(Pradeep Kathirkot)

പണ്ട് പണ്ട്ഒരു കാട്ടിൽ രണ്ട് ലാർവ കൂട്ടുകാർ ഉണ്ടായിരുന്നു. വ്യത്യസ്തങ്ങളായ ഇഷ്ടങ്ങളുള്ള രണ്ട് പേർ. അതിലൊരുവൾ പച്ചയിലകൾ ഇഷ്ടം പോലെ തിന്നും. മറ്റേയാൾക്ക് ഇലകൾ തിന്നാൻ

ഇഷ്ടമുണ്ടായിരുന്നില്ല. എന്നാലും കൂട്ടുകാരിയുടെ ഇഷ്ടമോർത്ത് കഴിക്കും. രാത്രിയിൽ ഉറക്കം വന്നില്ലെങ്കിലും അവൾ ഉറങ്ങുന്നതല്ലേ എന്ന് കരുതി ഉറങ്ങും. ഒരേ മരക്കൊമ്പിൽ രണ്ടുപേരും കളിച്ചു രസിച്ചു. പുഴുനടത്തത്തിൽ കൂടുതൽ വേഗമാർക്കെന്ന് നിശ്ചയിക്കാൻ ഇടയ്ക്കിടെ മത്സരിച്ചു.

അങ്ങനെയിരിക്കേ ഒരു ദിവസം കൂട്ടുകാരിക്ക് ഒരു ചുവട് നടക്കാൻ വയ്യ. ഒന്നും തിന്നാനും വേണ്ട. എവിടെ നിന്നോ കിട്ടിയ കട്ടിയുള്ള പുതപ്പ് പുതച്ച് ഉറക്കത്തോട് ഉറക്കംതന്നെ. അവൾ, കൂട്ടുകാരി ഒന്നുണരാൻ കാത്തിരുന്നു. വിശന്നപ്പോൾ പച്ചയിലകൾക്ക് പകരം കുഞ്ഞു പ്രാണികളെ തിന്നു. കൂടുതൽ രുചി തോന്നി. രാത്രികളിൽ മുഴുവൻ ഉണർന്നിരുന്നു. കാട്ടിലെത്ര വെളിച്ചമെന്ന് അത്ഭുതത്തോടെ കണ്ടു.

എന്ത് ഭംഗിയാണ് ഈ ഇരുട്ടിന്! എത്ര ശബ്ദങ്ങളാണ് അതിന്റെയുള്ളിൽ. എത്രയെത്ര വർത്തമാനങ്ങൾ. എന്നിട്ടും അവൾ ദൂരെക്കൊന്നും പോയില്ല. ഒറ്റയ്ക്ക് ഒരിടത്തേക്കും അവൾക്ക് പോകേണ്ട. പകരമവൾ, കൂട്ടുകാരിയുടെ ഉറക്കത്തിന് കാവലിരുന്നു. ദിവസങ്ങളോളം.

ഒരു ദിവസം പകലൊന്ന് മയങ്ങിയപ്പോൾ ആരോ അടുത്ത് വന്നിരിക്കുന്നത് പോലെ തോന്നി. പ്രിയപ്പെട്ടവൾ തൊട്ടുമുന്നിലതാ ചിത്രശലഭമായ് ചിറക് വിരിയ്ക്കുന്നു.

എത്ര നിറങ്ങളാണ്. എന്ത് ഭംഗിയാണ്. എത്ര നാളായി ഒന്നു മിണ്ടിയിട്ട്. എത്ര കഥകളുണ്ട് ഇനി പറയാൻ !

ഒന്നും കേൾക്കാൻ കാത്തു നിന്നില്ല, അവളുടെ ശലഭമായി മാറിയ കൂട്ടുകാരി അത് ദൂരേക്ക് എങ്ങോ പറന്നു പോയി.

എല്ലാ പുഴുക്കളും ഒരുനാൾ ചിറകുകൾ മുളച്ച് പറക്കാൻ സാധിക്കുന്നവരല്ലെന്ന തിരിച്ചറിവും അവൾക്ക് കരച്ചിൽ വന്നു. പകൽ മുഴുവൻ ഒറ്റയ്ക്കിരുന്ന് കരഞ്ഞു. എപ്പോഴോ ഉറങ്ങിപ്പോയി.

ഉണർന്നപ്പോൾ രാത്രി. കാട്ടിൽ മുഴുവൻ വെളിച്ചം. കാറ്റിന് അതിലേറെ തെളിച്ചം.

ആരൊക്കെയോ അവളെ നോക്കുന്നത് പോലെ തോന്നി. ആരൊക്കെയോ അവളെ ചുറ്റിപ്പറക്കുന്നത് പോലെ.

അവരാരും കാണരുതെന്ന് അവൾ ഒളിച്ചിരുന്നു.  എന്നിട്ടും ആരോ തൊട്ടടുത്ത് വന്നിരിക്കുന്നു. പകലിലേക്ക് പറന്നു പോയ അവളുടെ പ്രിയപ്പെട്ടവൾ.

"ഒളിച്ചിട്ടും നീ എങ്ങനെ എന്നെ കണ്ടുപിടിച്ചു?" കൂട്ടുകാരിയോട് അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

"ഇരുട്ടിൽ ഒളിച്ചിരിക്കാനോ നീയോ ?" ചിത്രശലഭം അവളെ നോക്കി ചിരിച്ചു: "മിന്നുന്ന ഉടലറ്റമുള്ള നീയോ? "

firefly! മോൾ ആവേശത്തോടെ പറഞ്ഞു.

