(Abbas Edamaruku 
 
ആലകത്തുകാവിലെ മീനപ്പൂരഉത്സവം. പത്തുദിവസം നീണ്ടുനിൽക്കുന്ന മഹോത്സവം. ഇടമറുക് ഗ്രാമത്തിനാകെ ആഘോഷങ്ങളുടെയും സമൃദ്ധിയുടെയും നാളുകളാണ് ഇനിയുള്ള പത്തുദിവസം. ഉത്സവപ്പറമ്പിലെ കാഴ്ചകൾകണ്ടും തമാശകൾപറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ടും വാസന്തി മോളുടെ കൈയും പിടിച്ചുകൊണ്ട് ഉത്സവപ്പറമ്പിലൂടെ മുന്നോട്ടുനടന്നു.
അമ്പലത്തിന്റെ പിന്നിലാണ് വാസന്തിയുടെ വീട്. എല്ലാദിവസവും വൈകുന്നേരം വാസന്തി മോളെയുംകൂട്ടി ഉത്സവപ്പറമ്പിലെത്തും. വാസന്തിമാത്രമല്ല ഗ്രാമത്തിലെ മുഴുവൻ ആളുകളുമുണ്ടാവും ഈ സമയം പൂരപ്പറമ്പിൽ. ഗ്രാമത്തിലെ കുട്ടികൾ മുതൽ പ്രായമായവർവരെയുള്ള എല്ലാ ആളുകൾക്കും പൂരം ലഹരിയാണ്.

വാസന്തിയുടെ വീട്ടിൽ വാസന്തിയും മോളും പിന്നെ ഭർത്താവിന്റെ അമ്മയും മാത്രമേയുള്ളൂ. തയ്യൽജോലി ചെയ്താണ് അവളുടെ കുടുംബം കഴിഞ്ഞുകൂടുന്നത്. ഇടയ്ക്കു കുറച്ചുകാലം വഴിവിട്ടജീവിതം നയിച്ചെങ്കിലും വാസന്തിയിന്ന് നല്ലവളാണ്. എങ്കിലും നാട്ടുകാർ ഇന്നും അവളെ ആ മോശപെട്ടകണ്ണുകൊണ്ടാണ് കാണുന്നത്. അതിൽ വാസന്തിക്കൊട്ടും പരിഭവമില്ല. മോൾ വലുതാകുമ്പോഴെങ്കിലും ആളുകൾ തന്നെ നല്ലവളായി അംഗീകരിക്കണേ എന്നൊരു പ്രാർത്ഥന മാത്രമേയുള്ളു ഇപ്പോൾ അവളുടെ മനസ്സിൽ.

ഉത്സവപ്പറമ്പിലേക്ക് വാസന്തിക്കൊപ്പം അമ്മയും വരുമെങ്കിലും കൂട്ടുകാരോടൊത്തുകൊണ്ട് അമ്മ ആൽത്തറയിലോ മറ്റോ ഇരുന്നു വർത്താനം പറയുകയാണ് പതിവ് .ഈ സമയം മകൾ വാസന്തിയേയുംകൂട്ടി ഉത്സവപ്പറമ്പിലൂടെ ചുറ്റിയടിക്കും .ഉത്സവപ്പറമ്പുനിറയെ വിവിധതരത്തിലുള്ള കച്ചവടക്കാരെകൊണ്ട് നിറഞ്ഞിരിക്കുകയാണ് .വളകൾ ,മാലകൾ ,കണ്മഷി ,വിവിധതരം ഉടുപ്പുകൾ ,ചെരുപ്പുകൾ ,പലഹാരങ്ങൾ അങ്ങനെ നീളുന്നു കടകളുടെ എണ്ണം .

ഗ്രാമത്തിലെ ചെറുപ്പക്കാർ മുഴുവൻ ഉത്സവപ്പറമ്പിൽ എത്തിയിട്ടുണ്ട് .അവരുടെ കൊത്തിവലിക്കുന്ന മിഴികൾ ഉത്സവപ്പറമ്പിലൂടെ പാറിനടക്കുന്ന പെണ്ണുങ്ങളുടെ മേനിയിലൂടെ ഒഴുകിനടന്നുകൊണ്ടിരുന്നു .സുന്ദരിയായ തന്റെമേലും പുരുഷന്മാരുടെ മിഴികൾ പാറിനടക്കുന്നുണ്ടെന്ന കാര്യം വാസന്തി കണ്ടില്ലെന്നു നടിച്ചു .

