(ഷൈലാ ബാബു)

പത്തനംതിട്ട ജില്ലയിൽ അടുർ എന്ന പ്രദേശത്തിന്റെ പല ഭാഗങ്ങളിലായി താമസിക്കുന്ന മുപ്പതോളം പേർ അടങ്ങുന്ന ഞങ്ങളുടെ ഒരു സംഘം 2022 ഏപ്രിൽ മാസം 4-ാം തീയതി ഡൽഹി വഴി കാശ്മിരിലേക്ക് യാത്ര പുറപ്പെട്ടു. 8 ദിവസം നീണ്ടു നിൽക്കുന്ന ഈ കാശ്മീർ ട്രിപ്പ് ആറു മാസങ്ങൾക്കു മുൻപേതന്നെ ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവയ്ക്കുകയായിരുന്നു.

നാലാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്കു ഒരു മണിയോടുകൂടി എല്ലാവരും അടൂർ ടൗണിനു സമീപം ഒത്തുകൂടുകയും അവിടെ നിന്നും ഒരു ടൂറിസ്റ്റു ബസ്സിൽ തിരുവനന്തപുരം എയർപോർട്ടിലേക്കു യാത്രതിരിക്കുകയും ചെയ്തു. 

വൈകിട്ടു 5.30 മണിക്കായിരുന്നു ഡൽഹിയിലേക്കുള്ള വിമാനം. 9 മണിക്ക് ഡൽഹിയിൽ ഇറങ്ങിയ ഞങ്ങൾ അന്നുരാത്രിയിൽ പുറത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു. പിറ്റേ ദിവസം രാവിലെ 9.30 മണിക്കു തന്നെ ശ്രീനഗറിലേക്കുള്ള flight ൽ യാത്രയായി. ശ്രീനഗർ വിമാനത്താവളത്തിലെ അതികർശനമായ സെക്യൂരിറ്റി ചെക്കിങ്ങിന് ശേഷം കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി വാക്സിനേഷൻ എടുത്തിട്ടുള്ളവരുടെ കൈയിൽ മുദ്രകുത്തിയതിനു ശേഷമാണ് പുറത്തിറങ്ങാൻ അനുമതി ലഭിച്ചത്. 

വെളിയിൽ കാത്തുകിടന്നിരുന്ന വാഹനത്തിൽ കയറി മുറികൾ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ 12.30 യോടു കൂടി എത്തി. കുളിച്ചു ഫ്രഷ് ആയതിനു ശേഷം പുറത്തുപോയി Lunch കഴിച്ചു. മുഗൾ ഡർബാർ ഹോട്ടലിൽ നിന്നും കാശ്മീരി Special food ആയ കാശ്മീരി waswan എന്ന dish തന്നെ order ചെയ്തു. വ്യത്യസ്തമായ രുചിക്കൂട്ടുകളുടെ ഒരു കല വറ തന്നെ ആയിരുന്നു അത്.

അതിനു ശേഷം കാശ്മീരിലെ സുപ്രസിദ്ധമായ തുലിപ് ഗാർഡൻ സന്ദർശിച്ചു. പൂക്കളുടെ ഒരു വസന്തോത്സവം തന്നെ അവിടെ ഒരുക്കിയിരുന്നു. കണ്ണിനും മനസ്സിനും കുളിരേകുന്ന വിവിധ വർണത്തിലുള്ള മനോഹരങ്ങളായ തുലിപ് പുഷ്പങ്ങൾ തലയെടുപ്പോടെ ചെറുകാറ്റിലിളകി നിന്നു. 

മാരിവിൽ നിറങ്ങളിൽ വരിവരിയായി ചിരിച്ചു നിൽക്കുന്ന പൂക്കളുടെ മാസ്മരികതയിൽ മനം മയങ്ങി മതിമറന്നു നിന്നു പോയി. അവിടെ നിന്നും തിരിച്ചു പോരുവാൻ മനസ്സനുവദിച്ചില്ല. 

സമീപത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിൽ പ്രവേശനം നിരോധിച്ചിരുന്ന തിനാൽ അകത്തു കടക്കാൻ സാധിച്ചില്ല. വഴിയോരക്കാഴ്ചകൾ കണ്ടു കണ്ട് താമസ സ്ഥലത്തേക്കു തിരിച്ചു പോയി. എവിടെ നോക്കിയാലും ദേശത്തിന്റെ കാവൽക്കാരായി സായുധരായ പട്ടാളക്കാർ. 

