"ഹരിക്കു കണക്കിനു ട്യൂഷൻ എടുക്കാമോ? ഫീസ് ഞാൻ തരാം." സുകുമാരന്റെ മെസ്സേജ് ആണ്. കോടതി കെട്ടഴിച്ചു വിട്ടതിനുശേഷം അവർക്കിടയിൽ നേരിട്ടുള്ള ആശയ വിനിമയം ഉണ്ടായിട്ടില്ല. വക്കീൽ വഴി അറിയിപ്പുകൾ പോകേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല.

കോടതി വിധിപോലെ വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച വൈകുന്നേരം വരെ ഹരിയുടെ മേൽനോട്ടം സുകുമാരനായിരുന്നു. മാലതിയുടെ വീടിനു പുറത്തെ പൊതു നിരത്തിൽ സുകുമാരൻ കാറുമായി എത്തും. കൃത്യം ആറുമണിയാകുമ്പോൾ ചെറിയ ബാഗുമായി ഹരി വീട്ടിൽ നിന്നും ഇറങ്ങി വരും. പിന്നെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷവും കഴിഞ്ഞു അവനെ തിരികെ കൃത്യമായി അവിടെത്തന്നെ എത്തിച്ചിരിക്കുകയും ചെയ്യും. 

കോവിഡ് നിയന്ത്രണങ്ങൾ വന്നപ്പോൾ പതിവുകൾ തെറ്റിയിരുന്നു. ഹരിയുടെ സ്കൂൾ യാത്രകൾ നിലച്ചു. ഒപ്പം അച്ഛനോടൊപ്പമുള്ള അവന്റെ വീക്കെൻഡ് ആഘോഷങ്ങളും. എങ്കിലും ഹരിയുടെ ക്ഷേമം  ആരാഞ്ഞുകൊണ്ടുള്ള സുകുമാരന്റെ മെസ്സേജുകൾ എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും മാലതിക്കു ലഭിച്ചിരുന്നു. ഒരിക്കൽപ്പോലും അതിനു മറുപടി കൊടുക്കാൻ മാലതി തയാറായില്ല. അവളുടെ അച്ഛൻ അത്രയ്ക്കു കർക്കശക്കാരനായിരുന്നു. അയാൾ ഒരു കോട്ടപോലെ മാലതിയുടെ ചുറ്റുവട്ടങ്ങളിൽ നിലയുറപ്പിച്ചിരുന്നു. 

എടുത്തു പറയാൻ പ്രത്യേകിച്ചു കാരണങ്ങൾ ഒന്നുമില്ലായിരുന്നു. എല്ലാ നവദമ്പതിമാർക്കും ഇടയിലുള്ള ചില്ലറ പിണക്കങ്ങൾ. പക്ഷെ അതൊക്കെ ഏറ്റുപിടിക്കാനും, ഊതി വീർപ്പിച്ചു വലുതാക്കാനും രണ്ടുപേരുടെയും വീട്ടുകാർ ഉണ്ടായിരുന്നു. മാലതി നവവധുവായി വന്നുകയറിയതു ഹരിയുടെ കുടുംബ വീട്ടിലേക്കാണ്. ഹരിയുടെ അച്ഛൻ, അമ്മ, അനുജൻ പിന്നെ ഹരിയുമായി ഒരുപാടു പ്രായവ്യത്യാസമുള്ള അവന്റെ കുഞ്ഞനുജത്തിയും. ഭുവനേശ്വറിൽ നേഴ്സ് ആയി ജോലി നോക്കിയിരുന്ന ഹരിയുടെ മൂത്ത ചേച്ചിയുടെ കുഞ്ഞും അവിടെയുണ്ടായിരുന്നു.  