അതെ .. മിന്നാമിന്നി.
അഞ്ജലിയും പറഞ്ഞു.

തന്റെ ഇരട്ട പെൺകുട്ടികളോട് കഥ പറയുമ്പോൾ മുൻപ് വായിക്കാത്ത ആർക്കു० അറിയാത്ത കഥകളാണ് അഞ്ജലിയും മിക്കപ്പോഴും തിരഞ്ഞെടുക്കുക.

അറിയാത്ത വാക്കുകളുടെ അർത്ഥം അവരുടെ മുന്നിൽ നിന്ന് തന്നെ തിരയും. അമ്മയും അവരെപ്പോലെ പലതും പുതുതായി പഠിക്കുന്ന ആളാണെന്നു അവർ കാണുന്നത് അവക്ക് ഇഷ്ടമുള്ള കാര്യമാണ്. അറിയാത്ത ഒരുപാടൊരുപാട് കാര്യങ്ങൾ അവരെപ്പോലെ അമ്മയ്ക്കും ഉണ്ടെന്ന് അവർക്ക് മനസ്സിലാവുന്നത്. അതുകൊണ്ട് തന്നെ ഒരു സംശയം കഥയുടെ ആ ഘട്ടത്തിൽ ഉണ്ടായി.

രണ്ട് പേരും ഒരുപോലെ ചോദിച്ചു:
" എന്തുകൊണ്ട് മിന്നാമിന്നി പറന്നില്ല? "

മക്കളോടൊപ്പ० ചേർന്ന് അഞ്ജലിയും ഗൂഗിളിനോട് ചോദിച്ചു:
do female fireflies fly?

"ഇത് നോക്ക് .. എനിക്കറിയില്ലായിരുന്നുട്ടോ മിന്നാമിന്നിപ്പെണ്ണിന് പറക്കാനാവില്ലെന്ന്.."

അവൾ ഗൂഗിളിന്റെ ഉത്തരം വായിച്ചു : However, many female fireflies can only dream about flying because they don't have any wings...

"ഒരു ആൺകോന്തനെ കാത്തിരിക്കാനും പെറ്റുകൂട്ടാനുമുള്ള പ്രകൃതിയുടെ കണ്ടുപിടുത്തമെന്ന്" മുഖം കറുപ്പിച്ച് ഞങ്ങൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഓർത്തു.
അതായിരുന്നോ ഞങ്ങൾ പറഞ്ഞു കൊണ്ടിരുന്ന കഥ?

അല്ല. ഒരുപാട് വ്യത്യസ്തതയുള്ള രണ്ട് പേരുടെ സൗഹൃദത്തിന്റേതായിരുന്നു കഥ. വ്യത്യസ്ത സമയങ്ങളിൽ ഉണർന്നിരിക്കുന്ന രണ്ട് പേർ എല്ലാ ദിവസവും കുറച്ചു നേരം ഒന്നിച്ചു സമയം ചിലവിടാൻ കണ്ടുപിടിച്ച പുലരികളേയും സന്ധ്യകളേയും കുറിച്ച്.

'പെണ്ണെന്താ ഒരിയ്ക്കലും പറക്കാനാകാത്ത പുഴുക്കളോ, ' എന്ന ചിന്തയാൽ ഞങ്ങൾ ചിറകുകളെ മാത്രം കഥയിൽ തിരഞ്ഞതാണ്.

ഞാൻ അവളോട് പറഞ്ഞു: പറക്കാൻ ആഗ്രഹിക്കുന്ന ദൂരവും ഉയരവും അവൾ തന്നെ നിശ്ചയിച്ച് അതിന് പറ്റിയ ചിറകുകൾ അവൾ തന്നെ സൃഷ്ടിക്കട്ടെ എന്നാണ് പെണ്ണിനെക്കുറിച്ച് പ്രകൃതിയുടെ സങ്കല്‌പം എങ്കിലോ?

അത് ഒരല്പം പ്രതീക്ഷ ഞങ്ങളിൽ നിറച്ചോ?

അഞ്ജലിയു० മക്കളും ഫ്ളാറ്റിലെ ബാൽക്കണിയി ലേക്കു നടന്നു. അവിടെയിരുന്നു പുറത്തേക്കു നോക്കി നിന്നു മുന്നിലുള്ളത് പത്ത് നിലകളുള്ള ഒരു കെട്ടിടമാണ്. അവിടെ നിന്നാൽ കാണാനാകുന്ന നാല്പത് അടുക്കളകളുടെ ചെറു ജനലുകൾ. ഈ നേരം അതിലൊരു ഇരുപത് എണ്ണത്തിലെങ്കിലും വെളിച്ചവും ആൾപ്പെരുമാറ്റവും കാണാം. അവർഎണ്ണി. പതിനെട്ട് അടുക്കളകളിൽ ഇപ്പോഴു० ആരെങ്കിലുമുണ്ട്.
അതിൽ ഒന്നിലൊഴിച്ച് മറ്റെല്ലായിടത്തും അവർ തന്നെ. സ്വന്തം ചിറകുകൾ സ്വയം നിർമ്മിക്കാൻ ശേഷിയുള്ള - ഭൂമിയിലെ ആ അത്ഭുതജീവികൾ. പക്ഷേ അവരതറിയുന്നില്ല എന്നു മാത്രം.

Add comment

Submit