''ആളുകളെല്ലാം നിന്നെത്തന്നെയാണല്ലോടി വാസന്തി നോക്കുന്നത്. നീ തന്നെ ഉത്സവപ്പറമ്പിലെ റാണി.'' നാട്ടിലെ പരദൂഷണക്കാരിയായ ലക്ഷ്മിയേടത്തി വാസന്തിയെനോക്കി അർഥംവെച്ചുപറഞ്ഞിട്ടു പൊട്ടിച്ചിരിച്ചു.

''അത് പിന്നെ അങ്ങനല്ലേ ചേച്ചി വരൂ. നമ്മളെയൊന്നും ആരും നോക്കൂല്ല. നോക്കീട്ടുകാര്യമില്ലെന്ന് അവന്മാർക്കറിയാം ...''മറ്റൊരുവൾ ലക്ഷിമിയേടത്തിയെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു .വാസന്തിയിതോന്നും കേട്ടില്ലെന്നു നടിച്ചുകൊണ്ട് മുന്നോട്ടുനടന്നു .അവൾ നേരെപോയത് ഉത്സവപ്പറമ്പിൽ മൂലയിലായിക്കൊണ്ട് വളകളും മാലകളുമൊക്കെ വിൽക്കുന്നൊരു കടയിലേക്കാണ് .

വാസന്തിയേയും മോളെയും കണ്ടുകൊണ്ട് കടക്കാരൻ മൃദുവായി പുഞ്ചിരിച്ചു .കഴിഞ്ഞവർഷത്തെ ഉത്സവത്തിന് വന്നപ്പോൾ അയാളുടെ കടയിൽ നിന്നും വളകളും മറ്റും വാങ്ങിയകാര്യം വാസന്തി മനസ്സിലോർത്തു .

''എന്താണ് വേണ്ടത് ...?കടക്കാരൻ വാസന്തിയെനോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു .

''മോൾക്ക് വളകൾ ...പിന്നെ എനിക്ക് ഒരുകുപ്പി കൂട്ടക്‌സും .''വാസന്തി സൗമ്യമായി പുഞ്ചിരിതൂകിക്കൊണ്ട് പറഞ്ഞു .എന്നിട്ട് മുന്നിൽ നിരത്തിവെച്ചിരിക്കുന്ന വിവിധനിറത്തിലുള്ള കുപ്പിവളകൾക്ക് മുകളിലൂടെ കണ്ണോടിച്ചു .

വാസന്തി ഏതാനും വളകൾ കൈയിലെടുത്തു .എന്നിട്ട് മോളുടെ കൈലിട്ടുകൊടുത്തു .പുതിയവളകൾ കിട്ടിയപ്പോൾ മോൾക്ക് സന്തോഷമായി .അവൾ പുതിയവളകൾ വല്ല്യമ്മയെ കാണിക്കാനായികൊണ്ട് ആവേശത്തോടെ വാസന്തിയുടെ അടുക്കൽനിന്നും ഓടിപ്പോയി .

ഈ സമയം വാസന്തി ഒരുകുപ്പി കൂട്ടക്‌സു കൈയിലെടുത്തു .എന്നിട്ടതിന്റെ നിറം കൈനഖത്തിനു ചേരുമോ എന്നറിയാനായി വെച്ചുനോക്കി .

''ഇട്ടുനോക്കിക്കോളൂ ...''ഈ സമയം കടക്കാരൻ വാസന്തിയെനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .വാസന്തി ഒരുനിമിഷം മടിച്ചുനിന്നു .

''ഞാൻ ഇട്ടുതരട്ടെ ...?''ചോദിച്ചിട്ട് വാസന്തിയുടെ കൈയിലിരുന്ന കൂട്ടക്സ്‌കുപ്പി കൈയിൽ വാങ്ങി അയാൾ .വാസന്തിയൊന്നും പറഞ്ഞില്ല .നാണത്തോടെ മിഴികൾതാഴ്ത്തിക്കൊണ്ട് വലതുകൈ മുന്നിലിരുന്ന വളക്കൂട്ടങ്ങൾക്കുമുകളിൽ വെച്ചവൾനിന്നു .

