(Sathish Thottassery)

ബസ്സിൽ സാധാരണയിൽ കവിഞ്ഞ തിരക്കുണ്ടായിരുന്നു. സ്കൂളിന് മുൻപിലെ കയറ്റം കയറി ബസ് സ്റ്റോപ്പിൽ നിന്നു. മുൻ വാതിൽ മലർക്കെ തുറന്നു.  തന്റെ സീറ്റിൽ ഇരുന്നുകൊണ്ട് ആദ്യം യാത്രക്കാർ ഇറങ്ങുന്നത് എൽസമ്മ കൗതുകത്തോടെ നോക്കി. തിരക്കൊഴിയുന്നതിന്റെ ആശ്വാസം  മനസ്സിൽ നിറഞ്ഞുതുടങ്ങുമ്പോഴേക്കും ഇറങ്ങിയതിന്റെ ഇരട്ടി ജനം കയറാൻ തിരക്ക് കൂട്ടി.

"എവിടെക്കാണാവോ ഈ കണ്ട മനുഷ്യരെയെല്ലാം ഇവർ കുത്തിക്കയറ്റുന്നതു് !!"

എൽസമ്മ ജനാലക്കരുകിലിരുന്ന മകൾ ജെൻസിയോട് ചോദിച്ചു.  ജെൻസി ഇയർഫോണിൽ കൂടി ഒഴുകിയെത്തുന്ന ശ്രെയ ഘോഷാലിന്റെ ആർദ്രമായ പാട്ടിന്റെ ഈണത്തിനൊത്തു
തലയാട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അവളുടെ എണ്ണമയം തീരെയില്ലാത്ത മുടിയും താളം കൊട്ടുന്ന പോലെ ഇളകിക്കൊണ്ടിരുന്നു. എൽസമ്മ
വിൻഡോ ഗ്ലാസ്സിലൂടെ അലക്ഷ്യമായി പുറത്തേക്കു നോക്കി.

"ഇതെന്താ കന്നുകാലികളാണോ ഇങ്ങിനെ കുത്തിനിറച്ചു കൊണ്ടുപോകാൻ !"

എന്ന ഘനഗംഭീരമായഒരു ശബ്ദം പെട്ടെന്ന് എത്സമ്മയുടെ പുറംകാഴ്ചകളുടെ മേൽ പാറിവീണു. അവളപ്പോൾ ജെൻസിയുടെ പ്രായപ്രാപ്തിക്കു മുൻപ് തന്നെയുള്ള സൗന്ദര്യ സംരക്ഷണ ചിലവുകളെ
പറ്റിയുള്ള ചിന്തകളിലായിരുന്നു. ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് പൂർണ്ണഗർഭിണി ആയ സ്ത്രീ മുകളിലെ കമ്പിയിൽ ഒരു കയ്യും മറ്റേ കൈ കൊണ്ട് നിറവയറും താങ്ങി നിൽക്കുന്നത് കണ്ടത്. എത്സമ്മ ഇടത്തെ കൈമുട്ടുകൊണ്ടു ജെൻസിയെ ഒന്നു കുത്തികൊണ്ടു പറഞ്ഞു

"എണീക്കു പെണ്ണെ "

ആസ്വാദനത്തിന്റെ ചരടുപൊട്ടിയ ജെൻസി കാതുകളിൽ നിന്നും ഇയർഫോൺ മാറ്റി എന്താ കാര്യം എന്ന് തിരക്കി. എൽസമ്മ കൃഷ്ണ മണികളുടെ വലത്തോട്ടുള്ള ചലനത്താൽ ഗർഭിണിയെ ചൂണ്ടി പറഞ്ഞു.

"എണീറ്റ് അവർക്കു സീറ്റു കൊടുക്ക്. "

ജെൻസി അമ്മച്ചിയെ കണ്ണുകൾ
ഒന്നൂടെ വിടർത്തി തുറിച്ചു നോക്കി ചോദിച്ചു.

