(അബ്ബാസ് ഇടമറുക്)
നിലാവ് പരന്നുതുടങ്ങിയ സന്ധ്യപിന്നിട്ട സമയം. ഇടമറുക് ഗ്രാമത്തിന്റെ ഹൃദയഭാഗത്തെ സ്പർശിച്ചുകൊണ്ട് പടിഞ്ഞാറോട്ടൊഴുകുന്ന ഇലഞ്ഞേലി തോട്. ഒരു പകൽകൂടി കടന്നുപോയതിന്റെ നൊമ്പരവും പേറി തോട് ഉറങ്ങാനൊരുങ്ങുകയാണ്. കാർമേഘങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവെളിച്ചം ജലത്തിലെ കുഞ്ഞോളങ്ങൾക്കുമേൽ വർണ്ണങ്ങൾ തീർത്തു. ആ വെളിച്ചത്തിന്റെ ശോഭയിൽ കണ്ണുനട്ട് തെളിനീർത്തുള്ളികൾകൊണ്ട് കുളിരേറ്റിട്ടെന്നവണ്ണം പരൽമീൻകുഞ്ഞുങ്ങൾ ചിറകുകൂപ്പി അനങ്ങാതെ നിന്നു.
പൊടുന്നനെ തെളിനീരിനെ കീറിമുറിച്ചുകൊണ്ട് ഇളം മഞ്ഞ നിറത്തിലുള്ള ഒരു നീർക്കോലികുഞ്ഞ് എവിടെ നിന്നോ നീന്തി അടുത്തതും ഞെട്ടിയെന്നോണം മീൻ കുഞ്ഞുങ്ങൾ പൊത്തുകളിൽ പോയി ഒളിച്ചു.
തോടിന്റെ സൈഡുകെട്ടിന് മുകളിൽ കോൺക്രീറ്റ് ബെൽറ്റിനുമേൽ ഇരുന്നു കൊണ്ട് ജലത്തിലെ ഈ കാഴ്ച അലക്ഷ്യമായി നോക്കി ആസ്വദിക്കുകയാണ് 'ഷാഹിദ്'.ഇരുപത്തഞ്ചു കഴിഞ്ഞ പ്രായം.ഫുൾക്കൈഷർട്ടും വെള്ള മുണ്ടും ഉടുത്ത അവന്റെ താടിയും മുടിയുമൊക്കെ നീണ്ടു വല്ലാത്തൊരു കോലം ആയിരിക്കുന്നു.കണ്ണുകൾ ചുവന്നു കലങ്ങിയിട്ടുണ്ട്.എണ്ണമയമില്ലാത്ത കോലൻമുടി ഇളം കാറ്റിൽ പാറികളിച്ചു.
അവൻ എന്തൊക്കെയോ ചിന്തിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് അലക്ഷ്യമായി ഇടതുകൈകൊണ്ട് തലയിലും മുഖത്തുമൊക്കെ അമർത്തി തടവിക്കൊണ്ടിരുന്നു. അസ്വസ്ഥതയോടെ അവൻ മുഷ്ടിചുരുട്ടി ഇടയ്ക്ക് നിലത്തിടിച്ചു. തോട്ടിലെ മീനുകൾക്ക് പിന്നാലെ പാമ്പും എവിടെയോ പോയി ഒളിച്ചു കഴിഞ്ഞു.അവന്റെ കാഴ്ചയ്ക്ക് ഒന്നുകൂടി ഭംഗം വരുത്തിക്കൊണ്ട് പൊടുന്നനെ നിലാവിനെ മറച്ചുകൊണ്ട് ആകാശത്തു കാർമേഘങ്ങൾ വന്നുനിറഞ്ഞു.
ഈ സമയം അകലെനിന്ന് ആരോ നടന്നുവരുന്നത് കണ്ടു. ടോർച്ചുലൈറ്റിന്റെ പ്രകാശം ഇടയ്ക്ക് മുഖത്തേക്ക് പാറി വീണതും അവൻ അസ്വസ്ഥതയോടെ മുഖംതിരിച്ചു.ആളെ അവനു മനസ്സിലായി കഴിഞ്ഞിരിക്കുന്നു.
പള്ളിക്കവലയിൽ പീടിക നടത്തുന്ന 'അലിയാർ ഇക്ക' രാത്രി പീടികഅടച്ചു പള്ളിയിൽ കയറി ഇഷാനിസ്കാരം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ്. പ്രായം അറുപത് കഴിഞ്ഞു. വെള്ളക്കൈലിയും അരക്കയ്യൻഷർട്ടും തലയിൽ തോർത്ത് കൊണ്ടുള്ള ഒരു വട്ടക്കെട്ടും ആണ് ഇക്കയുടെ വേഷം. കൽപ്പടവിൽ അനക്കം കണ്ടിട്ട് എന്നോണം അടുത്തെത്തിയതും ഇക്കാ ലൈറ്റടിച്ചുകൊണ്ട് അവിടേക്ക് നോക്കി.