അയാൾ മെല്ലെ വാസന്തിയുടെ കരം കവർന്നെടുത്തു .നിമിഷങ്ങൾ കഴിയവേ അവളുടെ കൈവിരൽ നഖങ്ങളിൽ അയാൾ ചായംപുരട്ടി .അയാളുടെ കരസ്പർശനം മൃദുവായതും ചുടുള്ളതുമായിരുന്നു .ഒരുനിമിഷം വാസന്തി ആ അനുഭൂതിയിൽ ലയിച്ചങ്ങനെ നിന്നുപോയി .

വെളുത്തുതുമെലിഞ്ഞ കൈവിരൽനഖങ്ങളിലെ ചുവപ്പുവർണങ്ങൾ അയാൾ കൊതിയോടെ നോക്കിനിന്നു .''ചുവപ്പുവർണ്ണം ഈ കൈകൾക്ക് നന്നായി ചേരുന്നുണ്ട് .''വാസന്തിയുടെ മിഴികളിലേക്ക് ഗൂഢമായി നോക്കിക്കൊണ്ടയാൾ പറഞ്ഞു .

വാസന്തി ഒന്നുംമിണ്ടിയില്ല .കൈകൾ പിൻവലിച്ചുകൊണ്ട് അവൾ അയാൾക്ക് പണംകൊടുത്തുകൊണ്ട് പോകാനൊരുങ്ങി .

''എന്താ പേര് ...?''അയാൾ വാസന്തിയെനോക്കി ചോദിച്ചു .അവൾ പേരുപറഞ്ഞു .''ഇവിടെ അടുത്താണോ വീട് ...?''അയാൾ വീണ്ടും അവളെനോക്കി .''ഉം ...''വാസന്തി മൂളി .

''എന്റെ പേര് ജയമോഹൻ ...എല്ലാക്കൊല്ലവും ഞാനിവിടെ കച്ചവടത്തിന് വരാറുണ്ട് .എന്നെ കണ്ടിട്ടുണ്ടോ ...?''ചോദിച്ചിട്ട് അയാൾ ആകാംക്ഷയോടെ വാസന്തിയെ നോക്കി .

''ഉം ...''മറുപടി ഒരുമൂളലിലൊതുക്കിയിട്ടു വാസന്തി തിരിഞ്ഞുനടന്നു .മുന്നോട്ടുനടക്കുമ്പോൾ ഒരുനിമിഷം അവൾ തിരിഞ്ഞുനോക്കി .കടയിൽനിന്നുകൊണ്ട് അയാൾ ആൾത്തിരക്കിനിടയിലൂടെ തന്നെ നോക്കുന്നത് അവൾകണ്ടു .അവളുടെ മുഖത്തപ്പോൾ അറിയാതെയെന്നവണ്ണം ഒരു പുഞ്ചിരി വിരിഞ്ഞു .അകതാരിൽ ഒരുതരം കുളിരുപടരുന്നതുപോലെ ഒരു തോന്നൽ .തുടർന്ന് ഉത്സവപ്പറമ്പിലൂടെ നടക്കുമ്പോഴും... കലാപരിപാടികൾ കണ്ടിരിക്കുമ്പോഴുമെല്ലാം അവളുടെ മനസ്സിൽ അയാളുടെ മുഖം നിറഞ്ഞുനിന്നു .

പിറ്റേദിവസവും വൈകുന്നേരമായപ്പോൾ ഒന്നുംതന്നെ വാങ്ങുവാനില്ലാതിരുന്നിട്ടും വാസന്തി ആ കടക്കുമുന്നിലെത്തി .ഒരുനിമിഷം ഇരുവരുടേയും കണ്ണുകൾ തമ്മിലുടക്കി .ആ മിഴികളിൽ അനുരാഗം തിരതല്ലി .അയാൾ അവളെനോക്കി പുഞ്ചിരിപൊഴിച്ചു .അവളും ...
''എന്താ ഇങ്ങനെ നോക്കണേ ...?''വാസന്തി അയാളെനോക്കി പുഞ്ചിരിയോടെ ചോദിച്ചു .