നാട്ടുനടപ്പനുസരിച്ചു  ജാതകം നോക്കി, സ്ത്രീധനം ഉറപ്പിച്ചു, ഇവന്റ് മാനേജുമെന്റ് കമ്പനിക്കാരെക്കൊണ്ടു  കല്യാണം ഒരു സംഭവമാക്കിത്തന്നെയായിരുന്നു അവരും ഒന്നിച്ചത്. എങ്കിലും ആദ്യരാതിയിൽ സുകുമാരൻ  അവന്റെ ജീവിത നൈരാശ്യം  മാലതിയുടെ മുന്നിൽ അവതരിപ്പിച്ചിരുന്നു. "നമ്മൾ ഒരേ മുനിസിപ്പാലിറ്റിയിൽ ഇത്രയും നാൾ ജീവിച്ചിട്ടും തമ്മിൽ കാണാതെപോയല്ലോ. എനിക്ക് പ്രേമിച്ചു കെട്ടുന്നതായിരുന്നു ഇഷ്ടം. ഞാനതിനു ശ്രമിക്കാതിരുന്നില്ല. പക്ഷെ ഒന്നും അങ്ങോട്ടു ക്ലച്ചു പിടിച്ചില്ല. മാലതിയെ നേരത്തെ കണ്ടിരുന്നെങ്കിൽ സംഭവം ഞാൻ successful ആക്കിയേനെ." 

പിന്നീടു മാലതിയുടെ പകൽക്കിനാവുകളിൽ അവരുടെ ഒന്നിച്ചുള്ള ബാല്യ കൗമാരങ്ങൾ ഇതൾ വിരിയാൻ തുടങ്ങി. ഒരിക്കൽ അവൾ പറഞ്ഞു "നമ്മൾ മുന്നേ കണ്ടിരിക്കും. ഞാൻ പാലം കടന്നപ്പോൾ സുകുവേട്ടൻ എന്നെ കണ്ടിരിക്കും. അല്ല നമ്മൾ പരസ്പരം നോക്കിരിക്കും. സ്കൂളിൽ പഠിക്കുമ്പോൾ മുടി രണ്ടായി പിന്നിയിട്ടു, വെളുപ്പും നീലയും യൂണിഫോമിട്ടു എത്രയോ ദിവസം ഷോപ്പിംഗ് കോംപ്ലെക്സിനു മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും കൂട്ടുകാരുമൊത്തു നടന്നതാ. സുകുവേട്ടൻ എന്നെ കണ്ടിരിക്കും. ആ വളവിനുള്ള ബേക്കറിയുടെ മുൻപിൽ, കേക്കിന്റെ മണവും വലിച്ചുകേറ്റി എത്രനേരം നിന്നിട്ടുള്ളതാണ് ദൈവമേ. കണ്ടിരിക്കും എന്നെ, ഒരുപാടു തവണ കണ്ടിരിക്കും."  

പിന്നെപ്പിന്നെ സുകുമാരനും പകൽക്കിനാവു കാണാൻ തുടങ്ങി. കോളേജിൽ അവനോടൊപ്പം ചുറ്റിക്കറങ്ങുന്ന, ബസിൽ ഒന്നിച്ചു യാത്ര ചെയ്യുന്ന, ഒന്നിച്ചു ഐസ്ക്രീം കഴിക്കുന്ന മാലതിയുടെ ഭൂതകാലം അവൻ സ്വന്തം മനസ്സിൽ വരച്ചു ചേർത്തു. 

അങ്ങനെ തുന്നിച്ചേർത്ത ഒരു പൊതു ഭൂതകാലവുമായി അവർ യാത്രചെയ്യവേ ആണ് വീട്ടുകാർക്കു കിരുകിരുപ്പ് തുടങ്ങിയത്. അല്ലെങ്കിലും മാലതിയുടെയും സുകുമാരന്റെയും കടിഞ്ഞാൺ പണ്ടേ അവരുടെ വീട്ടുകാരുടെ കൈയിൽ ആയിരുന്നല്ലോ. ഹരി ജനിച്ചപ്പോൾ വീട്ടുകാർ തമ്മിലുള്ള യുദ്ധം പുതിയ ദിശയിലേക്കു നീങ്ങിയിരുന്നു. സുകുവിന്റെ അച്ഛൻ തോൽക്കാതിരിക്കാൻ അയാൾ തന്റെ  അച്ചനോടൊപ്പം ചേർന്നു. മാലതിയുടെ അച്ഛനെ ജയിപ്പിക്കാനായി, മാലതി അവളുടെ അച്ഛനോടൊപ്പം സഖ്യം ചേർന്നു. ഒടുവിൽ അമ്മായിഅച്ഛന്മാർ രണ്ടുപേരും യുദ്ധത്തിൽ ജയിച്ചു. മാലതിയും ഹരിയും അവളുടെ വീട്ടിലുമായി. സുകുമാരൻ ദൂരേയ്ക്ക് ഒരു ട്രാൻസ്ഫർ തരപ്പെടുത്തി പലായനം ചെയ്തു. 