അടുത്ത ദിവസം രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം 8.30 മണിക്കു തന്നെ സോണാമാർഗ് (Sonamarg) എന്ന സ്ഥലത്തേക്കു പോയി. ശ്രീനഗറിൽ നിന്നും 80 കി.മീ. ദൂരെയുള്ള, ധാരാളം മഞ്ഞുമലകൾ നിറഞ്ഞ ഒരു പ്രദേശം. വളരെ ഉയരക്കൂടുതൽ ഉള്ളതിനാൽ താപനില ഇവിടെ എപ്പോഴും കുറവാണ്. മലമടക്കുകളിൽ നിന്നും മഞ്ഞുരുകി വെള്ളം പലയിടത്തും അരുവികളായി ഒഴുകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം നിമിത്തം വലിയ രീതിയിൽ മഞ്ഞും തണുപ്പും പ്രതീക്ഷിച്ചു പോയ ഞങ്ങൾക്ക് നിരാശയായിരുന്നു ഫലം.

zojila ബാസ് എന്ന സ്ഥലത്താണ് ഞങ്ങൾ എത്തിയത്.വളരെ ഉയരത്തിലായി ഹിമാലയത്തിന്റെ ഭാഗങ്ങൾ പോലെ, മഞ്ഞുമൂടിയ മലകളും കുന്നുകളും കാണാൻ സാധിച്ചു. പ്രസിദ്ധമായ അമർനാഥ് ക്ഷേത്രത്തിന്റെ അതിർത്തിക്ക് സമീപം വരെ ഞങ്ങൾ നടന്നെത്തി. മലകളുടെ താഴ്വാരങ്ങളിൽ പുഴകളായി ഒഴുകുന്ന ഐസുപോലെ തണുപ്പുള്ള വെള്ളം. view point കളിലെല്ലാം ഇറങ്ങി കാഴ്ചകൾ കാണുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. അവർണനീയമായ മനോഹാരിതയാണ് പ്രകൃതി എല്ലായിടവും ഒരുക്കിയിരിക്കുന്നത്. തിരികെ ഹോട്ടലിൽ എത്തിയപ്പോൾ ഏറെ വൈകി.

പിറ്റേ ദിവസം പ്രഭാത ഭക്ഷണത്തിനു ശേഷം ശ്രീനഗറിൽ നിന്നും 65 കി.മീ. ദൂരെയുള്ള ഗുൽമാർഗ് (Gulmarg) എന്ന സ്ഥലത്തേയ്ക്ക് പോയി. ഭൂനിരപ്പിൽ നിന്നും 16 കി.മീ ദൂരം തികച്ചും ഹെയർപിൻ വളവുകളിലൂടെ സഞ്ചരിച്ച് വളരെ ഉയർന്ന ഒരു സ്ഥലത്തെത്തി. 

പാതക്കിരുവശത്തും പൈൻ മരങ്ങളും കാറ്റാടി മരങ്ങളും നിരനിരയായി ഇടതൂർന്നു നിൽക്കുന്ന കാഴ്ച വളരെ നയനാനന്ദകരമായിരുന്നു. മഞ്ഞുമലകളുടെ സമീപമെത്താൻ അവിടെ നിന്നും കേബിൾ കാർ വഴി ഉയരത്തിലെത്തണം. അല്ലെങ്കിൽ കുതിരപ്പുറത്തു കൂടി ഉള്ള സഞ്ചാരം.

വളരെ പ്രധാനപ്പെട്ട കേബിൾ കാർ ഡ്രൈവിന് അമിതപ്രതീക്ഷയോടെ എത്തിയെങ്കിലും നിർഭാഗ്യവശാൽ ടിക്കറ്റ് ലഭിച്ചില്ല. ഞങ്ങൾ എത്തിയപ്പോഴേക്കും അന്നത്തേക്കുള്ള ടിക്കറ്റ് കൊടുത്തു കഴിഞ്ഞ് കൗണ്ടർ അടച്ച് ഉദ്യോഗസ്ഥർ പോയിക്കഴിഞ്ഞിരുന്നു.

നിരാശയോടെ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ കൂട്ടത്തിലുള്ള കുറച്ചു ആളുകൾ കുതിരപ്പുറത്തു കയറി മഞ്ഞു മലകൾക്കരികിലെത്തി. ഒരു മണിക്കൂർ നേരം അവിടെ ചിലവഴിച്ചിട്ട് അവർ മടങ്ങിവന്നു. അന്നത്തെ മടക്കയാത്രയിൽ കാശ്മീർ സിൽക്കിന്റെ കടയിൽ കയറി നല്ലരീതിയിൽ മിക്കവരും ഷോപ്പിംഗ് നടത്തി. 

