fbpx

മേഴത്തൂരിൽ അനുഗ്രഹയിൽ ആലപ്പുഴക്കുള്ള പണിക്കായിട്ടാണ് ഞാനവിടെ മണിക്കുട്ടനൊപ്പം ജോയിൻ ചെയ്യുന്നത്. മംഗലാപുരം. കോഴിക്കോട്, കാസർക്കോട്, എറണാകുളം, ഈ വക രാജ്യങ്ങളിൽ അലഞ്ഞും പണിയെടുത്തും മണിക്കുട്ടന് ലോക പരിചയമുണ്ട്.
നന്ദിയംകോട്ടിൽ പണിയില്ലാതെ തെക്ക് വടക്ക് നടക്കുന്ന സമയത്താണ് മണിക്കുട്ടൻ എന്നെ അനുഗ്രഹയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
വാതിലുകളുടേയും ജാലകങ്ങളുടെയും പണി കഴിഞ്ഞ് ഒരു നാൾ എല്ലാം കെട്ടിപ്പെറുക്കി ആലപ്പുഴയിലേക്ക് ലോറി കയറി. 
 
മേശിരി പ്രകാശേട്ടൻ ഡ്രൈവർക്കൊപ്പം മുന്നിലിരുന്നു. ശശി, മണിക്കുട്ടൻ, സതീശ്, വിനുക്കുട്ടൻ പിന്നെ ഞാനും ലോറിക്ക് പിന്നിൽ അട്ടിവച്ച മരങ്ങൾക്ക് മീതെ പണി മുണ്ട് വിരിച്ച് കിടന്നു.
യാത്ര- കൂറ്റനാട്, കുന്ദംകുളം, ചാവക്കാട്, കൊടുങ്ങല്ലൂര്, ഇടപ്പള്ളി, വഴി പോകെ പോകെ ഇരുട്ടായി. കാഴ്ചകൾ കണ്ടും, തമാശകൾ പറഞ്ഞും
അന്താക്ഷരികളിച്ചും, മയക്കത്തിലേക്ക് വീണും, ഇടക്ക് കണ്ണു തുറന്ന് ഞങ്ങളെ പിന്നിലാക്കുന്ന നക്ഷത്രങ്ങളേയും ചന്ദ്രനേയും കണ്ടും കലഹിച്ചും, പാതിരാക്ക് ദിക്കറിയാ ദിശയറിയാ ഒരു വീടിന്റെ മുറ്റത്തെത്തി. അപ്പോഴേക്കും ആലപ്പുഴ കഴിഞ്ഞിരുന്നു.
ലോഡ് മുഴുവൻ ഇറക്കി ആ പണി തീരാ വീട്ടിലെ പൊടിപിടിച്ച ഹാളിൽ കാർപ്പെറ്റ് വിരിച്ച് കിടന്നു. നന്ദിയംകോട്ടിൽ മഴക്കാലത്ത് മാത്രംഉറക്കത്തിൽ ഒന്നോ രണ്ടോ കൊതുകിന്റെ മൂളൽ കേട്ടൽ അസ്വസ്ഥമാവുന്ന എനിക്ക് മേലാകെ കൊതുകിന്റെ പഞ്ചാരി.
ഉടുമുണ്ടഴിച്ചിട്ട് എങ്ങനെ പുതച്ചിട്ടും ആരുമാരാത്രിയിൽ ഉറങ്ങിയില്ല.
 
പുലരിയിൽ മൂത്രമൊഴിക്കാനായി അടുക്കള ഭാഗത്തേക്കിറങ്ങിയ മണിക്കുട്ടൻ ആ കാഴച കണ്ട് ഒന്ന് ഞട്ടി ഓടി വന്ന് ഞങ്ങളെ വിളിച്ച് പുറത്തേക്ക് കൊണ്ടുപോയി .
ഹ ചുറ്റിനും ജലം'വലിയൊര് തോണി അടുക്കള ചുമരിനോട് ചേർന്ന് നിൽക്കുന്നു. നാട്ടിൽ ആടിനേയും പയ്ക്കളേയും കെട്ടിയിട്ട പോലെ!
ചുറ്റിനും വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ വണ്ടി വരാനുള്ള വഴിയും മുറ്റവും മാത്രം കര.
 
