ബാച്ചിലേഴ്സിനെ സംബധിച്ച് വീക്കെൻഡ് ആകുമ്പോൾ ഉള്ള അവരുടെ ഏക തലവേദന ശനിയാഴ്‌ച ദിവസത്തെ തുണിയലക്കലാണു. നേരം വെളുക്കുന്നത് 10 മണിക്കാണെങ്കിലും ആദ്യം ചെയ്യുക തലേദിവസം സർഫിലിട്ട് വെച്ചിരുന്ന തുണികഴുകുക എന്നതായിരിക്കും. പതിവുപോലെ ഡെന്നീസ് ബാത് റൂമിൽ കയറി.

സർഫ് വെള്ളം തറയിലേക്ക് കമഴ്ത്തി. അതിന്റെ പതകൾ ബാത്ത്രൂമിനെ ഒരു ബാത്ത് റ്റബ് ആക്കി മാറ്റി. കെട്ടികിടക്കുന്ന പതയിൽ നിന്ന് ഒരു കുമ്പിൾ കൈയ്യിൽ എടുത്ത് സീഎഫ് എൽ ലൈറ്റിനു ചുവട്ടിലായി പിടിച്ചു. പക്ഷേ മഴവിൽ കാണുന്നില്ലല്ലോ!. കാരണം ചെറുപ്പത്തിൽ കനാലിൽ കുളിക്കാൻ പോകുമ്പോൾ സോപ്പ് പതച്ച കുമിളയുണ്ടാക്കി സൂര്യന് നേരെ പിടിച്ചാൽ മഴവിൽ കാണാൻ പറ്റുമായിരുന്നു. അത് കൂട്ടുകാരനെ കാണിക്കുമ്പോളായിരിക്കും അവന്റെ ഒരു ഊതൽ. അതോട് കുമിളയും മഴവില്ലും ശൂ..വീണ്ടൂം അടുത്ത കുമിള..അങ്ങനെ ആ കാലത്തേക്ക് ഒന്ന് ഊളിയിട്ടപ്പോഴാണു  സെബാന്റെ വിളി. “ഡെന്നീ പെട്ടന്ന് ഇറങ്ങിക്കോ, എനിക്ക് രാവിലെ വെട്ടുകാട് പള്ളിയിൽ പോകണം.”

