(അബ്ബാസ് ഇടമറുക്)

ഉച്ചയുറക്കം കഴിഞ്ഞ്‌ പൂമുഖത്തിട്ട കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്നു മുഹമ്മദ്മുസ്‌ലിയാർ. വീടിനടുത്തുള്ള പള്ളിയിലാണ് മുസ്‌ലിയാർക്ക് ജോലി .ആ പള്ളിയിലെ മദ്രസാ അദ്ധ്യാപകൻ കൂടിയാണ് മുസ്‌ലിയാർ .കുട്ടികളെ സ്നേഹിക്കുന്ന കുട്ടികൾ സ്നേഹിക്കുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മുഹമ്മദ് മുസ്‌ലിയാർ.

ഈ സമയത്താണ് വീട്ടിലേക്കുള്ള നടവഴിയിലൂടെ ആബിദയും അവളുടെ മകളും നടന്നുവരുന്നത് മുസ്‌ലിയാർ കണ്ടത്. അവരെകണ്ടതും മുസ്‌ലിയാരുടെ മനസ്സ് അസ്വസ്ഥമായി .എപ്പോഴായാലും ആബിദയെയും മോളെയും കാണുന്നത് മുസ്‌ലിയാരുടെ മനസ്സിന് ദുഃഖമുണർത്തുന്ന അസ്വസ്ഥതയാണ് .ആബിദയുടെ ദുരിതപൂർണമായ ജീവിതാവസ്ഥ മുസ്ലിയാർക്കൊരു വേദനയായിമാറിക്കഴിഞ്ഞിരുന്നു .

ഇടക്കൊക്കെ ...ആബിദ മുസ്‌ലിയാരേ കാണാൻ വീട്ടിൽ ചെല്ലാറുണ്ട് .പലകാര്യത്തിലും ഉപദേശങ്ങളും അനുഗ്രഹങ്ങളും വാങ്ങി മടങ്ങാറുമുണ്ട് .ആബിദ മുസ്‌ലിയാരുടെ പ്രിയ ശിഷ്യകൂടിയാണ് .ഓത്തുപള്ളിയിലെ മിടുക്കിക്കുട്ടി .

ബാല്യകാലത്ത്‌ ആബിദക്ക് മദ്രസയിലെയും ,പള്ളിക്കൂടത്തിലെയും പഠനകാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ വീട്ടിൽ ആരുമുണ്ടായിരുന്നില്ല .അവൾക്കാകെയുള്ളത് ചെറുപ്പകാലത്തേ വിധവയായിത്തീർന്ന അവളുടെ ഉമ്മ മാത്രമാണ് .ആബിദക്ക് മൂന്ന് വയസുള്ളപ്പോൾ മരത്തിൽനിന്ന് വീണുമരിച്ചതാണ് തടിവെട്ടുകാരനായ അവളുടെ ബാപ്പ .അന്നുമുതൽ അവളുടെ ഉമ്മ തയ്യൽജോലി ചെയ്താണ് ആബിദയെ പഠിപ്പിച്ചതും വളർത്തിയതുമെല്ലാം .

പഠിപ്പിൽ മിടുക്കിയായിരുന്നു ആബിദ എന്നും മുഹമ്മദ്മുസ്‌ലിയാരുടെ പ്രിയപെട്ടവളായിരുന്നു .മുസ്‌ലിയാരുടെ വീടിനടുത്തുതന്നെയായിരുന്നു ആബിദയുടെയും വീട് .അതുകൊണ്ട് തന്നെ പഠനകാര്യത്തിലെ സംശയങ്ങളും മറ്റും തീർക്കാൻ ആബിദയെ അവളുടെ ഉമ്മ മുസ്‌ലിയാരുടെ വീട്ടിലേക്കാണ് പറഞ്ഞയച്ചിരുന്നത് .

പ്ലസ്ടൂ പഠനം കഴിഞ്ഞതോടെ ആബിദ പഠനം നിറുത്തി .കോളേജിൽപോകണമെങ്കിൽ ഒരുപാട് ദൂരെ ടൗണിൽ ബസ്സിൽ പോയിവരണം .അതിനുള്ള സാമ്പത്തികസ്ഥിതിയൊന്നും അവളുടെ ഉമ്മക്കില്ലായിരുന്നു .പഠിത്തംനിർത്തിയ ആബിദ തയ്യൽജോലികളിൽ ഉമ്മയെ സഹായിച്ചും ,വീട്ടിലെ ആടിനെവളർത്തിയുമൊക്കെ ദിവസങ്ങൾ കഴിച്ചുകൂട്ടി .