"ആരാടാ അത്?"
പൊടുന്നനെ തല കുമ്പിട്ടിരുന്ന അവൻ അനിഷ്ടത്തോടെയെന്നവണ്ണം മുഖംതിരിച്ചു.ചുവന്നു കലങ്ങിയ ആ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു. ഇക്കയെ അലക്ഷ്യമായി നോക്കിക്കൊണ്ട് അവൻ മെല്ലെ പറഞ്ഞു.
"ങ്ഹാ ഇത് ഞാനാ..."
"ആര് ഷാഹിദോ?"
"അതെ..."അവന്റെ ശബ്ദം ഒരു അമർത്തിയ മൂളലായി മാറി.
"ഇന്നെന്തേ നീ തനിച്ച് ഉള്ളോ... കൂട്ടുകാരൊക്കെ എവിടെ... വീട്ടിൽ പോകാറായില്ലേ?"
"പോണം."അനിഷ്ടത്തോടെ പറഞ്ഞിട്ട് അവൻ മെല്ലെ എഴുന്നേറ്റു.
അവന്റെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടും തന്റെ ചോദ്യം അവന് ഇഷ്ടമായില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടും ഇക്ക പിന്നെ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല.ഒരു ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് മുന്നോട്ടു ടോർച്ചടിച്ച് നടന്നു നീങ്ങി.
ഒരു നിമിഷം കുനിഞ്ഞ് കൽകെട്ടിലിരുന്ന തന്റെ മൊബൈലും ബൈക്കിന്റെ താക്കോലും എടുത്തുകൊണ്ട് തോട്ടിലേക്ക് ഒരിക്കൽകൂടി തിരിഞ്ഞു നോക്കിയിട്ട് അവൻ മെല്ലെ തൊട്ടരികിലിരുന്ന ബൈക്കിൽകയറി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു.പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ, നെൽപ്പാടങ്ങൾക്ക് നടുവിലൂടെ, തേങ്ങിൻതോപ്പിനുള്ളിലൂടെ, ഇടവഴിയിലൂടെ എല്ലാം അവന്റെ ബൈക്ക് വീട് ലക്ഷ്യമാക്കി പാഞ്ഞു. ഒരു നിമിഷം ബൈക്ക് കല്ലിലോ മറ്റോ തട്ടിയിട്ട് എന്നവണ്ണം ഒന്ന് പാളി തോട്ടിലേക്ക് മറിയാൻ ശ്രമിച്ചെങ്കിലും ഭാഗ്യത്തിന് രക്ഷപെട്ടു.എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് വീണ്ടും അവൻ ബൈക്ക് ഓടിച്ചു .
വൈദ്യുതിവെളിച്ചതിൽ കുളിച്ചുനിൽക്കുന്ന പഴമവിളിച്ചോതുന്ന ആ വലിയ ഓടിട്ടവീടിന്റെ മുറ്റത്തുചെന്ന് അവന്റെ ബൈക്ക് നിന്നു. ഒരുപാട് പഴയതെങ്കിലും പ്രൗഡി നശിച്ചിട്ടില്ലാത്ത വീട്. മുറ്റത്തിന് ചുറ്റുമുള്ള കൽക്കെട്ടുകൾ പൊളിഞ്ഞുതുടങ്ങിയിരിക്കുന്നു. പഴകിതുരുമ്പുപിടിച്ച ഗെയിറ്റ് തുറന്നുകിടന്നിരുന്നു.മുറ്റത്തിന്റെ കോണിൽ ബൈക്ക് ഒതുക്കിവെച്ചിട്ട് അവൻ മെല്ലെ ഇറങ്ങി വീടിനുനേർക്ക് നടന്നു. ഒരുനിമിഷം അവൻ അറിയാതെയെന്നോണം നിന്നുപോയി.വലതുകൈ മുണ്ടിന്റെ മടിക്കുത്തിൽ അമർത്തിക്കൊണ്ട് ബഹുമാനത്തോടെ എന്നവണ്ണം മുണ്ടിന്റെ മടിക്കുത്ത് അഴിച്ചുതാഴ്ത്തിയിട്ട് കൈവിരൽകൊണ്ട് മുടിയിഴകൾ മാടിയൊതുക്കി. തുടർന്ന് പൂമുഖത്തിരിക്കുന്ന മാതാപിതാക്കളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് മെല്ലെ മുന്നോട്ട് കാലുകൾ വെച്ചു.
പൂമുഖത്തിന്റെ പടിഞ്ഞാറേകോണിൽ ചുമരിനോട് ചേർത്തിട്ട ചാരുകസേരയിൽ അവന്റെ ബാപ്പ 'അഹമ്മദ്' ഇരിക്കുന്നു. കൈയ്യിൽ തസ്ബീഹ് മാല. വെളുത്തുതടിച്ച ശരീരം. അറുപതുകഴിഞ്ഞ പ്രായം. നരബാധിച്ചുതുടങ്ങിയ തലമുടി. ആജ്ഞസ്പുരിക്കുന്ന കണ്ണുകൾ.മുണ്ട് മാത്രം ഉടുത്താണ് ഇരിക്കുന്നത്.ഒരു തനി നാട്ടുമ്പുറത്തുകാരൻ കാരണവരുടെ എല്ലാ ഭാവങ്ങളും മുഖത്ത് നിറഞ്ഞു നിൽക്കുന്നു.തൊട്ടരികിലായി കസേരയിൽ ഉമ്മ 'ആയിഷ' ഇരിക്കുന്നു.നൈറ്റിയും തട്ടവുമാണ് ഉമ്മയുടെ വേഷം.വെളുത്തുതുടുത്ത ആ സ്ത്രീയുടെ മുഖഭാവം കുലീനത വിളിച്ചോതുന്നതുതന്നെ എങ്കിലും അവരുടെ മുഖഭാവത്തിൽ നിന്നും അവർ എന്തൊക്കെയോ ദുഃഖങ്ങൾ അനുഭവിക്കുന്നതായി തോന്നും. കൈയിലിരിക്കുന്ന കിത്താബിലേക്ക് നോക്കി ഖുർആൻ പാരായണം ചെയ്യുകയാണ് അവർ.
പൂമുഖത്തേക്ക് കയറിയ ഷാഹിദിനെ ഒരുനിമിഷം മുഖമുയർത്തിനോക്കിയിട്ട് അടുത്തിരുന്ന ഭർത്താവിനെ നോക്കി ഒന്നും മിണ്ടണ്ട എന്ന ഭാവത്തിൽ കണ്ണുകൊണ്ട് എന്തോ ആംഗ്യം കാട്ടി അവർ.ഈ സമയം വീടിനകത്തേക്ക് കയറുന്ന മകനെ ഒരുമാത്ര നോക്കി ഒരു ദീർഘനിശ്വാസം ഉതിർത്തിട്ട് വീണ്ടും തസ്ബീഹ് ഉരുവിടാൻ തുടങ്ങി ബാപ്പ.
"ഉമ്മാ... "അകത്ത് കടന്നതും അവൻ ഉച്ചത്തിൽ വിളിച്ചു.
വിളികേട്ടെങ്കിലും പ്രതികരിക്കാൻ നിൽക്കാതെ ഉമ്മ ഖുർആൻ ഓതുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടിരുന്നു.
"ഉമ്മാ..."വീണ്ടും അവന്റെ വിളി ഉയർന്നു.
ഈ സമയം തൊട്ടടുത്ത മുറിയിൽ നിന്ന് അവന്റെ സഹോദരി 'ഷാഹിന' ഇറങ്ങി അവന്റെ മുറിയിലേക്ക് ചെന്നു.ഇരുപത്തിയഞ്ചിനോടടുത്ത പ്രായം.ചുരിദാറാണ് വേഷം വെളുത്തു മെലിഞ്ഞ ശരീരം പക്വത വന്ന പെരുമാറ്റം.
"ഇക്കാ എന്തിനാ കിടന്നു വിളിച്ചു കൂവുന്നത്.ഉമ്മാ ഖുർആൻഓതുന്നത് കണ്ടില്ലേ...ചോറ് വേണമെങ്കിൽ ഞാൻ എടുത്തു തരില്ലേ?"
"ഓ പിന്നെ ഒരു ഓത്ത് അതിന്റെ കുറവേ ഉള്ളൂ...ഒരുപാട് ഓതുകയും പ്രാർത്ഥിക്കുകയുമൊക്കെ ചെയ്തല്ലോ നിങ്ങളെല്ലാം എന്നിട്ട് എന്താ വല്ല ഗതിയും ഉണ്ടായോ?"അവന്റെ വാക്കുകളിൽ നിരാശ നിഴലിച്ചുനിന്നു.
