(കണ്ണന്‍ ഏലശ്ശേരി)

കറുത്തിരുണ്ട ആകാശമുള്ള 2018ലെ ജൂൺ  മാസത്തിലാണ് ഞാൻ ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ വന്നിറങ്ങിയത്. ചരിത്രമുറങ്ങുന്ന ആ ദ്വീപിലെ ചെറിയൊരു തെരുവാണ് അബെർദീൻ ബസാർ. തുരുമ്പെടുത്ത ചെറിയൊരു ബസ്സിലാണ് അബെർദീൻ ബസാറിൽ എത്തിയത്. തെരുവുകളിലൂടെ നടത്തം തുടങ്ങി.

മലയാളികളും തമിഴരും ഹിന്ദിക്കാരും ഒക്കെയുള്ള ഒരു ചെറിയ തെരുവ്. എല്ലാവരും കടൽ കടന്ന് വന്നവർ തന്നെയാണ്. ശരിക്കും ആൻഡമാൻ മണ്ണിന്റെ അവകാശികൾ ജരാവ, ഓങ്കെ, സെന്റിനെന്റൽസ് തുടങ്ങിയ ഇവിടുത്തെ ഗോത്രവർഗ്ഗക്കാർ ആണല്ലോ. 

Abardeen

അബെർദീൻ തെരുവുകളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ  അവശേഷിപ്പുകളായി  വിക്ടറി മെമ്മോറിയൽ ടവറും ഗാന്ധി സ്ക്വയറും ഒക്കെ കാണാമായിരുന്നു.  ഞാൻ പതുക്കെ കാലാപാനി ജയിലുകൾ ലക്ഷ്യമാക്കി നടന്നു.

താരതമ്യേന ഉയരം കൂടിയ ഒരു ഭൂപ്രകൃതിയിലാണ് ജയിൽ സ്ഥിതി ചെയ്യുന്നത്. ജയിലിനു മുൻപിൽ വീർസവർക്കർ  പാർക്കും അതിനപ്പുറം വിശാലമായ കടലും.  ഇന്ത്യൻ ജനതയുടെ രക്തക്കറ കൊണ്ട് കറുപ്പിച്ച മണ്ണിലാണ് വെള്ളക്കാർ സെല്ലുലാർ ജയിൽ പണികഴിപ്പിച്ചിരിക്കുന്നത്. രണ്ടു വാച്ച് ടവറുകളോടുകൂടിയ മതിൽക്കെട്ടിന് ഇടയിലുള്ള ചെറിയ വാതിൽ കടന്ന് വേണം അകത്തു കയറാൻ. (ടിക്കറ്റ് ചാർജ് 10 രൂപ). ജയിലിൽ പൊലിഞ്ഞ ജീവനുകളുടെ സ്മരണയ്ക്കായി കെടാത്ത സ്വാതന്ത്ര്യ ജ്യോതിയാണ് എന്നെ സ്വാഗതം ചെയ്തത്.

ഒരു പൂവിന്റെ ഏഴ് ഇതളുകൾ പോലെ നിരന്നായിരുന്നു കാലാപാനി ജയിലിന്റെ  പഴയ രൂപം.  ഇന്നതിൽ മൂന്ന് നിരകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ബാക്കിയെല്ലാം കടലെടുത്തു. ഓരോ നിരയിലും മൂന്നു നിലകളും നടുക്കൊരു ടവറും ഉണ്ട്.

1896 മുതൽ 1906 വരെയാണ് ജയിലിന്റെ നിർമ്മാണ കാലമെന്നും, തടവുപുള്ളികൾ തന്നെയാണ് നിർമ്മാണം പൂർത്തിയാക്കിയതെന്നും, പലതരത്തിലുള്ള ശിക്ഷാ മുറകളെ പറ്റിയും ഗൈഡ് പറഞ്ഞു കൊണ്ടേയിരുന്നു. ( 200 രൂപയാണ് ഗൈഡിന്റെ സഹായത്തിന് - ചരിത്രാന്വേഷികൾക്ക്‌ ഗൈഡ് ആവശ്യമാണ്!)

Cellular Jail

പൊതുവേ തിരക്കു കുറഞ്ഞ ദിവസമായിരുന്നു ജയിലിൽ. സഞ്ചാരികൾ നന്നേ കുറവ്. ഞാൻ വെറുതെ ജയിലറക്കുള്ളിൽ കയറി സ്വയം ബന്ധനസ്ഥനായി നിന്ന് നോക്കി. ആകാശം കാണാത്ത ആ തടവറക്കുള്ളിൽ ജീവിതകാലം മുഴുവൻ കഴിയുന്നതിന്റെ  ബുദ്ധിമുട്ടൊന്നും നിമിഷനേരത്തെ ജയിൽവാസം കൊണ്ട് മനസ്സിലാവില്ല. ഇവിടെ നരകിച്ചു മരിച്ച ജനതയുടെ തേങ്ങി കരച്ചിലെന്നോണം പുറത്ത് മഴ തകർത്തു പെയ്തു തുടങ്ങി. ജയിൽ വരാന്തയിൽ നിന്ന ഞാൻ പോലും ശരിക്കും നനഞ്ഞു കുളിച്ചു. മഴയിൽ നനഞ്ഞു കൊണ്ട് ഒറ്റയ്ക്ക് ജയിൽ വരാന്തയിലൂടെ നടക്കുമ്പോൾ ഞാനനുഭവിച്ച ദേശസ്നേഹം വിവരണാതീതമാണ്.

