(അബ്ബാസ് ഇടമറുക്)
 
ബിന്ദുചേച്ചിയെ ഒന്ന് കാണണം അതിനുവേണ്ടിയാണ് ഞങ്ങൾ അതിരാവിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചേർന്നത്. പക്ഷേ, ബിന്ദുചേച്ചി കിടക്കുന്ന മുറിയുടെ പുറത്തുനിന്നതല്ലാതെ ഉമ്മയ്ക്കും സഹോദരിക്കുമൊപ്പം ഉള്ളിൽ കടക്കാൻ എനിക്ക് തോന്നിയില്ല. എന്തോ മനസ്സിനുള്ളിൽ വല്ലാത്തൊരു നൊമ്പരം. ആശുപത്രി വരാന്തയിൽ വേറെയും ചിലർ കൂടിനിൽപ്പുണ്ട്. ചേച്ചിയെ സന്ദർശിക്കാനെത്തിയ അവരുടെ ബന്ധുക്കളും മറ്റും. ഞാനാരെയും ശ്രദ്ധിക്കാതെ വരാന്തയുടെ ഒരു ഒഴിഞ്ഞ കോണിലേയ്ക്ക് മാറിനിന്നു. ഇന്നലെ വൈകുന്നേരം ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സഹോദരിയാണ് ഓടിവന്ന് കാര്യം പറഞ്ഞത്.

"ഇക്കാക്കാ... അറിഞ്ഞോ... നമ്മുടെ ബിന്ദുച്ചേച്ചി കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു."

"ആണോ... എന്നിട്ടോ...?" ഞാൻ ഞെട്ടലോടെ സഹോദരിയെ നോക്കി.

"രക്തം ഒരുപാട് പോയി. ഇപ്പോൾ ആശുപത്രിയിലാണ്. ഭാഗ്യത്തിന് മരിച്ചിട്ടില്ല."

എന്റെ ഉള്ളം വല്ലാതെ സങ്കടം കൊണ്ട് നിറഞ്ഞു. ശരീരം തളരുന്നതുപോലെ...

ബിന്ദുചേച്ചി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ചും, അതിന്റെ പിന്നിലെ കാരണങ്ങളെക്കുറിച്ചുമെല്ലാം ഉമ്മയും, സഹോദരിയുംകൂടി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്റെ ഉള്ളിലെ സങ്കടം അവർ കാണാതിരിക്കാനായി ഞാനെന്റെ മുറിയിലേയ്ക്ക് നടന്നു. രണ്ടുദിവസം മുൻപുള്ള ഒരു സായാഹ്നത്തിലാണ് അവസാനമായി ബിന്ദുചേച്ചിയെ കണ്ടത്.മുറ്റത്തെ അലക്കുകല്ലിനരികിൽ നിറുത്തി മോളേ കുളിപ്പിക്കുകയായിരുന്നു.

"ഇന്നെന്താ മോള് കുളിക്കാൻ വൈകിയോ...?" ഞാൻ ചോദിച്ചു.

"ഇവള് പറഞ്ഞാൽ കേൾക്കണ്ടേ... ഞാൻ എത്രവട്ടം വിളിച്ചതാണെന്നറിയുമോ...വരണ്ടേ അയൽവീട്ടിലെ കുട്ടികളുമൊത്ത് കളിച്ചു നടപ്പാണ്..."എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞിട്ട് മോളുടെ തല തുടച്ചിട്ട് അവളേയും കൂട്ടി വീട്ടിലേയ്ക്ക് നടന്നുപോയി.

"ഇക്കാക്ക എന്താ മാറി വന്നുനിൽക്കുന്നെ... ഇവിടംവരെ വന്നിട്ട് ചേച്ചിയെ കാണുന്നില്ലേ.?"

പിന്നിൽ നിന്ന് സഹോദരിയുടെ ശബ്ദം കേട്ടതും ഞാൻ പെട്ടെന്ന് പരിസരബോധമുണ്ടായതുപോലെ ഓർമ്മയിൽ നിന്ന് മുക്തനായി.

"നിങ്ങൾ കണ്ടോ...ഇപ്പോൾ എങ്ങനുണ്ട്.?" ഞാൻ സഹോദരിയെ നോക്കി.

"കണ്ടു... എന്ത് പറയാനാണ് പാവം. വല്ലാത്ത അവസ്ഥതന്നെ... ഇപ്പോൾ തോന്നുന്നു കാണാതിരിന്നാൽ മതിയായിരുന്നെന്ന്." പറഞ്ഞിട്ട് അവൾ ഉമ്മയുടെ അടുക്കലേയ്ക്ക് തിരിച്ചുപോയി.