കൽപ്പകവാടിയിരുന്നു ആ സ്ഥലം. അധ്യാപക കുടുംബത്തിനുള്ള പുതിയ വീട്. തൊട്ടപ്പുറം ഒരു ചെറിയ പുരയിൽ താൽക്കാലികമായി അവർ താമസിച്ചു. റിട്ടയർ മാഷും ഭാര്യയും ഞങ്ങൾക്ക് ചോറും ചായയും നേരാ നേരം വച്ചു തന്നു. തേങ്ങയരച്ച് കുടംപുളിയിട്ട മീൻ കൂട്ടാൻ കൂട്ടുമ്പോൾ പ്രകാശേട്ടൻ തലയിട്ടിളക്കി പറഞ്ഞു. "ഒര് ചൊടിയുമില്ല കൂട്ടാൻ " 
 
റിട്ടയർ മാഷുടെ മകനും മരുമകളും അധ്യാപകരായിരുന്നു. മരുമകൾ കാലത്ത് കൊതുമ്പുവള്ളം തുഴഞ്ഞ് അമ്പലപ്പുഴയിലുള്ള സ്കൂളിലേക്ക്
നൂറ് നൂറ്റി പത്തേ സ്പീടിൽ പറന്നു. 
 
പണി മാറ്റിയുള്ള വൈകുന്നേരങ്ങളിൽ വലിയ തോണി മുളം കഴുക്കോൽ കൊണ്ട് കുത്തിതുഴഞ്ഞ് പല്ലനയാറ്റിൽ കുളിക്കാൻ പോയി. അടിയൊഴുക്കുള്ള പല്ലനയാറ്റിൽ അന്തമില്ലാതെ ഞങ്ങൾ ഇരുകര പിടിച്ചു. നിന്തുന്നതിനിടക്ക് കെട്ടു വള്ളങ്ങളിൽ സായിപ്പും മദാമമാരും കുടിച്ച് മദിച്ച് രസിച്ച് പോകുന്നത് കാതുകത്തോടെ കണ്ട് ഞങ്ങൾ കൈ വീശി.
 
പണിക്കിടയിൽ ഒരു നാൾ ഒന്നരയിഞ്ച് ഉളിയൊന്ന് പാളി. നല്ല ആഴവും വീതിയുമുള്ള മുറിവ്. തുണി കെട്ടി ചുറ്റി ചെറിയൊര് ക്ലിനിക്കിലേക്ക്
അവിടെ മെലിഞ്ഞും വിളറിയുമുള്ള മൂന്ന് നഴ്സുമാർ. 'അഞ്ച് തുന്നൽ '. നാല് നാൾ കാൽ അനക്കരുത് എന്ന നിർദേശവും. നാളെ കാലത്ത് വീട്ടിപൊയ്ക്കോ എന്ന് പ്രകാശേട്ടൻ പറഞ്ഞു. ഔ നിന്റെ ഭാഗ്യമെന്ന് കൂടെ പണിയുന്നവർ പറഞ്ഞു.
വിടിനെ ഓർത്തു. ...ഓണം വരുന്നു.... ഇല്ല ഞാൻ പോണില്ല. തറപ്പിച്ച് പറഞ്ഞു. 
"ഈ കാലും വച്ച് എന്ത് ചെയ്യാനാണ് ?"
പോരാത്തതിന് ഫിറ്റിങ്ങാണ് ഒരു ഭാഗത്തിരുന്ന പണിയുമല്ല. മറ്റ് ഇന്റീരിയറിന്റെ പണി തുടങ്ങിയിട്ടില്ല. 
ഞാനൊന്നും മൈന്റ് ചെയ്തില്ല.
എന്നത്തേയും പോലെ പിറ്റേന്നും പണിയെടുത്തു. വേദനയില്ലാത്ത പോലെ അഭിനയിച്ചു.
മൂന്നാം നാൾ മുറിവ് ഡ്രസ് ചെയ്യാൻ പുറപ്പെടുമ്പോഴതാ  ശശിയും മണിക്കുട്ടനും വിനുക്കുട്ടനുമൊക്കെ കുളിച്ച് കുറി തൊട്ട് നിൽക്കുന്നു.
 
മുറിവ് ഡ്രസ് ചെയ്യുന്ന വിളറി വെളുത്ത സുന്ദരിക്കുട്ടികളോട് വള്ളുവനാടൻ ഭാഷയിൽ എല്ലാരും ചറപറാന്ന് പറഞ്ഞു. അവർക്കൊന്നും മനസിലായില്ല. എന്നാൽ എന്താണ് ഇവൻമാരുടെ സൂക്കേട് എന്ന് പിടി കിട്ടി.

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം