(T V Sreedevi )

മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞാൻ അവിചാരിതമായിട്ടാണ് അവനെ കണ്ടത്. തമ്മിൽ പിരിഞ്ഞിട്ട് പത്തു വർഷം കഴിഞ്ഞാണ് പിന്നീട് ഞാൻ ഗോവർദ്ധൻ എന്ന ഞങ്ങളുടെ ഗോപുവിനെ കാണുന്നത്. ഞങ്ങൾ രണ്ടുപേരും നാട്ടിലേക്കുള്ള യാത്രയിലായിരുന്നു.

"ഗോപു..."എന്ന് വിളിച്ചുകൊണ്ട് ഞാൻ അവന്റെ കരങ്ങൾ കവർന്നു. അവന്റെ മുഖത്തൊരു മങ്ങിയ ചിരി പ്രത്യക്ഷപ്പെട്ടു.
"എന്നെ മനസ്സിലായില്ലേ?" ഞാൻ ചോദിച്ചു.
"എന്തു ചോദ്യമാ സഞ്ജു. നമ്മൾ ഒന്നിച്ച് അഞ്ചു വർഷം പഠിച്ചതല്ലേ?"
അവൻ ചോദിച്ചു. ഞങ്ങളുടെ എല്ലാം ഹീറോ ആയിരുന്നു ഗോവർദ്ധൻ. പാട്ടുകാരൻ, സുന്ദരൻ. അതിനേക്കാളുപരി സുന്ദരിയായ കാമുകിയുള്ളവൻ. ആ   കാര്യത്തിൽ മാത്രം  അവനോട് ഞങ്ങൾക്ക് അല്പം അസൂയയുണ്ടായിരുന്നു. കാരണം അവന്റെ പ്രേമഭാജനം ഞങ്ങളുടെ ജൂനിയർ ബാച്ചിലുണ്ടായിരുന്ന ഞങ്ങളുടെ കോളേജ്ബ്യൂട്ടി 'ലാവണ്യ'യായിരുന്നു.
ഭംഗിയായി നൃത്തം ചെയ്യുന്നവൾ... കലാതിലകം. കോളേജിന്റെ അഭിമാനം. അതായിരുന്നു അവന്റെ ലാവണ്യ. മറ്റുള്ളവരെല്ലാം പ്രേമഭിക്ഷ തേടി അലയുമ്പോൾ... ഒരു സ്വർണഖനി തന്നെ സ്വന്തമായുള്ള അവനോട് എങ്ങനെ അസൂയ തോന്നാതിരിക്കും?

ഗോവർദ്ധന്റെ ചെറിയമ്മാവന്റെ മകളായിരുന്നു ലാവണ്യ. ചെറുപ്പം മുതലേ അവന്റെ പെണ്ണെന്നു എല്ലാവരും ഉറപ്പിച്ചു വെച്ചിരിക്കുന്ന അവന്റെ സ്വന്തം മുറപ്പെണ്ണ്. അതുകൊണ്ടുതന്നെ അവളെ ഒന്നു നേരാംവണ്ണം നോക്കിക്കാണാൻ പോലും ആർക്കും സാധിച്ചിരുന്നില്ല. ഗോവർദ്ധനന് ജോലി കിട്ടിയാലുടനെ അവരുടെ വിവാഹം നടക്കുമെന്നാണ് അറിഞ്ഞിരുന്നത്. 
"നീ തനിച്ചേ ഉള്ളോ?എവിടെ നിന്റെ പ്രിയതമ... ലാവണ്യ?" ഞാൻ ചോദിച്ചു.
അവന്റെ മുഖം വിളറി. ഒന്നും മറുപടി പറഞ്ഞുമില്ല. 