നാലഞ്ചു വർഷത്തെ ഏകാന്തവാസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ സുകുമാരൻ, കോടതിവിധിപ്രകാരമുള്ള ഹരിയുടെ വീക്കൻഡുകൾ ആഘോഷിക്കാൻ തുടങ്ങിയിരുന്നു. അമ്മയോടൊപ്പമുള്ള ചിട്ടയായ ജീവിതത്തിൽ ലഭിക്കാതെപോയ സ്വാതന്ത്ര്യം അവൻ അച്ഛനോടൊപ്പം ആസ്വദിച്ചു തുടങ്ങി. പാർക്കുകൾ,  സിനിമാ ശാലകൾ, കാഴ്ച ബംഗ്ളാവുകൾ, ബീച്ചുകൾ, ചിത്രശാലകൾ, റസ്റ്റാറന്റുകൾ ഒക്കെയായി അവൻ അച്ഛനോടൊപ്പം പറന്നു നടന്നു. ഞായറാഴ്ച ഉച്ച കഴിയുന്നതോടെ ഹരിയുടെ ഉത്സാഹം കുറയും. തിരിച്ചു ചെല്ലുമ്പോൾ, തന്നെ കാത്തിരിക്കുന്ന കാർക്കോടകനായ വല്യച്ഛനോട് അവനു വെറുപ്പായിരുന്നു. എങ്കിലും വരാൻ പോകുന്ന വീക്കെൻഡുകളെ സ്വപ്നം കണ്ടുകൊണ്ടവൻ കാർക്കോടകവസതിയിൽ കയറിച്ചെല്ലും. അങ്ങനെയിരിക്കെയാണ് വഴിമുടക്കിയായി കോവിഡ് നിയന്ത്രണങ്ങൾ വരുന്നത്. 

ലോകത്തുള്ള എല്ലാവരും നിയന്ത്രണങ്ങളെ ശപിച്ചപ്പോൾ, കാർക്കോടകൻ മാത്രം സന്തോഷിച്ചു. ഹരിയും   സുകുമാരനും തമ്മിലുള്ള സമ്പർക്കം തകർന്നുകാണാൻ അയാൾ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു. മാലതിയെ പുതിയൊരു വിവാഹ ബന്ധത്തിൽ കുരുക്കിയിടാൻ ആവുന്നത്ര അയാൾ ശ്രമിച്ചെങ്കിലും അവൾ ഉറച്ച നിലപാടോടെ അതിൽനിന്നെല്ലാം മാറിനിന്നു. തന്റെ ജീവിതത്തിൽ എന്താണ് പറ്റിയതെന്നു അതിനോടകം തിരിച്ചറിഞ്ഞ മാലതി ഉറപ്പിച്ചു പറഞ്ഞു. "കഴിഞ്ഞതു കഴിഞ്ഞു. ഇനി കല്യാണം എന്നൊരു ഏർപ്പാടു വേണ്ട. അച്ഛനും അമ്മയ്ക്കും ബുദ്ധിമുട്ടാണെങ്കിൽ ഞാനും മോനും  ഇവിടെനിന്നും മാറിക്കൊള്ളാം. ബാങ്കിന്റെ പട്ടണത്തിലെ ഏതെങ്കിലുമൊരു ബ്രാഞ്ചിൽ ജോലി ട്രാൻസ്ഫർ ചെയ്തുകിട്ടിയാൽ, അതിന്റെ പേരിലാണു ഞങ്ങൾ മാറിയതെന്നു നാട്ടുകാരോടു  പറഞ്ഞു നിൽക്കാനും കഴിയും. അഭിമാനമാണല്ലോ നമുക്കു ഏറ്റവും വലിയത്! അതു കളയണ്ട..."

