(സജിത്ത് കുമാർ എൻ )

വിശാലമായ നീലാകാശതോപ്പിലൂടെ മന്ദസമീരനോടൊപ്പം  ആടി ഉല്ലസിച്ചു നീങ്ങുന്ന  കളിയരയന്നങ്ങൾ കണ്ണിലേക്കെറിഞ്ഞ ആശയുടെ കിരണങ്ങൾ മനസ്സിൽ കൊച്ചു മോഹങ്ങളായി  മുളപൊട്ടി. എന്നാൽ കോവിഡ്  വൈറസ്  ഭീതിയുടെ ചങ്ങലയിൽ ബന്ധിച്ച ചലന സ്വാതന്ത്ര്യം നിലനിൽക്കുമ്പോൾ അത്  അതിമോഹമായിരിക്കുമോ? സ്വതന്ത്ര ഭൂമികയിൽ സ്വൈരവിഹാരത്തിനുള്ള മോഹം. യാത്ര ചെയ്യാനുള്ള അതിയായ മോഹം.

ചിന്താഗതിയിൽ ഒരേ തരംഗദൈർഘ്യമുള്ള കൂട്ടുകാരോടൊത്ത്  ദ്രുതഗതിയിൽ നടന്ന ചർച്ച. തീരുമാനത്തിനും അമാന്തമുണ്ടായില്ല. ഏക മനസ്സോടെ   തീരുമാനിച്ചു. വയനാട്ടിലെ തിരുനെല്ലി ക്ഷേത്ര ദർശനം. ഉച്ചതിരിഞ്ഞ്  2.30 മണിയോടെ ഞങ്ങൾ (ഹരിദാസൻ, രാജേഷ് കെ.പി, രാജേഷ് വി) രാജേഷിന്റെ പുത്തൻ മാരുതി ഇഗ്ന്യസ് കാറിൽ(KL 18 Z 3649)  യാത്ര തിരിച്ചു. 

അപരാഹ്ന സൂര്യന്റെ ചാഞ്ഞു പതിയുന്ന  കിരണങ്ങളെ പിന്നിലാക്കി,  കുറ്റ്യാടി  ചുരം പാതയുടെ  സ്പന്ദനങ്ങൾ അനുഭവിച്ചറിഞ്ഞ് , മോഹിപ്പിക്കന്ന ചുരം  കാഴ്ചയുടെ  വസന്തം കണ്ണുകൾക്ക് നല്കി  ഇഗ്നിസിന്റെ  കന്നി പ്രയാണം .

ചുരത്തിലെ  മരങ്ങളെ തഴുകിവരുന്ന കാറ്റ് മനസ്സിൽ കുളിര്‍ കോരിയിട്ടുകൊണ്ടിരുന്നു സുഖകരമായ അനുഭൂതിയിൽ ലയിച്ചിരുന്ന ഞങ്ങൾ  കൊച്ചു കൊച്ചു അനുഭവങ്ങളും പാളിച്ചകളും  ഏറ്റ് പറഞ്ഞു.  ഏറെ കാലത്തിനു ശേഷം  മനസ്സറിഞ്ഞ്  ചിരിച്ച നിമിഷങ്ങൾ . തൊട്ടിൽ പാലം ചുരത്തിലെ  11 ഹെയര്‍ പിന്‍ ബെന്റുകള്‍   താണ്ടിയത്  ആരും അറിഞ്ഞില്ല.