സ്വാതന്ത്ര്യമില്ലായ്മക്ക്‌ പുറമേ ജയിലിനു  മുമ്പിലെ  തുറന്ന 3 കഴുമരങ്ങൾ തടവുകാരിൽ ഏതു നേരത്തുമുള്ള മരണത്തെ ഓർമിപ്പിച്ചിരിക്കണം.  സായിപ്പിന്റെ  ക്രൂരതകൾ അവിടെയും തീരുന്നില്ല. കൊലമരങ്ങൾക്കു സമീപമുള്ള അടുക്കളയിൽ നിന്നും മരണത്തിന്റെ ഗന്ധത്തോടെയുള്ള തടവുകാരുടെ ഭക്ഷണവും, ഇരുമ്പ് പഴുപ്പിച്ച് തടവുപുള്ളികളുടെ ദേഹത്ത് നമ്പർ പതിപ്പിക്കലും, തടവുപുള്ളികൾ തന്നെ ചകിരിയിൽ നിന്നു കൊലക്കയർ നിർമ്മിക്കലും, വെളിച്ചെണ്ണ ഉൽപ്പാദനവും, ചാട്ടവാറടിയും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും..... അങ്ങനെ പോകുന്നു കിരാത വാഴ്ചയുടെ ചരിത്രം. തടവുപുള്ളികളെ പണിയിപ്പിച്ചിരുന്ന ഷെഡ്ഡും മ്യൂസിയവും ആ ചരിത്രം ഇന്നും  വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

ജയിലിന് നടുവിലെ ഗോപുരത്തിലെ, മരക്കോണി വഴി ജയിലിനു മുകളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ 2 സെക്യൂരിറ്റിക്കാർ വന്ന് എന്നെ തടഞ്ഞു. ശക്തമായ മഴയും കാറ്റുമുള്ള സമയത്ത് മുകളിൽ കയറുന്നത് അപകടകരമാണത്രേ. പ്രകൃതി ശാന്തമാകുന്നത് വരെ കാത്തു നിന്നു. ചുവരിൽ എഴുതി വച്ച തടവുപുള്ളികളുടെ പേരുകളിൽ കാലാപാനി സിനിമയിലെ മോഹൻലാൽ അഭിനയിച്ച "ഗോവർദ്ധൻ" എന്ന പേര് ഉണ്ടോ എന്ന് വെറുതെ തിരഞ്ഞു കൊണ്ടിരുന്നു.

കാറ്റും മഴയും തെല്ലൊന്നു ഒതുങ്ങിയപ്പോൾ കുത്തനെയുള്ള നനഞ്ഞ മരപടിയിലൂടെ ജയിലിന് മുകളിൽ കയറി. ചുറ്റും കടൽ. ശക്തമായ കാറ്റും. ദൂരെ റോസ്സ്  ദ്വീപ് കാണാമായിരുന്നു.  ഒരുകാലത്ത് വെള്ളക്കാരുടെ സുഖവാസ ഭൂമിയായിരുന്നു അത്. എന്നാൽ കാലത്തിന്റെ പ്രതികാരമെന്നോണം ഇന്നവിടെ മനുഷ്യവാസമില്ലാത്ത പ്രേത പറമ്പ് പോലെയാണ്. കൈവരികൾ ഇല്ലാത്ത ജയിലിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾ അത്യന്തം മനോഹരവും എന്നാൽ അപകടകരവുമാണ്. കടൽ കാറ്റിന്റെ ശക്തി അവിടെ നിന്നിരുന്ന എന്നെ പിടിച്ച് ഉലച്ചു  കൊണ്ടിരുന്നു. സെക്യൂരിറ്റിക്കാരുടെ സഹായത്തോടെ അവിടെ നിന്നും താഴെ ഇറങ്ങി.

ഗൈഡ് പറഞ്ഞതിലും കൂടുതൽ കഥകൾ രാത്രിയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോയിൽ നിന്നും എനിക്ക് അനുഭവിക്കാൻ സാധിച്ചു. ( 100 രൂപയാണ് ടിക്കറ്റിന് - രാത്രി 7:30നു, (ഇംഗ്ലീഷിൽ) ) വിവിധ വെളിച്ചങ്ങളും ശബ്ദങ്ങളും കൊണ്ട്  സ്വാതന്ത്ര്യസമരകാലത്തെ തടവറയ്ക്കുള്ളിലെ  യാതനകളുടെ ചരിത്രം വിവരിക്കുന്ന  ആ ദൃശ്യാവിഷ്കാരം അത്യന്തം അനുഭവേദ്യം ആയിരുന്നു. കടൽ കാറ്റിന്റെ പശ്ചാത്തലത്തോടു കൂടെയുള്ള ആ കഥ പറച്ചിലിൽ പ്രകൃതി പോലും ലയിച്ചു നിന്നു. കാലാപാനിയുടെ കഥ  അത്യന്തം ഹൃദയസ്പർശവും ഏതൊരു ഭാരതീയന്റെയും  ദേശാഭിമാനം ഉണർത്തുന്നതുമാണ്. തീർച്ച.

വളരെ കുറച്ച് ആളുകളെ ആ രാത്രി എന്നോടൊപ്പം പ്രദർശനം കാണാൻ ഉണ്ടായിരുന്നുള്ളൂ. ഇരട്ട് വിരിച്ച നടപ്പാതയിൽ  അബെർദീൻ തെരുവുകളിലൂടെ തിരിച്ചു നടക്കുമ്പോൾ കാലാപാനിയിലെ ചരിത്ര ഓർമ്മകളും എന്നിൽ നിറഞ്ഞു നിന്നിരുന്നു.

Add comment

Submit