"നിങ്ങക്കന്ത വട്ടുണ്ടോ? ആ
തെരക്കി കേറി നിന്നാ എന്റെ
ഡ്രെസ്സെല്ലാം ചുളിഞ്ഞു നാശാവും."

എൽസമ്മ  പഴക്കം കൊണ്ട് നിറം മങ്ങിയ തന്റെ കോട്ടൺ സാരിയിലേക്കും മകളുടെ ഇസ്തിരിയുടയാത്ത വസ്ത്രങ്ങളിലേക്കും നോക്കി. എന്നിട്ട് പരാജയത്തിന്റെ നെടുവീർപ്പോടെ സീറ്റിൽ നിന്നും എഴുന്നേറ്റ് മുകളിലെ കമ്പിയിലേക്കു കൈ നീട്ടി.

"നിനക്ക് എപ്പൊഴും ഉണ്ടാകുമല്ലോ തല തെറിച്ച വർത്തമാനങ്ങൾ. നിന്റെ പ്രായത്തിന്റെ കൊഴപ്പാ."

"അത് അങ്ങിനെ തന്ന്യാ അമ്മച്ചി. കാലം മാറിപ്പോയി. ന്യൂ ജൻ പിള്ളേർക്ക് പഴഞ്ചന്മാരുടെ വാക്കുകൾ പാഴ്
വാക്കുകളായില്ലേ? "

സൗഹൃദത്തിന്റെ തെളിച്ചം നിറച്ച ശബ്ദത്തിൽ ജെൻസി ചിരിച്ചുകൊണ്ട് മറുപടി നൽകി. അവൾ വീണ്ടും ഇയർഫോൺ ചെവികളിലേക്കു തിരുകി ജാലകപ്പുറ കാഴ്ചളിലേക്കു മടങ്ങി. അവൾ പറഞ്ഞതെല്ലാം മറന്നപോലെയോ അല്ലെങ്കിൽ പറഞ്ഞിട്ടില്ലാത്ത പോലെയോ ആയിരുന്നു ആ മടക്കം