അങ്ങനെ കഴിയവേ പതിനെട്ടാമത്തെ വയസ്സിൽ ആബിദക്കൊരു വിവാഹാലോചന വന്നു .

പുതിയാപ്ലക്ക് ,ആബിദായേക്കാൾ ...കുറച്ച് പ്രായക്കൂടുതലുണ്ടായിരുന്നു .സ്ത്രീധനമായി ഒന്നുംകൊടുക്കണ്ട .വലിയ ധനസ്ഥിതിയുള്ള കുടുംബത്തിലെ ഏക ആൺതരിയാണ് ചെറുക്കൻ .സൽസ്വഭാവിയായ ബിസിനസുകാരൻ .ഇതൊക്കെ അറിഞ്ഞപ്പോൾ ആബിദയുടെ ഉമ്മക്ക് ,വിവാഹത്തിന് സമ്മതിക്കാതെ തരമില്ലായിരുന്നു .അവർക്കാകെ അഭിപ്രായം ചോദിക്കാനുണ്ടായിരുന്നത് മുഹമ്മദ്മുസ്‌ലിയാരോട് മാത്രമായിരുന്നു .മുസ്ലിയാരുകൂടി ചെറുക്കനെക്കുറിച്ചു നല്ലഅഭിപ്രായം പറഞ്ഞതോടെ ആബിദ മണവാട്ടിയായി .അവളുടെ നിക്കാഹ് നടന്നു .

വിവാഹംകഴിഞ്ഞുള്ള ഏതാനുംനാളുകൾ ... ആബിദക്ക് സന്തോഷം നിറഞ്ഞതായിരുന്നു .യാത്രകളും ,വിരുന്നുകളും ,സൽക്കാരങ്ങളുമായി ആ ദിനങ്ങൾ കടന്നുപോയി .ഇതിനിടയിൽ ആബിദ ഗർഭിണിയായിക്കഴിഞ്ഞിരുന്നു .ഈ സമയങ്ങളിലൊക്കെ അവളുടെ ഭർത്താവ് ബിസിനസ്സ് തിരക്കുകളും യാത്രയുമായി കഴിച്ചുകൂട്ടി .അധികം വൈകാതെതന്നെ ആബിദ ഒരു പെൺകുഞ്ഞിന് ജന്മംനൽകി .

ഈ സമയത്താണ് അതുസംഭവിച്ചത്‌ .

ആബിദയുടെ പുതിയാപ്ല ബിസിനസ്സ് ആവശ്യത്തിനെന്നുപറഞ്ഞ് പോയാൽപ്പിന്നെ ആഴ്ചകളും മാസങ്ങളും കഴിഞ്ഞാണ് വീട്ടിൽ മടങ്ങിയെത്തുന്നത് .ആ ദിവസങ്ങളിലെല്ലാം ആബിദയും പുതിയാപ്ലയുടെ ബാപ്പയും ,ഉമ്മയും ഒരുമിച്ച് കഴിഞ്ഞുകൂടി ആ വീട്ടിൽ .

ചിലപ്പോഴെല്ലാം ആബിദ സഹികെട്ട് ഭർത്താവിനെ ചോദ്യം ചെയ്‌തു.

''എവിടെയായിരുന്നു നിങ്ങൾ ഇത്രയുംദിവസം .?''അപ്പോൾ പുതിയാപ്ല പറയും .

''അത് നീ അറിയണ്ട ....എനിക്ക് ബിസ്സിനസുമായി ബന്ധപ്പെട്ട് ഒരുപാട് യാത്രകൾ ചെയ്യേണ്ടിവരും. ചിലയിടങ്ങളിലെല്ലാം തങ്ങേണ്ടതായും വരും. നിനക്ക്‌ ഇവിടെ എന്തെന്തെങ്കിലും കുറവുണ്ടോ .?അത് പറഞ്ഞാമതി.''അതായിരുന്നു ഭർത്താവിന്റെ മറുപടി .