റോഡിനിരുവശത്തുമുള്ള മരങ്ങളുടെ കീഴിൽ തോക്കുധാരികളായ പട്ടാളക്കാർ. പൊതുവേ ചെറുതും മനോഹരങ്ങളുമായ കാശ്മീരിലെ വീടുകൾ പ്രത്യേക രീതിയിലാണ് നിർമിച്ചിരിക്കുന്നത്. പുതിയ റോഡുകളും മേൽപ്പാലങ്ങളും ഉണ്ടായിരുന്നതിനാൽ, നഗരത്തിനുള്ളിൽ ഒരിടത്തും ഗതാഗത തടസ്സങ്ങൾ അനുഭവപ്പെട്ടിരുന്നില്ല.

അടുത്ത ദിവസം രാവിലെ  പ്രഭാതഭക്ഷണത്തിനു ശേഷം  ഹോട്ടലിലെ മുറികൾ vacate ചെയ്ത് 9 മണിക്കു തന്നെ ശ്രീനഗറിൽ നിന്നും 100 കി.മീ.അകലെയുള്ള ബഹൽഗാമിലേയ്ക്ക് (Bahal gam) യാത്ര തിരിച്ചു. പാട്ടും തമാശകളും മറ്റുമായി ബസ്സിലെ യാത്ര വളരെ രസകരമായിരുന്നു..

ഇരുവശത്തും മഞ്ഞപ്പട്ടണിഞ്ഞ കടുകുപാടങ്ങൾ നീളെ പരന്നുകിടക്കുന്നു.  വാഹനം നിർത്തി അവിടെ ഇറങ്ങുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു.  

അതിമനോഹരമായി പൂത്തു നിൽക്കുന്ന കടുകുപാടങ്ങൾ മനസ്സിൽ മായാതെ നിൽക്കുന്നു. കുങ്കുമപ്പൂവിന്റെ കൃഷിയുടെ കാലം അല്ലാതിരുന്നതിനാൽ അവ കാണാൻ കഴിഞ്ഞില്ല. എങ്കിലും കുങ്കുമപ്പുവ് വിളയിക്കുന്ന പാടങ്ങൾ കണ്ടു തൃപ്തിയടഞ്ഞു. 

കുറച്ചു മുന്നോട്ടു സഞ്ചരിക്കവേ പാതക്കിരുവശത്തും ശുഭ്രനിറത്തിലുള്ള പൂക്കളാൽ പൂത്തുലഞ്ഞു നിൽക്കുന്ന ആപ്പിൾ മരങ്ങൾ കണ്ണെത്താദൂരത്തോളം നീണ്ടു പരന്നു കിടക്കുന്നു.

സാമാന്യം വലിയ ഒരു ആപ്പിൾ തോട്ടത്തിൽ ഇറങ്ങുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. 

മാധുര്യമേറിയ ഫ്രഷ് ആപ്പിൾ ജ്യൂസ് കുടിച്ച് ദാഹം അകറ്റി. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലാണ് ആപ്പിൾ ഫലങ്ങളുടെ വിളവെടുപ്പ്.

വിട്ടുവിട്ടു കിടക്കുന്ന ഗ്രാമപ്രദേശങ്ങളിൽ ജനവാസം കുറവാണെന്നു തോന്നും. സ്കൂളുകളും ഓഫീസുകളും പട്ടാളക്യാമ്പുകളും ആശുപത്രികളും എല്ലാം ചെറിയ ചെറിയ കെട്ടിടങ്ങളിൽ ക്രമീകരിച്ചിരിക്കുന്നു. പ്രകൃതിരമണീയമായ കാഴ്ചകൾ മനസ്സിനെ കുളിരണിയിച്ചു. 

അവിടുത്തെ വീടുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വില്ലോമരങ്ങളും വാൾനട്ട് മരങ്ങളും ധാരാളമായി കാണാനിടയായി. dry fruits ന് പ്രസിദ്ധിയാർജിച്ചതാണ് കാശ്മീരിലെ പല സ്ഥലങ്ങളും. ഒറിജിനൽ dry fruits കടകൾ ധാരാളമായുള്ള സ്ഥലത്തു വണ്ടിനിർത്തി. അവിടെ ഒരു കടയിൽ നിന്നും കുങ്കുമപ്പൂവുൾപ്പെടെ പലതരം dry fruits എല്ലാവരും തന്നെ വാങ്ങി.