ഗർഭിണി ബസ് കമ്പിയിലെ പിടുത്തം വിട്ട് ഒരു കൈ നിറവയറിൽ തന്നെ ശ്രദ്ധാപൂർവ്വം വെച്ചുകൊണ്ട് തിരക്കിൽ കൂടി പതുക്കെ എത്സമ്മയുടെ സീറ്റിലേക്ക് ഇരുന്നു. പെൺകുട്ടിയുടെ അവമതി നിറഞ്ഞ
പ്രതികരണത്തിന് യാത്രക്കാരാരും അവളുടെ കണ്ണാടിത്തിളക്കമുള്ള കരണത്തൊന്നു പൊട്ടിച്ചില്ലല്ലോ എന്നായിരുന്നു അവളുടെ അപ്പോഴത്തെ ചിന്ത. എന്നിരുന്നാലും എത്സമ്മയോടു നന്ദി പറയാൻ അവർ മറന്നില്ല. എട്ടു മാസം പ്രായമുള്ള ഗർഭം എത്സമ്മയുടെ ഭുജത്തിൽ തട്ടിയപ്പോഴുണ്ടായ ചെറിയ അസ്വസ്ഥത പെട്ടെന്ന് വിട്ടുമാറാൻ മടിച്ചു നിന്നു. സാധാരണയിൽ കൂടുതൽ സമയമെടുത്ത ഒരു ദീർഘ നിശ്വാസത്തോടെ ഗർഭിണി സീറ്റിൽ ഇരുന്നു. അതാകട്ടെ ജെൻസിയുടെ ശ്രദ്ധയിൽ പെട്ടതേയില്ല. ബസ്സിന്റെ വേഗകൂടുതലിലും ചാഞ്ചാട്ടങ്ങളിലും വീണുപോകാതിരിക്കാൻ എൽസമ്മ കാലുകൾ അകത്തി വെച്ചു. അടുത്ത് നിന്നിരുന്ന മധ്യവയസ്‌ക "തെറിച്ച സന്തതി" എന്ന് എല്ലാവരും കേൾക്കെ തന്നെ പറഞ്ഞെങ്കിലും എൽസമ്മ അത് കേട്ടതായി ഭാവിച്ചതേ ഇല്ല. അങ്ങിനെയൊരു പ്രസ്താവന തന്റെ പേരന്റിംഗ് സ്കില്ലിനേറ്റ ഒരു കുത്താണെന്നറിഞ്ഞിട്ടും എത്സമ്മ പ്രതികരിക്കാൻ മിനക്കെട്ടില്ല. അവർ പറഞ്ഞത് ഒരു കണക്കിന് ശരിയുമാണല്ലോ.   പുറത്തേക്കു ചാടാൻ വെമ്പി നിൽക്കുന്ന കോപത്തിന്റെ ചൂടേറ്റ എൽസമ്മയുടെ ഒരു നോട്ടം ജെൻസിക്ക് മേൽ വീണു. മുകളിൽ നിന്നുള്ള നോട്ടത്തിൽ അവളുടെ മാറിടങ്ങൾക്ക് അമിതമായ വലിപ്പം തോന്നി.   സ്കൂളിലെ വായിൽ നോക്കികളായ ആൺ സുഹൃത്തുക്കൾ മകളെ എപ്പോഴും ഫോണിൽ വിളിച്ചു ശല്യം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ  ഒരു കാരണം മകളുടെ പ്രായത്തിൽ കവിഞ്ഞ ശരീര പുഷ്ടിമയാണെന്നതിൽ സംശയമില്ല. എത്സമ്മയുടെ  ചിന്തകൾ  ഒരു നിമിഷം കൊണ്ട് എൺപതുകളിലേക്കും അവളുടെ പതിനെട്ടിലേക്കും പറന്നുപോയി. . പള്ളി പെരുനാളിനോടനുബന്ധിച്ചുള്ള നാടകത്തിന്റെ ചമയമുറി. മറ്റെല്ലാവരും സ്റ്റേജിൽ അരങ്ങു തകർക്കുന്ന നേരത്ത്അണിയറയിൽ ഒറ്റക്കായപ്പോൾ നാടക സംവിധായകനും മെയ്ക് അപ്പ് മാനുമായിരുന്ന ആന്റപ്പൻ കിട്ടിയ സമയം കൊണ്ട് തന്റെ മേലാസകലം ഉന്മാദത്തിലെന്ന പോലെ തീരെ അപ്രതീക്ഷിതമായി ഉമ്മകൾ കൊണ്ട് അരങ്ങു തകർത്തതോർത്തപ്പോൾ എവിടെയൊക്കെയോ കുളിരിന്റെ കുമിളകൾ പൊട്ടി. ബസ്സിനുള്ളിലെ തിരക്കിൽ ദേഹം മുഴുവൻ വിയർപ്പൊലിച്ചിറങ്ങുമ്പോഴും ആ കുളിര് കുറച്ചു നേരം കൂടി എത്സമ്മയെ പൂണ്ടു നിന്നു.  അസ്ഥാനത്ത്‌ കയറിവന്ന ഇക്കിളി ഓർമ്മകളെ തള്ളി നീക്കിയ നേരം എത്സമ്മയുടെ പിന്ഭാഗത്തു ഒരു സമ്മർദ്ദവും പുറത്ത് ബ്ലൗസിന് മുകളിൽ കഴുത്തിനുതാഴെ ചൂടുള്ള ഒരു നിശ്വാസവുമനുഭവപ്പെട്ടു. ആയാസപ്പെട്ട് തല തിരിച്ചു നോക്കിയപ്പോൾ തല മുടിയും താടി മീശയും വളർത്തിയ ഒരു ചെറുപ്പക്കാരന്റെ ജാള്യംനിറഞ്ഞ മുഖത്തു കണ്ണുകളുടക്കി. അവനിൽ നിന്ന്സോറിയെന്ന ഒരു വാക്ക് മടിച്ച് മടിച്ച് പുറത്തേക്ക് ചാടി. ഒപ്പം വിയർപ്പിന്റെയും സിഗററ്റിന്റെയും വാടയും. 

