(Rajendran Thriveni)

വീടിനുള്ളിൽ:                  

സമൂഹത്തിന്റെ ഒരു ചെറു പതിപ്പ്, അല്ലെങ്കിൽ യൂണിറ്റ്, ആണല്ലോകുടുംബം. കുടുംബാംഗങ്ങൾ പരസ്പരബഹുമാനത്തോടെ, സഹകരണത്തോടെ, മറ്റംഗങ്ങളുടെ സ്വാതന്ത്ര്യത്തെ പരിഗണിച്ചുകൊണ്ട് ജീവിക്കേണ്ടതുണ്ട്. കുടംബ നാഥന്റെയോ, നാഥയുടെയോ അടിച്ചമർത്തലുകളും സ്വേച്ഛാധിപത്യ തീരുമാനങ്ങളും അംഗീകരിക്കാവുന്നതല്ല.

കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്തുവേണം ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ. എല്ലാവർക്കും വളർന്നു പൂർണതയിൽ എത്താനുള്ള തുല്യ അവസരം നല്കണം. സ്നേഹത്തിലും സാഹോദര്യത്തിലും വേരൂന്നിയ ത്യാഗമനസ്ഥിതി, മനുഷ്യാവകാശ തത്വങ്ങൾക്കെതിരായി വ്യാഖ്യാനിക്കരുത്. UDHRലെ തത്വങ്ങൾ കുടുംബം എന്ന യൂണിറ്റിലും നടപ്പാക്കാൻ കഴിയുന്നതാണ്.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വീടിന്റെയുള്ളിൽ പീഡനങ്ങൾ നടക്കുന്നുണ്ട്. സ്ത്രീകളും പെൺകുട്ടികളുമാണ് കൂടുതൽ പീഡനങ്ങൾ സഹിക്കേണ്ടിവരുന്നത്.

ആണുങ്ങൾക്കൊപ്പം സ്വാതന്ത്ര്യങ്ങളും അവസരങ്ങളും സ്ത്രീകൾക്ക് ലഭിക്കുന്നില്ല. ഭാര്യയുടെയും മക്കളുടെയും അന്തസ്സിനെ അംഗീകരിക്കാത്ത, പല കുടുംബനാഥന്മാരുമുണ്ട്.

പല സമ്പന്ന കുടുംബങ്ങളിലും ചെറുപ്പക്കാരെയും പ്രായം കൂടിയവരേയും വീട്ടുവേലക്കാരായി നിർത്താറുണ്ട്. അവരൊടുള്ള സമീപനം, മനുഷ്യാവകാശങ്ങളെ അംഗികരിക്കാത്ത രീതിയിൽ ആയിരുന്നു. അക്രമം, പീഡനം, കുറ്റപ്പെടുത്തലുകൾ, അപകടം നിറഞ്ഞ ജോലികൾ ചെയ്യിക്കുക, ലൈംഗികമായി പീഡിപ്പിക്കുക, വാഗ്ദാനം ചെയ്ത ശമ്പളം നല്കാതിരിക്കുക തുടങ്ങി ധാരാളം അവകാശ ലംഘനങ്ങൾക്ക് ഇരയാകുന്നവരാണ് വീട്ടുവേലക്കാർ. അവർക്കു സംഘടിക്കുവാനും അവകാശ സമരങ്ങളിൽ ഏർപ്പെടാനും കഴിയില്ലല്ലോ.

കുടുംബാംഗങ്ങളുടെ മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം എന്നിവ മറ്റുള്ളവരുടെ അവകാശങ്ങളേയും സ്വാതന്ത്ര്യങ്ങളേയും ബാധിക്കുന്നവയാണ്.


സാമൂഹിക തലത്തിൽ:

ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, തീണ്ടൽ, അവശവിഭാഗങ്ങൾക്കു നേരെയുള്ള മർദ്ദനങ്ങളും പീഡനങ്ങളും, സതി, സ്ത്രീധനം, അന്ധവിശ്വാസങ്ങൾ എന്നിവ മനുഷ്യാവകാശങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന ഘടകങ്ങളാണ്.

നിരക്ഷരതയും വിവേചനങ്ങളും മേൽപ്പറഞ്ഞ ഘടകങ്ങൾക്ക് ആക്കം കൂട്ടുന്ന രാസത്വരഗങ്ങളാണ്. രാഷ്ട്രീയക്കാരും കരിഞ്ചന്തക്കാരും മതാധികാരികളും സാമൂഹിക വിരുദ്ധരും ഒന്നിച്ചു ചേർന്ന് സാധാരണക്കാരുടെ സ്വാതന്ത്ര്യങ്ങളും സമാധാനവും ഇല്ലാതാക്കുന്നു.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ട പ്രാഥമിക ഉത്തരവാദിത്വം സമൂഹത്തിനാണ്. സമൂഹം ശ്രദ്ധിച്ചാൽ
പല അവകാശലംഘനങ്ങളും തടയാനാവും.