അഞ്ചുമണിയോടെ കാട്ടിക്കുളത്തെത്തി. യാതൊരു മുന്നൊരക്കവുമില്ലാത്ത യാത്രയിൽ  എടുക്കാൻ വിട്ടു പോയ അവശ്യ സാധനങ്ങൾക്കായി  ചെറിയ ഒരു ഷോപ്പിങ്ങ് നടത്തി. അവിടെ വെച്ചാണ്  പാലാക്കാരൻ  പുളിങ്കുന്നിൽ ബേബിച്ചായനെ പരിചയപ്പെട്ടത്ത്. കളങ്കിമില്ലാത്ത ഹൃദയം കൊണ്ട് സംസാരിച്ച  ബേബിച്ചൻ നിമിഷ നേരം കൊണ്ടാണ്  മനോദൂരം ഇല്ലായ്മ ചെയ്തത്. ബേബിച്ചൻ  സ്നേഹത്തോടെ നൽകിയ  ചായയും കുന്നോളം അനുഗ്രഹവുമായി കാട്ടിക്കുളത്തിൽ നിന്ന്  അഞ്ചര മണിയോടെ  വീണ്ടും യാത്ര തുടങ്ങി. യാത്രകളിൽ വീണ കിട്ടുന്ന ഇത്തരം സൗഹൃദങ്ങളെന്നും അമൂല്യമാണ്.

വളഞ്ഞ്പുളഞ്ഞ് പോകുന്ന റോഡിന്റെ ഇരുവശത്തുമുള്ള  മുളങ്കാടുകളും നിരയൊപ്പിച്ച നട്ട  തേക്കുമരങ്ങളും  പൂത്തലത്തു നിൽക്കുന്ന കൊന്ന മരവും കാനന കാഴ്ചയുടെ പറുദീസയൊരുക്കി. വായനാട്  കാടിന്റെ അഗാധതയളയന്നുള്ള യാത്ര. 

വസന്തം കാടിനേകിയ ഉടലുണർവ്വിനെ കുതിച്ചെത്തിയ ഗ്രീഷ്മം  നീരൂറ്റാൻ തുടങ്ങിയിരുന്നു. ജീവിതമെന്ന നാണയത്തിന്റെ ഇരുവശങ്ങളിലും ആലേഖനം ചെയ്ത സുഖ ദു:ഖ പോലെ വസന്തത്തിന് ഒരു ഗ്രീഷ്മം വേണമല്ലോ.

യാത്രക്കാർ എറിഞ്ഞു കൊടുത്ത  ഭക്ഷണം ആസ്വദിച്ച് കഴിച്ച്  നിൽക്കുന്ന കുരങ്ങുകളെയും ഓടി മറയുന്ന കാട്ടു കോഴികളും വഴിയരികിൽ കണ്ടു. സ്വന്തം വാസ സ്ഥലം അന്യമായി കൊണ്ടിരിക്കന്നവരുടെ  ഒളിച്ചോട്ടം. കണ്ണും കാതും കൂർപ്പിച്ച്  കാണാൻ കൊതിച്ച  മാൻകൂട്ടങ്ങളെയും ആനകളെയോ കാണാൻ കഴിയാത്തതിൽ  നേരിയ നിരാശ ഉണ്ടായിരുന്നു.  എന്നാൽ മനസ്സിനുള്ളിൽ ഏറെ സന്തോഷവും അവർ അവരുടെ ആവാസത്തിൽ സുരക്ഷിതരാണല്ലോ എന്നോർത്ത്. കാടിനേയും കാട്ടുജീവികളേയും സ്നേഹിക്കുന്നവരേക്കാളും കൂടുതലാണല്ലോ അവയെ ചൂഷണം ചെയ്യന്നവരുടെ എണ്ണം.

കരിവീരൻമാരുടെ  സാന്നിദ്ധ്യത്തിന്റെ  അടയാളമായി   വഴിയിൽ  ഹരിദാസൻ ചൂണ്ടി കാണിച്ച  ആനപ്പിണ്ഡത്തിൽ  ആശ്വാസം കണ്ടെത്തി. അതെങ്കിലും കണ്ടല്ലോ  എന്നാ ശ്വാസിച്ച്  മുന്നറിയിപ്പു ബോർഡുകളിലെ  ആനയുടെ പടം കാണിച്ചു തന്നു രാജേഷ്. അങ്ങകലെ വെള്ള മുല്ലമൊട്ടകൾ ചൂടി  നവോഢയെ പോലെ  അനന്തതയിലലിഞ്ഞു  നിൽക്കുന്ന ബ്രഹ്മഗിരി മലനിരകൾ  പതുക്കെ അടുത്തു കാണാൻ തുടങ്ങി.

കാനനകന്യയുടെ അഭൗമ  സൗന്ദര്യം ആവോളം ആസ്വദിച്ച് പുത്തനുണർവും ഊർജവുവുമായി തിരുനെല്ലിയില്‍ കെ.ടി ഡി സി യുടെ ടാമറിന്റ്  ഹോട്ടലില്‍ എത്തി.  ഹരിദാസൻ വരുന്ന വഴിയിലാണ് അവിടെ റൂം  ബുക്ക് ചെയ്തെത്. റൂമില്‍ കേറി  കുളികഴിഞ്ഞ്  അമ്പലത്തിലേക്ക് പോയി കാലുകൾ കഴുകി ക്ഷേത്രത്തിലേക്കുള്ള  പടവുകളോരോന്നും  കയറുമ്പോള്‍  മാനസക്കടൽ തിരയൊഴിഞ്ഞ്  ശാന്തമായിരുന്നു. എങ്കിലും ജീവിതത്തിന്റ ഭാഗമായി മാറിയ  മുഖാവരണം ഒരു ഭാദ്യത പോലെ തൂങ്ങിയാടുന്നുണ്ടായിരുന്നു.

ഹരിത കഞ്ചുകമണിഞ്ഞ ബ്രഹ്മഗിരി മലനിരകളുടെ  നടുവിലുള്ള ചെറിയ   ഒരു കുന്നിൻ മുകളിലാണ് പഴമയും ഐതീഹ്യവും  കൈകോർക്കുന്ന  തിരുനെല്ലി ക്ഷേത്രം. പരമാത്മാവായ മഹാവിഷ്ണു പ്രധാന പ്രതിഷ്ഠയും പരബ്രഹ്മസ്വരൂപികളായ ത്രിമൂർത്തികളുടെ സാന്നിധ്യവും ഉണ്ടെന്നു വിശ്വാസം ത്രിസന്ധ്യയിൽ  കൈകൂപ്പി  തുടിക്കൊട്ടലിന്റെ താളത്തിൽ ലയിച്ച്  തിരുനടയിൽ നിന്നു പ്രാർത്ഥിച്ചു.

ബ്രഹ്മാവ് യാഗം ചെയ്തെന്ന വിശ്വസിക്കുന്ന സ്ഥലം തുളസി ചെടിയാൽ നിബിഡമായി നിൽക്കുന്നു, ഗണപതി ക്ഷേത്രം തുടങ്ങിയവയാണ്  ക്ഷേത്രത്തിനുള്ളിൽ.  

തൊഴുത് പ്രസാദവും വാങ്ങി  പുറത്ത് കടന്നു. ക്ഷേത്രത്തെ ആകെ ഒന്ന് നോക്കി കണ്ടു. കൊത്തിമിനുക്കിയ  കറുത്ത കരിങ്കൽ തൂണുകളുടെ ബലത്താൽ നിൽക്കുന്ന  ക്ഷേത്രം  വാസ്തുവിദ്യയുടെ വിസ്മയ കാഴ്ചയാണ്.  

അകന്നു പോകുന്ന അസ്തമയ സൂര്യന്റെ  ചെപൊന്നിൻ രേണുക്കൾ ക്ഷേത്രത്തിനു മുകളിൽ പന്തലിചിച്ചു കിടക്കുന്ന ഓട്ടമുല്ല വള്ളികളിൽ  അരിച്ചറങ്ങി  കുങ്കുമ ശോഭ പരത്തി.

അസ്തമ സൂര്യന്റെ വിടവാങ്ങലിനു ശേഷം ക്ഷേത്രത്തിനു മുകളിലെ ആകാശമേലപ്പിന്റെ തിരശ്ശീല നീക്കി   താരകങ്ങളും പുർണ്ണേന്ദുവും മന്ദം ചുവടുകൾ വെച്ച് പുറത്ത് വന്നു. നീലാആകാശ മേലാപ്പിൽ നിന്നു പൊഴിയുന്ന  നിലാത്തുള്ളികളുറ്റി  ക്ഷേത്രമുറ്റത്തെ ചെമ്പക പൂക്കളിൽ നിന്ന്  നിറയെ മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്നത് പോലെ തോന്നിച്ചു. ഇരുട്ടിൽ ചെമ്പക കൊമ്പിലിരുന്നാടുന്ന അടയ്ക്കാ കുരുവികളുടെ കണ്ണുകൾ  മോക്ഷ കവാടം കടക്കാൻ കാത്തിരിക്കുന്ന ആത്മാക്കളെപ്പോലെ  മിന്നി കൊണ്ടിരുന്നു മനസ്സിൽ. 

ക്ഷേത്ര പ്രദിക്ഷണനടത്തി പഞ്ചതീർത്ഥക്കുളത്തിലേക്ക് ഇറങ്ങുന്ന പടികളുടെ മുകളിൽ  മുഖത്തോട് മുഖംനോക്കിയിരുന്നു. കാനനവല്ലികളിൽ ഊഞ്ഞാലാടി പച്ചിലകളെ  തഴുകി പറന്നിറങ്ങിയ ഇളംകാറ്റിന്റെ  കുളിർ കരങ്ങൾ  ഞങ്ങളെയാഞ്ഞു  പുണർന്നു  അവാച്യമായ അനുഭൂതിയിൽ ലയിപ്പിച്ചു.  

പ്രകൃതിയുടെ വന്യ ചാരുതയും ആതമീയതയും ഇഴയടുത്ത രാവിൽ , മൗനത്തെ പുല്കി വന്യമായ ശാന്തതയിൽ  എല്ലാ വ്യാകുലതകളെയും   മറന്നിരി ക്കുമ്പോഴാണ്  മുന്നിൽ ഒരു നിഴലിളക്കം  മനുഷ്യന്റെ എല്ലാ നല്ല ഭാവങ്ങളും സമന്വയിച്ച ഒരു ഐശ്വര്യ രൂപം ഒന്നും ഒരിയിടാതെ കൈയിലുള്ള കവറിൽ നിന്ന്  ഭഗവാന് നിവേദിച്ച ഉണ്ണിയപ്പം ഞങ്ങളോരോരുത്തരുടെയും കൈ നിറയെ  തന്ന് തലയിക്കി പുഞ്ചരിച്ചു ഒന്നും  ഉരിയിടാതെ  പടികളിറങ്ങിപ്പോയി .അവിചാരതമായി കണ്ടുമുട്ടിയ ആ മനുഷ്യ പുണ്യത്തെ അമ്പല മുറ്റത്ത് ഉപേക്ഷിക്കാതെ 

ഓര്‍മ്മച്ചെപ്പിൽ  അടുക്കി വെച്ചു.

വൈവിധ്യമായ മനുഷ്യ ജന്മങ്ങളിലേക്ക്  ഇത്തരം പുണ്യങ്ങൾ  പ്രഭ ചൊരിഞ്ഞെങ്കില്‍  എന്ന് വെറുതെ ആശിച്ചു പോയി. ശുഭവും സന്തോഷകവുമായ ചർച്ചകളൾ നടത്തി  കുറേ സമയം  അവിടെ ഇരുന്നു. 

ക്ഷേത്രത്തിലെ  പൂജയ്ക്കായി ഉപയോഗിക്കുന്ന  ജലം എടുക്കുന്ന മണിക്കിണർ കാണാനുള്ള ആഗ്രഹം ഞാൻ പ്രകടിപ്പിച്ചപ്പോഴാണ്  ഞങ്ങൾ അവിടെ നിന്ന്‌ എഴുന്നേറ്റത്.  രാജേഷ് എനിക്കാ അത്ഭുതം കാണിച്ചു തന്നു കരിങ്കൽപ്പാത്തിയാണ്  ആ അത്ഭുതം. പൂജയ്ക്കായി കാട്ടരുവികളിലെ വെള്ളം ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന കരിങ്കൽ പാത്തി.

ക്ഷേത്രത്തിൽ നിന്നും സൂര്യോദയം കാണാൻ  അതിരാവിലെ വീണ്ടും ദർശനത്തിനെത്തണം എന്ന തീരുമാനത്തോടെ  വേഗം റൂമിലേക്ക് പോയി. ഭക്ഷണം കഴിച്ച് വേഗം കിടന്നെങ്കിലും രാഷ്ട്രീയവും ഔദ്യോഗിക ജീവതത്തെയും മാറ്റി നിർത്തി ആകാശത്തിനു ചുവടെയുള്ള എല്ലാറ്റിനെ കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തും പഴയ പ്രണയവും കഥയും കവിതയുമായി ചർച്ച മുന്നോട്ട് പോയപ്പോൾ .... വർണ്ണ പട്ടുടുത്ത്  സൂര്യൻ  ഏഴു കുതിരകളെ പൂട്ടിയ രഥവുമായ്  കിഴക്കിന്റെ  ചക്രവാളവീഥിയിൽ .ഇലയനക്കങ്ങളും കിളിയൊച്ചകളും നിശ്ചലമാക്കി. തുഷാരത്തിന്റെ നേർത്ത മൂടുപടം  വകഞ്ഞു മാറ്റി കടന്നു വരുന്ന   നയനാനന്ദകരമായ  കാഴ്ചയെ അനുഭവിച്ചറിയേണ്ട  കാര്യം  ഓർമ്മിപ്പിച്ചു കൊണ്ട്  രാജേഷ് ലൈറ്റണച്ചു. വൈകിയെങ്കിലും നേരെത്തെ ഉണരും എന്ന വിശ്വാസത്തോടെ  ഞങ്ങൾ കിടന്നു.

തിരുനെല്ലിയിലെ സുര്യേദയം സ്വപനം കണ്ടുറങ്ങിയ ഞങ്ങളെ നേർത്ത ജനൽചില്ലുകളിലൂടെ അരിച്ചിറങ്ങിയ സൂര്യനാളങ്ങൾ തഴുകിയുണർത്തി . 

ഞങ്ങളെ ഉറക്കി  പകോലോൻ നേരെത്തെ ഉണർന്നിരുന്നു നഷ്ടമായ സൂര്യേദയം കാണാൻ വീണ്ടും വരാം എന്ന് മനസ്സിലുറപ്പിച്ച് വേഗം ക്ഷേത്രത്തിലേക്ക്  പോയി

 

പ്രഭാത ദർശനത്തിയവരുടെ ചെറിയ ഒരു തിരക്ക് ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്നു 

 

ഇമകളടച്ച്   ദിവ്യരേണുക്കള്‍ ചൊരുയുന്ന  ചൈതന്യത്തെ ഹൃത്തടത്തിലേക്കാവാഹിക്കാന്‍ വെമ്പി.  മനസ്സു തുറന്ന വെച്ച് എല്ലാം മറന്ന്  തിരുനടയിൽ ധ്യാനനിമഗ്നനായി കൈകൂപ്പി തൊഴുത് തെക്കുഭാഗത്തുള്ള വാതിലിലൂടെ പുറത്ത് കടന്നു.

 

ക്ഷേത്രത്തിന്റെ പുറകിലെ പടികളിറങ്ങി  പഞ്ചതീര്‍ത്ഥത്തിൽ എത്തി . അഞ്ചുനദികളുടെ സംഗമസ്ഥലമാണ് പഞ്ചതീര്‍ത്ഥം എന്നാണ് വിശ്വാസം

പഞ്ചതീർത്ഥ കഴിഞ്ഞ് കുറച്ച് കൂടി മുന്നോട്ടു പോയാൽ ഗുണ്ഡിക ക്ഷേത്രം

ഒരു മനുഷ്യന് കുനിഞ്ഞിരിക്കാൻ മാത്രo  സ്ഥലമുള്ള   ഗുഹയിൽ  പരമശിവന്റെ   ജ്യോതിർലിംഗ പ്രതിഷ്ഠയാണ്  ഗുഹയ്ക്ക് അരികിൽ  ചെറുകല്ലുകൾ അടുക്കി വെക്കുന്നതിന്റെ രഹസ്യം പൂജാരിയോട് ചോദിച്ചപ്പോൾ  അദ്ദേഹത്തിന്റെ നീണ്ട ചിരിയിൽ ഞങ്ങൾ അദ്ഭുതം കൂറി. ആരോ ഒരാൾ അങ്ങിനെ ചെയ്തു, മറ്റുള്ളവർ അത് പിൻതുടരുന്നു ..... മനുഷ്യരുടെ പൊള്ളയായ വിശ്വാസം ആ നീണ്ട ചിരിയിലുണ്ടായിരുന്നു

വീണ്ടും പാറകൾ ചവിട്ടി കയറി  ഞങ്ങൾ പാപനാശിനിയിലേക്ക് നടന്നു  ഉരുളൻ കല്ലകളിൽ ചവിട്ടു കയറുമ്പോൾ  ജന  മൃതിക്കുള്ളിൽ അഹംഭാവത്താൽ    പടുത്തു പൂർത്തിയ ചില്ലു കൊട്ടാരം ഇടിഞ്ഞു വീഴുകയായിരുന്നു .... 

പാപനാശിനിയിൽ  കാലുകൾ കഴുകി  പാപഭാരം ഇറക്കിവച്ചതിനുശേഷം പല പ്രവൃത്തികളിലൂടെ പാപഭാരം വീണ്ടും തലയിലേറ്റുന്നില്ലേ എന്ന് വെറുതെ ഓര്‍ത്തുപോയി. ജീവിതപാതകളിൽ സ്വാർത്ഥതയ്ക്കായ് നമ്മൾ കാണിച്ചു കൂട്ടന്ന  ചെയ്തികൾ കുടഞ്ഞിടാനുള്ള  സ്ഥലമാണോ പാപനാശിനി ?

 പാപനാശിനിയിൽ മുങ്ങി കുളിച്ച് ബലിയിട്ടാൽ മരിച്ചവരുടെ ആത്മാവ് ഭഗവദ്പാദങ്ങളിൽ ലയിച്ചു മോക്ഷം പ്രാപിക്കുമെന്ന വിശ്വാസമുണ്ട്.

 

 പൊലിഞ്ഞുപോയ   ബന്ധുക്കളുടെ   ആത്മാക്കൾക്ക്  ശാന്തിയേകാൻ പാപനാശിനിയിൽ കുളിച്ച് ഈറനണിഞ്ഞ്  പൂജാരിയുടെ നിർദ്ദേശമനുസരിച്ച്  ബലി കര്‍മ്മം ചെയ്യുന്നവർ മനസ്സിൽ ആരും കാണാതെ  മിഴിനീര്‍ പൂക്കളാല്‍  മുത്തശ്ശൻ മാർക്കും മുത്തശ്ശിമാർക്കും ബലിതര്‍പ്പണം ചെയ്തു. 

 

പത്ത് മണിയോടെ പ്രസാദവും പായസവും ഒക്കെയായി ക്ഷേത്രത്തിന്റെ പടയിറങ്ങി

   

 

ഒരു സാന്ത്വനതലോടൽ , പറഞ്ഞറിയിക്കാനാവാത്ത  ഒരനുഭൂതി ഇവയൊക്കെ സ്വന്തമാക്കി   ആത്മശാന്തിയുടെ  സാരാംശം ശരിക്കും അനുഭവച്ചറിഞ്ഞ് , വേദനയുടെ യജ്ഞകുണ്ഠത്തില്‍ നീറുന്ന മനസ്സിന്   ആത്മീയതയില്‍ അലിഞ്ഞ്  ശാന്തി നൽകുന്ന തിരുനെല്ലിയോട് യാത്രമൊഴിയോതി  

 

മനസ്സ് കാഴ്ചകളാലും ആതമീയതയിലും സമ്പന്നമാക്കിയ  യാത്ര ആനന്ദത്തിൽ ചിരി വണ്ടിയായി ഇഗ്നിസിൽ  മടക്കയാത്ര .

 

 

വസന്തം പയ്യോളി

 

Add comment

Submit