ദിവസങ്ങൾകടന്നുപോകവേ ആബിദയും ഭർത്താവും തമ്മിൽ ഈ കാരണം പറഞ്ഞു കലഹം പതിവായി .അങ്ങനെ അവർതമ്മിൽ പരസ്പരം അകന്നു .തമ്മിൽ മിണ്ടുന്നതുപോലും വല്ലപ്പോഴുമായി .പിന്നീടുള്ള ദിവസങ്ങളിൽ ഒരു യന്ത്രം കണക്കെ ഉണ്ടുറങ്ങി ആ വലിയ വീട്ടിൽ ദിവസങ്ങൾ കഴിച്ചുകൂട്ടി ആബിദ .ആയിടക്കാണ് ഭർത്താവിന്റെ ഒരു ബന്ധുപറഞ് ആബിദ ആ നടുക്കുന്ന സത്യം അറിഞ്ഞത് .

ഭർത്താവിന് ദൂരേനാട്ടിൽ ഒരുഭാര്യയും രണ്ടു കുട്ടികളുമുണ്ട് .അവിടേക്കാണ് അയാൾ ബിസിനസാവശ്യത്തിനെന്നും പറഞ്ഞുകൊണ്ട് പോകുന്നത് .ആബിദ ആ വാർത്തയറിഞ്ഞു തകർന്നുപോയി .അവൾ ഭർത്താവിനുനേരേ പൊട്ടിത്തെറിച്ചു .പക്ഷേ ഭർത്താവിന്റെ പ്രതികരണം അവളെ കൂടുതൽ തളർത്തുകയാണുണ്ടായത് .

''എനിക്കിഷ്ടമുള്ളതുപോലെ ഞാൻ ചെയ്യും .നീ എന്നെ ചോദ്യം ചെയ്യാൻ വരണ്ട .വേണ്ടിവന്നാൽ ഞാനിനിയും നിക്കാഹ് കഴിക്കും .അതിനുള്ള ആരോഗ്യവും സമ്പത്തും ഇന്നെനിക്കുണ്ട് .ഇഷ്ടമില്ലെങ്കിൽ നിനക്ക്‌ നിന്റെ വീട്ടിൽപോകാം .''പറഞ്ഞിട്ട് ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി .

''ആണുങ്ങളല്ലേ മോളേ ഇതൊക്കെ ഉണ്ടാവും .നമ്മൾ കണ്ടില്ലെന്നു നടിക്കണം .അല്ലേലും പോറ്റാൻ കഴിവുണ്ടെങ്കിൽ നാലു പെണ്ണുങ്ങളെവരെ നിക്കാഹ് കഴിക്കാൻ നമ്മുടെ മതം അനുവദിക്കുന്നുണ്ടല്ലോ .?"ഭർത്താവിന്റെ ബാപ്പയും ,ഉമ്മയും കൂടി മകനെ അനുകൂലിച്ചുപറഞ്ഞപ്പോൾ ആബിദ വീണ്ടും തകർന്നുപോയി .

ആ വലിയ വീട്ടിൽ ആരും സഹായത്തിനില്ലാതെ ഏതാനും ദിവസം അവൾ കഴിച്ചുകൂട്ടി .ഒടുവിൽ ആ വീട്ടിൽ താനൊരു അധികപ്പറ്റാണെന്നു തോന്നിയപ്പോൾ മോളെയുമെടുത്തുകൊണ്ട് എന്നെന്നേക്കുമായി ആ വീടിന്റെ പടിയിറങ്ങി ആബിദ .

സ്വന്തം വീട്ടിലെത്തിയ ആബിദയെ ദുരിതം പിന്നെയും പിടികൂടി .പെട്ടെന്നൊരുദിവസം ഉമ്മ തളർന്നു കിടപ്പിലായി .പിന്നീടുള്ള ദിവസങ്ങൾ പട്ടിണിയുടെയും ,പ്രാരാബ്ധങ്ങളുടേതുമായിരുന്നു .ഈ സമയം പുതിയ ഭാര്യയുമൊത്ത്‌ ആബിദയുടെ ഭർത്താവ് വീട്ടിൽ പൊറുതിതുടങ്ങിയിരുന്നു .എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ .

തയ്യൽജോലികൊണ്ട് ഒന്നിനും തികയാത്ത അവസ്ഥ .തയ്യൽ പൊതുവേ കുറവാണ് .അതുകൊണ്ടുതന്നെ ആ വരുമാനം വീട്ടുചെലവിനും ഉമ്മയുടെ മരുന്നിനും തികയാത്ത അവസ്ഥ .മറ്റൊരുജോലിക്ക് പോകാമെന്നുവെച്ചാൽ ഉമ്മയെയും മോളെയും ആരുനോക്കും .അങ്ങനെ വർഷം രണ്ടുകഴിഞ്ഞു .

