(Sathy P)

ബസ്സിറങ്ങി  ഓഫീസിലേക്കുള്ള ഇടറോഡിലേക്കു കടന്നു കാലുകൾ നീട്ടിവച്ചു നടന്നു. സമയം അല്പം അതിക്രമിച്ചിരിക്കുന്നു. സ്ഥിരം വരാറുള്ള ബസ്സ് വഴിയിൽ പണിമുടക്കി. അങ്ങനെ ബസ്സിനെയും ആവശ്യമില്ലാതെ ഓട്ടമത്സരം നടത്തുന്ന സമയത്തെയും പഴിച്ചു മുന്നോട്ടു നടക്കുമ്പോൾ അതാ മുന്നിൽ സുന്ദരമായൊരു  പുഞ്ചിരി ചുണ്ടിലൊളിപ്പിച്ചു കൊണ്ടൊരു ഐശ്വര്യമുള്ള മുഖം!

കാട്ടു തേനിന്റെ നിറം എന്നൊക്കെ വേണമെങ്കിൽ പറയാം. കുളിച്ചു വിടർത്തിയിട്ട ചുരുൾമുടിയിൽ മുല്ലപ്പൂവും കനകാംബരവും ഇടകലർത്തിക്കോർത്ത മാല. കഴുത്തിൽ ഒരു മഞ്ഞച്ചരടിൽ കോർത്ത താലി. കൈകളിൽ ചുവന്ന കുപ്പിവളകൾ, വൃത്തിയുള്ള ഒരു കോട്ടൺ സാരി ഞൊറിഞ്ഞു കുത്താതെ  ഇട്ടിരിക്കുന്നു.  അതിന്റെ തലയെടുത്തു ഇടുപ്പിൽ കുത്തിയിട്ടുണ്ട്. ഇടത്തെ കൈയിൽ ഒരു തുണിസഞ്ചി. റോഡിനോടു ചേർന്ന ഞങ്ങളുടെ ഓഫീസ് കഴിഞ്ഞാൽ പിന്നെ വീടുകളാണ്. അവിടെയെവിടെയോ പണി കഴിഞ്ഞു വരികയാണ് ആ തമിഴ് സുന്ദരി. പ്രസന്നമായ ആ മുഖവും പുഞ്ചിരിയും എന്റെ ഓർമ്മകളെ  കുറച്ചു വർഷം പുറകിലേക്കു നടത്തി. ഒരു നൊമ്പരത്തോടെ മാത്രം എനിക്കോർമ്മിക്കാൻ കഴിയുന്ന എന്റെ ഭാഗ്യലക്ഷ്മി. എപ്പോഴും ചിരിക്കുന്ന ഭാഗ്യലക്ഷ്മി... 

ഓർമ്മകൾ എന്നെ കൊണ്ടുപോയത്

കുറച്ചു  വർഷങ്ങൾക്കുമുൻപ് ഞാൻ ജീവിച്ചിരുന്ന എറണാകുളത്തേയ്ക്ക്...

"ഈശ്വരാ! ഇന്നും ലേറ്റാകുമല്ലൊ!" ധൃതിയിൽ ഗേറ്റു പൂട്ടിയിറങ്ങുമ്പോൾ ഞാൻ  വിചാരിച്ചു. അപ്പോഴതാ പതിവുപോലെ മുൻപിൽ ആ വശ്യമായ ചിരിയോടെ ഭാഗ്യലക്ഷ്മി! ഒക്കത്തു രണ്ടു വയസ്സുകാരൻ കുഞ്ഞു മോനും,  വിരലിൽത്തൂങ്ങി മൂന്നു വയസ്സുകാരി മോളും. അവരെ നോക്കി നല്ലൊരു ചിരി പാസ്സാക്കി വേഗം നടക്കുമ്പോൾ ഭാഗ്യലക്ഷ്മിയെക്കുറിച്ചായി ചിന്ത.

അവൾക്കു 'ഭാഗ്യലക്ഷ്മി' എന്ന പേര് ഞാനിട്ടതാണു കേട്ടോ. ആ പേരേ അവൾക്കു ചേരൂ. എപ്പോഴും ചിരിക്കുന്ന,  എല്ലാവരോടും കളിയും ചിരിയുമായി പാറിപ്പറന്നു നടക്കുന്ന അവൾക്കു ഞാൻ വേറെന്തു പേരിടും!

