(Sri Kalahasthi Temple)
(Krishnakumar Mapranam)
ഒരു മനോഹര ശില്‍പ്പം കാണുമ്പോള്‍ അതില്‍ ആകൃഷ്ഠനായി ശില്പ്പിയെ തേടുന്ന മനസ്സുമായി അലയുകയായിരുന്നു. ഒരു സഞ്ചാരി യാത്രയില്‍ കാഴ്ചകള്‍ കാണുകയും ഒപ്പം കൗതുകത്തോടെ ചരിത്രവും തെരയുന്നു.
തിരുപ്പതിയില്‍നിന്നും തിരിച്ചുള്ള യാത്രയിലാണ് പഞ്ചഭൂതസ്ഥലങ്ങളെ കുറിച്ച് ഞങ്ങൾ സംസാരിച്ചത്. എൻ്റെ കൂടെയുണ്ടായിരുന്ന സ്ഥിരം യാത്ര പോകുന്നവർ ഇതിനുമുൻപ് ഈ ക്ഷേത്രങ്ങളിൽ പോയിട്ടുള്ളവരാണ്. ഒരിക്കലും കണ്ടുമടുക്കാത്ത സ്ഥലങ്ങളാണ് ഇവയെല്ലാം.
ഭൂമി, ജലം ,അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങള്‍. ഇവയുമായി ബന്ധപ്പെട്ടുകിടക്കുന്ന അഞ്ചു ശിവ ക്ഷേത്രങ്ങളുണ്ട് ദക്ഷിണേന്ത്യയില്‍ പഞ്ചഭൂതസ്ഥലങ്ങളെന്നറിയപ്പെടുന്ന ഈ ശിവക്ഷേത്രങ്ങളിൽ നാലു ക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലും ഒരു ക്ഷേത്രം ആന്ധ്രാപദേശിലും സ്ഥിതിചെയ്യുന്നു. തിരുവണൈകോവില്‍, തിരുവണ്ണാമല അരുണാചലേശ്വരക്ഷേത്രം, കാഞ്ചിപുരം ഏകാംബരേശ്വരക്ഷേത്രം, തിലൈനടരാജ ക്ഷേത്രം (ചിദംബരം), ശ്രീകാളഹസ്തി ക്ഷേത്രം എന്നിവയാണ് അവ.
ഇനിയും മനോഹരമായ പല ക്ഷേത്രങ്ങള്‍ വഴികളിലുടനീളം സന്ദര്ശിക്കാനുണ്ടെന്നുള്ള അറിവ് ഒട്ടൊന്നുമല്ല ആഹ്ളാദിപ്പിച്ചത്. വാഹനത്തിന്റെ വശത്തെ ജാലകചില്ലിലൂടെ പുലരി കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടുള്ള മടക്കയാത്രയിൽ ദൂരെ തിരുപ്പതി ഒരു പൊട്ടുപോലെ കാഴ്ചയില്‍ നിന്നും മറഞ്ഞുതുടങ്ങിയിരുന്നു.
തിരുപ്പതിയിൽ നിന്നും മുപ്പത്തിയാറ് കി.മീ. ദൂരം പിന്നിട്ട് ഞങ്ങൾ ആദ്യമെത്തിയത് കാളഹസ്തിയിലാണ്. ഉയർന്നു നിൽക്കുന്ന കാള ഹസ്തി ക്ഷേത്രഗോപുരമാണ് കണ്ണിനു മുന്നിലാദ്യം പ്രത്യക്ഷമായത്. ഞങ്ങൾ അൽപ്പം മാറ്റി വാഹനങ്ങൾ പാൽക്കു ചെയ്യുന്നിടത്ത് വണ്ടി ഒതുക്കിയിട്ടു. കാളഹസ്തി ക്ഷേത്രത്തിലേയ്ക്ക് അനേകം ചവിട്ടുപടികൾ കയറാനുണ്ട്. ഇരുവശത്തും വിവിധ സാധനങ്ങൾ വിൽക്കുന്ന കടകളിൽ തീർത്ഥാടകർ തിങ്ങികൂടി നിന്നിരുന്നു.
