Article Index

(T V Sreedevi)

തുണികൾ കുത്തിനിറച്ച മാറാപ്പും തലയിൽ ചുമന്ന് നാരായണി മെല്ലെ തോട്ടിലേക്ക് നടന്നു. നാട്ടുകാർക്ക് അത് പതിവുള്ള കാഴ്ച്ചയാണ്. എന്നും രാവിലെയും ഉച്ച കഴിഞ്ഞ് വെയിൽ ആറുന്ന സമയത്തും എത്രയോ വർഷങ്ങളായി തുടരുന്ന ഒരു ദിനചര്യ.

ഇപ്പോൾ നാരായണിക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടിട്ട് വർഷങ്ങളായിരിക്കുന്നു. ഭ്രാന്തി നാരായണി  എന്ന് ആളുകൾ അവരെ കേൾക്കാതെ പറയുമെങ്കിലും..,ചില തല തെറിച്ച വികൃതി പിള്ളേരൊഴികെ നേരിട്ട് ആരും അവരെ അങ്ങനെ വിളിക്കാറില്ല. ഗ്രാമത്തിലെ വീടുകളിൽ വിഴുപ്പു തുണി അലക്കുന്നതും പെറ്റലക്കുന്നതും നാരായണി ആയിരുന്നു.അവരെ പരത്തി നാരായണി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്.     
തോട്ടുവരമ്പത്തു തുണിക്കെട്ടിറക്കി വെക്കാനൊരുങ്ങുമ്പോൾ..., നീന്തിക്കുളിച്ചുകൊണ്ടിരുന്ന കുട്ടികൾ വിളിച്ചുകൂവി,":ഇപ്പൊ ഇങ്ങോട്ട് പോരേണ്ട...., ഞങ്ങൾ കുളിക്കട്ടെ..." കൂട്ടത്തിൽ ഏതോ വികൃതി "ഭ്രാന്തി ചേച്ചി.. രാവിലെ കുളിച്ചതല്ലേ.. ഇനി നാളെ കുളിച്ചാൽ മതി കേട്ടോ..? എന്നും വിളിച്ചു പറഞ്ഞു ഒന്നും മിണ്ടാതെ നാരായണി തിരിച്ചു നടന്നു.

തോടിന്റെ താഴത്തെ അറ്റത്തു ഇരുവശവും പൂക്കൈതകൾ മറയൊരുക്കിയ....,ആളില്ലാത്ത കടവിൽ മാറാപ്പിറക്കി വെച്ച് അവർ  രാവിലെ കഴുകിയുണക്കിയ സ്വന്തം തുണികൾ തന്നെ വീണ്ടും കഴുകാൻ ആരംഭിച്ചു. സമയം കഴിഞ്ഞു പോകുന്നതോ സന്ധ്യ വരുന്നതോ ഒന്നും അവർ അറിയുന്നില്ലെന്നു തോന്നി.

അപ്പോഴാണ് ഒരു കൂവലും ആരവവും" ഉണ്ണിവന്നേ..," എന്ന വിളിയും മുഴങ്ങിയത്.
നാരായണി കൈതച്ചെടികൾക്കിടയിലൂടെ കണ്ടു. ഇറക്കമിറങ്ങി വരുന്ന ഒരു കാർ.
അത് തോടിനു കുറുകെയുള്ള പാലത്തിൽ കയറിയപ്പോൾ നാരായണി കാറിലിരുന്നവരെഎത്തി നോക്കി. പിന്നെ ധ്രുതിയിൽ തുണികളെല്ലാം വാരിക്കെട്ടി തിരികെ നടന്നു....!

ഓടിക്കിതച്ചാണ് സജി സ്കൂൾമുറ്റത്തേയ്ക്കെത്തിയത്. കൂട്ടുകാരെ നാലുപേരെയും സ്കൂൾ വരാന്തയിൽ കണ്ടയുടനെ അവൻ വിളിച്ചു പറഞ്ഞു...," ഞാൻ ഇച്ചിരെ വൈകിപ്പോയെടാ... നിങ്ങൾ വന്നിട്ട് കുറേനേരമായോ...?"
"ഇല്ലെടാ.. ഞങ്ങളിപ്പ വന്നേയുള്ളു..."ജോയിയാണ് മറുപടി പറഞ്ഞത്"
ഐറ്റംസ് ഒക്കെ റെഡി ആയോടാ....?അവൻ ചോദിച്ചു. "ഓ.. എല്ലാം റെഡി.... സൂസി പായസം ഉണ്ടാക്കുവാ... ഞാൻ ഇങ്ങോടിപ്പോന്നു..."സജി പറഞ്ഞു.
"ഉണ്ണിക്ക് ഇഷ്ടമുള്ളതൊക്കെ പറഞ്ഞോ...?"ജോയി ചോദിച്ചു.
 'എനിക്ക് എല്ലാം ഇഷ്!ട്ടാ..., അന്യ നാട്ടിൽ പോയി ഒറ്റയ്ക്ക് കിടക്കുന്ന എനിക്ക് നിങ്ങൾ സ്നേഹത്തോടെ തരുന്നതെല്ലാം അമൃതാ.." ഉണ്ണി പറഞ്ഞു

