Article Index

(Jomon Antony)

കഥാ വർ‌ഷം :1998 – 2000. കേരളത്തിന്റെ മധ്യ­ കടലോര പ്രദേശം. മനുഷ്യ മനസ്സുകളുടെ വിവിധ തലങ്ങളി‍ൽ അഭേദ്യമായി സഞ്ചരിക്കുന്ന നന്മയുടേയും തിന്മയുടേയും ഏറ്റുമുട്ടലുകളാണ് ഈ നോവലിൽ ഉടനീളം അവതരിപ്പിച്ചിരിക്കുന്നത്. പ്രണയവും, കാമവും, കാരുണ്യവും, പ്രതികാരവും ഒക്കെ വേലിയേറ്റങ്ങൾ സൃഷ്ഠിക്കുന്ന പച്ചയായ മനുഷ്യരുടെ കഥ ഇവിടെ അനാവൃതമാകുന്നു. പ്രകൃതിയോടു നിരന്തരം മല്ലിട്ടു ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ജീവസ്സുറ്റ കഥ 'ഇസ്രായേൽ' എന്ന നോവലിലൂടെ ജോമോൻ ആന്റണി പറയുന്നു.

 

പകലിന്റെ പാപ ഭാരങ്ങൾ അഴിച്ചുവെച്ച് സ്നാനത്തിനായ് മുങ്ങിത്താഴുന്ന കുങ്കുമ സൂര്യൻ. ഇരുട്ടു വീണു തുടങ്ങിയാൽ കച്ചവടക്കാരുടേയും വള്ളക്കാരുടേയും ശബ്ദകോലാഹലങ്ങള്‍ക്കൊണ്ട് മുഖരിതമായ

കടപ്പുറം വിജനമാകും. രാത്രി യാമങ്ങളിൽ കടലിൽ പോയവരെ കാത്തിരിക്കുന്ന പെൺകിടാങ്ങൾക്ക് തീരത്തോട് കിന്നാരം പറയുന്ന തിരകളുടെ ശീല്‍ക്കാരം ഒരനുഗ്രഹമാണ്. തങ്ങളുടെ പ്രിയരെ കടലമ്മ കാക്കും എന്ന സമാധാനത്തിൽ അവർ‌ പനമ്പായയിൽ ചുരുളും. നേരം പുലരവേ വള്ളം നിറയെ മീൻ‌കോരിയെത്തുന്ന തങ്ങളുടെ പ്രിയരെ കാണുമ്പോൾ ഉത്കണ്ഡയും ആകുലതയുമൊക്കെ മറന്നവർ‌ കടപ്പുറത്തേക്കോടും.

വള്ളം നിറയെ മീൻ കോരിയാൽ അവർ‌ക്കു കരക്കും ഉത്സവമാണ്. തിരിച്ചാണെങ്കില്‍ നിരാശയും.
അലറുന്ന കടൽ‌‍ത്തിരകളോട് പടവെട്ടി കിട്ടുന്നത് നഷ്ടമാണെങ്കിലും ലാഭമാണെങ്കിലും തങ്ങളുടെ ദുഖവും സന്തോഷവും പങ്കിടാൻ അവർ‌ മാത്തന്റെ ഷാപ്പിൽ‌ ഒത്തുകൂടും.

കടപ്പുറത്തെ വിജനതയിൽ‌ ഒറ്റപ്പെട്ടു നിൽ‌ക്കുന്ന ഷാപ്പ്. വഴക്കിടുന്നതിനും ചീത്തവിളിക്കുന്നതിനും ഷാപ്പുകാരൻ മാത്തന് എതിരഭിപ്രായമില്ല: കച്ചവടം പൊടിപൊടിക്കണം.

കടപ്പുറത്ത് ചാകരവന്നാൽ ടൊണിൽ നിന്ന് വിദേശമദ്യം ഇറക്കുമതിചെയ്ത് ലാഭം കൊയ്യുന്നതിൽ വിരുതനാണ് മാത്തൻ‌. എന്തിനും ഏതിനും സഹായിയായി നിൽക്കുന്ന മകൾ ലൈജയാണ് അയാളുടെ താങ്ങ്.

ലൈജയെ കണ്ടാൽ‌ ആരും കൊതിച്ചു പോകും. അവളുടെ മേനിയഴക് മാത്രം കാണാൻ ഷാപ്പിലെത്തുന്ന ചെറുപ്പക്കാരുടേയും മധ്യവയസ്കരുടേയും എണ്ണം മദ്യപാനികളേക്കാൾ കൂടുതലാണ്.

വള്ളക്കാർ ഷാപ്പിലൊത്തു കൂടിയാൽ പറയാനുള്ളത് എസ്തപ്പാനെക്കുറിച്ച് മാത്രമാണ്. കടലിലും കരയിലും എസ്തപ്പാൻ കാട്ടുന്ന വീരശൂരപരാക്രമങ്ങൾ: അതൊക്കെ കേൾക്കുബോൾ ലൈജയുടെ മനസ്സും ശരീരവും അറിയാതെ തുടിക്കും.

