തരം രാജ്യം ഭരിച്ച സർക്കാരുകൾ രാജ്യത്തെ പുരോഗതിയുടെ പടവുകളിലൂടെ ടെ മറ്റു വികസിത രാജ്യങ്ങളുടെ ഒപ്പം നിൽക്കാനുള്ള ഗരിമയിലേക്കുയർത്തി. പട്ടിണി നിർമ്മാർജ്ജനത്തിലും ശാസ്ത്ര സാങ്കേതിക ബഹിരാകാശ ഗവേഷണങ്ങളിലും വിവര സാങ്കേതിക രംഗത്തും ഇന്ന് നമ്മുടെ ഇന്ത്യ വളരെ മുന്നോട്ടു പോയിട്ടുണ്ട്. അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും കെടുകാര്യസ്ഥതയും നാൾക്കുനാൾ വർധിച്ചുവരുന്ന കാര്യം വിട്ടുകളയുന്നില്ല.ലാല ലജ്പത് റായിയുടെ ധീരമായ നേതൃത്വത്തിൽ ധീര ദേശാഭിമാനിയായ താങ്കൾ ഇരുപത്തി മൂന്നാം വയസ്സിൽ സുസ്മേര വദനനായി കഴുമരത്തെ പുൽകിയപ്പോൾ അന്നേവരെ യുണ്ടായിരുന്ന രാഷ്ട്രീയ പോരാട്ട സങ്കൽപ്പങ്ങൾക്ക് ഒരു പുതിയ മാനം കുറിക്കപ്പെടുകയാണുണ്ടായത്.

ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മരണത്തെ തൃണവൽക്കരിച്ചുകൊണ്ടു സമരമുഖങ്ങളിൽ ആവേശത്തോടെ പൊരുതാനും, രക്ത സാക്ഷിത്വം വരിക്കാനും താങ്കൾ കൊളുത്തിയ ആശയ സമര ജ്വാലയെ പ്രത്യയ ശാസ്ത്ര ഭേദമന്യേ സഹസ്രങ്ങൾ ഇന്നും തീപ്പന്തങ്ങളായി ജ്വലിപ്പിക്കുന്നതും അതുകൊണ്ടുതന്നെയാണ്. അതെ ഭഗത് സിംഗ്. താങ്കൾ ഇന്നും ജീവിക്കുന്നു. ജനകോടികളുടെ മനസ്സുകളിൽ സമരാവേശമുണർത്തി ക്കൊണ്ട് നിങ്ങളുടെ ശബ്ദം ഇടിമുഴക്കമായി പെയ്തിറങ്ങിയ ഇൻക്വിലാബ് സിന്ദാബാദ്..ഇന്നും ഇവിടെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. അവിടത്തെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. മറുപടി ഉണ്ടാകുമെന്ന പ്രതീക്ഷയോടെ

സസ്നേഹം   

Add comment

Submit