ഒരു നിമിഷം സഹോദരന്റെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ അവൾ സംസാരശേഷി നഷ്ടപ്പെട്ടപോലെ നിന്നു.അവൻ കട്ടിലിൽ തല കുമ്പിട്ടിരുന്നുകൊണ്ട് പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
ഷാഹിന മുറിക്കുള്ളിൽ കടന്ന് സഹോദരന്റെ ഷർട്ട് ഊരിമാറ്റി. എന്നിട്ട് അവനെ ബലമായി പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് തോർത്തെടുത്ത് കൈയിൽ കൊടുത്തു എന്നിട്ട് തള്ളി പുറത്തേക്കു നടത്തി.
"ഇക്കാക്ക വെറുതെ ഒച്ചവെച്ച് ബാപ്പയെ ദേഷ്യം പിടിപ്പിക്കാതെ പോയി കുളിച്ചിട്ടു വാ..ഞാൻ ചോറ് എടുത്ത് വയ്ക്കാം."
ഒരുമാത്ര മടിച്ചുനിന്നിട്ട് അനിഷ്ടത്തോടെ ആണെങ്കിലും സഹോദരി നൽകിയ തോർത്തും വാങ്ങി പൂമുഖത്തിരുന്ന് ഓതൽ തുടരുന്ന ഉമ്മയെ ഒരിക്കൽക്കൂടി ദേഷ്യത്തോടെ നോക്കിയിട്ട് മുറ്റത്തിന്റെ കോണിലുള്ള കുളിമുറിയിലേക്ക് നടന്നു അവൻ.
കുളി കഴിഞ്ഞു തല തോർത്തികൊണ്ട് അവൻ തിരികെ എത്തുമ്പോഴും ഉമ്മാ അതേ അവസ്ഥയിൽ തന്നെ ഓതൽ തുടർന്നുകൊണ്ടിരിക്കുകയാണ്.ബാപ്പ പൂമുഖത്തില്ല...മുറിയിലേക്ക് കയറിപ്പോയിരിക്കുന്നു.ഒരു നിമിഷം ഉമ്മയുടെ പ്രവർത്തി നോക്കിനിന്നിട്ട് അവൻ അകത്തുപോയി മുണ്ടും ഷർട്ടും ധരിച്ചുകൊണ്ട് ഇറങ്ങിവന്നു. എന്നിട്ട് ഓതൽ അവസാനിപ്പിച്ച് മടക്കിവെച്ച കിത്താബുമായി എന്തൊക്കെയോ ചിന്തയിലാണ്ടിരുന്ന ഉമ്മയുടെ അടുത്തുചെന്ന് മടിയിലിരുന്ന കിത്താബെടുത്തു അലമാരയിൽ വെച്ചിട്ട് കൈ പിടിച്ചുവലിച്ച് അകത്തേയ്ക്ക് കൊണ്ടുപോയി.
"എന്താടാ നിനക്ക് പറ്റിയേ മനുഷ്യനെ ഒരിടത്ത് സ്വസ്ഥമായി ഇരിക്കാനും അനുവദിക്കില്ലേ.എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയത്ത് വീട്ടിലെത്തിയാലെന്താ നിനക്ക് എവിടെങ്കിലുമൊക്കെ ചുറ്റിത്തിരിഞ്ഞു നടന്നിട്ട് പാതിരാത്രി ആകുമ്പോൾ വന്നു കയറിക്കോളും." ഉമ്മാ അവന്റെ കൈ വിടുവിച്ച് ദേഷ്യത്തോടെ പറഞ്ഞിട്ട് തന്റെ മുറിയിലേക്ക് നടക്കാനൊരുങ്ങി.
"എവിടെ പാതിരാത്രി ആയെന്ന്.ഞാൻ വരുന്നത് ഇഷ്ടമല്ലെങ്കിൽ എന്നെ മകനായി കാണാൻ കുറച്ച് ഉണ്ടെങ്കിൽ പറഞ്ഞേക്ക് ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം."അവൻ ദേഷ്യത്തോടെ ശബ്ദമുയർത്തി പറഞ്ഞു.
"പോടാ എവിടേക്കെങ്കിലും പോ ആരു പറഞ്ഞു നിന്നോട് പോകരുതെന്ന് ഇങ്ങനെ വീട്ടുകാർക്കും നാട്ടുകാർക്കും ഭാരമായി നടക്കുന്നതിലും ഭേതം നാടുവിട്ടുപോകുന്നതാണ്."ഉമ്മാ സങ്കടത്തോടെ പറഞ്ഞു.
"എന്താ ഇക്കാ ഇത് ഉമ്മയോട് എന്തൊക്കെയാ ഈ പറയുന്നത്?" സഹോദരി അവനെ വിലക്കി.
"പറയട്ടെടി അവൻ പറയട്ടെ... എവിടെയെങ്കിലുമൊക്കെ ചുറ്റിത്തിരിഞ്ഞു കൂട്ടുകാരും കൂടി കള്ളും കഞ്ചാവും കഴിച്ചിരുന്നിട്ട് പാതിരാത്രി ആയപ്പോൾ കയറിവന്ന് അവൻ എന്നെ ഭരിക്കുന്നു.പ്രായം എത്രയായെന്നാ ചെറുക്കന്റെ വിചാരം. ബാപ്പയുള്ളത് രോഗിയായി ഇരുപ്പായിട്ട് വർഷം രണ്ടുകഴിഞ്ഞു. ഒരു പെങ്ങളുള്ളത് കെട്ടുപ്രായം കഴിഞ്ഞ് നിൽക്കുന്നു.ഇതൊന്നും അറിയേണ്ടല്ലോ സമയാസമയത്ത് വരണം തിന്നണം കിടക്കണം. ആവശ്യപ്പെടുമ്പോഴൊക്കെ പൈസയും കൊടുക്കണം.എന്തെങ്കിലുമൊരു ജോലിക്ക് പോകാൻ പറഞ്ഞാൽ അതിനും പറ്റൂല്ല.എന്നിട്ട് അവനെന്നെ പേടിപ്പിക്കാൻ വരുന്നു."
"ഓ പിന്നെ ഞാൻ പറഞ്ഞതാ കുറ്റം നിങ്ങൾ എനിക്കുവേണ്ടി എന്താ ചെയ്തിട്ടുള്ളത്.ഡിഗ്രിവരെ സർക്കാർ കോളേജിൽ വിട്ടു പഠിപ്പിച്ചതോ... പഠിത്തം കഴിഞ്ഞപ്പോൾതൊട്ട് ഞാൻ പറയുന്നതല്ലേ കുറച്ച് പണം ഉണ്ടാക്കി തരാൻ എന്തെങ്കിലും ഒരു ബിസിനസ് ചെയ്തോളാം എന്ന്.അപ്പോൾ പറഞ്ഞു ബിസിനസ് വേണ്ട വല്ല ജോലിക്കും പോകാൻ. അതിനും കൊടുക്കണം പണം... അതൊട്ടില്ല താനും. എന്നിട്ടിപ്പോൾ കുറ്റം എനിക്കും."അവൻ ഭ്രാന്തുബാധിച്ചതുപോലെ പുലമ്പി.
"ഇക്കാ ഒന്നു നിറുത്ത്.എന്നും നിങ്ങൾ എന്തിനാ ഇങ്ങനെ വഴക്കിടുന്നത്. ഇക്കാക്കയ്ക്ക് തരാൻ പണം ഇല്ലാഞ്ഞിട്ടല്ലേ ഉണ്ടെങ്കിൽ തരുമായിരുന്നല്ലോ.അവസ്ഥ അറിയാതെ പറഞ്ഞാൽ അള്ളാഹു പൊറുക്കില്ല."സഹോദരിയുടെ വാക്കുകളിൽ സങ്കടം നിറഞ്ഞുനിന്നു.
"അവൻ പറയട്ടെ മോളെ,കാരണവന്മാർ എന്താണെന്നോ അവരെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്നോ ഒന്നും അവനറിയില്ല.അതുകൊണ്ടാണല്ലോ അവൻ ഇങ്ങനെ തലതിഞ്ഞുപോണത്." അവിടേക്ക് വന്ന വാപ്പ പറഞ്ഞു.
"അതെ എനിക്ക് വകതിരിവും ബഹുമാനവും ഒന്നുമില്ല.ഇനി അതൊക്കെ ഉണ്ടാകും എന്ന് തോന്നുന്നുമില്ല.എന്ത് ചെയ്യാനാ ഞാൻ ഇങ്ങനെ ആയിപ്പോയി."
അവൻ തന്റെ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു.ചോറു കഴിച്ചിട്ട് കിടക്കാൻ സഹോദരി ഒരുപാട് നിർബന്ധിച്ചെങ്കിലും അവൻ കതക് തുറക്കുകയോ ഊണുകഴിക്കാൻ തയ്യാറാകുകയോ ചെയ്തില്ല.
"നീ പോയി കിടക്ക് മോളെ അവൻ വിശപ്പുണ്ടെങ്കിൽ കഴിച്ചുകൊള്ളും.അവന്റെ ഈ പ്രായത്തിൽ ഞാനൊക്കെ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയാമോ...ഒരുനേരത്തെ ആഹാരത്തിനും വസ്ത്രത്തിനുമൊക്കെയായി. അതിന്റെ നൂറിലൊന്നു പോലും നിങ്ങളെ ഞാൻ അറിയിച്ചിട്ടില്ല. വല്ലവരും ഉണ്ടാക്കിപെറുക്കി കൊണ്ടുവന്നു തരുന്നത് കൊണ്ട് ഇന്നും നിന്നെയൊക്കെ പഞ്ഞം അറിയിക്കാതെ ഞാൻ വളർത്തുന്നുണ്ട്." ബാപ്പ ഒരു നിശ്വാസത്തോടെ പഴയകാല ഓർമ്മകൾ മനസ്സിൽ അയവിറക്കി.
സഹോദരി സങ്കടത്തോടെ മിഴികൾ തുടച്ചുകൊണ്ട് മുറിയിലേക്ക് കയറിപ്പോയി. സഹോദരന്റെ കാര്യത്തിൽ അവൾക്കു വല്ലാത്ത ശ്രദ്ധയാണ്. അവനുവേണ്ടുന്നതെല്ലാം ചെയ്തു കൊടുക്കുകയും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളിൽ നിന്ന് അവന് രക്ഷയേകാനും അവൾ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു.എന്നെങ്കിലും തന്റെ സഹോദരന് മാറ്റം വരുമെന്നും തന്നെയും മാതാപിതാക്കളെയും നോക്കുമെന്നുമൊക്കെ അവൾ സ്വപ്നം കാണുകയും അതിനായി അള്ളാഹുവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട് അവൾ.
പള്ളിക്കവലയിലെ അലിയാരിക്കയുടെ പീടികത്തിണ്ണ. അവിടെ വരാന്തയിലിട്ടിട്ടുള്ള ബെഞ്ചിൽ അലക്ഷ്യമായി സിഗരറ്റും പുകച്ചുകൊണ്ട് ഇരിക്കുകയാണ് ഷാഹിദും അവന്റെ ആത്മാർത്ഥ സുഹൃത്തായ 'അപ്പുണ്ണിയും'. ഇരുവരും സമപ്രായക്കാരാണ് ഒരുമിച്ചു പഠിച്ചു കളിച്ചു വളർന്നവർ. ഷാഹിദിനെപ്പോലെ തന്നെ പഠനം കഴിഞ്ഞ് ജോലിക്കൊന്നും പോകാതെ മാതാപിതാക്കളുടെ ചിലവിൽ കഴിയുകയാണ് അവനും.
"ഇന്ന് വൈകിട്ട് എന്താ പരിപാടി... ചിലവിനുള്ള വല്ലതും കണ്ടിട്ടുണ്ടോ?"അപ്പുണ്ണി സുഹൃത്തിനെ നോക്കി.
"ഇന്ന് എന്തായാലും ഞാനില്ല."ഷാഹിദ് മറുപടി നൽകി.
"അതെന്താ... പതിവില്ലാത്തൊരു മാറ്റം?"
"ഇന്നലെ ഇത്തിരി കൂടിപ്പോയി.രാത്രി വൈകി വീട്ടിലെത്തിയതിന് ഒച്ചപ്പാട് ഉണ്ടായി."
"ആണോ...അതൊക്കെ പതിവല്ലേ?"അപ്പുണ്ണി പുഞ്ചിരിച്ചു.
"ശരിയാണ് പക്ഷേ, വീട്ടുകാരുടെ അവസ്ഥ ഓർക്കുമ്പോൾ...ആ സങ്കടം കാണുമ്പോൾ എനിക്ക് എല്ലാം അവസാനിപ്പിക്കണം എന്ന് തോന്നുന്നു."
"ആഹാ അതു നന്നായി. എനിക്കും പലപ്പോഴും തോന്നാറുണ്ട്... എല്ലാം മതിയാക്കി എന്തെങ്കിലും ജോലി കണ്ടെത്തി മാതാപിതാക്കളെ സങ്കടപ്പെടുത്താതെ കുടുംബം നോക്കി കഴിയണമെന്ന്.പക്ഷേ,അതിന് കഴിയണ്ടേ?"
"അതെ,കഴിയുന്നില്ല അതാണ് പ്രശ്നം."
"നിനക്ക് പിന്നെ നിന്റെ ബാപ്പ സമ്പാദിച്ച കുറേ കൃഷിസ്ഥലം ഉണ്ടല്ലോ...അവിടെ പണിയെടുത്താലും കഴിയാം.എന്റെ കാര്യം അങ്ങനെയല്ലല്ലോ."
"എന്ത് കൃഷിസ്ഥലം അവിടുത്തെ കാര്യങ്ങളൊക്കെ ആകെ താറുമാറായി.ബാപ്പ ഇരുപ്പായതോടെ കാര്യമായ കൃഷിപണികൾ ഒന്നും നടക്കുന്നില്ല. നടത്തിപ്പുകാരൻ അദായം വിറ്റു കൊണ്ടുതരുന്നതു കൊണ്ട് കഷ്ടിച്ചു കഴിഞ്ഞുപോകുന്നു. അവിടെ പോയി എന്തെങ്കിലുമൊക്കെ ചെയ്യാമെന്നുവെച്ചാൽ എനിക്കാണെങ്കിൽ ഒന്നും അറിഞ്ഞുകൂടാ."അവൻ ഒരു ദീർഘനിശ്വാസമുതിർത്തു.
ഒരു നിമിഷം ബൈക്കിന്റെ ഹോണടി കേട്ട് ഇരുവരും മുഖമുയർത്തി വലതുവശത്തേക്ക് നോക്കി.ബൈക്കിൽ രണ്ട് പാൽ പാത്രവുമായി സുഹൃത്തായ 'ജിഷ്ണു' അവർക്ക് മുന്നിൽ വന്നു നിന്നു. അത്ഭുതത്തോടെ തന്നെ നോക്കി ഇരിക്കുന്ന സുഹൃത്തുക്കളെ നോക്കി അവൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
"എന്താടാ എന്തോ അത്ഭുതം കണ്ടഭാവം... ഞാൻ പാല് കൊണ്ടുപോകുന്നത് കണ്ടിട്ടാണോ?"
"പിന്നല്ലാതെ?"ഇരുവരും ചിരിച്ചു.
"എന്തുപറയാനാ അച്ഛന് നല്ല സുഖമില്ല .പാവം പനിച്ചുവിറച്ചു കിടപ്പാണ്.ഞാൻ ഇന്നലെ പോയി കിടന്ന് ഉറങ്ങിപ്പോയി ഒന്നും അറിഞ്ഞില്ല. രാവിലെ അമ്മ പാലുമായ് പോകാനൊരുങ്ങിയപ്പോഴാണ് കാര്യം അറിഞ്ഞത്.കണ്ടിട്ട് സഹിച്ചില്ല ഞാൻ കൊണ്ടുപോയികൊടുക്കാം എന്ന് പറഞ്ഞു."അവൻ പുഞ്ചിരിച്ചു.
"അതുനന്നായി... പിന്നെ ഞങ്ങളും കൂടി വരട്ടെ ടൗണിലേക്ക്?"
"എന്നിട്ടോ?"
"ചിലവിനുള്ളത് എന്തെങ്കിലും തടയുമോ വന്നാൽ?"അപ്പുണ്ണി പുഞ്ചിരിയോടെ ചോദിച്ചു.
"അയ്യോ...ഇതു കൊണ്ടുപോയി കൊടുത്താലേ വീട്ടിൽ അടുപ്പ് പുകയൂ...അപ്പോൾ പിന്നെ."അവൻ നിസ്സഹായനായി സുഹൃത്തുക്കളെ നോക്കി.
"എങ്കിൽ പിന്നെ ഞങ്ങൾ വരുന്നില്ല... വെറുതെ എന്തിനാ... നീ പോയിട്ടുവാ.പിന്നെ ഇന്ന് വൈകിട്ട് ഉണ്ടാവില്ലേ... ഇവൻ കാണില്ലെന്നു പറയുന്നു വീട്ടിൽ ബഹളമുണ്ടായത്രേ."ഷാഹിദിനെനോക്കി അപ്പുണ്ണി,സുഹൃത്തിനോട് ചോദിച്ചു.
"എന്റെകാര്യവും ഉറപ്പു പറയാൻ ആവില്ല.വന്നിട്ട് അച്ഛന്റെ കൂടെ ആശുപത്രിയിൽ പോകണം.പിന്നെ ഉച്ചയ്ക്കത്തെ പാലിന്റെ കാര്യവും ഏൽക്കണം."അവൻ ബൈക്ക് സ്റ്റാർട്ടുചെയ്തു മുന്നോട്ടെടുത്തു.
പുലരിയുടെ വെളിച്ചത്തിൽ പാൽപാത്രങ്ങളും ഏന്തി ബൈക്കിൽ ഓടി അകലുന്ന സുഹൃത്തിനെ ഇരുവരും ഒരു നിമിഷം നോക്കിയിരുന്നു.എന്നിട്ട് സിഗരറ്റ് ആഞ്ഞുവലിച്ചു.
സന്ധ്യകഴിഞ്ഞസമയം.അന്ന് പതിവിന് വിപരീതമായി അവൻ നേരത്തെ വീട്ടിലെത്തി. ഈ സമയം ഉമ്മയും സഹോദരിയും അടുക്കളയിൽ അത്താഴത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്.ബാപ്പാ എപ്പോഴത്തെയും പോലെ വരാന്തയിലെ ചാരുകസേരയിൽ ഇരിക്കുകയാണ്.പതിവില്ലാതെ മകന്റെ നേരത്തേയുള്ളവരവ് കണ്ട് ആ പിതാവ് അത്ഭുതത്തോടെ ഒന്ന് മുഖമുയർത്തി നോക്കി.
അവൻ തന്റെ മുറിയിൽ കടന്ന് ഷർട്ടൂരി മാറ്റിയിട്ട് ടേബിളിനുമുന്നിൽ കിടന്ന കസേരയിലേയ്ക്ക് ഇരുന്നു. പൊടുന്നനെ ടേബിളിൽ കിടന്ന മുൻപ് പാതിവായിച്ചു നിറുത്തിയ ഒരു പുസ്തകം അവന്റെ കണ്ണിൽപെട്ടു. അവൻ അതെടുത്തുതുറന്നുനോക്കി എന്നിട്ട് വായിച്ചുനിറുത്തിയ സ്ഥലത്തുനിന്നും മെല്ലെ വായിക്കാൻ തുടങ്ങി.
എന്തോ ചിന്തയിലാണ്ടു പൂമുഖത്തിരുന്ന ബാപ്പയുടെ അടുക്കലേക്ക് നടന്നെത്തിക്കൊണ്ട് ഉമ്മാ മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു.
"ഇന്നെന്താ അവൻ നേരത്തെ വന്നിട്ടുണ്ടല്ലോ... എന്തു തോന്നി...ഇന്നലെ അത്രേം പറഞ്ഞതുകൊണ്ടാകും."
"ആർക്കറിയാം നമ്മുടെ പ്രാർത്ഥനയും നേർച്ചയും ഒക്കെ അള്ളാഹു കാണാതിരിക്കുമോ... അവൻ നന്നാവും എന്റെ മനസ്സ് പറയുന്നു."ബാപ്പ പറഞ്ഞു.
"നന്നായാ മതിയായിരുന്നു. വരൂ ചോറുണ്ണാം."
പറഞ്ഞിട്ട് ഉമ്മാ അകത്തേയ്ക്ക് നടന്നു. പിന്നാലെ ബാപ്പയും കൈ കഴുകിയിട്ട് ടേബിളിന് അരികിലേക്ക് നടന്നു.ഈ സമയം സഹോദരി ടേബിളിൽ ഭക്ഷണം നിരത്തി കഴിഞ്ഞിരുന്നു.
"മോളെ നീ പോയി ഇക്കാക്കാനെ വിളിക്ക് അവൻ കൂടി വന്നിട്ട് ആവാം ഊണ്."ഉമ്മ പറഞ്ഞു.
എന്നും രാത്രിവരെ മകനെ കാത്തിരുന്നു മുഷിഞ്ഞിട്ട് ഒടുവിൽ തനിച്ചു ഭക്ഷണം കഴിക്കാറാണ് പതിവ്. ഇന്നെങ്കിലും അതിനൊരു മാറ്റം വരട്ടെ എന്ന് ആ മാതാവ് അതിയായി ആഗ്രഹിച്ചു.
അവൾ ചെല്ലുമ്പോൾ അവൻ വായനയിൽ തന്നെ മുഴുകിയിരിക്കുകയാണ്.
"ഇക്കാക്കാ എണീറ്റുവരൂ... ഊണുകഴിക്കാൻ."
"നിങ്ങൾ കഴിച്ചോ ഞാൻ ഇത്തിരി കഴിഞ്ഞിട്ടേ ഉള്ളൂ."
"വരൂന്നേ പിന്നെ വായിക്കാം.എന്നും തനിച്ചല്ലേ ഊണ്. ഇന്നെങ്കിലും ഞങ്ങളോടൊത്തിരുന്നു കഴിക്കാം."അവന്റെ കൈയിലിരുന്ന പുസ്തകം വാങ്ങി മടക്കി അവൾ മേശപ്പുറത്തു വച്ചു.
അവൻ മെല്ലെ എഴുന്നേറ്റ് കൈ കഴുകിയിട്ട് ഡൈനിങ്ടേബിളിന് അരികിലേക്ക് ചെന്നു.ഉമ്മയും സഹോദരിയും ചേർന്ന് എല്ലാവർക്കും ഭക്ഷണം വിളമ്പി.തുടർന്ന് ബാപ്പയും അവരും കഴിച്ചുതുടങ്ങി.അവൻ മാത്രം പാത്രത്തിലേക്ക് കണ്ണുംനട്ട് അങ്ങനെ ഇരുന്നു അവന് കഴിക്കണം എന്ന് തോന്നിയില്ല.
തുടരും
Comments
നന്നായി അഭിനന്ദനങ്ങൾ