ജോലി സംബന്ധമായി എറണാകുളത്തു  വാടകക്ക് താമസമാണ് ഞങ്ങൾ. ഞാനും എട്ടനും മോളും. മോളുടെ സ്കൂളിനടുത്താവാൻ വേണ്ടിയാണ്  ആ സ്ഥലത്തേക്കു  ഞങ്ങൾ താമസം മാറുന്നത്. വേമ്പനാട്ടു കായലിനോടു ചേർന്നുള്ള സുന്ദരമായ സ്ഥലം. ഞങ്ങൾ രണ്ടുപേർക്കും  ഓഫീസിലേക്ക് പോകാനും അവിടെ നിന്നും എളുപ്പമായിരുന്നു. മോൾ പ്രീപ്രൈമറി ക്ലാസ്സിലാണ്. ഞാനും ജോലിക്കു  പോകുന്നതു  കൊണ്ട്  സ്കൂളും ഒപ്പം ഡേകെയറും അത്യാവശ്യമായിരുന്നു.

അവിടെ താമസം തുടങ്ങി കുറച്ചായപ്പോൾ മുതൽ അവരെ - ഭാഗ്യലക്ഷ്മിയെയും മക്കളെയും - കാണാൻ തുടങ്ങിയിരുന്നു.

എനിക്കാണെങ്കിൽ അവിടെ

പരിചയക്കാരാരുമില്ല. ഞാൻ അങ്ങനെ ആരോടും പെട്ടെന്നിണങ്ങുന്ന പ്രകൃതമല്ല. രാവിലെ ഓഫീസിൽ പോകുന്നു, വൈകുന്നേരം തിരിച്ചു വരുന്നു. ഇടയിൽ ബസ്സിലോ വഴിയിലോ ആരെങ്കിലും ഇങ്ങോട്ടു ചിരിച്ചാൽമാത്രം തിരിച്ചങ്ങോട്ടും ഒരു ചിരി പാസ്സാക്കും. മോളുടെ പരിചയക്കാർ ആണ് കൂടുതൽ. അവളുടെ ഡേകെയറിലെയും ക്ലാസിലെയും കുട്ടികളുടെ പേരെന്റ്സ് ഒക്കെയാണു  വിരലിലെണ്ണാവുന്ന എന്റെ പരിചയക്കാർ. അവിടുത്തെ സ്ഥിരതാമസക്കാർക്കാണെങ്കിൽ വാടകക്കാരെ വലിയ താല്പര്യമില്ല. പക്ഷെ ഭാഗ്യലക്ഷ്മി എല്ലാ വീട്ടിലും പോകും. എല്ലാവരോടും വിശേഷമൊക്കെ പറയും. ദിവസത്തിൽ ഒരിക്കലെങ്കിലും നമുക്കവരെ  കാണാതിരിക്കാൻ കഴിയില്ല. 

ഭാഗ്യലക്ഷ്മിയെ കാണുമ്പോൾ സത്യത്തിൽ എനിക്കസൂയയാണ്. എന്തു  സന്തോഷവതിയാണവർ! എപ്പോഴും ചിരിച്ചു മാത്രമേ കാണൂ. എല്ലാ ആഗ്രഹങ്ങളും സാധിച്ച ഒരാൾക്കല്ലേ ഇങ്ങനെ സന്തോഷവതിയാകാൻ കഴിയൂ. ഞാൻ അങ്ങനെയൊക്കെ ചിന്തിക്കും. അങ്ങിനെ ജോലിയും വീടും ആഴ്ചാവസാനങ്ങളിൽ രണ്ടുപേരുടെയും വീട്ടിലേക്കുള്ള യാത്രയുമൊക്കെയായി ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. 

സാധാരണ എല്ലാ ശനിയാഴ്ചയും ഞങ്ങൾ മാറി മാറി  ഞങ്ങളുടെ വീടുകളിൽ പോകും. ഒരാഴ്ച എന്റെ വീട്ടിൽ, അടുത്താഴ്ച ഏട്ടന്റെ, അങ്ങനെയാണ് പതിവ്. ആ ആഴ്ച മോൾക്ക് പനിയായതിനാൽ ഏട്ടൻ വീട്ടിൽ പോയെങ്കിലും ഞാനും മോളും  പോയിരുന്നില്ല. ഉച്ചയൂണും ഉറക്കവും കഴിഞ്ഞു മോൾ കളിക്കുമ്പോൾ അവൾക്കരികിൽ വരാന്തയിലിരുന്നു

പത്രം വായിക്കുകയായിരുന്നു ഞാൻ. അപ്പോഴാണു  ഭാഗ്യലക്ഷ്മി ഒറ്റയ്ക്കു കയറി വന്നത്. അവളെ അങ്ങിനെ ഒറ്റയ്ക്കു  കാണാറില്ല. എപ്പോഴും മക്കൾ രണ്ടാളും കൂടെക്കാണും.