ഒരുനിമിഷം ഞാൻ ആലോചിച്ചുനിന്നു... കാണണോ... എന്റെയുള്ളിൽ സങ്കടം വന്ന് നിറഞ്ഞു. ഇനിയും ആ നിൽപ്പ് തുടർന്നാൽ സങ്കടംകൊണ്ട് മിഴികൾ അണപൊട്ടിയൊഴുകുമെന്ന് തോന്നിയപ്പോൾ... ഞാൻ മെല്ലെ അവിടെനിന്നിറങ്ങി നടന്നു. ആശുപതിയുടെ താഴെ വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തുചെന്ന് ഞാൻ ഒതുങ്ങിനിന്നു.ആ സമയം വീണ്ടും ബിന്ദുച്ചേച്ചിയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞുവന്നു.

മനസ്സിൽ ഒരിക്കൽക്കൂടി ആ കല്യാണദിനം തെളിഞ്ഞുവന്നു. രാജീവേട്ടന്റെ കൈയും പിടിച്ച് വീടിന്റെ പടികടന്നുവന്ന പുതുപ്പെണ്ണിനെക്കാണാൻ ബന്ധുക്കളും, നാട്ടുകാരുമൊക്കെ തിക്കിതിരക്കി നിന്നു. അതിഥികൾക്ക് ഭക്ഷണം വിളമ്പുന്ന തിരക്ക്... പുതുപ്പെണ്ണിന്റെ നേർക്ക് ഒന്ന് നോക്കാൻപോലും കഴിഞ്ഞില്ല. ഒടുവിൽ പന്തലിനുനടുവിൽ വന്ന് നിന്നപ്പോഴുള്ള ആ കാഴ്ച. ആ സൗന്ദര്യത്തിന്റെ മൂർത്തീരൂപം. ആലകത്തുകാവിലെ ദീപാരാധനപോലെ... പിന്നീടെത്രയോ ദിനങ്ങൾ ആ സൗന്ദര്യം ഒരു നിത്യകാഴ്ചയായി. രാവിലേ ജോലിയ്ക്ക് പോകുമ്പോൾ, ടൗണിൽ പോകുമ്പോൾ, തിരികെ വരുമ്പോൾ, പള്ളിയിൽ പോകുമ്പോൾ... ആ മുഖമൊന്നു കാണാൻ... മറ്റാരും അറിയാതെ ആ പുഞ്ചിരി ഒന്ന് ആസ്വദിക്കാൻ... ഒന്നു മിണ്ടാൻ... കൊതിയോടെ കാത്തുനിന്ന ദിനങ്ങൾ.

"അബ്ദൂ... ആ ബിന്ദു പെണ്ണിന് ചക്ക തിന്നാൻ വല്ലാത്ത കൊതിയാണത്രെ... അതിന്റെ കേട്ടിയോനോട് പറഞ്ഞിട്ട് യാതൊരു പ്രതികരണവുമില്ല. വീട്ടുകാരും അത്രതന്നെ. കടിഞ്ഞൂലായി ഇരിക്കണ പെണ്ണല്ലേ... കൊതിയുണ്ടാവില്ലേ അതിന്. നിനക്ക് പറ്റുമോ എവിടുന്നേലും ഒരു ചക്ക കൊണ്ടുവരാൻ. ഞാൻ അത് പുഴുങ്ങി ആ കൊച്ചിന് കൊണ്ട് കൊടുത്തോളം..."പതിവുജോലിക്കിടയിൽ ഉച്ചയൂണ് കഴിക്കാനെത്തിയപ്പോൾ ഉമ്മ പറഞ്ഞു.

പിന്നെ ഒട്ടും താമസിച്ചില്ല... ഊണും കഴിഞ്ഞ് ബൈക്കുമെടുത്ത് ഇറങ്ങി. ഒരുപാട് സ്ഥലത്ത് അന്വേഷിച്ചു. ഒടുവിൽ ഒരു സുഹൃത്തിന്റെ വീട്ടിലെ പ്ലാവിന്റെ അറ്റത്തെ കൊമ്പിൽ കിടന്ന ഒറ്റച്ചക്ക പണിപ്പെട്ട് കയറി ഇട്ടുകൊണ്ട് വീട്ടിലെത്തിച്ചു.വെളുത്തുള്ളിയും,ചെറിയ ഉള്ളിയും, പെരുംജീരകവും,കറിവേപ്പിലയും, മഞ്ഞളും, തേങ്ങയുമെല്ലാം ചേർത്ത് ഒതുക്കിയിട്ട് ഉമ്മാ പുഴുങ്ങിയെടുത്ത നല്ല സ്വദേറിയ ചക്കപുഴുക്ക് സമ്മാനിക്കുമ്പോൾ ആ മുഖത്ത് നിറഞ്ഞുനിന്ന സന്തോഷം ഇന്നും മനസ്സിലുണ്ട്.