ശരിയാണല്ലോ ഇന്നലെ പ്ലാൻ ചെയ്തതാ, ഇന്ന് വെട്ടുകാട് പോകണം എന്ന്. സമയം പത്തര കഴിഞ്ഞു. ഇനിയും സെബാനെ കൂടാതെ ആദർശിനും കുളിക്കണമല്ലൊ. അപ്പോഴാണു പതയുടെ കാര്യം വീണ്ടൂം ഓർത്തത്. അത് ഒഴുകിപോകുന്നുമില്ല. എന്നാൽ പിന്നെ ആ വെള്ളം പോകാനുള്ള പൈപ്പിന്റെ അടപ്പ് മാറ്റി വെയ്ക്കാം. ചെറിയ സുഷിരങ്ങളുള്ള ആ ലോഹ തകിട് കാലുകൊണ്ട് തട്ടി മാറ്റി. അതാ പതയും വെള്ളവും ശൂ എന്ന് താഴേക്ക്. ബാത്ത് റൂമിന്റെ റ്റൈത്സ് എല്ലാം തെളിഞ്ഞു. ഷർട്ടുകൾ ഓരോന്നായി എടുത്തു. ഡെന്നിയെ  സംബധിച്ച് കുളിക്കുന്ന സോപ്പിട്ടാണു ഷർട്ടും കഴുകുക. ഏസി റൂമിൽ ഇരിക്കുന്നതായതുകൊണ്ട് ഷർട്ടിൽ വലിയ അഴുക്ക് ഒന്നും ഇല്ല. അതുകൊണ്ട് സർഫിൽ കുതിർത്ത ഷർട്ടുകൾ കുളിക്കുന്ന കണ്ണാടിസോപ്പുപയോഗിച്ചാണു കഴുക്കുന്നത്. ഹാ..എന്തൊരു മണം ! പെയേഴ്സിന്റെ ആ മണം ഷർട്ടിൽ മാത്രന്മല്ല ബാത് റൂമിലും തളം കെട്ടി നിൽക്കും. ചെറുപ്പത്തിൽ കണ്ണാടി സോപ്പ് കണ്ടിട്ടുപോലുമില്ലായിരുന്നു. അച്ഛൻ വാങ്ങുന്നത് ചന്ദ്രിക , റെക്സോണ അല്ലെങ്കിൽ ലൈഫ് ബോയ്. അതും  രണ്ട് മാസത്തിൽ ഒരിക്കൽ! ഒരു സൊപ്പ് രണ്ട് മാസമെങ്കിലും ഉപയോഗിച്ചോണം എന്നായിരുന്നു അപ്പന്റെ കല്പന. അതുകൊണ്ട് തൊട്ടടുത്തുള്ള തോട്ടിലോ കനാലിലോ  കുളിക്കാൻ പോയാൽ കൂട്ടുകരുടെ സോപ്പ് ഉപയോഗിക്കും. അമ്മയുടെ കൂടെയാണു പോകുന്നതെങ്കിൽ പ്രധാനാ കുളിക്കടവിൽ ധാരാളം സ്ത്രീകൾ കാണും. ആദ്യം ചെന്ന് കല്ല് പിടിക്കുന്നവർക്ക് ആദ്യം തുണി അലക്കാം. അല്ലെങ്കിൽ കല്ല് ഒഴിയുന്നതുവരെ കാത്തിരിക്കണം. തിരക്കാ‍ണെങ്കിലും മറ്റ് ചേച്ചിമാരുടെ സോപ്പ് എടുക്കാൻ പറ്റും. മിക്കവാറും എല്ലാവരും റെക്സോണയോ ലൈഫ്ബോയ് യോ ആകും കൊണ്ടുവരിക. അമ്മയതെടുത്ത് എന്നെ കുളിപ്പിക്കും. നാലാം ക്ലാസ്സിൽ ആയതുകൊണ്ട് നാണിക്കാൻ ഒന്നുമില്ല. പക്ഷേ ശാന്ത ഇച്ചയി ഉണ്ടെങ്കിൽ എനിക്ക് ഇച്ചയിയുടെ കണ്ണാടി സോപ്പ് ആണു തരുന്നത്. ഗ്ലാസ് പോലെയുള്ള ആ സോപ്പിൽ കൂടി അപ്പുറവും ഇപ്പുറവും കാണാം. അത് കൈയ്യിൽ സൂക്ഷിച്ച് പിടിച്ചില്ലെങ്കിൽ തെന്നിപോകും. അപ്പോഴെല്ലാം റ്റി.വി യിൽ കണ്ടിട്ടുള്ള ആ ചേച്ചിയെ ഓർക്കും. “ നിർമ്മലമായ പെയേഴ്സ്...” അതിൽ ഒരെണ്ണം സ്വന്തമായി വാങ്ങണം എന്നത് ജീവിതത്തിലെ ഒരു വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചത് ടെക്നോപ്പാർക്കിലെ ജോലികിട്ടിയതിനു ശേഷവും. അന്നു മുതൽ ഇന്ന് വരെ കുളിക്കാനും തുണി കഴുകാനും ഉപയോഗിച്ചിരുന്നത് ചെറുപ്പത്തിലെ ഹീറോ ആയ കണ്ണാടിസോപ്പ് ആയിരുന്നു.

“ഡെന്നീ ..കഴിഞ്ഞില്ലെ നിന്റെ അലക്ക്?” അകത്തുനിന്നും സെബാൻ വീണ്ടൂം വിളിച്ചു.

“ദാ ഇപ്പൊ കഴിയും..ഒരു നാല് ഷർട്ടും രണ്ട് പാന്റും കൂടി..”  ഡെന്നീസ് ഒന്ന് നടു നിവർക്കാനായി എഴുന്നേറ്റു. കയ്യിൽ ഇരുന്ന സോപ്പ് താഴേക്ക് വീണു. വീണതു മാത്രമല്ല സ്കേറ്റിംഗ് നടത്തി നേരെ പോയി വെള്ളം പോകുന്ന പൈപ്പിലൂടെ താഴെ  സെപ്റ്റിക് ടാങ്കിലേക്ക് !..

“‘ ദൈവമെ ..ചതിച്ചോ’..എടാ സെബാ...സോപ്പ് പോയി..” ഡെന്നിയുടെ വിലാപം !

  ഡെന്നിയുടെ മ്ലാനമായ മുഖം കണ്ടിട്ട് സെബാൻ ആശ്വസിപ്പിച്ചു.

“ഒരു കാര്യം ചെയ്യ്, തത്ക്കാലം മോൻ ഷാമ്പൂ ഇട്ട് കുളിച്ചിട്ട് ഇറങ്ങിവാ, വൈകിട്ട് നമ്മുക്ക് വരുമ്പോൾ കണ്ണാടിസോപ്പും വാങ്ങി ബാക്കി തുണിയും കഴുകാം.”

നിർമ്മലമായ പെയേഴ്സ്, ഇനി സെപ്റ്റിക് ടാങ്കിൽ കുറച്ച് നാൾ കിടക്കട്ടെ. വെട്ടുകാട് യാത്രയിൽ സെബാന്റെ ബൈക്കിൽ ഇരിക്കുമ്പോഴും ഡെന്നീസ് ഓർത്തു. പാവം കണ്ണാടിസോപ്പ്. ശുദ്ധമായ പെയേഴ്സ് അശുദ്ധമായ കുഴിയിൽ!..

Add comment

Submit