'ഇവിടെ പത്രം വരുത്തുന്നുണ്ടല്ലേ ചേച്ചി' എന്നു  പറഞ്ഞുകൊണ്ടവൾ എന്റെയടുത്തു വന്നു നിന്നു. 

"ഉണ്ടല്ലോ, ഏട്ടനു  ചായക്കൊപ്പം പത്രം നിർബന്ധമായും വേണം." ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

"ഞാനൊന്നു നോക്കിക്കോട്ടെ?" അവൾ ചോദിച്ചു.

"പിന്നെന്താ." ഞാൻ പത്രം അവൾക്കു നീട്ടി.

അവൾ അതു വാങ്ങി നോക്കാൻ തുടങ്ങി. അതിനിടയിൽ മോൾ വന്ന്  അവൾക്കു ചിത്രം വരച്ചു കൊടുക്കണം എന്നു പറഞ്ഞു വാശി പിടിച്ചപ്പോൾ ഞാനും കുറച്ചു സമയം അവളുടെ കൂടെക്കൂടി. കുറച്ചു കഴിഞ്ഞു ഭാഗ്യലക്ഷ്മി എഴുന്നേറ്റു പോകാനൊരുങ്ങി. 

"നോക്കിയതു  കിട്ടിയോ? " എന്ന എന്റെ ചോദ്യത്തിന് വിഷാദം ചാലിച്ച പുഞ്ചിരിയായിരുന്നു മറുപടി. പിന്നെയവൾ  മുഖം താഴ്ത്തി പതിയെപ്പറഞ്ഞു: 

"എനിക്കു  പറ്റിയ വല്ല ജോലിയും ഉണ്ടാകുമോയെന്നു നോക്കിയതാണു ചേച്ചി. വല്ല കുട്ടികളെ നോക്കാനോ മറ്റോ. മക്കളെ കൂടെ നിർത്തി എനിക്കും നിൽക്കാൻ പറ്റിയ വല്ലതും. ഒന്നും കണ്ടില്ല."

ഞാനാകെ വിരണ്ടു നിൽക്കുകയാണ്.

"തനിക്കിപ്പോൾ  ജോലി എന്തിനാണ്?" ചോദിക്കാതിരിക്കാനായില്ല. 

"ചേച്ചിക്കറിയില്ല, നാലഞ്ചു മാസമായി വാടക കൊടുത്തിട്ട്. ഈ മാസം കഴിഞ്ഞാൽ അവിടുന്നിറങ്ങണം എന്നു  വീട്ടുടമ പറഞ്ഞു. അവരേയും പറഞ്ഞിട്ടു കാര്യമില്ല. എന്റെ ഗതികേടു  സഹിക്കേണ്ട കാര്യം അവർക്കില്ലല്ലോ."

"അപ്പോൾ  ഭർത്താവ്?" ഞാൻ മടിച്ചു മടിച്ചു ചോദിച്ചു. 

