(Bindu Dinesh)
എല്ലാ തീവണ്ടിയാത്രകളിലും കാണാം
തിരക്കുകള്‍ക്കിടയില്‍ എന്തോ ഓര്ത്തോര്ത്തൊരാള്.....
നഗരമധ്യത്തില്‍ ഒരു തടാകത്തെ കാണുന്നപോലെ
വീടിനെക്കുറിച്ചോര്ത്താരോ കടല്ത്തീരത്തിരിക്കുംപോലെ
പുറത്തു വെയില് കത്തുമ്പോഴും
ഉള്ളിലെ മഴയിലേയ്ക്ക് ചാഞ്ഞുചാഞ്ഞ്.....
ചായക്കാരന്പയ്യനെയോ പിച്ചക്കാരിത്തള്ളയെയോ
ഒന്നു നോക്കിയെന്നുവരാം,
കാണുന്നുണ്ടോയെന്നാര്ക്കറിയാം..
പ്രണയം കണ്ണുകളില്‍ കടത്തിക്കൊണ്ടുപോകുന്ന
ചിലരുടെ നിശ്വാസങ്ങള്‍ മുഖത്തടിക്കും, ശ്രദ്ധിക്കില്ല
അടുത്തിരിക്കുന്ന കുഞ്ഞുങ്ങളെമാത്രം
വിരല്‍ത്തുമ്പുകൊണ്ട് മൃദുവായൊന്നു തൊടും
വീണ്ടും ഓടിപ്പോകുന്ന കാഴ്ചകളിലേയ്ക്ക്
കണ്ണുകളെ തിരികെയെറിയും.......................
എന്റെ എല്ലാ തീവണ്ടിയാത്രകളിലും
അങ്ങിനെയൊരാളുണ്ടാകാറുണ്ട്
മിക്കവാറും, അതു ഞാനാകുകയാണു പതിവ്......!