ആന്ധ്രാപദേശിലെ ചിറ്റുര്‍ ജില്ലയിലെ കാളഹസ്തിയിലാണ് ശ്രീകാളഹസ്തി ക്ഷേത്രം .പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാരാല് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിനു തുടര്‍ന്നുവന്ന വിജയനഗരഭരണാധികാരികളും ധാരാളം അമൂല്യമായ സംഭാവനകള്‍ നല്‍കിപോന്നിട്ടുണ്ട് .
കാഴ്ചയില്‍ ആദ്യം കണ്ട ക്ഷേത്രഗോപുരം 1516ല്‍ കൃഷ്ണദേവരായരാണ് പണികഴിപ്പിച്ചത്. ക്ഷേത്രത്തിൽ കാളഹസ്തേശ്വരനാണ് പ്രതിഷ്ഠ. ക്ഷേത്രത്തിനകത്തു ചെന്നാൽ പതിനെട്ട് അടിയോളം താഴ്ചയില്‍ പാതാളഗണപതിയും വസിക്കുന്നതു നമുക്ക് ദർശിക്കാവുന്നതാണ്.
ഇവിടങ്ങളിൽ തീർത്ഥാടകരുടെ തിരക്കാണ് എപ്പോഴും. ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നതിന് നീണ്ടവരികളിൽ ഞങ്ങൾ നിൽപ്പുറപ്പിച്ചു. വരി പതുക്കെയാണ് നീങ്ങിതുടങ്ങിയത്. ക്ഷേത്രത്തിൻ്റെ അകത്തു പ്രവേശിക്കുന്നതിനിടയിൽ ചുറ്റിലുമുള്ള കാഴ്ചകളെ കണ്ണുകൾ ഒപ്പിയെടുത്തുകൊണ്ടിരുന്നു.
കരിങ്കല്‍ തൂണുകളില്‍ ആരേയും വിസ്മയഭരിതരാക്കുന്ന ശില്‍പ്പങ്ങളും വിശാലമായ ചുറ്റമ്പലത്തിന്റെ വശങ്ങളില് അനേകം ശിവലിംഗങ്ങളും മറ്റു ആരാധനാമൂര്‍ത്തി വിഗ്രഹങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു . വായുവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രത്തെ രാഹുകേതുക്ഷേത്രം, ദക്ഷിണകൈലാസം എന്നൊക്കെ വിളിച്ചുപോരുന്നുണ്ട്.
കാളഹസ്തേശ്വരന്റെ തിരുസന്നിധാനത്തില്‍ നിന്നും ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ ചവിട്ടുപടികളിറങ്ങി. പാർക്കിങ്ങ് മൈതാനത്തിൻ്റെ ഇടതുവശത്ത് ശരവണഭവൻ ഹോട്ടലിലാണ് പ്രാതല്‍ കഴിച്ചത്.
(Kancheepuram Temple)
ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം കാഞ്ചിപുരമായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെയാണ് ഞങ്ങൾ അവിടെ എത്തിയത്. ക്ഷേത്രത്തിൻ്റെ മുൻഭാഗത്തെ ഉയരമുള്ള ഗോപുരം കടന്നുവേണം ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ.
ഒമ്പതാം നൂറ്റാണ്ടില്‍ ചോളരാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ച ക്ഷേത്രമാണ് തമിഴ്നാട് കാഞ്ചിപുരം ജില്ലയിലെ ഏകാംബരേശ്വര ക്ഷേത്രം .ശിവനെ ഏകാംബരേശ്വരനായിട്ടാണ് ആരാധിക്കുന്നത് .ഭൂമിയുമായി ഈ ക്ഷേത്രം പ്രശോഭിക്കുന്നു .കല്‍മണ്ഡപങ്ങളും കൊത്തുശില്പ്പങ്ങളും ഇടനാഴികളും അനേകം ശിവലിംഗങ്ങളും ഈ ക്ഷേത്രത്തില്‍ കാണാം .ഇരുപത്തി അഞ്ച് ഏക്കറോളം വിസ്തൃതിയുണ്ട് കാഞ്ചിപുരം ക്ഷേത്രത്തിന് .