''എന്തോ അറിയില്ല ...തന്നെ ആദ്യമായി കണ്ടനിമിഷം മുതൽ മനസ്സിന് പറഞ്ഞറിയിക്കാനാവാത്തൊരു അനുഭൂതി .താനെന്റെ ആരൊക്കെയോ ആണ് ...അല്ല ആയിരുന്നു എന്നൊരുതോന്നൽ ...''അയാൾ പറഞ്ഞുനിർത്തി .വാസന്തിയൊന്നും മിണ്ടിയില്ല .നാണത്തോടെ അയാളെനോക്കി ചിരിച്ചിട്ട് അവൾ തിരിഞ്ഞുനടക്കാനൊരുങ്ങി .

''പോവുകയാണോ ...എന്താണിത്ര ദൃതി ...?ഇന്ന് വളകളും ,മാലകളുമൊന്നും വേണ്ടേ .?''അയാൾ അവളെനോക്കി ചോദിച്ചു .

''ഇന്ന് മോൾ വന്നില്ല .അവൾ അമ്മയുടെകൂടെ ആൽത്തറയിൽ നിൽകുവാ ...അതുകൊണ്ട് വളയും ,മാലയുമൊന്നും വേണ്ട .''വാസന്തി പറഞ്ഞു .

''മോൾ വന്നില്ലെങ്കിലെന്താ ...?വാസന്തിക്ക് വളകളൊന്നും വേണ്ടേ ...?വാസന്തിക്ക് വളകൾ ഇഷ്ടമല്ലേ ...?''അവൾ ഒന്നും മിണ്ടിയില്ല .ഈ സമയം അയാൾ ഏതാനും ചുവന്നവളകൾ എടുത്തുകൊണ്ട് വാസന്തിക്ക് നേരെ നീട്ടി .

''ഇതാ ...ഈ ചുവന്നവളകൾ ആ കൈകളിലണിയൂ ...മനോഹരമാവും .''വാസന്തി വളകൾ വാങ്ങി കൈകളിൽ അണിഞ്ഞു .

''എനിക്കിഷ്ടമാണ് ഈ ചുവപ്പുവളകൾ .''അവൾ പുഞ്ചിരിയോടെ അയാളെനോക്കി പറഞ്ഞു .

''ഇന്നലെ ചുവപ്പുകളർ കൂട്ടക്സ് തിരഞ്ഞെടുത്തപ്പോഴേ എനിക്കത് മനസ്സിലായിരുന്നു .അതാണ് ഇന്ന് വാസന്തിക്കായി ഞാൻ ചുവന്നവളകൾ തിരഞ്ഞെടുത്തത് .''പറഞ്ഞിട്ടയാൾ അവളുടെ വിടർന്നമിഴികളിലേക്ക് കുസൃതിയോടെ നോക്കി .

ഒറ്റദിവസംകൊണ്ട് തന്റെ ഇഷ്ടനിറം ഇയാൾ മനസിലാക്കിയിരിക്കുന്നു .വാസന്തിക്ക് അയാളോട് വല്ലാത്തൊരു ഇഷ്ടംതോന്നി .അവൾ ഏതാനുംനേരകൂടി അവിടെനിന്നിട്ട് തിരിച്ചുനടക്കാനൊരുങ്ങി .

''നാളെ വരില്ലേ ...?ഞാൻ കാത്തിരിക്കും ...''അയാൾ പറഞ്ഞു .''വരും ...''അവൾ മെല്ലെ പറഞ്ഞു .എന്നിട്ട് തിരിച്ചുനടന്നു .

''എന്താടി വാസന്തി നിനക്ക് ആ വളക്കാരനെ ഒരുപാട് അങ്ങ് പിടിച്ചെന്ന് തോന്നുന്നല്ലോ ...?ഉത്സവപ്പറമ്പിലിരുന്നവരിൽ ഒരുവൻ വാസന്തിയെനോക്കി വഷളത്തം നിറഞ്ഞ ചിരിയോടെ പറഞ്ഞു .

''അല്ലേലും അവൾക്കിപ്പോ നമ്മളെയൊന്നും വേണ്ടല്ലോ .അവൾ പതിവൃത ആയിരിക്കുവല്ലേ ...!വരത്തന്മാരെയായിരിക്കും അവൾക്ക് പുതുതായി നോട്ടം .''മറ്റൊരുവൻ പറഞ്ഞു .വാസന്തിക്കിതെല്ലാം കേട്ട് തഴമ്പിച്ചുകഴിഞ്ഞിരുന്നു .അവൾ അവരെ പുഛത്തോടെനോക്കിയിട്ടു മുന്നോട്ടുനടന്നു .

വാസന്തിയോട് അവരങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക് വിഷമംതോന്നി .താൻമൂലം ..തന്നോട് അടുത്തിടപഴകിയതുമൂലമാണല്ലോ വാസന്തിക്ക് അതൊക്കെ കേൾക്കേണ്ടിവന്നത് .വാസന്തിയെ അധിക്ഷേപിച്ചവരെ ചോദ്യം ചെയ്യണമെന്ന് തോന്നിയെങ്കിലും അയാളത് വേണ്ടെന്നുവെച്ചു .അന്യനാടാണ് .താൻ ഈ നാട്ടിൽ അന്യനാണ് .വെറുമൊരു കച്ചവടക്കാരൻ .വാസത്തി വിധവയാണെന്നും ഒരുകുട്ടിയുടെ അമ്മയാണെന്നും മാത്രമേ തനിക്കറിയൂ .ഏതാനുംദിവത്തെ പരിചയം മാത്രം .അതുകൊണ്ടുതന്നെ അവൾക്കുവേണ്ടി ഈ സമയത്തു അവളുടെനാട്ടുകാരുമായി കോർക്കുന്നതു ശരിയല്ലെന്ന് അയാൾക്ക് തോന്നി .എന്തായാലും വാസന്തിയെക്കുറിച്ചു നാളെ കൂടുതൽ ചോദിച്ചറിയണമെന്ന് അയാൾ മനസ്സിൽ നിച്ചയിച്ചു .

അന്നുരാത്രി ജയമോഹന് ഉറങ്ങാൻ കഴിഞ്ഞില്ല .മനസ്സുനിറച്ചും വാസന്തിയുടെ രൂപംനിറഞ്ഞുനിന്നു .ഉത്സവക്കച്ചവടവുമായി എത്രയോനാടുകൾ ചുറ്റിത്തിരിഞ്ഞിട്ടുണ്ട് .ഏതെല്ലാം വിധത്തിലുള്ള പെൺകുട്ടികളുമായി ഇടപഴകിയിട്ടുണ്ട് .പക്ഷേ ,അവരോടൊന്നും തോന്നാത്തൊരു ആകർഷണം എന്തുകൊണ്ടോ വാസന്തിയോട് തോന്നുന്നു .അവർക്കൊന്നുമില്ലാത്ത എന്തൊക്കെയോ പ്രത്യേകതകൾ വാസന്തിക്കുള്ളതുപോലെ .ഇത്രയും ആകർഷണം ഉള്ള ഒരുപെണ്ണിനെ ഇതിനുമുൻപെങ്ങും കണ്ടിട്ടില്ലെന്ന് അവനുതോന്നി .

ഈ സമയം വാസന്തിയും ഇതേ ചിന്തകളുമായി ഉറങ്ങാതെ കിടക്കുകയായിരുന്നു .ഒരു ഉത്സവക്കച്ചവടക്കാരന്റെ ഭാര്യയി നാടുകൾതോറും ചുറ്റിത്തിരിയുന്നത് അവൾ മനസിൽകണ്ടു .ആ ഓർമ്മകൾ പോലും അവളുടെ മനസിന് കുരിരുപകർന്നു .അവളുടെ മനസ്സിൽ പുതിയ അനുരാഗത്തിന്റെ വിത്തുകൾ മുളപൊട്ടി .അവളുടെമുഖം നാണത്താൽ ചുവന്നുതുടുത്തു .അവൾ തലയണയെകെട്ടിപുണർന്നുകൊണ്ട് മിഴികൾപൂട്ടി .

പിറ്റേന്ന് നേരത്തേതന്നെ ജോലികളെല്ലാം ചെയ്തുതീർത്തുകൊണ്ട് വാസന്തി കുളിച്ചുറെഡിയായി അമ്പലത്തിലേക്ക് പുറപ്പെടാൻ തയ്യാറായി .അവളുടെ ഇഷ്ടനിറമായ ചുവന്നനിറത്തിലുള്ള ഒരു സാരിയാണവൾ ഉടുക്കാനായി തിരഞ്ഞെടുത്തത് .ആ വേഷത്തിൽ അവൾകൂടുതൽ സുന്ദരിയായിരുന്നു .