ഒരുനാൾ വഴിയിൽ വെച്ചുകണ്ടപ്പോൾ പുഞ്ചിരിയോടെ പറഞ്ഞു...

"ഏയ്‌ യുവ കർഷകാ... താങ്കൾ ഒരു ഒരു വായനക്കാരൻ കൂടിയാണെന്ന് ഉമ്മയും, സഹോദരിയും പറഞ്ഞു. നല്ലപുസ്തകങ്ങൾ ഉണ്ടെങ്കിൽ കുറച്ച് എനിക്കും തരണേ... ഞാനും വായന ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്..."പിന്നീട് ആ ഇഷ്ടങ്ങൾ ഓരോന്നും അറിഞ്ഞ് എത്തിച്ചുകൊടുക്കാനുള്ള ആവേശമായിരുന്നു.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ബിന്ദുച്ചേച്ചിയുടെ വീട്ടിലെ കലഹങ്ങളും പെരുകിക്കൊണ്ടിരുന്നു. അമ്മായി അമ്മയുടെ ഉപദ്രവം, ഭർത്താവിന്റെ മദ്യപാനം, സംശയരോഗം, അതിനെചൊല്ലിയുള്ള ഉപദ്രവങ്ങൾ... എത്രപെട്ടെന്നാണ് പുഞ്ചിരി കളിയാടിയിരുന്ന ആ മുഖത്ത് വിഷാദം തളംകെട്ടിയത്.

"ഒരു കുഞ്ഞുണ്ടായിപ്പോയി അല്ലെങ്കിൽ ഈ ജീവിതം ഞാൻ എന്നെ അവസാനിപ്പിച്ചേനെ..." ഒരുനാൾ കണ്ടപ്പോൾ നിറമിഴികളോടെ പറഞ്ഞ വാക്കുകൾ.

ആ... ഞാനെന്തിന് ഇതെല്ലാം ഓർത്ത്‌ ദുഃഖിക്കണം. ദുഃഖിച്ചിട്ട് എന്ത് ഫലം... ബിന്ദുചേച്ചി തനിക്ക് ആരാണ്... വെറും അയൽക്കാരി മാത്രം. അവരുടെ ഭർത്താവും വീട്ടുകാരും ഒക്കെ അതുപോലെ തന്നെ. എന്നിട്ടും... താൻ ദുഃഖിന്നുന്നു.

അതെ, ബിന്ദുച്ചേച്ചി തന്റെ ആരുമല്ല. അങ്ങനെ ചിന്തിക്കണം.അതിനുള്ള അർഹതയെ തനിക്കുള്ളൂ... അതാണ് നല്ലത്. എങ്കിലും ചേച്ചിയുടെ ഇപ്പോഴത്തെ ഈ അവസ്ഥ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. എന്തുകൊണ്ടാണ്... അറിയില്ല.ഇക്കാക്ക എവിടെയാണെന്ന് അന്വേഷിച്ചുകൊണ്ട് സഹോദരിയുടെ ഫോൺ വന്നതും... ഞാൻ ഓർമ്മയിൽ നിന്ന് വിട്ട് വണ്ടിയുമായി ആശുപത്രിയുടെ മുന്നിലേയ്ക്ക് തിരിച്ചു.

പിന്നീട് പലവട്ടം ബിന്ദുചേച്ചിയെ ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയി കാണണമെന്ന് എന്റെ മനസ്സ് പറഞ്ഞെങ്കിലും എന്തൊകൊണ്ടോ ഞാൻ പോയില്ല. ഏതാനും ദിവസങ്ങൾകൂടി കഴിഞ്ഞാൽ ബിന്ദുചേച്ചി ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങിയെത്തും .അപ്പോൾ കാണാം.

എന്തായാലും ഈ സംഭവത്തോടെ ബിന്ദുചേച്ചിയ്ക്ക് പഴയ ജീവിതം തിരിച്ചുകിട്ടുമെന്നും, ഭർത്താവിന്റെയും വീട്ടുകാരുടേയും സ്വഭാവത്തിൽ മാറ്റം ഉണ്ടാകുമെന്നും ഞാൻ വിചാരിച്ചു. ആശുപത്രിൽ പോയിട്ടോ ഒന്ന് കണ്ടില്ല. വീട്ടിൽ വരുമ്പോഴെങ്കിലും ആദ്യമേ പോയിക്കാണണമെന്ന് ഞാൻ വിചാരിച്ചിരുന്നതാണ്.