വർത്തമാനകാലത്തിലേക്കു തിരിച്ചുവന്ന മാലതി സുകുമാരന്റെ മെസ്സജ് ഒന്നുകൂടി വായിച്ചു. മകനു ട്യൂഷൻ എടുക്കാൻ അവന്റെ അമ്മയോടു ആവശ്യപ്പെടുന്നു. പോരെങ്കിൽ അതിനുള്ള ഫീസ് അവന്റെ അച്ഛൻ കൊടുക്കുമെന്ന വാഗ്ദാനവും. എന്തായിരിക്കും അതിന്റെ പിന്നിലുള്ള കുരുക്കെന്നവൾ തലപുകച്ചു. ഒടുവിലവൾ ഇങ്ങനെ മറുപടി കൊടുത്തു. 

"Yes I can, പക്ഷെ ഫീസ് വളരെ കൂടുതലാണ്"

ഉടനെ സുകുമാരന്റെ മറുപടി വന്നു

"Oh, I am glad. ഫീസ് ഒരു വിഷയമല്ല. എനിക്കുള്ളതെല്ലാം അവനാണ്. എന്നെപ്പപോലെ അവൻ കണക്കിനു മണ്ടനാണ്. അവനും ചരിത്രത്തിലാണു താല്പര്യം. അതു വേണ്ട. അവൻ കണക്കറിഞ്ഞിരിക്കണം, അല്ലെങ്കിൽ എന്നെപ്പോലെ ജീവിതത്തിൽ കണക്കു കൂട്ടുന്നതു തെറ്റിപ്പോകും. ചരിത്രം മറക്കണം. അതും താലോലിച്ചിരുന്നാൽ എന്നെപ്പോലെ അവനും മുന്നോട്ടു പോകാൻ കഴിയാതെ വരും. അതുവേണ്ട."

സലജ്ജമായ കണ്ണുകൾ അവളുടെ കാഴ്ച മൂടി. എന്തു മറുപടി കൊടുക്കണമെന്നവൾക്കറിയില്ലായിരുന്നു. 

ഒടുവിൽ അവൾ ഇങ്ങനെ എഴുതി. "ചേച്ചിയുടെ മോൾ വളർന്നോ?"

മറുപടി വന്നു "അവളെ ചേച്ചി ഭുവനേശ്വറിനു കൊണ്ടുപോയി. അവൾക്കു പകരം ഇവിടെ ഒരു മോൾ വേണം."

അവൾക്കു ദേഹം തളരുന്നതുപോലെ തോന്നി. മറുപടികൾ നിലച്ചപ്പോൾ സുകുമാരൻ മൊബൈലിൽ മാലതിയെ വിളിച്ചു. 

"മറുപടി കണ്ടില്ല. അതാണ് വിളിച്ചത്. സോറി, എന്നോടു ദേഷ്യമുണ്ടാവേണ്ട. ട്യൂഷന്റെ കാര്യം ഞാൻ സീരിയസ് ആയി പറഞ്ഞതാണ്. ഹരി ഗണിതത്തിൽ വീക്കാണ്. മാലതി ബാങ്കിൽ വർക്ക് ചെയ്യുന്ന ആളല്ലേ. അവന്റെ പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണം."

"ഹരി ചരിത്രം പഠിച്ചാൽ മതി. ചരിത്രമറിയാവുന്നവർക്കു കണക്കു തെറ്റില്ല. എനിക്കു കണക്കറിയാത്തവരെയാണ് ഇഷ്ടം... ഇപ്പോഴും..." അതു പറയുമ്പോൾ അവൾ തുളുമ്പിപ്പോയിരുന്നു.

Comments

R.Prasannan
0
R.Prasannan
5 months ago

ഒരുപാടു നവ ദമ്പതികൾ തങ്ങളുടെ വീട്ടുകാരുടെ അനാവശ്യമായ ഇടപെടൽ കാരണം പിരിയേണ്ടി വന്നിട്ടുണ്ട്. But the reunion is incredibly stunning. അതു വളരെ മനോഹരമായി കഥയിൽ അവതരിപ്പിച്ചിരിക്കുന്നു. വളരെ അടുക്കും ചിട്ടയോടും കൂടിയാണ് കഥ അവതരിപ്പിച്ചിരിക്കുന്നതു്. മറക്കാനാവാത്ത കഥയാണ്. കഥാകാരന് അഭിനന്ദനങ്ങൾ.

Like Like Reply | Reply with quote | Quote

Add comment

Submit