(V Suresan)
(Disclaimer: C.I.D കഥകള്‍ വായിച്ചു ചിരിച്ചു ഞരമ്പു പൊട്ടിയാൽ 'മൊഴി' ഉത്തരവാദി ആയിരിക്കില്ല.)
1. ഡോങ്കി സിറ്റി
സി.ഐ.ഡി എന്ന ചുരുക്കപ്പേര് വലിച്ചു നീട്ടിയാല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് എന്ന് വായിക്കാം. പോലീസ് ഡിപ്പാര്ട്ടുമെന്റില് സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി, ക്രൈം ബ്രാഞ്ച് സി.ഐ.ഡി എന്നിങ്ങനെ പലവിഭാഗങ്ങളുണ്ട്. ഇവര്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ലാത്തതിനാല്‍ സാധാരണ വേഷത്തിലും പ്രച്ഛന്ന വേഷത്തിലും നടക്കാം. എന്തെങ്കിലും ധരിച്ചിരിക്കണമെന്നേയുള്ളൂ.
സി.ഐ.ഡി എന്നറിയപ്പെടുന്ന മറ്റൊരു വിഭാഗം സ്വകാര്യ അന്വേഷകരാണ്. പ്രൈവറ്റ് ഡിറ്റക്ടീവ്, പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍ എന്നീ പേരുകളിലും ഇവര്‍ അറിയപ്പെടുന്നു. എന്നിരുന്നാലും സ്വകാര്യ കുറ്റാന്വേഷകരില്‍ പലര്‍ക്കും സി.ഐ.ഡി എന്നറിയപ്പെടാനാണ് താല്പര്യം. ജനങ്ങള്‍ക്കിടയില്‍ ആ പേരിനുള്ള പ്രചാരവും സ്വീകാര്യതയുമാണ് അതിനു കാരണം.
സി.ഐ.ഡി നസീര്‍, സി.ഐ.ഡി മൂസ തുടങ്ങിയ എത്രയെത്ര സിനിമകള്‍ ആ പേരില്‍ ഇറങ്ങിയിരിക്കുന്നു. സിനിമയിലെ സി.ഐ.ഡിമാര്‍ എന്നും ആരാധകരുടെ മനസ്സില്‍ വീരനായകരായിത്തന്നെയാണ് നിലകൊള്ളുന്നത്.
ബുദ്ധിയിലും ശക്തിയിലും വേഷവിധാനത്തിലും തങ്ങള്‍ മുന്‍പന്തിയിലാണെന്നാണ് സി.ഐ.ഡി മാരുടെ അവകാശവാദം. വട്ടത്തൊപ്പിയും നീളന്‍ കുപ്പായവും ഒക്കെ ചേര്‍ന്ന അംഗീകൃത വേഷം സംഘടിപ്പിക്കാന്‍ പ്രയാസമില്ലെങ്കിലും ബുദ്ധിയും ശക്തിയും സംഘടിപ്പിക്കുക അത്ര എളുപ്പമല്ലല്ലോ. അതിനു കഠിനമായ പരിശ്രമം തന്നെ വേണം. എന്നിരുന്നാലും ഇതൊന്നുമില്ലാതെ ഈ രംഗത്ത് തന്ത്രപൂര്‍വ്വം പയറ്റി നില്‍ക്കുന്നവരുമുണ്ട്. കള്ളന്മാരെ പിടിക്കാന്‍ അതിലും വലിയ കള്ളന് എളുപ്പമാണല്ലോ !
ഇത് ഡോങ്കിസിറ്റിയിലെ സി.ഐ.ഡി മാരുടെ കഥയാണ്. അവിടെ സര്‍ക്കാരിന്റെ പോലീസ് സംവിധാനമുണ്ടെങ്കിലും കുറ്റവാളികളെ പിടിക്കുന്ന കാര്യത്തില്‍ സ്വകാര്യ കുറ്റാന്വേഷകരും തുല്യ പങ്കുവഹിക്കുന്നുണ്ട്. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയല്ലോ. സി.ഐ.ഡി വിക്രമും സഹായി അക്രമും അക്കൂട്ടത്തില്‍ മുന്നില്‍ നില്ക്കുന്ന അന്വേഷകരാണ്. സിറ്റിയിലെ മറ്റു സി.ഐ.ഡിമാര്‍ മോങ്കി, ബില്ലു, ജന്റു എന്നിവരാണ്. ഒപ്പം ഫ്രോഗി എന്ന വനിതാ സി.ഐ.ഡിയുമുണ്ട്.
നിരവധി കേസുകളില്‍ പ്രതിയാണ് ഭൂതം ഫല്ഗു. അയോളോട് ഏറ്റുമുട്ടാന്‍ ധൈര്യമുള്ളവര്‍ പോലീസിലും കുറവാണ്. അതുകൊണ്ടുതന്നെ ഭൂതം നാട്ടുകാര്‍ക്കൊരു തലവേദനയായി മാറിയിരിക്കുകയാണ്. പോലീസ് പരാജയപ്പെടുന്നിടത്ത് സി.ഐ.ഡിമാര്‍ വിജയിക്കുകയാണെങ്കില്‍ അത് അവര്‍ക്ക് വലിയ സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കും. അതിനാല്‍ ഇത്തരം പിടികിട്ടാപ്പുള്ളികളെ പിടിക്കാന്‍ സി.ഐ.ഡിമാര്‍ തമ്മില്‍ മല്‍സരമാണ്.