വയസ്സ് നാല്പത്തിയഞ്ച് കഴിഞ്ഞെങ്കിലും ക്ഷീണമേല്‍ക്കാത്ത എസ്താപ്പാന്റെ മനസ്സും ശരീരവും എത്രയോ പ്രാവശ്യം തനിക്ക് കുളിർ‌മ പകർ‌ന്നു തന്നിരിക്കുന്നു. കരയും കടലും മാത്രം അറിയുന്ന സത്യം: അതങ്ങനെതന്നെ ആവണം.

തികഞ്ഞൊരാദർ‌ശവാദിയായി കടപ്പുറമൊന്നടങ്കം വാഴ്ത്തുന്ന എസ്തപ്പാനച്ചായന്റെ പ്രതിച്ഛായ താനായിട്ട് തകരരുത്. നഷ്ടം തനിക്കാവും.

“തെരയൊപ്പം ചാടിവന്ന കൊമ്പനെ വെറുമൊരു മുപ്പല്ലി കൊണ്ടാ ആശാൻ വീഴ് ത്തീത്…”

എസ്തപ്പാന്റെ ശിഷ്യൻ ചൊക്കൻ കള്ളുമോന്തി വിടുവാ പറഞ്ഞു.

“നെന്റെ എസ്തപ്പാനാശാനെ കണ്ട് ദാ. കുത്തിക്കോന്ന് പറഞ്ഞ് നെന്ന് കൊടുത്തുകാണും കൊമ്പൻ ഹ.ഹ…ഹ. കള്ളുമോന്തി വളയത്തരം പറയാണ്ടെണീറ്റ് പോടാ ചൊക്കാ….”

മേശക്കഭിമുഖമിരുന്ന ദീർ‌ഘകായനായ ചാപ്പ മേസ്തരി പരിഹസിച്ചു. ചൊക്കൻ ചൊടിപ്പോടെ ചാടിയെണീറ്റു:

“ഞങ്ങളുടെ എസ്തപ്പാനാശാനെയങ്ങിനെയങ്ങ് ഊപ്പയാക്കണ്ടെന്റെ ചാപ്പ മേസ്തരി. ദേ, അർ‌ത്തുങ്ക പുണ്യാളച്ചനാണേ സത്യം . തെരയൊപ്പം ചാടി വന്ന കൊമ്പനെ എസ്തപ്പനാശാൻ‌ മുപ്പല്ലികൊണ്ട് കുത്തിയിടുന്നത് ഞാനീ രണ്ടു കണ്ണുകൾ കൊണ്ടും കണ്ടതാ…”

“നെന്റോക്കെ ആദീം അന്ത്യോം അറിയാത്ത ആളാ പുണ്യാളച്ചൻ. അങ്ങേരെ അങ്ങേരുടെ പാട്ടിന് വിട്ടേക്ക്.”

ചൊക്കൻ തനിക്കൊരു വിധത്തിലും എതിരാളിയല്ലെന്നു മനസ്സിലാക്കി ചാപ്പമേസ്തരി ഉളി സഞ്ചിയുമായി എഴുന്നേറ്റു.

“മാത്തപ്പാ എത്രയായടോ കാശ്.”

“ഒരു കുപ്പിയല്ലേ കുടിച്ചുള്ളൂ…”

വാക്പയറ്റ് മൂർ‌ധന്യത്തിലെത്തിക്കാൻ കള്ളുമായി വന്ന മാത്തപ്പൻ നിരാശയോടെ പറഞ്ഞു.

“ഞാൻ ഒത്തിരി കുടിച്ചാല്‍ താനും തന്റെ മോളും ഒത്തിരിയങ്ങ് നന്നായി പോകും…അങ്ങനെ പുളുത്തണ്ട…ദാ.”

അയാൾ ഇരുപത് രൂപാ മാത്തന്റെ കയ്യിൽ വെച്ചു കൊടുത്തു.

“ഞാൻ നന്നാകണതില്‍ നിനക്ക് ദഹനക്കുറവുണ്ടൊ ചാപ്പേ.”

മാത്തൻ മുഖം ചുളിച്ചു.

“ഒരു ദഹനക്കേടുമില്ല. പക്ഷേങ്കി കൂടുതല്‍ കുടിച്ചാല്‍ കേടെന്റെ ശരീരത്തിനാ. ഒരു ദെവസം ഒരു കുപ്പി കള്ളെന്നാ ഡാക്കിട്ടറുമാര് പറേണേ…അറിയാമാ...?”

“പടിപ്പും വെവരോമുള്ള ഡാക്കിട്ടറുമാര് ഇങ്ങനെ പറയാൻ തൊടങ്ങിയാ ഞങ്ങള് ഷാപ്പ് കാരുടെ ഗതി അധോഗതിയാവും.”

മാത്തപ്പനതുപറഞ്ഞ് ചൊക്കന്റെ മുന്നിൽ‌ കള്ളുവെച്ചു.

ചാപ്പ ചൊക്കനരികിലെത്തി അവനെ ഒന്നു ഇരുത്തി നോക്കി.

അവൻ പൂച്ചയെപ്പോലെ ചുരുണ്ടു.

ഉളിയും ചിന്തേരും പിടിക്കുന്ന ചാപ്പ മേസ്തരിയുടെ കൈകളിലെ തഴംബിന്റെ കാടിന്യം പല തവണ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ് ചൊക്കൻ.

“എടാ ചൊക്കാ. വെരപോലിരിക്കുന്ന നീയിങ്ങിനെ ഷാപ്പ് വിഴുങ്ങിയാ പെട്ടന്നങ്ങ് ചത്തു പോകും..ചത്ത് പോണതിന് മുന്‍പ് കടലും കരയും അറിയണ കൊറേ സത്യങ്ങൾ കടപ്പുറത്ത് പാട്ടാകണത് നീ കാണണം.”

മെടലയുടെ പിന്നില്‍ മറഞ്ഞു നിന്ന ലൈജയെ പരുഷതയിൽ അർ‌ഥവത്തായി നോക്കി ചാപ്പ ഷാപ്പ് വിട്ടകന്നു.

“ആർ‌ക്കോ ഒരു കൊള്ളിവെച്ചാണ് അവൻ പോയിരിക്കണത്.”

മാത്തൻ ആലോചനയോടെ പറഞ്ഞു.

“എസ്താപ്പാനു തന്നെയാവും.”, നരകേറിയ വൃദ്ധൻ പറഞ്ഞു.

ലൈജയുടെ മനസ്സ് ആളിക്കത്തുകയായിരുന്നു.

കരയും കടലും അറിയുന്ന സത്യം. ഏതു സത്യം...?

ഇതൊക്കെ കാണാനും കേൾക്കനും എസ്തപ്പാനച്ചായൻ ഇല്ലാതിരുന്നത് ചാപ്പ മേസ്തരിയുടെ ഭാഗ്യം.

എസ്തപ്പാനാച്ചായാൻ എവിടെപ്പോയി. ഇവിടെ ഇന്നീ സമയം വരെ എത്തിയിട്ടില്ല. കൊമ്പനെ പിടിച്ച തിമിർ‌പ്പിൽ പാഞ്ഞു നടക്കുകയാണോ. ഒരേ നിമിഷം അനേകം ചിന്തകളും ചോദ്യങ്ങളും ലൈജയുടെ മനസ്സിൽ‌ തെളിഞ്ഞ് വന്നു.


സന്ധ്യ. കരയിലടുപ്പിച്ച വള്ളത്തിൽ‌ പതിയിരുന്ന് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്ന കൊച്ചീക്കാ നിലാ വെളിച്ചം വീണു കിടന്ന മണൽ‌പ്പുറത്ത് ആരുടേയോ നിഴൽ മാറ്റം ശ്രദ്ധിച്ചു. അയാൾ തന്റെ മടിയിൽ ഒളിപ്പിച്ചിരുന്ന സഞ്ചി വള്ളത്തിലിട്ടു.

“ആരാത്.” കൊച്ചീക്കാ വിറയലോടെ ചോദിച്ചു.

നിഴലടുത്തു വന്നു. ഒരതികായ പുരുഷരൂപം. കരക്കറ്റിൽ പാറൂന്ന മുടിയിഴകൾ. മുഖത്ത് കുറ്റി രോമങ്ങൾ കീറിപ്പറിഞ്ഞ വേഷം.

“തീപ്പട്ടിയുണ്ടോ കയ്യില്.”

കഞ്ചാവ് കൊച്ചീക്കാ മടിയഴിച്ച് വിറയലോടെ തീപ്പെട്ടി കൊടുത്തു.

“ആരാ ..വരത്തനാ..?”

“ങും. ഈ കരയേതാ..?”

വരത്തൻ ബീഡികത്തിച്ചു.

“ചെത്തീന്നു പറയും. കേട്ടിട്ടുണ്ടൊ...?”

കൊച്ചീക്ക ഭവ്യത നടിച്ചു.

“ഇല്ല”

ആഗതൻ ബീഡിപ്പുക പുറത്തേക്കു തള്ളി.

അയാളോട് എന്തൊക്കെയോ ചോദിക്കണമെന്ന് കൊച്ചീക്കാക്ക് തോന്നി. പക്ഷേ കഴിഞ്ഞില്ല.

“ഒരിസ്രായേലിനെ അറിയുമോ താൻ……കടാപ്പുറത്തേ അവൻ ജീവിക്കൂ. കന്യാകുമാരി മുതൽ അവനെ തിരഞ്ഞു നടക്കുകയാ ഞാൻ…വരട്ടെ.... വീണ്ടും കാണാം.”

വരത്തൻ പ്രാഞ്ചി പ്രാഞ്ചി വടക്കോട്ട് നടന്നു.

കൊച്ചീക്ക സ്വയം ചോദിച്ചുപോയി: “ആരപ്പാ ഈ ഇസ്രായേല്‍…?”

അപ്പോൾ ശക്തിയോടെ ഒരു തിര തീരത്തേക്കടുത്തുവന്നു.

(തുടരും)

Add comment

Submit