ഈ സമയം ആബിദക്ക് മറ്റൊരു വിവാഹാലോചനവന്നു .നാട്ടിൽ തന്നെയുള്ള ആളാണ് .അയാളുടെ ഭാര്യ മരിച്ചുപോയി .അയാൾക്ക് ആബിദയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് അറിയിച്ചു .ആബിദക്കും അയാളെ ഇഷ്ടമാണ് .കുഞ്ഞുനാൾതൊട്ട് അറിയുന്ന വ്യക്തിയാണ് .

പക്ഷേ എന്തുചെയ്യാം .ഭർത്താവ് ജീവിച്ചിരിക്കെ അയാൾ ആബിദയെ മൊഴിചൊല്ലാതിരിക്കെ എങ്ങനെ മറ്റൊരുവിവാഹം നടക്കും .അതിന് മതവും ,വിധിവിലക്കുകളും അനുവദിക്കുന്നില്ലല്ലോ .?

നാലുവർഷമായി ഭർത്താവിന്റെ യാതൊരുവിവരവും ഇല്ലാതിരിക്കുകയോ ... രണ്ടുവർഷമായി ഭർത്താവിൽ നിന്നും യാതൊരു ആനുകൂല്യവും ലഭിക്കാതിരിക്കുകയോ ...ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടാകുകയോ ...ചെയ്‌താൽ പെണ്ണിന് ഭർത്താവിനെ സ്വയം ഉപേക്ഷിക്കാനും മറ്റൊരു വിവാഹം കഴിക്കാനും മതം അനുവദിക്കുന്നുണ്ട് .അതിന് ചില മധ്യസ്ഥരുടെയും മഹല്ല്‌ കാസിയുടേയും ഒക്കെ സഹായം ആവശ്യമാണ് .എന്നിരുന്നാൽ തന്നെയും ഇന്ത്യൻ വിവാഹമോചന നിയമപ്രകാരം വിവാഹമോചനം ലഭിക്കണമെങ്കിൽ കോടതിയുടെ ഇടപെടൽ കൂടിയേതീരൂ .പക്ഷേ ഇതിനൊക്കെ ആർക്കാണ് ഇവിടെ സമയമുള്ളത് .ആബിദക്ക് വേണ്ടി സംസാരിക്കാൻ ആരുണ്ട് .പലകുറി ആബിദ പള്ളിയിലും നാട്ടുപ്രമാണിമാർക്കുമൊക്കെ ഇതിനെക്കുറിച്ചു പറഞ്ഞുകൊണ്ട് കത്തുകൊടുത്തിരുന്നു .യാതൊരുഫലവുമുണ്ടായില്ല .

"പുതിയാപ്ലക്ക് ബന്ധംപിരിയാൻ താൽപര്യമില്ല .പിന്നെ ഞങ്ങളെന്തു ചെയ്യും .ആബിദ കോടതിയെ സമീപിക്കൂ ..." അതാണ് അവരുടെ മറുപടി .

ആബിദയും മോളും വീട്ടുവരാന്തയിലേക്ക് കയറിയതും മുഹമ്മദ്മുസ്‌ലിയാർ ചിന്തകളിൽനിന്നും മുക്തനായികൊണ്ട് കസേരയിൽ ഇളകിയിരുന്നു .ഈ സമയം വരാന്തയുടെ ഒരരികിലായി ഒതുങ്ങിനിന്നുകൊണ്ട് ആബിദ പറഞ്ഞുതുടങ്ങി .

''മുസ്‌ലിയാരെ ...ഞാനെന്ത് ചെയ്യണം പറയൂ ...ഒന്നുകിൽ എനിക്കൊരു ജീവിതംവേണം .അല്ലെങ്കിൽ ഈ കുഞ്ഞുമായി ഞാനെന്റെ ജീവിതം അവസാനിപ്പിക്കും .ഒരാൾ എല്ലാമറിഞ്ഞുകൊണ്ട് എനിക്കൊരു ജീവിതം തരാമെന്നു പറയുന്നു .സമുദായവും ,വിധിവിലക്കുകളും ,മഹല്ല്‌ പ്രമാണികളും അതിന് അനുവദിക്കുന്നില്ല .അല്ലെങ്കിൽ അതിനുവേണ്ടി സമയം ചിലവഴിക്കാൻ അവർ തയാറാകുന്നില്ല .''