ഇതെല്ലം നിർന്നിമേഷയായി കണ്ടുനിന്നിരുന്ന മധ്യവയസ്‌ക ലേശം ശബ്ദമുയർത്തി ചോദിച്ചു. 

"അവൻ നിന്നെ ഉപദ്രവിക്കുന്നുണ്ടോ?"

എൽസമ്മ പെട്ടെന്നു മറുപടി പറഞ്ഞു. 

"ആര്?  അത് തിരക്ക് വന്നപ്പോൾ അയാളൊന്ന് എന്റെ മേലേക്ക് ചെരിഞ്ഞതാണ്. "

"പിന്നിൽ നിന്ന് ആരോ തിരക്കിയതാ" ചെറുപ്പക്കാരൻ കൂട്ടിച്ചേർത്തു. . 

ഈ സംഭവ വികാസങ്ങൾ ബസ്സിനുള്ളിൽ ചെറിയതോതിലൊരു ബഹളമുണ്ടാക്കുകയും യാത്രക്കാർ ഒരു കലപിലയിലേക്ക് ആമഗ്നരാകുകയും ചെയ്തു. 

അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ താടിക്കാരൻ ഇറങ്ങിപ്പോകുന്നതും എൽസമ്മ കണ്ടു. തിരക്കൊന്നൊഴിയുകയും കാറ്റ് ബസ്സിനുള്ളിലേക്ക് പെട്ടെന്ന് വീശുകയും ചെയ്തപ്പോൾ   മധ്യവയസ്‌ക ആളൊഴിഞ്ഞ അടുത്ത അടുത്ത സീറ്റിലേക്ക് ഇരിക്കവേ എൽസമ്മയോടു  പറഞ്ഞു. 

 "നിങ്ങളുടെ ഹാൻഡ് ബാഗൊന്നു ചെക്ക് ചെയ്യൂ "

"സിബ്ബ് തുറന്നിട്ടുണ്ടല്ലോ"

എന്ന് ഗർഭിണിയും കൂട്ടി ചേർത്തു. 

എൽസമ്മ തുറന്ന സിബ്ബിനിടയിൽ കൂടെ ബാഗിന്റെ ഉള്ളിലേക്ക് കയ്യിട്ടു പരതി. പേഴ്സ്ന ഷ്ടപ്പെട്ടിരിക്കുന്നു. 

വലിയൊരു കാര്യം വെളിപ്പെടുത്തുന്ന പോലെ മധ്യവയസ്ക അല്പം കൂടിയ ഒച്ചയിൽ അധികാരികതയുടെ സ്വരത്തിൽ പ്രഖാപിച്ചു. 

"കണ്ടോ ഇപ്പോളെന്തായി ?ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ?ഇക്കൂട്ടരെ ഒന്നും വിശ്വസിക്കാൻ പറ്റില്ല"

എൽസമ്മ അവരോട് ചോദിച്ചു.

"എന്ത് പറഞ്ഞെന്ന് ? എന്റെ പെഴ്‌സോന്നും  എവിടെയും പോയിട്ടില്ല. "  

ബസ്സിറങ്ങി വീട്ടിലേക്കു പോകാനുള്ള ഓട്ടോ ചാർജ്  മകളുടെ കയ്യിലുണ്ടാകണേ എന്ന പ്രാർത്ഥനയിലായിരുന്നു അവളപ്പോ ൾ.

Add comment

Submit