"ഷിപ്പിൽ ജോലിയാണെന്നൊക്കെ പറഞ്ഞായിരുന്നു കല്യാണം. കല്യാണം  കഴിഞ്ഞു നാലുമാസം കൂടെ ഉണ്ടായിരുന്നു. പോകുമ്പോൾ ഞാൻ ഗർഭിണിയായിരുന്നു. ആളുടെ ബന്ധുവായ ഒരു ചേച്ചിയെയും കൂട്ടിനാക്കിയാണു  പോയത്. പിന്നെ പ്രസവത്തിനു വന്നു. അന്നൊക്കെ ഞാൻ കരുതി എല്ലാം എന്റെ ഭാഗ്യം ആണെന്ന്. പിന്നെയും ആറു മാസത്തോളം കൂടെയുണ്ടായിരുന്നു. പോകുമ്പോൾ ഞാൻ രണ്ടാമതും  ഗർഭിണിയായിരുന്നു. പോയിക്കഴിഞ്ഞ്  ആദ്യമൊക്കെ വിളിക്കുമായിരുന്നു. ഒന്നുരണ്ടു തവണ കാശും അയച്ചു. പിന്നെപ്പിന്നെ കത്തുമില്ല, കാശുമില്ല എന്നായി. കൈയിലും കഴുത്തിലുമൊക്കെയായി ഉണ്ടായിരുന്ന ഇത്തിരിപ്പൊന്നൊക്കെ വിറ്റാണ് പിന്നെ രണ്ടാമത്തെ പ്രസവവും ഇതുവരെയുള്ള ജീവിതവുമൊക്കെ കഴിച്ചുകൂട്ടിയത്. അതിനിടയിൽ കൂടെയുണ്ടായിരുന്ന ആ ചേച്ചിയും അവരുടെ വഴിക്കു പോയി.

ഇനിയും എന്തു ചെയ്യണമെന്നറിയില്ല ചേച്ചി."

"അപ്പോൾ അച്ഛനും അമ്മയുമൊക്കെ?" വീണ്ടും ഞാൻ ചോദിച്ചു പോയി.

"അച്ഛനെയും അമ്മയെയും ഒന്നും കണ്ട ഓർമ്മയില്ല. ഓർമ്മ വയ്ക്കുമ്പോൾ വല്യച്ഛന്റെയും വല്യമ്മയുടെയും കൂടെ ബോംബെയിലാണ്. അവർക്കു  ഞാനൊരു ഭാരമായിരുന്നു. അവരുടെ മക്കൾ പഠിക്കുമ്പോൾ ഞാൻ വീട്ടുജോലിയൊക്കെ ചെയ്യണം. എഴുതാനും വായിക്കാനുമറിയാം, അത്ര തന്നെ. അവരുടെ ശല്യം തീർക്കാൻ ആർക്കോ പിടിച്ചു കെട്ടിച്ചു കൊടുത്തു."

ഒന്നു നെടുവീർപ്പിട്ട് അവൾ തുടർന്നു: "പട്ടിയെപ്പോലെ ജനിച്ചു, പട്ടിയേപ്പോലെ വളർന്നു, ഇപ്പോഴും പട്ടിയെപ്പോലെജീവിക്കുന്നു. എന്റെ മക്കൾ, അവരെ ഓർത്താണ്..."

നിറഞ്ഞ മിഴികളോടെ അവൾ പറഞ്ഞു നിർത്തുമ്പോൾ അതു വിശ്വസിക്കാനാവാതെ ഞാൻ തരിച്ചു നിൽകുകയാണ്. ഏട്ടൻ വന്നു കയറിപ്പോൾ,  'ഞാൻ പോകട്ടെ' എന്നു  പറഞ്ഞ് അവൾ വേഗം പോയി. 

അവൾ പോയിട്ടും എന്റെ മനസ്സു മുഴുവൻ അവളായിരുന്നു. ഞാൻ കേട്ടതൊക്കെ സത്യമാണെന്നെനിക്കു വിശ്വസിക്കാനേ പറ്റുന്നില്ല. മോഹത്തിന്റെ മയിൽപ്പീലിത്തുണ്ടുകളും സ്വപ്നത്തിന്റെ കുപ്പിവളപ്പൊട്ടുകളും  കളഞ്ഞുപോയി നെഞ്ചിലൊരു നെരിപ്പോടെരിയുമ്പോഴാണോ,  അവളിങ്ങനെ ചിരിച്ചു കളിച്ചു നടന്നത്! 

പിറ്റേന്ന് ഓഫീസിൽ ഉച്ചയൂണു സമയത്തെ സംസാരത്തിടയിൽ ഞാൻ ഭാഗ്യലക്ഷ്മിയെപ്പറ്റി പറഞ്ഞു. അപ്പോൾ ഓഫീസിലെ സീനിയർ മാഡം പറഞ്ഞു "എനിക്ക് വീട്ടിൽ നിൽക്കാനൊരാളെ വേണമായിരുന്നു. ഉമ്മയ്ക്കു വയ്യ.