''ഇന്നെന്താടി നേരത്തേ ഒരു കെട്ടി എഴുന്നള്ളിപ്പ് ...?ആരെക്കാണാനാ ...?''വാസന്തിയുടെ ഒരുക്കം കണ്ട് അമ്മായിഅമ്മ അനിഷ്ടത്തോടെ ചോദിച്ചു .

''തയ്യലിനുവേണ്ട ഒന്നുരണ്ട് സാധനങ്ങൾ വാങ്ങാനുണ്ട് .''അമ്മയോട് കള്ളംപറഞ്ഞിട്ട് അവൾ വീട്ടിൽനിന്നും ഇറങ്ങി വേഗത്തിൽ ഉത്സവപ്പറമ്പിലേക്ക്‌ നടന്നു .

അവൾ ചെല്ലുമ്പോൾ ഉത്സവപ്പറമ്പിൽ ആളുകൾ നിറഞ്ഞുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു .ജയമോഹൻ കടയിൽ സാധനങ്ങളും മറ്റും അടുക്കിവെക്കുകയായിരുന്നു .വാസന്തിയെക്കണ്ട് അവൻ പുഞ്ചിരിച്ചുകൊണ്ട് അവൾക്കരികിലേക്ക് വന്നു .

''ഞാൻ കാത്തുനിൽക്കുകയായിരുന്നു വാസന്തിയെ .നാളെ ഉത്സവം തീരുവല്ലേ ...?അതിനുമുന്നെ എന്തൊക്കെക്കാര്യങ്ങളാണ് വാസന്തിയോട് പറയാനുള്ളത് .''അയാൾ സ്നേഹത്തോടെ അവളെനോക്കി പറഞ്ഞു .

ശരിയാണ് നാളെ ഉത്സവം തീരുകയാണ് .ഉത്സവംകഴിയുമ്പോൾ ...എല്ലാക്കച്ചവടക്കാരേയും പോലെ സാധനങ്ങളെല്ലാം പെട്ടിയിലാക്കികൊണ്ട് വണ്ടിയിൽ കയറി ഈ നാട്ടിൽനിന്നും ജയമോഹൻ പോകും .പിന്നെ താനെങ്ങനെ ജയമോഹനെ കാണും .?ഇതുവരെയുള്ള മോഹങ്ങളത്രയും വെറുതെയാകും .കണ്ടസ്വപ്നങ്ങളെല്ലാം പാഴ്സ്വപ്നങ്ങളാവും... അതോർത്തപ്പോൾ വാസന്തിക്ക് സങ്കടം തോന്നി .അവളുടെ മുഖത്തു നിരാശനിറഞ്ഞു .അവൾ വിഷാദപൂർവ്വം ജയമോഹനെ നോക്കി .

അവളുടെ ആ മുഖഭാവം കണ്ട്‌ ജയമോഹൻ ചോദിച്ചു .''എന്താണ് മുഖത്തൊരു സന്തോഷമില്ലാത്തത് .?നാളെ ഞാൻ പോകുന്ന കാര്യമോർത്തിട്ടാണോ .?അതിനെന്തിനാണ് സങ്കടപെടുന്നത് .?ഞാൻ നാട്ടിൽപോയാലും അധികം കഴിയും മുൻപേ ഇവിടേക്ക് മടങ്ങിവരും .ഇനിമുതൽ എന്റെ മനസും പ്രാണനുമെല്ലാം ഇവിടെയാണ് .ഈ ഇടമറുക് ഗ്രാമത്തിൽ .നീയാണ് ഇനിയെന്റെ സർവവും .''