അന്നും പതിവുപോലെ ഗ്രാമത്തിലെ പ്രൈമറി സ്കൂളിന്റെ നീളൻ വരാന്തയിൽ അവർ ഒത്തുകൂടിയതാണ്. "പഞ്ചർ "എന്ന് നാട്ടുകാർ കളിയാക്കി വിളിക്കുന്ന അഞ്ച് കൂട്ടുകാർ.
"മണ്ടൻ സജി "എന്ന മുണ്ടക്കലെ സജി, "ബീഡികുഞ്ഞുമോൻ "എന്ന് ഇരട്ട പേരുള്ള പുത്തൻപുരക്കലെ  കുഞ്ഞുമോൻ. "ചാത്തൻ ജോയി "എന്ന ചാത്തൻപറമ്പിലെ ജോയി, "കല്ലൻ രാജു "എന്ന  പേരുള്ള കല്ലറക്കലെ രാജേഷ്, പിന്നെ "ഉണ്ണി "എന്ന വലിയവീട്ടിലെ ഉണ്ണികൃഷ്ണനും.

എല്ലാവർഷവും ഉണ്ണി ദുബായിൽ നിന്ന് വന്നാൽ പിന്നെ തിരിച്ചുപോകുന്നത് വരെ എപ്പോഴും...എവിടെ നോക്കിയാലും..., ഈ അഞ്ചു പേരെ ഒരുമിച്ചേ കാണാൻ സാധിക്കു. സമയം സന്ധ്യ കഴിഞ്ഞിരുന്നു.
തെരുവ് വിളക്കിന്റെ മങ്ങിയ മഞ്ഞ വെളിച്ചം സ്കൂൾ മുറ്റത്തേക്ക് വരെ എത്തുന്നുണ്ടായിരുന്നു.സ്കൂളിന്റെ എതിർവശത്തുള്ള കുഞ്ഞേട്ടന്റെ റേഷൻ കടയിലും കുട്ടപ്പൻ ചേട്ടന്റെ ചായക്കടയിലും തിരക്ക് നന്നേ കുറഞ്ഞിരുന്നു.
"ഇച്ചിരെ മാറിയിരിയെടാ.. ഉണ്ണിക്ക് ശ്വാസം കിട്ടട്ടെ."ചായക്കടയുടെ വരാന്തയിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
നിന്റെയൊക്കെ പിടിവിട്ടിട്ട് ഉണ്ണിയെ ഞങ്ങക്കൊന്നു കാണാൻ കിട്ടുവോടാ..?
ഓലിക്കലെ മത്തായിച്ചേട്ടനാണ് ചോദിച്ചത്.
"വെയിറ്റ്, വെയിറ്റ്....! കുറച്ച് താമസിക്കും..."
കുഞ്ഞുമോനാണ് മറുപടിപറഞ്ഞത്
"എടാ. എടാ.. പിള്ളരെ.. മതി പറഞ്ഞത്. ബാക്കി നാളെ പറയാം...വീട്ടിപ്പോകാൻ നോക്ക്. മഴപെയ്തു കെടക്കണ സമയാ...,എഴഞ്ഞു നടക്കുന്നത് കാണും.. കേട്ടോ... "
റേഷൻ കടയിൽ നിന്നും കുഞ്ഞേട്ടൻ വിളിച്ചു പറഞ്ഞു.
"ഏഴഞ്ഞു നടക്കണതിൽ കുഞ്ഞേട്ടൻ ഒഴികെ ബാക്കിയെല്ലാം മാളത്തിൽ കേറി. കുഞ്ഞേട്ടൻ കടയടച്ചു വേഗം പോകാൻ നോക്ക്."
സജി വിളിച്ചു പറഞ്ഞു. കടത്തിണ്ണയിൽ കൂട്ടച്ചിരി മുഴങ്ങി.

"ഇവനാരാ മണ്ടൻ സജി എന്ന് പേരിട്ടത്. ഇവന്റത്രേം ബുദ്ധിയുള്ളോര് ഈ നാട്ടിലില്ല."
കുഞ്ഞുമോൻ അഭിപ്രായം പറഞ്ഞു.   "കുരുട്ടുബുദ്ധിയാണെന്ന് മാത്രം ജോയി അവനെ കളിയാക്കി.എല്ലാരും ചിരിച്ചു.
പുറത്തു ഇരുട്ട് നന്നായി പരന്നു തുടങ്ങിയിട്ടും അവരുടെ വിശേഷം പറച്ചിൽ തുടർന്നുകൊണ്ടിരുന്നു.

(തുടരും )


Comments

Rajendran Thriveni
0
Rajendran Thriveni
4 weeks ago

വളരെ, വളരെ, നന്നാവുന്നുണ്ടാ.

Like Like Reply | Reply with quote | Quote
T V Sreedevi
0
T V Sreedevi
3 weeks ago

Thank you sir ?

Like Like Reply | Reply with quote | Quote

Add comment

Submit