തെക്കേ ഗോപുരത്തിന് 180അടി ഉയരമുണ്ട് .ഉയരമുള്ള ഗോപുരവാതിലും വിസ്മയമുളവാക്കുന്നു .ചോളരും വിജയനഗരഭരണാധികാരികളും ക്ഷേത്രത്തിന് അമൂല്യമായ സംഭാവനനല്കിപോന്നിട്ടുണ്ട്.
Kamakshi amman kovil - Kanchipuram
ക്ഷേത്രം ചുറ്റിനടന്നു കണ്ടശേഷം ഞങ്ങൾ അവിടെ അടുത്തുതന്നെ സ്ഥിതിചെയ്യുന്ന കാമാക്ഷി അമ്മൻ കോവിലിലെത്തി. കാമാക്ഷിദേവിയാണ് [പാർവതി] ഇവിടുത്തെ പ്രതിഷ്ഠ. പല്ലവരാജവംശകാലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
കാമാക്ഷി ദേവി നാലു കൈകളോടുകൂടി പത്മാസനരൂപത്തിലാണ് ഇരിക്കുന്നത്. ദേവിയുടെ താഴത്തെ കൈകളിൽ പൂച്ചെണ്ടും, കരിമ്പും ചിത്രീകരിച്ചിരിക്കുന്നു. ഉയർത്തിപ്പിടിച്ച കൈകളിൽ പാശവും, അങ്കുശവുമാണ് ഉള്ളത്. കൈയിലെ പൂച്ചെണ്ടിന് സമീപമായി ഒരു തത്തയുമുണ്ട്. ക്ഷേത്രനഗരിയായ കാഞ്ചിപുരത്ത് പാർവ്വതി ദേവി പ്രധാനപ്രതിഷ്ഠയായുള്ള ഏകക്ഷേത്രമാണിത്. ശിവനെ ഭർത്താവായി ലഭിക്കുന്നതിനായി പാർവ്വതിദേവി ഇവിടെയുണ്ടായിരുന്ന ഒരു മാവിൻ ചുവട്ടിൽ മണൽകൊണ്ട് ശിവലിംഗം ഉണ്ടാക്കി ആരാധിച്ചിരുന്നു എന്നാണ് വിശ്വാസം.
കാമാക്ഷി കോവിലിലും തീര്‍ത്ഥാടകരുടെ തിരക്കുതന്നെയായിരുന്നതുകൊണ്ട് ദര്‍ശനത്തിന് കുറേനേരം ഞങ്ങൾക്ക് ക്യൂ വില്‍ നില്ക്കേണ്ടിവന്നു.
കാമാക്ഷി കോവിലില്‍ നിന്നും അടുത്ത യാത്ര തിരുവണ്ണാമലയ്ക്കായിരുന്നു. രാത്രി ഏഴുമണി കഴിഞ്ഞിരുന്നു അപ്പോൾ. അത്താഴം കഴിക്കാനായി വഴിയിൽ തരക്കേടില്ലാത്തൊരു ഹോട്ടൽ കണ്ട് വണ്ടിനിറുത്തി.
തിരുവണ്ണാമലയില്‍ എത്തിയത് രാത്രി പതിനൊന്നുമണിയ്ക്കാണ്. താമസ സൗകര്യത്തിനായി കുറച്ച് അലഞ്ഞ് ഒടുവില്‍ ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറി ഒരുലോഡ്ജ് ഞങ്ങൾ കണ്ടെത്തി .അവിടെയാണ് അന്നു രാത്രി തങ്ങിയത്. .പിറ്റേന്ന് പുലര്‍ച്ചെ അണ്ണാമലൈശ്വരനെ ദര്‍ശിക്കാമല്ലോ എന്നുള്ള മനസ്സുമായി ഞങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങളെ കുറിച്ച് ഒരു രുപരേഖ തയ്യാറാക്കി ...
Click 'Next' to continue to the second part.
വായനയ്ക്കും അഭിപ്രായത്തിനും സന്തോഷവും നന്ദിയും അറിയിക്കുന്നു