Article Index

(T V Sreedevi )

ഭാഗം 1

"വരും. വരാതിരിക്കില്ല...! ഇന്നെങ്കിലും വിളിക്കും. വിളിക്കാതിരിക്കാനാവില്ല ശ്രീയേട്ടന്." ദേവു സ്വയം പറഞ്ഞുകൊണ്ടിരുന്നു. എത്രനാളായി ഒരു വിളിക്കായി കാത്തിരിക്കുന്നു! ദിവസങ്ങൾ ആഴ്ചകളായും, ആഴ്ചകൾ മാസങ്ങളായും കടന്നു പോയിക്കൊണ്ടിരിക്കുന്നു. എത്ര വട്ടം അങ്ങോട്ടു വിളിച്ചു? 

"പ്രതികരിക്കുന്നില്ല"എന്ന മറുപടി മാത്രം.

മിസ്സ്ഡ് കാൾ കണ്ടിട്ടു പോലും തിരിച്ചു വിളിച്ചില്ല. എന്തു പറ്റി ശ്രീയേട്ടന്? തന്നെ മനപ്പൂർവ്വം ഒഴിവാക്കുകയാണോ? അങ്ങനെയാണെങ്കിൽ കഴിഞ്ഞ ആറുമാസം എല്ലാ ദിവസവും എന്തിനാണു വിളിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ രണ്ടു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു ആ ശബ്ദമൊന്നു കേട്ടിട്ട്.
   
ഒരു കല്യാണവേളയിൽ വച്ചാണ് ആദ്യമായി കണ്ടത്. പ്രിയ സ്നേഹിത നന്ദിനിയുടെ ചേച്ചിയുടെ കല്യാണമായിരുന്നു. താനും രണ്ടു കൂട്ടുകാരികളും കൂടിയായിരുന്നു കല്യാണത്തിനു പോയത്. സ്റ്റേജിൽ കല്യാണം പൊടി പൊടിക്കുന്നു. താലികെട്ടു കഴിഞ്ഞ ഉടനെ മൂന്നുപേരും അവിടെ നിന്നും മുങ്ങി. താൻ തിരിച്ചു ചെന്നിട്ടു വേണം അച്ഛനുമമ്മയ്ക്കും ചേച്ചിയുടെ വീട്ടിൽ പോകാൻ. ചേച്ചിയ്ക്ക് പ്രസവത്തിന്റെ ഡേറ്റ് അടുത്തിരിക്കുന്നു.
    
സദ്യ നടക്കുന്ന ഹാളിനു വെളിയിൽ നല്ല തിരക്കായിരുന്നു. അടച്ചിട്ടിരുന്ന വാതിൽ തുറന്നപ്പോൾ എല്ലാവരും ഇടിച്ചു കയറി. ഒരു കസേരകളിപോലെ കിട്ടിയ സീറ്റിൽ വേഗം ഇരിപ്പുറപ്പിച്ചു.
മിടുക്കുള്ളവർക്കൊക്കെ സീറ്റു കിട്ടി.തിരക്കിനിടയിൽ കൂടെയുണ്ടായിരുന്ന കൂട്ടുകാരികളെ കാണാനുണ്ടായിരുന്നില്ല.
        
ഇരുന്നു കഴിഞ്ഞാണ് ശ്രദ്ധിച്ചത്.., ഒരു ചെറുപ്പക്കാരന്റെ അടുത്താണ് തന്റെ സീറ്റ്‌. "ശ്ശോ.,!" അറിയാതെ ചാടിയെഴുന്നേറ്റുപോയി. ശബ്ദം കെട്ട് അയാൾ മുഖമുയർത്തി നോക്കി.

"ഇതെങ്ങോട്ടാ ഓടാൻ തുടങ്ങുന്നത്? ഒറ്റ സീറ്റും ബാക്കിയില്ല. ഹൌസ് ഫുൾ.ഇനി തിരിച്ചിറങ്ങാൻ കയറിയതിനേക്കാൾ പ്രയാസമാണ്. അവിടെയെങ്ങാൻ ഇരിക്ക് കൊച്ചേ..,"
അയാൾ പറഞ്ഞു. പിന്നെ ചേർന്നു കിടന്ന കസേര അൽപ്പം നീക്കിയിട്ടു."ഇനി ഇരുന്നോ..." അയാൾ നിർദേശിച്ചു. ആജ്ഞാശക്തിയുള്ള ആ വലിയ കണ്ണുകളാണ് ആദ്യം കണ്ടത്. പിന്നെ അവിടെത്തന്നെയിരുന്നു.
     
ഒന്നും കഴിക്കാൻ തോന്നിയില്ല.  അയാളുടെ സാമീപ്യവും അയാളിൽ നിന്നുമുയരുന്ന വിലകൂടിയ ഏതോ പെർഫ്യൂമിന്റെ സുഗന്ധവുമൊക്കെ കൂടിച്ചേർന്ന് വല്ലാത്ത ഒരു അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടായിരുന്നു.അയാളുടെ ഇലയിലേയ്ക്കൊന്നു പാളി നോക്കി.
വിളമ്പിയ സാധനങ്ങൾ ഒന്നും തന്നെ ബാക്കിയില്ല.
  
"ആഹാ..., ഇതിനാണോ ഇടിയുണ്ടാക്കി ഇതിനകത്തു കയറിപ്പറ്റിയത്?"ചോറില് വിരലിട്ടിളക്കിയ്ക്കൊണ്ടിരിക്കാതെ
വല്ലതും വാരിക്കഴിക്കു കൊച്ചേ.. നല്ല ഒന്നാന്തരം സദ്യ."പറഞ്ഞുകൊണ്ട് അയാൾ തന്റെ ഇലയിൽ നിന്നും ശർക്കര പുരട്ടിയും കായവറുത്തതും പെറുക്കിയെടുത്തു തിന്നുകയും  ചെയ്തു.
  
"തീറ്റഭ്രാന്തൻ.."സ്വയം പറഞ്ഞു പോയി."
"താൻ വല്ലതും പറഞ്ഞോ?"അയാളുടെ ചോദ്യം.
'ഇല്ല...,'എന്നവൾ ചുമൽ കൂച്ചി.
അപ്പോഴാണ് എതിർവശത്തെ പന്തിയിൽ നിന്നും ആരോ അയാളോട് ചോദിച്ചത്:-
"ശ്രീ.., വൈഫാണോ.?"
"ആവോ... അയാൾ ഒരു പ്രത്യേക രീതിയിൽ കൈമലർത്തി. പിന്നെ തല തിരിച്ച് തന്നോടു ചോദിച്ചു :-"താൻ ആരുടെയെങ്കിലും വൈഫാണോ?"
അറിയാതെ ചിരിച്ചുപോയി.
  
"ഹാ! ഇതെന്താ...? ഊണു കഴിക്കുമ്പോൾ ചിരിക്കരുതെന്നറിയില്ലേ?ഓ..!   അതിനു താനൊന്നും കഴിച്ചില്ലല്ലോ അല്ലേ? ഈ പായസമെങ്കിലും കുടിക്കു..,"
എന്നു പറഞ്ഞു കൊണ്ട് രണ്ടു പായസം നിറച്ച ഗ്ലാസ്സുകൾ തന്റെ അടുത്തേക്കു നീക്കി വച്ചു.
  
അപ്പോഴാണ് സദ്യയ്ക്കു മേൽനോട്ടം വഹിച്ചുകൊണ്ടു നടന്ന,
എല്ലാവരും 'സാമിയേട്ടാ' എന്നു വിളിച്ചു കേട്ട ആൾ തന്നോടു ചോദിച്ചത് :-"അല്ലാ.. ഇതു കളരിക്കലെ ദേവരാജന്റെ മകൾ ദേവികയല്ലേ..? "
"അച്ഛൻ റിട്ടയർ ആയോ? ഇല്ലല്ലോ..ഒരു നാലു കൊല്ലോം കൂടെക്കാണും അല്ലേ? ഞങ്ങൾ ഒന്നിച്ചു പഠിച്ചതാ..! ഇപ്പോഴും തൊടുപുഴെത്തന്നെയല്ലെ താമസം?"
     
"ഞാൻ അന്വേഷിച്ചുവെന്നു പറയണം. സാമ്യേട്ടൻന്നു പറഞ്ഞാൽ മതി."
   
താൻ തലകുലുക്കി സമ്മതിച്ചു. സദ്യകഴിഞ്ഞു കൈ കഴുകുന്നിടത്തെ തിരക്കിലും അയാളുണ്ടായിരുന്നു.
     
"ഉടുപ്പിലൊന്നും വെള്ളം വീഴ്ത്താതെ കഴുകിക്കോളൂ"
കൈ കഴുകാൻ തനിക്കു പൈപ്പു തുറന്നു തന്നുകൊണ്ട് പറഞ്ഞു.. 
എന്നാൽ കൈ കഴുകി തൂവാലയെടുത്തു കയ്യും മുഖവും തുടച്ചു തിരിഞ്ഞപ്പോൾ ആളെ കണ്ടില്ല.
   
പിന്നെ കൂട്ടുകാരികളെ തിരഞ്ഞു കണ്ടു പിടിച്ചു ധൃതിയിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴും കണ്ണുകൾ കൊണ്ട് എല്ലായിടത്തും പരതി. എങ്ങും ആളിനെ മാത്രം കണ്ടില്ല.

(തുടരും )

Comments

Ramachandran Nair
0
Ramachandran Nair
3 months ago

Good wtiting ?

Like Like Reply | Reply with quote | Quote
Rajendran Thriveni
0
Rajendran Thriveni
3 months ago

ഭംഗിയായ തുടക്കം. കഥ വിജയകരമായി


മുന്നേറാൻ എല്ലാ ആശംസകളും.??? ം 

Like Like Reply | Reply with quote | Quote
Rajendran Thriveni
0
Rajendran Thriveni
2 months ago

മനോഹരം ????

Like Like Reply | Reply with quote | Quote
Rajendran Thriveni
0
Rajendran Thriveni
2 months ago

തുടരുക. അഭിപ്രായങ്ങൾ ?????

Like Like Reply | Reply with quote | Quote
Rajendran Thriveni
0
Rajendran Thriveni
2 months ago

സുന്ദരം ?????

Like Like Reply | Reply with quote | Quote
Ramachandran Nair
0
Ramachandran Nair
2 months ago

മനോഹരം ?

Like Like Reply | Reply with quote | Quote
Rajendran Thriveni
0
Rajendran Thriveni
2 months ago

മനോഹരം??????

Like Like Reply | Reply with quote | Quote
O.F.PAILLY Francis
0
O.F.PAILLY Francis
1 month ago

Goodwriting ?

Like Like Reply | Reply with quote | Quote
Sabeesh Guruthipala
0
Sabeesh Guruthipala
1 month ago

വായിച്ചു ഗംഭീരം

Like Like Reply | Reply with quote | Quote
Rajendran Thriveni
0
Rajendran Thriveni
1 month ago

കഥ നന്നായി മുന്നോട്ടു പോകുന്നു. അഭിനന്ദനങ്ങൾ ?

Like Like Reply | Reply with quote | Quote

Add comment

Submit