ഉമ്മയുടെ കാര്യങ്ങളൊക്കെ നോക്കാനൊരാളു വേണം. അവിടെ അടുക്കളയുടെ പിന്നിൽ ഒരു അറ്റാച്ച്ഡ് റൂം ഉണ്ട്. അവർക്കവിടെ കഴിയാം.  ഒന്നു ചോദിക്കൂ."

നിറഞ്ഞ സന്തോഷത്തോടെയാണ് ഞാനന്ന് ഓഫീസിൽ നിന്നിറങ്ങിയത്. ചെന്നാലുടനെ അവളെക്കണ്ടു കാര്യം പറയണമെന്നുറപ്പിച്ചു. മോളെ ഡേകെയറിൽ നിന്നെടുത്തു 

ഞാൻ ഓടുകയായിരുന്നു ഭാഗ്യലക്ഷ്മിയുടെ അടുത്തേക്ക്. എന്റെ കയ്യിൽപ്പിടിച്ചു ബേക്കറിയിലേക്കു വലിക്കുന്ന മോളെ നിർബന്ധിച്ചു പിടിച്ചു വലിച്ചു ഞാൻ അവർ താമസിക്കുന്നിടത്തേക്കു ചെന്നു.  അവിടെ വാതിൽ  പൂട്ടിക്കിടക്കുന്നു. 

വീട്ടുടമയുടെ കാളിങ് ബെൽ അമർത്തി കാത്തുനിൽക്കുമ്പോൾ ഉള്ളു തുടിക്കുകയായിരുന്നു. 

"എന്താണ്?  ആരാ?"

'ഭാഗ്യലക്ഷ്മി?"

"ഭാഗ്യലക്ഷ്മിയോ? "

"അല്ല, ഇവിടെ താമസിച്ചിരുന്ന..."

"ആ, അതു മുംതാസ് അല്ലെ?"

"മുംതാസോ! അവർ എവിടെ?"

"അവർ വീടൊഴിഞ്ഞു പോയല്ലോ."

"എവിടെക്കാണെന്നറിയാമോ? ഞാൻ ചോദിച്ചു.

"ആ, ആർക്കറിയാം?"

അവർ കൂടുതൽ കേൾക്കാൻ നിന്നില്ല.

ഞാൻ ആകെ തകർന്നു പോയി. എന്റെ ഭാഗ്യലക്ഷ്മി, അല്ല  മുംതാസ്... അവൾ എവിടെ പോയിരിക്കും? എനിക്കറിയാവുന്ന ഒന്നു രണ്ടു  പേരോട് അന്വേഷിച്ചെങ്കിലും അവർക്കും അറിയില്ല, താല്പര്യവുമില്ല. പിന്നീടുള്ള ദിവസങ്ങളിൽ എന്റെ കണ്ണുകൾ അവളെ തിരഞ്ഞുകൊണ്ടിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. 

നൂറു നൂറു ചോദ്യങ്ങൾ എന്റെയുള്ളിൽ അലയടിച്ചുകൊണ്ടിരുന്നു. ആ സംഭവം കഴിഞ്ഞിട്ടിപ്പോൾ വർഷം കുറെയായി. 

ഞങ്ങളിപ്പോൾ നാട്ടിൽ സ്ഥിരതാമാസമായി. ഇപ്പോഴും ഭാഗ്യലക്ഷ്മി എന്റെയുള്ളിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു. അവളും മക്കളും എവിടെയായിരിക്കും? എവിടെയെങ്കിലും സുഖമായി കഴിയുന്നുണ്ടാവണേ എന്നാണെന്റെ പ്രാർത്ഥന.

എല്ലാസുഖസൗകര്യങ്ങളും ഉണ്ടായാലും എപ്പോഴും പരാതി മാത്രം പറയുന്ന നമുക്കൊക്കെ മുംതാസിനെ, വേണ്ട എപ്പോഴും ചിരിക്കുന്ന എന്റെ ഭാഗ്യലക്ഷ്മിയെക്കണ്ടു പഠിക്കാം.

Comments

O.F.Pailly Ookken Francis pailly
0
O.F.Pailly Ookken Francis pailly
1 week ago

Goodwriting ?

Like Like Reply | Reply with quote | Quote
Ramachandran Nair
0
Ramachandran Nair
1 week ago

സുന്ദരം ?

Like Like Reply | Reply with quote | Quote
T V Sreedevi
0
T V Sreedevi
1 week ago

A very touching story dear ??

Like Like Reply | Reply with quote | Quote

Add comment

Submit