അത്രമാത്രം സ്നേഹമാണ് ചേച്ചിയ്ക്ക് തന്നോട്. എല്ലാവരും പോയിക്കണ്ടിട്ടും ഞാൻ മാത്രം പോയില്ലെങ്കിൽ ചേച്ചി എന്ത് വിചാരിക്കും.പക്ഷേ, എന്തൊകൊണ്ടോ എനിക്ക് ആ വീട്ടിലേയ്ക്ക് കടന്നുച്ചെല്ലാനോ, ചേച്ചിയെ കാണാനോ സാധിച്ചില്ല. ആ മുഖം നേരിടാനുള്ള മനക്കരുത്ത് എനിക്കില്ലായിരുന്നു. അതിലുപരി അയൽക്കാരാരും കടന്നുചെല്ലുന്നതോ, ബിന്ദുച്ചേച്ചിയുമായി സംസാരിക്കുന്നതോ രാജീവനും വീട്ടുകാർക്കും ഇഷ്ടമല്ല.

ബിന്ദുചേച്ചി ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തി രണ്ടുദിവസം ആയപ്പോഴാണ് എന്നെ നടുക്കിയ, ഞങ്ങളെ ഒന്നാകെ പിടിച്ചുലച്ച ആ സംഭവം അരങ്ങേറിയത്.പെട്ടെന്നുണ്ടായ ഒരു കുഴഞ്ഞുവീഴൽ... ഹൃദയസ്തംഭംനം ചേച്ചിയുടെ ജീവൻ ഈ ലോകംവിട്ടുപോയി.

വാർത്തകേട്ട് വല്ലാത്തൊരു നിലവിളിയോടെ ഞങ്ങൾ ആ വീട്ടിലേയ്ക്കോടി.വീട്ടിലും മുറ്റത്തുമൊക്കെയായി വലിയൊരു ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു.

മുൻവശത്തെ മുറിയിലാണ് ബിന്ദുചേച്ചിയെ കിടത്തിയിരുന്നത്. ആൾക്കൂട്ടത്തിനിടയിൽ നിന്നുകൊണ്ട് അവസാനമായി ആ മുഖം ഞാനൊരിക്കൽക്കൂടി കണ്ടു. ശാന്തസുന്ദരമായ മുഖം. അടഞ്ഞ കണ്ണുകൾ. ചുണ്ടിൽ അപ്പോഴും മായാത്ത പുഞ്ചിരി തങ്ങിനിൽക്കുന്നു.അറിയാതെ എന്റെ മിഴികൾ നിറഞ്ഞു. ഞാൻ മെല്ലെ പുറത്തേയ്ക്കിറങ്ങി.

മുറിയുടെ പുറത്തുനിന്ന സഹോദരിയോട് ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു.

"മോള് എവിടെ ...?"

"ചേച്ചിയുടെ അമ്മയുടെ കൂടെയുണ്ട്... ഉള്ളിലെ മുറിയിൽ."

മുറ്റത്തെ ഒഴിഞ്ഞകോണിലെ കസേരകളിലൊന്നിൽ ഞാനിരുന്നു.

"ബിന്ദുചേച്ചി... എന്തിനായിരുന്നു ഈ അവിവേകം. മോൾക്ക് ഇനി ആരുണ്ട്. ജീവിതം മടുത്തെങ്കിൽ എല്ലാം അവസാനിപ്പിച്ചു വീട്ടിലേയ്ക്ക് പൊയ്ക്കോടയിരുന്നോ... എന്തിനാണ് ഇങ്ങനൊരു പ്രവൃത്തി ചെയ്തത്.?"

ഏതാനും സമയം കഴിഞ്ഞതും വീട്ടിനുള്ളിൽ നിന്ന് ഒരു കൂട്ടനിലവിളി ഉയർന്നു. ചേച്ചിയുടെ വീട്ടുകാരുടെ നിലവിളികൾ...അവർക്കാണല്ലോ നഷ്ട്ടപ്പെട്ടത്. ശവം എടുക്കുകയാണ്.

തികട്ടിവന്ന കരച്ചിൽ ഉള്ളിലടക്കി മിഴികൾ തുടച്ചുകൊണ്ട് അവിടെനിന്നിറങ്ങി നടക്കുമ്പോൾ ഞാനോർക്കുകയായിരുന്നു... ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയി ചേച്ചിയെ കാണാൻ കഴിഞ്ഞില്ലല്ലോ... അവസാനമായി രണ്ടുവാക്ക് സംസാരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന്.

Add comment

Submit