സർക്കാർ തലത്തിൽ:

മനുഷ്യാവകാശ സംരക്ഷണത്തിനു പ്രതിജ്ഞാബദ്ധമായ സർക്കാരും, സർക്കാർ സ്ഥാപനങ്ങളും വ്യാപകമായ രീതിയിൽ അവകാശലംഘനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം, അവഗണന എന്നിവ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നു. പുരോഗതിയുടെ സദ്ഫലങ്ങൾ ഒരേപോലെ എല്ലാ പൗരന്മാർക്കും എത്തിച്ചുകൊടുക്കാൻ സർക്കാരിനുള്ള വിമുഖതയും നേട്ടങ്ങൾ സ്വായത്തമാക്കാൻ സ്വാർത്ഥ താല്പര്യക്കാരുടെ ഉദ്യമവുമാണ് സർക്കാരുകളെ ദുഷിപ്പിക്കന്നത്. ചട്ടങ്ങളുടെ പരിധിയിൽ ഒതുങ്ങിനിന്നു പ്രവൃത്തിക്കുന്ന സർക്കാർ ജീവനക്കാർ, ചട്ടങ്ങൾ ലംഘിക്കുമ്പോൾ അഴിമതികൾ ഉണ്ടാവുന്നു. അത്തരം അഴിമതികൾ സിവിൽ, സാമ്പത്തിക, സാംസ്കാരിക അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

 

നിയമ പാലകർ:

സാമൂഹിക ജീവിതത്തിന് ആവശ്യമായ നിയമങ്ങളുടെ നടപ്പാക്കലും വ്യക്തികളുടെ ജീവനും സ്വത്തിനും അന്തസ്സിനും സുരക്ഷിതത്വം നല്കേണ്ടവരുമാണ് പോലീസ് സേനകളും നീതിന്യായ
കോടതികളും. എന്നാൽ, ഈ നീതിപാലകർ തന്നെ ഏറ്റവും വലിയ അവകാശലംഘകരായി മാറിയിരിക്കുന്ന യാഥാർഥ്യം നിലനില്ക്കുന്നു. പോലീസ് അതിക്രമങ്ങൾ, കൈക്കൂലി, മർദ്ദനങ്ങളൾ, പീഡനങ്ങൾ, അനാവശ്യമായ അറസ്റ്റ്, കരുതൽ തടങ്കൽ ബലാൽസംഗങ്ങൾ എന്നിവ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമ്പോൾ, കേസുകൾ തീർപ്പാക്കുന്നതിന്, കോടതി നടത്തുന്ന കാലവിളംബം, ജാമ്യനിഷേധം, അനാവശ്യമായി വിചാരണ ചെയ്യാതെ, കുറ്റവാളിയെന്നു തെളിയിക്കാതെ ജയിലിസിടുക, ജയിൽ പീഡനങ്ങൾ, ആരോഗ്യ സംരക്ഷണത്തിലെ വീഴ്ചകൾ തുടങ്ങി ധാരാളം ലംഘനങ്ങൾ
ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നു. വിചാരണ പൂർത്തിയായി കുറ്റവാളിയായി തെളിയിക്കപ്പെട്ടാൽ ലഭിക്കാവുന്ന തടവുശിക്ഷയുടെ കാലപരിധിയേക്കാൾ കൂടുതൽ സമയം പലരും വിചാരണയുടെ കാലതാമസം മൂലം ജയിലിൽ കിടന്നു കഴിഞ്ഞു.
 

വിദ്യാഭ്യാസ രംഗം:

വളരെയധികം മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന തലമാണ് വിദ്യാഭ്യാസ രംഗം. പ്രൈവറ്റ് സ്കൂളുകൾ കച്ചവട താത്പര്യങ്ങൾക്കു വേണ്ടി വളർന്നു പന്തലിക്കുമ്പോൾ, കുട്ടികളും രക്ഷിതാക്കളും പലതരം പീഡനങ്ങൾക്ക് ഇരയാവേണ്ടി വരുന്നു. കുട്ടികൾക്ക് മാനസീകവും ശാരീരികവുമായ പീഡനങ്ങൾ വിദ്യാലയങ്ങളിൽ നിന്നു ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽ നിന്ന് അകന്നു മാറി, കുട്ടികളെ ചൂഷണം ചെയ്തു കീശ വീർപ്പിക്കാനും, പേരെടുക്കാനും ശ്രമിക്കുന്ന വിദ്യാഭ്യാസ മുതലാളിമാർ നമ്മുടെ ചുറ്റും ഓടി നടക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തുണ്ടാവുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഗുരുതരവും, നീണ്ടു നില്ക്കുന്നതുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇന്ന് സർവസാധാരണമായ ലംഘനങ്ങൾ പരിശോധിക്കാം.

1. ഫീസ് കൊടുക്കാത്തതിന് ക്ലാസ്സിൽ നിന്നിറക്കി വിടുക, ശകാരിക്കുക, കളിയാക്കുക.

2. യൂണിഫോം ശരിയല്ലെന്നു പറഞ്ഞ് ക്ലാസുകളിൽ നിന്ന് ഇറക്കി വിടുക.

