ക്ഷീണിച്ച ശബ്ദത്തിൽ അയാൾ പതുക്കെ വീണ്ടും സംസാരിച്ചു തുടങ്ങി..

"ഞാനൊരു കഥ പറയട്ടെ.."

ഉം

അവൾ ഫോൺ ചെവിയോടു ചേർത്തു പിടിച്ചു..

"പണ്ട് പണ്ട്

ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ് ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി.."

"ഇത് അകൽച്ചയും ദുഖവും മാത്രമുളള കർമപരമ്പരയുടെ സ്നേഹരഹിതമായ കഥയായ ഖസാക്കിന്റെ ഇതിഹാസമല്ലേ? വേറെ പറയൂ.."

അയാൾ മറുപടി പറയാതെ ഇങ്ങനെ ചോദിച്ചു.

"സീത

നമ്മൾ അവസാനമായി കണ്ടത് എപ്പഴാണെന്ന് നീ ഓർക്കുന്നുണ്ടോ?"

"നമ്മൾ എപ്പോഴും ഒരുമിച്ചല്ലേ ആദം?"

അയാളതിനു ശബ്ദരഹിതമായി ചിരിച്ചു. അവർക്കിടയിൽ അരൂപിയായ ശൂന്യത ആർദ്രമായ മൌനം കൊണ്ടൊരു ചിത്രം വരച്ചു മായ്ചു.

മേലാസകലം മൂടിയ സിസ്റ്റർ അവന്റെയരികിൽ വെള്ളവും മരുന്നും കൊണ്ടു വെച്ചു ഊഷ്മാവളന്നു തിരികെ പോയി.

"നിന്റെ മടിയിൽ കിടന്നു മരിക്കണമെന്നത് വെറും കാൽപനിക വ്യാമോഹമായി തീർന്നിരിക്കുന്നു. കാഴ്ചയുടെയും അനുഭവങ്ങളുടെയും വികാസപരിണാമങ്ങൾ നമ്മുടെ വൈകാരികതകളെ കീഴ്പെടുത്തുന്നത് ഞാനറിയുന്നു." തുടർച്ചയായി വന്ന ചുമ അയാളുടെ വാക്കുകളെ തടസ്സപ്പെടുത്തി.

"കഥ പറയേണ്ടേ..?"

ഇത്തവണ അവൾ വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. അയാൾ അവളുടെ സമ്മതത്തിന് കാത്തു നിൽക്കാതെ തുടർന്നു..

"കാലങ്ങൾക്കു ശേഷം അനന്തമായ ജലവിതാനത്തിനു മുകളിലൂടെ രണ്ട് ജിന്നുകൾ പറന്നു നീങ്ങി. ദൂരെ ഭൂമിയിലെ കാടു മൂടിയ നഗര വീഥികൾ ചൂണ്ടി അവരിലൊരുവൾ പറഞ്ഞു.. അവിടെയാണ് മനുഷ്യരെന്ന ജീവവർഗ്ഗമുണ്ടായിരുന്നത്."

മൊബൈലിലൂടെയുള്ള ആദമിന്റെ ശബ്ദം പെട്ടെന്നു നിലച്ചതും സീത ടി വി യിൽ മരിച്ചവരുടെ എണ്ണം ശ്രദ്ധിക്കാൻ തുടങ്ങി.

Add comment

Submit