സി.ഐ.ഡി അക്രമിന്റെ ഫോണ്‍ ശബ്ദിക്കുന്നു. അക്രം ഫോണെടുത്തു.
'ഹലോ'
'ഹലോ-ഇത് സി.ഐ.ഡിയല്ലേ?'
'അതെ'
'വിലയേറിയ ഒരു ഇന്‍ഫര്‍മേഷന്‍ തരാനായി വിളിച്ചതാണ്.'
'പറയൂ'
'ബനാനാ ബ്രിഡ്ജിനു സമീപത്തുവച്ച് ഞാന്‍ ഫല്‍ഗുവിനെ കണ്ടു.'
'ഏത് ഫല്ഗു ?'
'പിടികിട്ടാപ്പുള്ളിയായ ഫല്ഗു.'
'ങാഹാ... എന്നിട്ടയാള്‍ എങ്ങോട്ടു പോയി?'
'അതിനടുത്തു കാടുപിടിച്ചു കിടക്കുന്ന ഒരു പഴയ കെട്ടിടമുണ്ട്. അങ്ങോട്ടു പോകുന്ന കണ്ടു. നിങ്ങള്‍ക്കു പിടിക്കാന്‍ കഴിയുമെങ്കില്‍ പിടിക്ക്'
'ഓക്കെ. ആരാ സംസാരിക്കുന്നത്?'
'അജ്ഞാതന്‍'
'ഓക്കെ. മിസ്റ്റര്‍ അജ്ഞാതന്റെ അഡ്രെസ്സ് പറയൂ'
അയാള്‍ ഫോണ്‍ കട്ടു ചെയ്തു.
കൂടെയുണ്ടായിരുന്ന വിക്രം ചോദിച്ചു. 'എന്താ വിശേഷം?'
'ഭൂതം ഫല്ഗു ഒളിച്ചിരിക്കുന്ന സ്ഥലം മനസ്സിലായിട്ടുണ്ട്.'
'ആണോ?എന്നാല്‍ വാ-വേഗം പോകാം.'
അവര്‍ തങ്ങളുടെ കാറില്‍ പുറപ്പെട്ടുകഴിഞ്ഞു. ആനത്തലയുള്ള കാര്‍.
കാറിലിരുന്ന് വിക്രം ചോദിച്ചു 'ഇന്‍ഫര്‍മേഷന്‍ കറക്ട് ആണോ? ആരാണ് വിളിച്ചത്?'
'അയാളുടെ പേര് മാത്രമേ പറഞ്ഞുള്ളൂ. അഡ്രെസ്സ് പറഞ്ഞില്ല. പേര് അജ്ഞാതന്‍'
'എടാ - അതു പേരല്ല. അയാള്‍ക്ക് പേരുപറയാന്‍ താലപര്യമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.'
'എന്നാല്‍ അഡ്രെസ്സ് പറയാമല്ലോ - അതും പറഞ്ഞില്ലല്ലോ.'
'മരമണ്ടന്‍'
'അയാളുടെ സംസാരം കേട്ടിട്ട് എനിക്കും അങ്ങനെതന്നെയാണ് തോന്നിയത്.'
സി.ഐ.ഡി ബില്ലുവിന് ബുദ്ധി കുറവാണ്. ചില പുസ്തകങ്ങള്‍ വായിച്ച് അതില്‍ പറയുന്നതുപോലെയൊക്കെ ചെയ്ത് കുറ്റവാളികളെ പിടിക്കാനാണ് അയാള്‍ ശ്രമിച്ചിരുന്നത്. മാജിക്കും മന്ത്രവുമൊക്കെ അയാള്‍ പരീക്ഷിച്ചു നോക്കും. ഇപ്പോള്‍ അയാള്‍ 'മുക്കുവനും ഭൂതവും' എന്ന കഥയാണ് വായിച്ചുകൊണ്ടിരിക്കുന്നത്. കുടത്തിലെ ഭൂതത്തെ അയാള്‍ക്ക് ഏറെ ഇഷ്ടമായി. 'അതുപോലൊരു ഭൂതത്തെ കിട്ടിയിരുന്നെങ്കില്‍ ഏതു കുറ്റവാളിയേയും നിഷ്പ്രയാസം പിടിക്കാമായിരുന്നു.'- അയാള്‍ ചിന്തിച്ചു.
കഥയിലെ രസകരങ്ങളായ സംഭവങ്ങള്‍ ആലോചിച്ചുകൊണ്ടാണ് അന്ന് ബില്ലു വാഹനത്തില്‍ കയറിയത്. പൂച്ചത്തലയുള്ള ബൈക്ക്. അതായിരുന്നു ബില്ലുവിന്റെ പ്രത്യേക വാഹനം. കുടത്തിലെ ഭൂതത്തെ സ്വപ്നം കണ്ട് കുറേ ദൂരം പോയപ്പോള്‍, അതാ ഒരു ഹോട്ടലിനു മുമ്പില്‍ വിക്രമാക്രമന്മാരുടെ കാര്‍ കിടക്കുന്നു. ആനത്തലയുള്ള കാറായതിനാല്‍ എളുപ്പത്തില്‍ തിരിച്ചറിയാം. 'ഇന്ന് ആരെ പിടിക്കാനാ ഇവന്മാരുടെ പരിപാടി.?അതറിഞ്ഞിട്ടുതന്നെ കാര്യം.'
Comments