3. പരീക്ഷയ്ക്ക് പ്രാധാന്യം കൊടുത്ത് പൂർണമായ സിലബസ് പഠിപ്പിക്കാതെ, പരീക്ഷാപ്രാധാന്യമുള്ളതു മാത്രം പഠിപ്പിക്കുക.

4. കാലാവസ്ഥയ്ക്ക് അനുകൂലമല്ലാത്ത ഡ്രസ്കോഡും പെരുമാറ്റരീതിയും നടപ്പാക്കുക.

5. ജാതി, സാമ്പത്തിക നില എന്നിവയുടെ അടിസ്ഥാനത്തിൽ, വിവേചനങ്ങൾ കാട്ടുക.

6.ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങൾ നല്കുക.

7. കുട്ടിയുടെ സ്വാഭിക കഴിവുകൾക്കുപരിയായി ഉയരണമെന്ന് ശാഠ്യം പിടിച്ചു ശിക്ഷിക്കുക.

8.അവധികൾ നിഷേധിക്കുക.

9.അനാവശ്യമായ സ്പെഷ്യൽ ക്ലാസ്സു കോച്ചിംഗ് ക്ലാസ്സും സംഘടിപ്പിച്ച് കുട്ടികൾക്ക് സാമൂഹിക പങ്കാളിത്തത്തിനും വിനോദപ്രവർത്തനങ്ങൾക്കുമുള്ള അവസരം ഇല്ലാതാക്കുക.

10.സമയത്ത് പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്താതിരിക്കുക.

11.അനാവശ്യമായ മത്സരങ്ങളിൽ പങ്കെടുപ്പിക്കുക.

12. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികളോട് ഓൺലൈൻ ക്ലാസ്സിനുവേണ്ടി വിലകൂടിയ ഗാഡ്ഗെറ്റുകൾ വാങ്ങിപ്പിക്കുക.

13 . ആവശ്യമായ ഇന്റർനെറ്റ് റേഞ്ചും സ്പീഡും ഓൺലൈൻ പഠനത്തിന് കിട്ടാതിരിക്കുക.

 

രാഷ്ട്രീയ രംഗത്ത്:

നമ്മുടെ ജനാധിപത്യം പലപ്പോഴും കപടമാകുന്നുണ്ട്. പാർട്ടികളുടെ താഴ്ന്ന തലത്തിലുള്ള അംഗത്തിന്റെ അഭിപ്രായത്തിന് വിലനൽകാറില്ല. ഹൈക്കമാൻഡുകളും കോക്കസ്സുകളും സ്വച്ഛാധിപത്യപരമായ രീതിയിൽ പാർട്ടി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നു. സാധാരണ ജനങ്ങൾ നേതാക്കന്മാരാൽ ബുദ്ധിപരമായി ചൂഷണം ചെയ്യപ്പെടുന്നു.

നീതിന്യായ നിർവഹണ രംഗത്ത് രാഷ്ട്രീയക്കാർ സ്വാധീനശക്തി പ്രയോഗിക്കുന്നു. പാർട്ടികൾ സ്വന്തം അധികാര സംരക്ഷണത്തിനു വേണ്ടി, മനുഷ്യാവകാശ പ്രമാണങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്നു. മതമൗലികതയും അസഹിഷ്ണുതയും വളർത്തി പാർട്ടി ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നു.

 

ദുർബല വിഭാഗങ്ങൾ:
 

ദുർബല വിഭാഗങ്ങൾ എന്നുദ്ദേശിച്ചത് സ്ത്രീകൾ, കുട്ടികൾ, വൃദ്ധ ജനങ്ങൾ, അംഗഭംഗം വന്നവർ, താഴ്ന്ന ജാതിക്കാർ, വേശ്യകൾ, രോഗികൾ, പ്രകൃതി ക്ഷോഭത്തിനിരയായവർ, കുടിയിറക്കപ്പെട്ടവർ, അഭയാർത്ഥികൾ, തീവ്രവാദത്തിന്റെ ഇരകൾ, എന്നിവരാണ്.

സമൂഹത്തിന്റെ സഹായവും പ്രതീക്ഷിച്ചു കഴിയുന്നവരാണിവർ. പലപ്പോഴും ഇവർ അവഗണിക്കപ്പെടുകയാണ്.

ഇന്ന് വളർന്നു പന്തലിക്കുന്ന ഭീകരവാദം മനുഷ്യാവകാശങ്ങളെ മാനിക്കുന്നില്ല. ഭീകരവാദം മനുഷ്യാവകാശത്തിനു വെല്ലുവിളിയാണ്.
 
സാമൂഹിക മാധ്യമങ്ങൾ ഒരു പരിധിവരെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ, വ്യക്തികളെ അപകീർത്തിപ്പെടുത്താനും ഒറ്റപ്പെടുത്താനും ഭീഷണി
പ്പെടുത്താനും ഉപയോഗിക്കപ്പെടുന്നു.

 

Comments

Ramachandran Nair
0
Ramachandran Nair
3 months ago

Very nice 

Like Like Reply | Reply with quote | Quote

Add comment

Submit