''നീയില്ലാതെ ഇനിയെനിക്കൊരു ജീവിതമില്ല .നാട്ടിലെത്തിയിട്ടുവേണം അവിടുള്ള എന്റെ കൊച്ചുവീടൊന്നു മോടിപിടിപ്പിക്കാൻ .വീട്ടിലേക്ക് കുറച്ചു സാധനങ്ങയും വാങ്ങണം .എന്നിട്ട് ഞാൻ വരും വാസന്തിയേയും മോളെയും കൂട്ടിക്കൊണ്ടുപോകാൻ .വൈകിയാണെങ്കിലും എനിക്കും തുടങ്ങണം ഒരു ജീവിതം .ചെറുപ്പകാലത്തു പലതെറ്റുകളും ചെയ്തു .മോശമായ വഴികളിലൂടെ സഞ്ചരിച്ചു .അതിനെല്ലാം പരിഹാരമായിക്കൊണ്ട് പ്രായച്ഛിത്തംകണക്കെ ഒരു ജീവിതം .അത് വാസന്തിയെപ്പോലൊരു പെണ്ണിന് ജീവിതം നൽകികൊണ്ടാണല്ലൊ എന്നോർക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു .''പറഞ്ഞിട്ട് അവൻ വാസന്തിയുടെ മിഴികളിലേക്ക് നോക്കി .

വാസന്തിയുടെ ഉള്ളം സന്തോഷംകൊണ്ടുവിങ്ങി ആ മിഴികളിൽനിന്നും ആനന്താശ്രുക്കൾ അടർന്നുവീണു .''എനിക്ക് സന്തോഷമായി ജയമോഹൻ .ഞാൻ കാത്തിരിക്കും എന്നെയും മോളെയും കൂട്ടിക്കൊണ്ടുപോകാനായി ജയമോഹൻ വരുന്നതുംകാത്ത്‌ .എനിക്കും കൊതിയാവുന്നു ഒരുപുരുഷനോടൊത്ത്‌ ജീവിക്കാൻ .ഞാനും ഒരു പുതുജീവിതം സൊപ്നംകണ്ടുതുടങ്ങിയിരിക്കുന്നു .ഈ ഉത്സവക്കച്ചവടക്കാരനോടൊത്ത്‌ ...അവന്റെ ഭാര്യയി... ഉത്സവപ്പറമ്പുകൾതോറും കച്ചവടത്തിനായി സഞ്ചരിച്ചുകൊണ്ട് അവന്റെ കൈയും പിടിച്ചുകൊണ്ട്... കാഴ്ചകൾ കണ്ടുകൊണ്ട് നടക്കാൻ എനിക്കും കൊതിയാവണൂ ...''അത് പറയുമ്പോൾ സന്തോഷംകൊണ്ട് അവളുടെ ശബ്ദം വിറപൂണ്ടു .

ഏതാനുംനേരകൂടി വർത്തമാനം പറഞ്ഞുനിന്നിട്ട് വാസന്തി ജയമോഹനോട് യാത്രപറഞ്ഞുപിരിഞ്ഞു .പോകാൻനേരം മനോഹരമായ ഒരു മാല ജയമോഹൻ വാസന്തിക്കായി സമ്മാനിച്ചു .അവൾ കണ്ണിൽനിന്നും മറയുന്നതുവരെ ജയമോഹൻ അവളെനോക്കിനിന്നു .

പിറ്റേദിവസം ഉത്സവം അവസാനിച്ചപ്പോൾ തന്റെ കച്ചവടസാധനങ്ങളുമായി ജയമോഹൻ നാട്ടിൽനിന്നും പോയി .വാസന്തി അന്നുമുതൽ കാത്തിരുന്നു ജയമോഹന്റെ വരവിനായി .ദിവസങ്ങൾ കടന്നുപോയി .മാസങ്ങളും... പക്ഷേ ,ജയമോഹൻ വന്നില്ല. അവന്റെ കത്തുകളോ ,ഫോൺകോളുകളോ ഒന്നുംതന്നെ വാസന്തിയെത്തേടിയെത്തിയില്ല .

ഇപ്പോൾ വർഷം ഒന്നുകഴിഞ്ഞിരിക്കുന്നു ജയമോഹൻ പോയിട്ട് .ഇക്കൊല്ലത്തെ മീനപ്പൂരമഹോത്സവത്തിനായി ആലകത്തുകാവിൽ കൊടിയേറ്റിയിരിക്കുന്നു .ഈ ഉത്സവക്കച്ചവടത്തിനെങ്കിലും ജയമോഹൻ നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് വാസന്തി .ജയമോഹൻ എത്തുമോ .?എത്തുമെന്ന് പ്രതീക്ഷിക്കാം .

 

 

Add comment

Submit