ബഹൽ ഗാമിലേക്കുള്ള നാഷണൽ ഹൈവേയിൽ, അടിയന്തിരഘട്ടങ്ങളിൽ വിമാനം ഇറക്കുവാനായി സജ്ജീകരിച്ചിരിക്കുന്ന മൂന്നര കി.മീറ്റർ ദൂരത്തിലുള്ള റൺവേയും മറ്റു സംവിധാനങ്ങളും കാണാൻ കഴിഞ്ഞു.

കൂട്ടത്തിലുള്ള 4 പേർ ഒഴികെ ബാക്കിയെല്ലാവരും തന്നെ മിനി സ്വിറ്റ്സർലാൻഡ് എന്ന ഉയർന്ന സ്ഥലത്തേക്ക് ഒരു മണിക്കൂറോളം കുതിര സവാരി നടത്തി മഞ്ഞണിഞ്ഞ മാമലകളുടെ അരികിലെത്തി പ്രകൃതി ഭംഗി ആസ്വദിച്ചു. വളരെ ശക്തിയായി ഒഴുകുന്ന ബഹൽ ഗാമിലെ പുഴയിലൂടെ നടത്തിയ സാഹസികമായ rafting, ഉള്ളിൽ ഭീതി ജനിപ്പിച്ചുവെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു.

അവിടെ അടുത്തു തന്നെയുള്ള ഒരു ഹോട്ടലിൽ തന്നെയാണ് അന്നു രാത്രി താമസിച്ചത്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്, ബഹൽഗാമിൽ നല്ലതണുപ്പനുഭവപ്പെട്ടിരുന്നു. Dinner നു ശേഷം ഹോട്ടൽ അധികൃതർ, കോമ്പൗണ്ടിനുള്ളിൽ തന്നെ camp fire നുള്ള സൗകര്യങ്ങൾ ഒരുക്കി തന്നു. കത്തുന്ന തീക്കുണ്ഠത്തിനു ചുറ്റും വട്ടത്തിലിരുന്നു പാട്ടും തമാശകളുമായി കുറച്ചുനേരം ചിലവിട്ടു.

അടുത്ത ദിവസം രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം 9.30 മണിക്കു തന്നെ തിരിച്ചു ശ്രീനഗറിലേക്ക് യാത്രയായി. ശ്രീനഗറിൽ എത്തി ഷാലിമാർ ഗാർഡൻ സന്ദർശിച്ചു. കാശ്മീരി വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോകൾ എടുക്കുകയും ചെയ്തു. 

ഉച്ചഭക്ഷണം കഴിഞ്ഞ് കാശ്മീരിലെ 22 km Square വ്യാപ്തിയിൽ വ്യാപിച്ചു കിടക്കുന്ന അതിപ്രസിദ്ധമായ ദാൽ തടാകത്തിലൂടെ(Dal Lake) യുള്ള ശിക്കാരാ riding, ഒരു മണിക്കൂർ നേരം ആസ്വദിച്ചു. ഉല്ലാസകരമായ ഈ ബോട്ട് യാത്ര മനസ്സിനും ശരീരത്തിനും ഉണർവും ഉന്മേഷവും നൽകി. അന്നുരാത്രി ശ്രീനഗറിൽ തന്നെയുള്ള മറ്റൊരു ഹോട്ടലിൽ ആയിരുന്നു താമസിച്ചത്.

അങ്ങനെ ഏഴാം ദിവസവും വന്നെത്തി. പ്രഭാതഭക്ഷണത്തിനു ശേഷം ശ്രീനഗറിനോടു യാത്ര പറഞ്ഞ് 10 മണിയോടു കൂടി എയർപോർട്ടിൽ എത്തി. ഉച്ചക്കു 12.30 മണിക്കായിരുന്നു Delhi യിലേക്കുള്ള flight.

2 മണിയോടുകൂടി ഞങ്ങൾ ഡൽഹിയിൽ എത്തി. 44 ഡിഗ്രി ചൂടിൽ കത്തിയുരുകുന്ന ഡൽഹി നഗരങ്ങൾ. 

കാത്തുകിടന്നിരുന്ന ബസ്സിൽ കയറി ഡൽഹിയിലെ കാഴ്ചകൾ കാണുവാനായി പോയി. ആരോഗ്യപ്രശ്നങ്ങൾ മൂലം സംഘത്തിലുള്ള ചിലർ മുറികൾ ബുക്കു ചെയ്തിരുന്ന ഹോട്ടലിലേക്ക് പോയി വിശ്രമിച്ചു.

ഞങ്ങൾ നേരേ കുത്തബ് മീനാർ കാണുവാനായി പോയി. ടിക്കറ്റ് കൗണ്ടറിൽ നല്ലതിരക്കുണ്ടായിരുന്നു. ഭാരത ചരിത്രത്തിന്റെ ഭാഗമായി ക്ലാസ്സ് മുറികളിലിരുന്നു പഠിച്ചിട്ടുള്ള കുത്തബ്മിനാർ സ്മാരകം, അന്ന് അവിടെ നേർക്കാഴ്ചയായി കണ്ട് നിർവൃതിയടഞ്ഞു.

അവിടെ നിന്നും നേരേ രാജ്ഘട്ടിലേക്ക് പോയി. യമുനയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന, രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലം കണ്ടു വണങ്ങി. മാർബിൾ കൊണ്ടു നിർമിച്ച മനോഹരമായ ഒരു സ്മാരകമായി അവിടം  നിലകൊള്ളുന്നു. എല്ലാ സമയത്തും എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കെടാവിളക്ക് അവിടെയുണ്ട്. 

ഇതിനു വടക്കുവശത്തായി ജവഹർലാൽ നെഹ്റുവിനെ സംസ്കരിച്ചിരിക്കുന്ന ശക്തി വൻ-ഉം ഇന്ദിരാ ഗാന്ധിയുടെ സമാധി സ്ഥലമായ ശക്തി സ്ഥൽ-ഉം രാജീവ് ഗാന്ധിയുടെ സമാധി സ്ഥലമായ വീരവൻ- ഉം കാണാൻ സാധിച്ചു. ഭാരതത്തിലെ മൺമറഞ്ഞ സ്വാതന്ത്യസമര സേനാനികളും വീരയോദ്ധാക്കളും സമാധിയടഞ്ഞിരിക്കുന്ന സ്ഥലങ്ങളും സമീപത്തു തന്നെയാണ്.

താമസ സ്ഥലത്തേയ്ക്ക് പോകുന്ന വഴിയിൽ വാഹനത്തിൽ ഇരുന്നു കൊണ്ടു തന്നെ രാഷ്ട്രപതി ഭവനും പാർലമെന്റ് മന്ദിരവും ഇൻഡ്യാ ഗേറ്റും കേരളാ  ഹൗസും മറ്റും കണ്ടു.  ഹോട്ടലിലെത്തി ഫ്രഷ് ആയി ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.

അടുത്ത ദിവസം രാവിലെ തന്നെ ഡൽഹി നഗരത്തിനോടും യാത്ര പറഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി എയർ പോർട്ടിലേക്കു തിരിച്ചു. ഉച്ചയ്ക്കു 2 മണിക്കുള്ള വിമാനം യഥാസമയം തന്നെ പറന്നു പൊങ്ങി. വൈകിട്ട് 5 മണിയോടുകൂടി തിരുവനന്തപുരത്തെത്തി. കാത്തുകിടന്ന ടൂറിസ്റ്റ് ബസ്സിൽ കയറി സ്വന്തം നാടായ അടൂരിലേക്കു തിരിച്ചു. 

പോത്തൻകോടെത്തിയപ്പോൾ 2 മണിക്കൂർ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു വഴിയിൽ കിടന്നു. ഉത്സവാഘോഷത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്ര മൂലം വാഹന ഗതാഗതം സ്തംഭിച്ചു. ആ സമയത്തിനുള്ളിൽ അവിടെത്തന്നെയുള്ള ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. തടസ്സം നീങ്ങി യാത്ര തുടർന്നു. അടൂരിൽ എത്തിയപ്പോൾ നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി ഒരു ഓട്ടോയിൽ കയറി 11.30 മണിയായപ്പോൾ വീട്ടിലെത്തി.

കാശ്മീരിന്റെ മണ്ണിലെ മനോഹരമായ കാഴ്ചകൾ മനസ്സിലെന്നും മായാത്ത ഓർമകളുടെ സുഖകരമായ ഒരു അനുഭൂതിയായി.

 

Comments

Ramachandran Nair
0
Ramachandran Nair
1 month ago

നന്നായിട്ടുണ്ട് ?

Like Like Reply | Reply with quote | Quote
T V Sreedevi
0
T V Sreedevi
1 month ago

അതിമനോഹരമായ യാത്രാവിവരണം ?

Like Like Reply | Reply with quote | Quote

Add comment

Submit