എന്തു സംഭവിച്ചിട്ടുണ്ടാകും? എന്താണ് അവന് ഒരു നിരാശാകാമുകന്റെ ഭാവം?
തുവാലകൊണ്ട് മുഖം തുടച്ചുകൊണ്ട് അവൻ എന്നോട് പറഞ്ഞു.
"കോളേജ് ജീവിതം കഴിഞ്ഞു പലരും പലവഴിക്കു പിരിഞ്ഞു" 
"ഞാൻ എം, ബി. ഏ ക്കുചേർന്നു."
"ആയിടക്കാണ് ലാവണ്യക്ക് സിനിമയിൽ ഒരു ചാൻസ് കിട്ടുന്നത്."
"അവളുടെ നൃത്തം കണ്ട് അവളുടെ അച്ഛന്റെ സുഹൃത്തായിരുന്ന സംവിധായകൻ വഴി കിട്ടിയ ചാൻസ്."
"പക്ഷെ അവളെ സിനിമയിൽ വിടാൻ ആർക്കും സമ്മതമുണ്ടായിരുന്നില്ല."
"ഒടുവിൽ അവൾ എന്നെ സമീപിച്ചു.""ഗോപുവേട്ടാ..ഏട്ടൻ പറഞ്ഞാൽ എല്ലാരും അനുസരിക്കും."

"എന്നെ പോകാൻ അനുവദിക്കണം"
"ഏട്ടൻ എന്നെ കൊണ്ടുപോകണം" അവൾ കരഞ്ഞു.
"ആ കണ്ണീരിനു മുൻപിൽ ഞാൻ പതറി പ്പോയി."
"എന്റെ നിർബന്ധം കൂടിയായപ്പോൾ എല്ലാരും വഴങ്ങി."
"നൃത്ത വേഷങ്ങൾ ആയിരുന്നു ആദ്യം ലഭിച്ചത്."
"അങ്ങനെ ലാവണ്യ ഒരു സിനിമാ നടിയായി! പതുക്കെ...പതുക്കെ നായികയാകുക എന്നതായിരയുന്നു അവളുടെ ലക്ഷ്യം. ആദ്യമൊക്കെ ഞാൻ അവളെ അനുഗമിച്ചു."
"പിന്നീട്  എന്റെ എം ബി എ പഠനത്തിന്റെ തിരക്കേറിയപ്പോൾ അവളുടെ സഹോദരന്റെ ഭാര്യ അവളോടൊപ്പം പോകാൻ തയ്യാറായി."
"വിവാഹം കഴിയുന്നത് വരെ അഭിനയിക്കാം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം."
"എം ബി എ പാസ്സായി, രണ്ടുമൂന്ന് മാസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു പ്രമുഖ പത്രത്തിൽ ജോലി ലഭിച്ചു."
"അപ്പോഴേക്കും ചെറുതല്ലാത്ത ഒരു വേഷം സിനിമയിൽ അവൾക്ക് ലഭിച്ചിരൂന്നു."
"പിന്നീട് വിവാഹത്തെപ്പറ്റി പറഞ്ഞപ്പോഴൊക്കെ അവൾ ഒഴിഞ്ഞുമാറി."
"പതുക്കെപ്പതുക്കെ അവൾ എന്നിൽ നിന്നും അകന്നു."
"അധികം വൈകാതെ, സിനിമയിലെ നായികയാക്കാം എന്ന ഉറപ്പിന്മേൽ അവൾ ഒരു തമിഴ് സഹനടന്റെ കൂടെ ഒളിച്ചോടി. അവൾ അങ്ങനെ ആയത് ഞാൻ കാരണമാണ് സഞ്ജു,"
"എന്റെ മാത്രം സപ്പോർട്ടിലാണ് അവൾ അഭിനയിക്കാൻ പോയത്." അവന്റെ സ്വരം ഇടറി.
"ചെറുപ്പം മുതൽ എന്റെ മാത്രം എന്ന് കരുതിയിരുന്നവൾ എന്റെ ആരുമല്ലാതായി മാറി." അവന്റെ സ്വരം ഇടറി.

അവനിപ്പോൾ മുംബയിൽ ഒരു പത്രസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഞാനും മുംബൈയിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഞാൻ അവനോട് പറഞ്ഞു. അവന്റെ വിവാഹവും കഴിഞ്ഞിട്ടില്ല.
നാട്ടിൽ നിന്ന്‌ എല്ലാവരുടെയും കുറ്റപ്പെടുത്തൽ കേട്ടു മടുത്തത്രെ. അവന്റെ ജീവിതകഥ എന്നെ ഇരുത്തി ചിന്തിപ്പിച്ചു 
"ആരാണ് ശരി? "
"ലാവണ്യയോ...അതോ ഗോവർദ്ധനോ "
നാട്ടിൽ എത്തുന്നത് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു. വീണ്ടും ഞാൻ അവനെ കാണുന്നത് കഴിഞ്ഞ വർഷമാണ്. 
കമ്പനിയുടെ ഒരു പരസ്യം പത്രത്തിൽ കൊടുക്കുന്നതുമായി ബന്ധപ്പെട്ട്, ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിൽ വന്നതായിരുന്നു അവൻ.
അവൻ സന്തോഷവാനായിരുന്നു....! പോകുമ്പോൾ ഗോപു എന്നെ അവന്റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഞങ്ങൾ ഒന്നിച്ചാണ് അവന്റെ ഫ്ലാറ്റിലേക്ക് പോയത്.
കാളിംഗ് ബെൽ അടിച്ചു കാത്തു നിന്നപ്പോൾ കതകു തുറന്ന ആളെ കണ്ട് ഞാൻ അമ്പരന്നുപോയി.
"അത് അവളായിരുന്നു...!"    
"ലാവണ്യ..."
ഗോവർദ്ധന്റെ.. പ്രിയസഖി.
സിനിമയിൽ നായികയാകാൻ പോയി സ്വന്തം ആത്മാവിനെ ഉപേക്ഷിച്ചവൾ.
"എന്താണിങ്ങനെ?"
"ലാവണ്യ..?"
ഞാൻ ചോദിച്ചു.
ലാവണ്യ കേൾക്കെത്തന്നെ അവൻ പറഞ്ഞു. 
"ഇവൾ എങ്ങും എത്തിയില്ല സഞ്ജു..,"
"ഇവളെ കൊണ്ടുപോയവന് വേറെ ഉദ്ദേശമായിരുന്നു."
"അതു മനസ്സിലായപ്പോൾ ഇവൾ അവിടെ നിന്നും ഒരു വിധത്തിൽ രക്ഷപ്പെട്ടു."
"നാട്ടിലെത്തിയ ഇവളെ എന്റെ അമ്മാവൻ, അവളുടെ അച്ഛൻ വീട്ടിൽ കയറ്റിയില്ല."
"വിവരമറിഞ്ഞ ഞാൻ അവിടെ ചെന്ന് ഇവളെ   എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു."
"അടുത്തുള്ള അമ്പലത്തിൽ വെച്ച് താലികെട്ടി."
"ഇപ്പോൾ ഞങ്ങളുടെ ജീവിത നാടകത്തിലെ നായികയാണ് ലാവണ്യ.."
"കഴിഞ്ഞതെല്ലാം ഞങ്ങൾ മറന്നു."
"കാരണം  ഇവൾ എന്റെ ആത്മാവിന്റെ ഭാഗമാണ്." "എന്റെ ജീവന്റെ അംശമാണ്."
ലാവണ്യയുടെ കവിളിലൂടെ രണ്ടു തുള്ളിക്കണ്ണുനീർ ഒലിച്ചിറങ്ങി. ഞാൻ യാത്ര പറഞ്ഞൂ ഇറങ്ങുമ്പോൾ ഗോവർദ്ധൻ അവളെ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു.
"ലാവണ്യയെ...." അവന്റെ ജീവിതമാകുന്ന സിനിമയിലെ നായികയെ!.  

Comments

Ramachandran Nair
0
Ramachandran Nair
1 week ago

സുന്ദരം ?

Like Like Reply | Reply with quote | Quote

Add comment

Submit