''രാത്രികാലങ്ങളിൽ വീട്ടുവാതുക്കൽവന്നു ശല്യം ചെയ്യാനും ,എന്റെ ശരീരത്തിന് വിലപറയാനും ഇവിടെ ആളുകൾക്ക് സമയമുണ്ട് .ഒരു പാവപ്പെട്ട കുടുംബത്തിന്റെ പ്രശ്നത്തിന് പരിഹാരം കാണാൻ ഇവിടെ ആർക്കും സമയമില്ല .എത്രകാലം എനിക്കിങ്ങനെ പിടിച്ചുനിൽകാനാകുമെന്ന് അറിയില്ല .നാളെ ചിലപ്പോൾ എന്റെമാനം നഷ്ടപ്പെട്ടെന്ന് വരാം .ഒരു പിഴച്ചവളായിക്കൊണ്ട് ഈ നാട്ടിൽ ജീവിച്ചിരിക്കേണ്ടി വന്നാൽ ...മാനംനഷ്ടപ്പെട്ടു ജീവിക്കേണ്ടുന്ന ഒരവസ്ഥ എനിക്കുണ്ടായാൽ ...മുസ്‌ലിയാര് എന്നെ ശപിക്കരുത് .''

''ഇത്രയുമെങ്കിലും ഇവിടെവന്നുപറയണമെന്ന്‌ എനിക്കുതോന്നി അതാ ഇപ്പോൾ വന്നത് .എന്റെ ഗുരുവും ,പിതൃതുല്യനുമാണങ്ങ് .വേറെ ആരുമില്ല എനിക്കിത് പറയാൻ .ഇനി ആബിദ വരൂല്ല ഈ കാരണവും പറഞ്ഞുകൊണ്ട് .''പറഞ്ഞിട്ട് കുട്ടിയേയുമെടുത്തുകൊണ്ട് വീടിന്റെ പടികളിറങ്ങിപ്പോയി അവൾ .

ഈ സമയം മുഹമ്മദ്മുസ്‌ലിയാർ കസേരയിൽ തരിച്ചിരുന്നു .അയാളുടെ കണ്ണുകൾനിറഞ്ഞു .ആ കണ്ണുനീരിൽപെട്ട് ആബിദയുടെയും മകളുടെയും രൂപം മറഞ്ഞുപോയി .തനിക്ക്‌ പിറക്കാതെപോയ മോളും അവളുടെ കുട്ടിയുമാണ് തന്റെ അടുക്കൽവന്ന് ആവലാതി പറഞ്ഞിട്ടുപോകുന്നത് .അവരുടെ അവസ്ഥയോർത്ത്‌ മുസ്‌ലിയാരുടെ കരളുപിടഞ്ഞു .ആ രക്‌തം കണ്ണുനീരായി കവിളിലൂടെ ഒഴുകിയിറങ്ങി .എത്രയുംവേഗം ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തിയേ മതിയാകൂ .അതിനായി ഉടൻതന്നെ വസ്ത്രംമാറി മുസ്‌ലിയാർ വീട്ടിൽ നിന്നും ഇറങ്ങിനടന്നു .

ഏതാനും ദിവസങ്ങൾക്ക് ശേഷം ആബിദയുടെ ഭർത്താവിൽനിന്നും തലാക്ക് മേടിച്ചുകൊണ്ട് ...അവളെ ...വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ യുവാവിന്റെ കൈപിടിച്ചു അവളെ ഏൽപ്പിക്കുമ്പോൾ നിക്കാഹ് കഴിച്ചുകൊടുക്കുമ്പോൾ ...മുഹമ്മദ്മുസ്‌ലിയാരുടെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞുനിന്നു .അത് താനൊരു മുസ്‌ലിയാരായതുകൊണ്ടോ ,പള്ളിയിലെ ഹത്തീബ്‌ ആയതുകൊണ്ടോ ആയിരുന്നില്ല .മറിച്ചു തനിക്ക്‌ പിറക്കാതെപോയ തന്റെ പൊന്നുമോൾ ആബിദയുടെ ജീവിതത്തിലൊരു പുതിയവെളിച്ചം പകരനായല്ലോ എന്നചിന്ത ഒന്നുകൊണ്ടുമാത്രമായിരുന്നു. 

Add comment

Submit